ഇടവം - സ്കന്ദഹോരാശ്ലോകം

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

ലേഖകന്‍ - ശ്രീനാഥ് ഒ ജി

ജ്യോതിഷ്മതി എന്നും സ്കന്ദഹോര എന്നും അറിയപ്പെടുന്ന പ്രാചീനവും അഥര്‍വഖിലവും ആയ ഗ്രന്ഥത്തില്‍ നിന്നുള്ളതാണ് ഇടവം രാശിയെക്കുറിച്ചുള്ള താഴെക്കൊടുത്തിട്ടുള്ള ശ്ലോകം.
ഇടവം
അതിഷ്ഠത്യത്തരോഽതഃ സ്ത്രീ പാണ്ഡ്യമാനം സ്ഥിരാ തനുഃ
രാജതം ഹേമശൃംഗം ച ധേനോർവഹതി മസ്തകം.
ചതുഷ്പദീ പരിക്ലിഷ്ടാ ഗുർവിണീ ച കകുദ്മതീ
സംഭാഷതേ ശ്രിയം സൗമ്യാ വാഗ്ഭിരാത്മന ആശിഷഃ.
വാചസ്സാമാനി സാ ഭുഡ്ക്തേ വന്യാനി മധുരാണി ച
ശനൈശ്ശനൈരഭിപ്രേത്യ സ‌മവാചീം സ്ഥിതാ ദിശം.
ഏഷാ വൈശ്യാ കൃശാം ധത്തേ വേത്രയഷ്ടിമനുത്തമാം
അനുപ്രാശാസ്തി പ്രാണാഢ്യാ ത്വേകാ സംയമിനീം പുരീം.
നീവൃതഃ കുരുപാഞ്ചാലകേകയാനർതകാനപി
അഹ്നി ജാഗർതി നിദ്രാതി നക്തം ച പ്രഹരാവുഭൗ.
പ്രഥമം പശ്ചിമഞ്ചാസ്യ ദേശോ ജാംഗല ഉച്യതേ
പ്രാഗുക്ത ഓജരാശിർമേ യുഗ്മരാശിരിയം മതാ.
[അടുത്തത് ഇടവം രാശിയാണ്. സ്ത്രീരാശിയും (യുഗ്മരാശി), വാദപ്രതിവാദം ചെയ്യുന്നതും, സ്ഥിരവുമാണ് ഈ രാശി. വെളുത്തു മെലിഞ്ഞ ശരീരവും, സ്വര്‍ണക്കൊമ്പുകളുള്ള വെള്ളിയില്‍ത്തീര്‍ത്ത പശുത്തലയുള്ളതുമാണ് ഈ രൂപം. ഇത് ചതുഷ്പാത്തും, ക്ലേശം സഹിക്കുന്നതും, ഗര്‍ഭിണിയും, പൂഞ്ഞയുള്ളതുമാണ്. സൌമ്യമായ ഈ രാശി, ഐശ്വര്യം തരണേയെന്ന് ലക്ഷ്മീദേവിയോട് പ്രാര്‍ത്ഥിക്കുന്നു. വാക്കുകള്‍ സാമവേദപരവും, ഭക്ഷണം വനത്തില്‍ നിന്നും ലഭ്യമാവുന്ന മധുരപദാര്‍ത്ഥങ്ങളും, ചലനം സാവധാനവുമാണ്. തെക്കുദിക്കിനെ ആശ്രയിക്കുന്നു. കൈയില്‍ താരതമ്യമില്ലാത്ത ഒരു വടിയേന്തിയ ഈ രൂപം, ചതുര്‍വണ്ണങ്ങളില്‍ വൈശ്യനാണ്. ബലോന്മത്തനാകുമ്പോള്‍ തെക്കന്‍ദിക്കിന്റെ നഗരമായ സംയമിനീപുരിയെ ആക്രമിക്കുന്നു. കുരു, പാഞ്ചാലം, കേകയം, ആനര്‍ത്തം എന്നീ രാജ്യങ്ങള്‍ ഇടവം രാശികൊണ്ട് സൂചിപ്പിക്കപ്പെടുന്നവയാണ്. ഈ രാശി പകല്‍ (ആദ്യത്തെ) രണ്ടു പ്രഹരം (6 മണിക്കൂര്‍) ഉണര്‍ന്നിരിക്കുകയും, രാത്രി (ആദ്യത്തെ) രണ്ടു പ്രഹരം (6 മണിക്കൂര്‍) ഉറങ്ങുകയും ചെയ്യുന്നു. ഇതിന്റെ ആദ്യത്തേതും സ്വാഭാവികവുമായ വാസസ്ഥാനം പടിഞ്ഞാറുദിക്കിലെ കാട്ടുപ്രദേശങ്ങളാണ്. മുന്‍പുപറഞ്ഞ (മേടം) രാശി ഓജരാശിയും, ഇപ്പോള്‍ പറഞ്ഞ (ഇടവം) രാശി യുഗ്മരാശിയും ആണ്. ]
പകല്‍ ആദ്യത്തെ 6 മണിക്കൂര്‍ ഉണര്‍ന്നിരിക്കുമെന്നു പറഞ്ഞതിനാല്‍ പകല്‍ പിന്നത്തെ 6 മണിക്കൂര്‍ ഉറങ്ങുമെന്നും, രാത്രി ആദ്യത്തെ 6 മണിക്കൂര്‍ ഉറങ്ങുമെന്നു പറഞ്ഞതിനാല്‍ പിന്നത്തെ 6 മണിക്കൂര്‍ ഉണര്‍ന്നിരിക്കുമെന്നും കൂടി ഊഹിക്കാവുന്നതാണ്. അതായത് അര്‍ദ്ധരാത്രി മുതല്‍ ഉച്ചവരെ ഉണര്‍ന്നിരിക്കുമെന്നും, ഉച്ചമുതല്‍ അര്‍ദ്ധരാത്രിവരെ ഉറങ്ങുന്നതുമാണ് ഇടവത്തിന്റെ ശീലം എന്നര്‍ത്ഥം. മേടത്തിനു നേര്‍വിപരീതമാണ് ഇത് എന്നതു ശ്രദ്ധിക്കുക.

You are not authorised to post comments.

Comments powered by CComment