സര്‍പ്പങ്ങളും നാഗങ്ങളും ഒന്നാണോ?
- Details
- Created: Wednesday, 08 November 2017 11:57
- Last Updated: Tuesday, 14 November 2017 03:36
- Hits: 15245
അനില്‍ കാടൂരാന്‍:
സർപ്പങ്ങളും നാഗങ്ങളും ഒന്നാണോ.? സർപ്പദോഷമാണോ നാഗദോഷമാണോ ജ്യോതിഷ ചിന്തയിൽ? എന്താണ് വൈഷ്ണവ, ശൈവ സർപ്പങ്ങൾ? സർപ്പ ബാധ എന്നതു വായിച്ചപ്പോൾ ഉണ്ടായ സംശയം ആണു.
അഭിപ്രായം 1: സര്‍പ്പങ്ങളും നാഗങ്ങളും രണ്ടാണ്.
വിഷ്ണു നമ്പൂതിരി:
സർപ്പാ :സരീസൃപാ ജ്ഞേയാ നാഗാ സ്യു കാമരൂപിണ: (സര്‍പ്പങ്ങള്‍ സരീസൃപങ്ങളാണ്, നാഗങ്ങള്‍ കാമരൂപികളാണ്.) സര്‍പ്പങ്ങളില്‍ വാസുകിയെന്നും (സർപ്പാണാമസ്മിവാസുകി) നാഗങ്ങളിൽ അനന്തനെന്നും (അനന്തശ്ചാസ്മി നാഗാനാം ) ഗീതയില്‍ കൃഷ്ണന്‍ സ്വയം വിശേഷിപ്പിക്കുന്നു.
കാമരൂപി എന്നാൽ ഇഷ്ടപ്പെട്ട രൂപ ധാരണത്തിന് ശക്തിയുണ്ട് ( സുന്ദരരൂപം). നമ: കാമരൂപിണേ മഹാബലാ യ നാഗാധിപതയെ നമ എന്ന് അർച്ചിക്കുന്നു. മണ്ണാറശാല നിലവറയിൽ അനന്തനെന്നും നാഗരാജാവ് - വാസുകിയെന്നും പറയപ്പെടുന്നു. വെട്ടിക്കോട്ട് അന്തസങ്കല്പമെന്നും പറയുന്നു. (അവർ വിട്ടു പറഞ്ഞു തന്നിട്ടില്ല) പാമ്പുമേക്കാട്ട് അഷ്ടനാഗങ്ങളോടുകൂടിയഭദ്രകാളിയാണ് പ്രധാനം.
വിഷമുള്ളത് സർപ്പങ്ങൾ, നാഗങ്ങള്‍ വിഷമില്ലാത്തവയാണ്. നാഗങ്ങൾ അധിദേവതകൾ ഇവക്കെല്ലാം പണ്ഡിതൻമാർക്കിടയിൽ തർക്കമുണ്ട്. സർപ്പബലി എന്നാണ് നാഗബലി എന്നല്ല'ഇവ ഒരേ അർത്ഥത്തിൽ പ്രയോഗിക്കാണ് പതിവ്
ഓഷ്ഠം അധരം ഇവ ഒന്നായി പ്രയോഗിച്ചാലും അധരം കീഴ്ച്ചുണ്ടും ഓഷ്ഠം മേൽ ചുണ്ടും എന്ന പോലെ സാമാന്യർത്ഥം രണ്ടും പാമ്പ് എന്നാണെങ്കിലും വിശേഷാർത്ഥത്തിൽ സർപ്പം വിഷമുള്ളതും നാഗം വിഷമില്ലാത്ത അധിദേവതയുമായി വിവക്ഷിക്കുന്നു.
നാഗങ്ങളിൽ അനന്തനെന്നും സർപ്പങ്ങളിൽ വാസുകി എന്നും ഭഗവാൻ ഗീതയിൽ ബോധമില്ലാതെപ്രയോഗിച്ച താണോ? അതു പോരെ പ്രാചീന ഗ്രന്ഥങ്ങളിലെ ആധികാരികമായ ഭാഷ പരമായ തെളിവ്. ചരിത്രത്തിൽ നിന്ന് ആരും ഒന്നും പഠിക്കുന്നില്ല എന്ന് ആരോ പറഞ്ഞതോർക്കുന്നു. ഗിത ശാങ്കരഭാഷ്യം നോക്കിയാൽ നമുക്ക് മനസ്സിലായേക്കാം. നാഗം എന്നു പറഞ്ഞാൽ ആന കൂടി വരുന്നതിനാൽ വിശേഷ ബോധത്തിന് സർപ്പം എന്നു പറയുന്നതാണ്. രൂഢി അർത്ഥവും വിശേഷവും വ്യത്യസ്തമാണ്.
പ്രസീന്‍ എം പി:
സ൪പ്പങ്ങള് അണ്ഡങ്ങള്‍ വഴി മാത്രമാണ് വംശവ൪ദ്ധനവ് നടത്തുന്നത്. എന്നാല്‍ നാഗങ്ങള്‍ ചിലത് സ്ത്രീരൂപമായി മാറി പുരുഷസംഗത്തില് കൂടി ശിശുക്കളെ പ്രസവിച്ചീട്ടുള്ളതായി പുരാണങ്ങളില് പറയുന്നു.
ഉലൂപി എന്ന നാഗകന്യകക്ക് അ൪ജ്ജുനനില് പുത്രനുണ്ടായതും ജരല്ക്കാരു എന്ന താപസന് വാസുകിയുടെ സഹോദരിയില് പുരുഷസന്താനമുണ്ടായതായും പറയുന്നു.
രാഹു സ൪പ്പങ്ങളേയും കേതു നാഗങ്ങളേയും പ്രതിനിധീകരിക്കുന്നു എന്നു പറയപ്പെടുന്നു.
അനില്‍ കാടൂരാന്‍:
നാഗം എന്നത് ഒരു ജാതി സർപ്പമാണ്. സർപ്പം, നാഗം എന്നിവ ഉരഗവർഗ്ഗത്തിലെ ശ്രേഷ്ഠസൃഷ്ടികളായി കരുതുന്നു . എന്നാൽ വാസ്തവത്തിൽ സർപ്പം വേറെ നാഗം വേറെ . സർപ്പത്തിന് നാഗത്തെ അപേക്ഷിച്ചു ദൈവികത കുറവാണ് . നാഗത്തിനു ചൈതന്യം ഏറിയിരിക്കുന്നു . നാഗം ആരെയും ദംശിക്കാറില്ല . വിഷമുണ്ടെങ്കിലും നാഗം അത് ഉപയോഗിക്കാറില്ല . നാഗത്തിനു ഭയപ്പെടുത്തുന്ന രൂപമില്ല . അവ സർപ്പങ്ങളെപ്പോലെ ഭൂമിയിൽ ഇഴയുന്നവയല്ല . പകരം തന്റെ ദിവ്യശക്തികൊണ്ടു അത് അന്തരീക്ഷത്തിലൂടെ സഞ്ചരിക്കും . രാത്രിയിൽ ഒരു കുന്നിന്റെ നെറുകയിൽ നിന്നും മറ്റൊന്നിലേക്കു അത് പറന്നു പോകുന്നതായി നമ്മുടെ പൂർവ്വികർ വായ്മൊഴിയായി പറഞ്ഞു വരുന്നു . എന്നാൽ ഇതിനു ശാസ്ത്രീയമായ തെളിവുകളില്ല . എന്നിരിക്കിലും നാഗം ദൈവികത കൊണ്ട് ദേവന്മാരെക്കാളും ശ്രേഷ്ഠരായതിനാൽ അതിനെ വിഗ്രഹത്തിൽ ആവാഹിച്ചു പൂജിക്കാറുണ്ട് . നാഗപൂജ അതീവ നിഷ്ഠയോടെ ചെയ്യേണ്ടതാണ് . അതിൽ തെറ്റ് പറ്റിയാൽ ആപത്താണ് . മറ്റു ദേവന്മാരെ വിഗ്രഹത്തിൽ ആവാഹിക്കുമ്പോൾ നാഗത്തെ പൂജിക്കുന്ന സാധകൻ , അതിനെ തന്റെ ശരീരത്തിലാണ് ആവാഹിക്കേണ്ടത്.
നാഗങ്ങളുടെ രാജാവും നാഥനും വിഷ്ണുവിന്റെ ശയ്യയായ അനന്തനാണ് . എന്നാൽ നേരെ മറിച്ച് സർപ്പങ്ങളുടെ രാജാവും നാഥനും ശിവന്റെ കണ്ഠഭൂഷണമായ വാസുകി ആണ് . സർപ്പങ്ങൾ നാഗങ്ങളെപ്പോലെ ശാന്തരല്ല . അവ അതീവ ശക്തരും നീണ്ടു ചുരുണ്ട ദേഹമുള്ളവരും , ഭയങ്കര കോപികളും , വേണ്ടി വന്നാൽ സകലതിനെയും ദംശിച്ചു തങ്ങളുടെ വിഷവീര്യത്താൽ ഭസ്മമാക്കുന്നവയുമാണ് . നാഗങ്ങളെക്കാൾ വിഷം അവയ്ക്കുണ്ട് . ഇവ ഭൂമിയിലൂടെ ഇഴയുന്നു . സർപ്പിണം ചെയ്യുക എന്നാൽ ഇഴയുക എന്നർത്ഥം . അതിനാൽ ഇവയ്ക്കു സർപ്പം എന്ന് പേരുണ്ടായി . ഇവ വൈഷ്ണവ സർപ്പങ്ങളെന്നും ശൈവ സർപ്പങ്ങൾ എന്നും അറിയപ്പെടുന്നു .
ഹൈന്ദവവിശ്വാസപ്രകാരം . നാഗങ്ങളും സർപ്പങ്ങളും കാശ്യപ പ്രജാപതിയുടെ ഭാര്യയായ കദ്രുവിന്റെ സന്താനങ്ങളാണ് . നാഗങ്ങളുടെ ലോകമാണ് നാഗലോകം. ഹൈന്ദവപുരാണപ്രകാരം സപ്തപാതാളങ്ങളുള്ളതിൽ അവസാനത്തെ രണ്ടു പാതാള ലോകങ്ങളായ മഹാതലം , പാതാളം തുടങ്ങിയ രണ്ടു തലങ്ങളാണ് നാഗങ്ങൾക്കായി ബ്രഹ്‌മാവ് നീക്കി വച്ചിരിക്കുന്നത് .
വി കെ സന്തോഷ് പണിക്കര്‍:
സർപ്പത്തിനു ഭൂസ്പർശം വേണം –നാഗത്തിനുവേണ്ട.
വിഷ്ണുനമ്പൂതിരി:
സുബ്രമ്മണ്യൻ ശാപത്താൽ നാഗരൂപമായി- നാഗ സുബ്രമ്മണ്യൻ
നന്ദു ജോത്സ്യര്‍:
രാഹുവിന് വ്യാഴ ബന്ധം വന്നാൽ ഉത്തമ സർപ്പം(മണിനാകം) എന്നും. ചന്ദ്ര ബന്ധം വന്നാൽ അധമസർപ്പം(കരിനാകം) എന്നും, ശനി ബന്ധം വന്നാൽ കല്ലുരുട്ടി സർപ്പമെന്നും, ശുക്ര ബന്ധം വന്നാൽ പുള്ളുവ സർപ്പമെന്നും, രവി ബന്ധം വന്നാൽ നാഗരാജാവും, രാഹുവിന് ചന്ദ്രശുക്രൻമാരുടെ പൂർണ്ണ ബന്ധം വന്നാൽ നാഗയക്ഷിയും, രാഹുവിന് ചന്ദ്ര കുജൻമാരുടെ ബന്ധം വന്നാൽ നാഗ ചാമുണ്ഡി യും എന്നീ വെത്യാസങ്ങൾ പറയപ്പെടുന്നു
ഭൂമിയുടെ ആധിപത്യം തന്നെ നാഗങ്ങൾക്കാണ് അതിനാൽ അവ ഭൂമിയിൽ ഇഴയുന്നതും എന്നാൽ സർപ്പങ്ങൾക്ക് പറക്കാൻ കഴിയും എന്നെല്ലാമാണ് വിശ്വാസങ്ങൾ..
വിഷ്ണുനമ്പൂതിരി:
നാഗം, അഹി, ചക്ഷു ശ്രവണൻ ,ഭോഗി, സർപ്പം, ഇവയെല്ലാം പാമ്പുകൾക്ക് പൊതുവെ പറയുന്ന സാമാന്യ അർത്ഥത്തിലെ പര്യായമാണ്. എന്നാൽ വിശേഷമായി പറയേണ്ട സന്ദർഭത്തിൽ ഇവയെ പ്രത്യേകമെടുക്കണം പത്നീ ,കളത്രം, ധർമ്മദാരം എല്ലാം ഭാര്യയെങ്കിലും അർത്ഥം വ്യത്യസ്തം എന്നപ്പോലെ. സംസ്കൃതത്തിൽ പര്യായങ്ങളില്ല എന്ന് പണ്ഡിതർ പറയുന്നത് സൂക്ഷ്മതലത്തിൽ അർത്ഥവ്യത്യാസമുള്ളതിനാലാണ്
വിശേ ഷ അർത്ഥമായാൽ നാഗം വിഷമില്ലാത്തതും സർപ്പം വിഷമുള്ളതുമാണ്. അതു പ്രത്യേകം ധരിക്കാനാണ് ഗീതയിൽ വിവരമുള്ളവർ പ്രത്യേകം പറഞ്ഞത്. ഇവിടെ പോസ്റ്റിലെ സംശയം ന്യായമാണ് സർപ്പവും നാഗവും തമ്മിൽ സൂക്ഷ്മതല ത്തിൽ വ്യത്യാസമുണ്ട് എന്നു ധരിക്കുക. ഒരു പോലെ പ്രയോഗിക്കുന്നതിൽ ദോഷമില്ല. എന്നാൽ സന്ദർഭാനുസരണം ശ്രദ്ധിച്ച് പ്രയോഗിക്കണം എന്നു മാത്രം.
ശ്യാം പെരുന്തോട്ടത്തില്‍:
സർപ്പാണാമസ്മി വാസുകി അനന്തശ്ചാസ്മി നാഗാനാം .ഗീതയിലേ ഈശ്ലോകത്തെ വ്യാഖ്യാനിക്കുമ്പോൾ സ്വാമി ചിന്മയാനന്ദൻ എഴുതുന്ന വാക്കുകൾ ഇവിടെ ശ്രദ്ധേയം. സർപ്പങ്ങളും നാഗങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. സർപ്പത്തിന് ഒരു ഫണമേയുള്ളു നാഗത്തിന് പലതുണ്ട് മാത്രമല്ല സർപ്പത്തിന് വിഷമുണ്ട് നാഗത്തിന് അതില്ല. ബഹുഫണങ്ങളുള്ള സർപ്പങ്ങളത്രേ നാഗങ്ങൾ. (കടപ്പാട് .....ഡോക്ടർ ബാലകൃഷ്ണവാര്യർസാറിൻ്റെ അനുഷ്ടാനവിജ്ഞാനകോശം.)
അഭിപ്രായം 2: സര്‍പ്പങ്ങളും നാഗങ്ങളും ഒന്നാണ്.
ശ്രീനാഥ് ഒജി:
//സർപ്പാ :സരീസൃപാ ജ്ഞേയാ നാഗാസ്യു കാമരൂപിണ://
ഈ വാദം നിലനില്‍ക്കില്ല. വിഷമുള്ള സര്‍പ്പമാണത്രേ തക്ഷകന്‍. തക്ഷകനും കാമരൂപി (ഇഷ്ടമുള്ള രൂപം ധരിക്കാന്‍ കഴിവുള്ളവന്‍) ആയതിനാലാണല്ലോ പരീക്ഷിത്തിന്റെ കൊട്ടാരത്തില്‍ പ്രവേശിക്കാനും പരീക്ഷിത്തിനെ കടിക്കാനും പറ്റിയത്. കാര്‍ക്കോടകന്‍, വാസുകി തുടങ്ങിയവയും കാമരുപികളാണെന്നതിന് അനുകൂലമായ പുരാണകഥകളുണ്ട്. ഇനി ഇവയെല്ലാം നാഗങ്ങളാണെന്നാണെങ്കില്‍ നാഗങ്ങളെല്ലാം വിഷമില്ലാത്തവയാണെന്ന വാദം പൊളിയും.
കരിനാഗം, മണിനാഗം തുടങ്ങിയ നാഗങ്ങള്‍ വേറേ... അവ ഇനി നാഗങ്ങളാണോ സര്‍പ്പങ്ങളാണോ അതോ വെറും പാമ്പുകളാണോ? ഉരസ്സുകൊണ്ട് ഇഴഞ്ഞു നടക്കുന്നവ ആയിട്ടാണ്, ഉരഗങ്ങളും സര്‍പ്പങ്ങളും ആയിട്ടാണ്, സര്‍പ്പരൂപത്തിലാണ് അനന്താദി നാഗങ്ങളെയും ചിത്രീകരിച്ച് കണ്ടിട്ടുള്ളത്. ഇഴഞ്ഞു നടക്കാനല്ലെങ്കില്‍ നാഗങ്ങള്‍ക്ക് സര്‍പ്പരൂപം എന്തിന്? ശിവന്റെ കഴുത്തിലെ പാമ്പിന്റെ പേരെന്ത്? ശിവന്റെ കണ്ഠാഭരണമാണ് നാഗരാജാവായ "വാസുകി" കാമരൂപിയായതുകൊണ്ടല്ലേ ശിവന്റെ കഴുത്തിലെ വാസുകിക്ക് ഇത്ര നീളക്കുറവ്...! വാസുകിയെ നാഗരാജന്‍ എന്നാണ് പറയാറ്, അല്ലാതെ സര്‍പ്പരാജന്‍ എന്നല്ല. വാസുകിയാണ് നാഗരാജന്‍.
രാഹൂം കേതൂം സര്‍പ്പമാണോ നാഗമാണോ? വിഷമുള്ളവനും പഞ്ചശിരസ്കനും മുക്കണ്ണനുമായ മന്ദജന്‍ (മാന്ദി, ഗുളികന്‍) സര്‍പ്പമാണോ നാഗമാണോ? നാഗാസ്തു കാമരൂപിണഃ എന്നു പറഞ്ഞ് ഒഴിയാനാവില്ല - എന്താണ് നാഗങ്ങളുടെ രൂപം? നാഗങ്ങളെയും സര്‍പ്പങ്ങളെയും (പാമ്പുകളെയും) തമ്മില്‍ തിരിച്ചറിയുന്നത് എങ്ങനെ? വിഷമില്ലാത്തതെല്ലാം നാഗം എന്നാണെങ്കില്‍ നീര്‍ക്കോലിയും ചേരയും നാഗമാണോ?
പ്രയോഗത്തിലും മനസ്സിലാക്കലിലും നാഗവും സര്‍പ്പവുമെല്ലാം ഒന്നുതന്നെ. സര്‍പ്പപ്രതിഷ്ഠയെന്നും നാഗപ്രതിഷ്ഠയെന്നും ഒക്കെ പറയാറുണ്ട് - എല്ലാം ഒന്നുതന്നെ. പാമ്പ് എന്ന് മലയാളത്തില്‍ പറയും. :D സര്‍പ്പിളാകൃതി കൊണ്ടാവാം ഗാലക്സികളെപ്പോലും ഉപനിഷത്തുക്കള്‍ പലപ്പോഴും നാഗങ്ങളെന്നും സര്‍പ്പങ്ങളെന്നും മറ്റും വര്‍ണിക്കുന്നു. ആളെ പറ്റിക്കാന്‍ എന്തും എങ്ങനെയും വ്യാഖ്യാനിക്കാം അതില്‍ കാര്യമില്ല. ഇവ രണ്ടും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് പ്രായോഗികവും ആധികാരികവുമായി പ്രാചീന ഗ്രന്ഥങ്ങളിലെ ഭാഷാപ്രയോഗപരമായ തെളിവുകളോടെ ചരിത്രപരവും ഭാഷാപരവും പ്രായോഗികവുമായി ഒരുപോലെ ശരിയാവും വിധത്തില്‍ ആരും എന്നെ ബോധ്യപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇവ രണ്ടും രണ്ടാണ് എന്നിത്യാദി ആശയക്കുഴപ്പവും എനിക്ക് ഇതുവരെയും സംഭവിച്ചിട്ടില്ല.
നഃ ഗച്ഛതീതി നാഗാഃ (ചലിക്കാത്തവയാണ് നാഗങ്ങള്‍)
ഈ വാദം നിലനില്‍ക്കത്തക്കതല്ല, വ്യാകരണപരമായി തെറ്റുമാണ്. വാക്കുകളിലും വ്യാകരണത്തിലും പിടിച്ചുള്ള സീരതീതി സര്‍പ്പഃ (ഇഴയുന്നവയാണ് സര്‍പ്പങ്ങള്‍), ന ഗച്ഛതീതി നാഗഃ (ചലിക്കാത്തവയാണ് നാഗങ്ങള്‍) എന്നിത്യാദി വ്യാഖ്യാന അഭ്യാസങ്ങളിലൊന്നും കഴമ്പില്ല. നഃ ഗച്ഛതീതി നഗഃ – ചലിക്കാത്തവയാണ് പര്‍വ്വതങ്ങള്‍ എന്നതാണ് ശരിയായ പാഠം.
//സർപ്പം വിഷമുള്ളതും നാഗം വിഷമില്ലാത്ത അധിദേവതയുമായി വിവക്ഷിക്കുന്നു.//
ഇതൊന്നും അംഗീകരിക്കത്തക്കതല്ല. നാഗങ്ങളായ തക്ഷകനും,കാര്‍ക്കോടകനും വാസുകിക്കും (കാളകൂടവിഷം), ഗുളികനും എല്ലാം വിഷമുണ്ടെന്നത് പുരാണപ്രസിദ്ധമാണ്.
//നാഗങ്ങളിൽ അനന്തനെന്നും സർപ്പങ്ങളിൽ വാസുകി എന്നും ഭഗവാൻ ഗീതയിൽ ബോധമില്ലാതെപ്രയോഗിച്ച താണോ? അതു പോരെ പ്രാചീന ഗ്രന്ഥങ്ങളിലെ ആധികാരികമായ ഭാഷ പരമായ തെളിവ്// നല്ല വാദം. എങ്കിലും ഈ വിഷയത്തില്‍ അതു മതിയാവുമോ?
//ചരിത്രത്തിൽ നിന്ന് ആരും ഒന്നും പഠിക്കുന്നില്ല എന്ന് ആരോ പറഞ്ഞതോർക്കുന്നു// നല്ല പോയിന്റ്, പക്ഷെ ഇത് എല്ലാവര്‍ക്കും ബാധകമാണ്.
സേതുമാധവവാര്യരുടെ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഗ്രന്ഥമായ ജ്യോതിഃശാസ്ത്രമയൂഖത്തില്‍ നിന്ന് -
//അഷ്ടനാഗങ്ങള്‍
മഹാസര്‍പ്പങ്ങളെയാണ് അഷ്ടനാഗങ്ങള്‍ എന്നുപറയുന്നത്.
1.വാസുകി, 2.തക്ഷകന്‍, 3.കാര്‍ക്കോടകന്‍, 4.ശംഖപാലന്‍, 5.ഗുളികന്‍, 6.പത്മന്‍, 7.മഹാപത്മന്‍, 8.അനന്തന്‍.
നവനാഗങ്ങള്‍
പുരാണപ്രകാരം ശ്രേഷ്ഠമായ ഒന്‍പതു സര്‍പ്പങ്ങളെയാണ് നവനാഗങ്ങള്‍ എന്നു പറയുന്നത്.
1.ആദിശേഷന്‍, 2.വാസുകി, 3.അനന്തന്‍, 4.തക്ഷകന്‍, 5.കര്‍ക്കന്‍, 6.പത്മന്‍, 7.മഹാപത്മന്‍, 8.ശംഖന്‍, 9.ഗുളികന്‍.
ദ്വാദശനാഗങ്ങള്‍
ശകവര്‍ഷത്തിനോടുകൂടി 14 കൂട്ടി 12 കൊണ്ട് ഹരിച്ച് ശിഷ്ടം കിട്ടുന്ന സംഖ്യയാണ് ആ ശകവര്‍ഷത്തിന്റെ അധിപതിയായ നാഗത്തിന്റെ പേരിനെ സൂചിപ്പിക്കുന്നത്. (സംവത്സരനാഗരാജന്‍).
1.സുബുദ്ധന്‍, 2.നന്ദസാരി, 3.കാര്‍ക്കോടകന്‍, 4.പൃഥുശ്രവസ്സ്, 5.വാസുകി, 6.തക്ഷകന്‍, 7.കംബളന്‍, 8.കേചനന്‍, 9.ഹേമമാലി, 10.ജലേന്ദ്രന്‍ (ജര്‍വ്വരന്‍ എന്നു പാഠഭേദം), 11.വജ്രദംഷ്ട്രന്‍, 12.വൃഷന്‍ എന്നിവയാകുന്നു.
ദ്വാദശനാഗങ്ങള്‍ - പക്ഷാന്തരം
ശകവര്‍ഷ സംഖ്യയോടുകൂടി 2 കൂട്ടി 12 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം വരുന്ന സംഖ്യയാണ് ആ ശകവര്‍ഷത്തിന്റെ അധിപതിയായ നാഗത്തിന്റെ പേരിനെ സൂചിപ്പിക്കുന്നത് (സംവത്സരനാഗരാജന്‍).
1.സുബദ്ധന്‍, 2.നന്ദസാരി, 3.കാര്‍ക്കോടകന്‍, 4.പൃഥുശ്രവന്‍, 5.വാസുകി, 6.തക്ഷകന്‍, 7.കേവലന്‍, 8.അശ്വരഥന്‍, 9.ഹേമമാലി, 10.നരേന്ദ്രന്‍, 11.വജ്രദംഷ്ട്രന്‍, 12.വൃഷന്‍.//
വാസുകി സര്‍പ്പം മാത്രമാണ് നാഗമല്ല (വിഷമുള്ളതാണ്, വിഷമുള്ളവയൊന്നും നാഗമല്ല സര്‍പ്പമാണ്) എന്ന വാദം അംഗീകരിക്കത്തക്കതല്ല. കാരണം അഷ്ടനാഗങ്ങള്‍, നവനാഗങ്ങള്‍, ദ്വാദശനാഗങ്ങള്‍ എന്നിവയുടെ പട്ടികയിലെല്ലാം വാസുകിയുണ്ട്.
ഇത്തരത്തിലുള്ള വാസുകിയുള്‍പ്പെട്ടുവരുന്ന നാഗങ്ങളുടെ പട്ടികകള്‍ പുരാണപ്രസിദ്ധമാണ്. മഹാാഭാരതത്തിലുള്‍പ്പെട്ടത് എന്ന പറയപ്പെടുന്ന, എഡി എട്ടാം നൂറ്റാണ്ടിനുശേഷം മാത്രം പ്രസിദ്ധിപ്രാപിച്ച ഗീതയിലും ഗീതാവ്യാഖ്യാനങ്ങളിലും സര്‍പ്പങ്ങളില്‍ വാസുകിയാണുഞാന്‍ എന്നുള്ള പ്രയോഗവും കാണാം. ശാങ്കരഭാഷ്യം ആണല്ലോ ആദ്യമായി ഗീതയെ പ്രസിദ്ധമാക്കിയത്. പ്രക്ഷിപ്തമാവുമോ?
// സർപ്പത്തിനു ഭൂസ്പർശം വേണം –നാഗത്തിനുവേണ്ട.//
ഈ വാദം നിലനില്‍ക്കില്ല. എന്നാല്‍ പിന്നെ നാഗക്കാവു മതിയാവും അല്ലേ വെറുതേ സര്‍പ്പക്കാവെന്തിന്?!
//സർപ്പത്തിന് ഒരു ഫണമേയുള്ളു നാഗത്തിന് പലതുണ്ട് മാത്രമല്ല സർപ്പത്തിന് വിഷമുണ്ട് നാഗത്തിന് അതില്ല. ബഹുഫണങ്ങളുള്ള സർപ്പങ്ങളത്രേ നാഗങ്ങൾ.//
ഇതു തെറ്റാണ്. ശേഷനും ഗുളികനും ചക്രം പോലുള്ള അടയാളമുള്ള 1000 ഫണമുണ്ടത്രേ. ഗുളികന്‍ സര്‍പ്പമാണെന്നും നാഗമല്ലെന്നും ഇവിടെ പലരും പറഞ്ഞു കഴിഞ്ഞതാണല്ലോ. അതുപോലെ തന്നയാണ് വാസുകിയുടെ കാര്യവും. വാസുകി സര്‍പ്പമാണ് നാഗമല്ലത്രേ. (ഗീതയാണ് ഈ വാദത്തിന് ആധാരം) വാസുകിക്കും ശംഖപാലനും ലാംഗുലത്തിന്റെ അടയാളമുള്ള 800 ഫണമുണ്ടെന്നാണ് കേള്‍വി. തക്ഷകനും വിഷമുണ്ടെന്നും സര്‍പ്പമാണ് നാഗമല്ലെന്നുമാണ് പറയാറ്. തക്ഷകനും മഹാപത്മനും ഛത്രം പോലെ അടയാളമുള്ള 500 ഫണമുണ്ടെന്നാണ് കേള്‍വി. പാട്ടിതാ കേട്ടോളൂ... (ജോത്സ്നികയിലും, വിഷനാരായണീയത്തിലും, പുരാണങ്ങളിലും മറ്റു പലേടത്തും ഇക്കാര്യം പറയുന്ന വേറെയും ധാരാളം ശ്ലോകങ്ങളുണ്ട്.)
അനന്തോ ഗുളികശ്ചൈവ വാസുകീ ശംഖപാലകഃ
തക്ഷകശ്ച മഹാപത്മോ പത്മഃ കാര്‍ക്കോടകസ്തഥാ
നാലുവംശത്തിലും കൂടെ എട്ടു നാഗങ്ങളിങ്ങനെ
സംഭവിച്ചതുപോല്‍ പണ്ടു ഭീമാകാരശരീരികള്‍
വിപ്രസര്‍പ്പങ്ങളാകുന്നു ശേഷനും ഗുളികാഹിയും
വൈശ്വാനരന്റെ പുത്രന്മാര്‍ വര്‍ണവും വഹ്നിപോലെയാം
സഹസ്രം കുറയാതുണ്ടു ഫണമീചൊന്നവര്‍ക്കുപോല്‍
ഫണങ്ങള്‍ക്കൊക്കെയും പാര്‍ത്താല്‍ ചക്രം പോലടയാളവും
ഇന്ദാത്മജന്മാരാകുന്നു വാസുകീശംഖപാലകൗ
വര്‍ണവും പീതമായുള്ള രാജസര്‍പ്പങ്ങളാമവര്‍
മസ്തകങ്ങളുമെണ്ണൂറിതുണ്ടുപോലടയാളവും
ലാംഗുലം പോലെയാകുന്നു ഫണങ്ങള്‍ക്കെന്നു കേള്‍പ്പിതു
തക്ഷകശ്ച മഹാപത്മസ്തഥാ വായുസുതാവുഭൗ
വൈശ്യജാതികളാകുന്നു ദേഹവും ശ്യാമവര്‍ണമാം
അഞ്ഞൂറു ഫണവും തേഷു ഛത്രം പോലടയാളവും
ശൂദ്രജാതികളായീടും പത്മകാര്‍ക്കോടകാഹികള്‍
അവര്‍ക്കു താതന്‍ വരുണന്‍ ദേഹവര്‍ണം വെളുത്തുമാം
തയോഃ ഫണങ്ങള്‍ മൂന്നൂറിതവറ്റില്‍ സ്വസ്തികാങ്കവും
എട്ടുപേര്‍ക്കും സുതന്മാരുമഞ്ഞൂറിതുളവായിപോല്‍
അജതാമരണാസ്സര്‍വ്വേ താതതുല്യോ ഭുജംഗമാഃ
(ജോത്സ്‌നിക)
അതുകൊണ്ട് ബാലകൃഷ്ണര്‍വാര്യര്‍ സാറിന്റെ വാദം നിലനില്‍ക്കത്തക്കതല്ല. ഒന്നുകില്‍ നാഗത്തിനും ധാരാളം തലയോടപ്പം വിഷവും ഉണ്ടെന്ന് അംഗീകരിക്കുക. അല്ലെങ്കില്‍ സര്‍പ്പങ്ങള്‍ക്കും വിഷത്തോടൊപ്പം ധാരാളം തലയും ഉണ്ടെന്ന് അംഗീകരിക്കുക. അനേകഫണവും വിഷവും ഉള്ള കാളിയന്‍ പോലും (ഗീതാകാരന്‍ പോലും നിങ്ങടെ കൂടെ നില്‍ക്കില്ല!) ഞങ്ങടെ പക്ഷത്താണെന്ന് ഓര്‍മ്മ വേണം...! ഈ വിവേചനം അവസാനിപ്പിക്കുക....! നാഗരാജാവായ വാസുകിയെ വെറും സര്‍പ്പം എന്നു വിളിച്ച് അപമാനിക്കുന്നത് അവസാനിപ്പിക്കുക്....! വിഷമില്ലാത്തതുകൊണ്ടുമാത്രം നീര്‍ക്കോലിയേം ചേരയേയും വരെ നാഗം എന്നു വിളിച്ചു ബഹുമാനിക്കാനും, വിഷമുണ്ട് എന്നതുകൊണ്ടുമാത്രം ശിവകണ്ഠാഭരണവും നാഗരാജാവുമായ വാസുകിയെ സര്‍പ്പം എന്നുവിളിച്ച് കളിയാക്കാനുമുള്ള ഈ ശ്രമത്തെ ഞങ്ങള്‍ ശക്തിയുക്തം എതിര്‍ക്കുന്നതാണ്....! നാഗരാജാ കീ ജയ്, വാസുകീ കീ ജയ്...! ജോത്സ്നിക പോലും നാഗം സര്‍പ്പം എന്നീ പദങ്ങള്‍ ഒരേ അര്‍ത്ഥത്തില്‍ പര്യായപദങ്ങളെന്നോണമാണ് ഉപയോഗിക്കുന്നത് എന്നതു നാം മറന്നുപോകരുത്.
അനന്തനും വാസുകിയും ഉള്‍പ്പെടെ എട്ടു മഹാനാഗങ്ങളുടെ പുത്രന്മാരാണ് മുഴുവന്‍ സര്‍പ്പജാതികളുമെന്ന് (മുഴുവന്‍ പാമ്പുകളുമെന്ന്) മറക്കരുത്. പാട്ടുവേണമെങ്കില്‍ അതും തരാം...
എണ്‍മര്‍ക്കും പുത്രരുണ്ടായിതസംഖ്യം സര്‍പ്പജാതികള്‍
മിക്കതും കൊന്നുഭക്ഷിച്ചാന്‍ വൈനതേയന്‍ മഹാബലന്‍
അനന്തന്‍ വിഷ്ണുവെച്ചെന്നു സേവിച്ചേന്‍ ക്ഷീരസാഗരേ
തഥാ വാസുകി ചെന്നിട്ടു ശങ്കരം ശരണം യയൗ
ഇന്ദ്രനെച്ചെന്നു സേവിച്ചാന്‍ തക്ഷകന്‍ താനുമങ്ങിനെ
ശേഷിച്ചവര്‍ ഭയപ്പെട്ടു നാനാദേശാന്തരങ്ങളില്‍
പുക്കൊളിച്ചു വസിച്ചീടുന്നുണ്ടുപോലിന്നുമിങ്ങനെ
പാരാവാരാന്തരേ ശൈലകന്ദരേ ബലിമന്ദിരേ
ഇന്ദ്രാലയേ ച ഭൂമൗ ച വസിച്ചീടുന്നു ഭോഗികള്‍
(വിഷനാരായണീയം ഭാഷ, ജോത്സ്‌നിക)
വേഗം സമ്മതിച്ചോ....ഇല്ലെങ്കില്‍ ഇനിയും ഞാന്‍ പാടും....!
അനില്‍ കാടൂരാന്‍:
ഞാനും ഇന്നു വരെ സർപ്പവും നാഗവും ഒന്നാണെന്ന വിശ്വാസത്തിൽ ആയിരുന്നു. പക്ഷേ ഇന്നു ഉച്ചക്കു ഒരു വിദ്വാനുമായി സംസാരിച്ചപ്പോൾ നാഗവും സർപ്പവും രണ്ടെന്നും ജ്യോതിഷികൾ ആളുകളെ കബളിപ്പിക്കുന്നു എന്നുമൊരു ധ്വനി വന്നു. എന്നാൽ പിന്നേ അതൊന്നറിയാലോ എന്നു കരുതി പോസ്റ്റിയതാണ്.
പ്രസീന്‍ എം.പി:
നാഗങ്ങള്‍ക്കും വിഷമുണ്ടാവണം കാളിയന് നാഗമല്ലേ.. കാളിയന് വിഷമുണ്ടായിരുന്നുവല്ലോ... സ൪പ്പം തന്നെയാണ് നാഗം....നാഗം തന്നെയാണ് സ൪പ്പം. രണ്ടും ഞാന്‍ തന്നെയെന്ന് ശ്രീകൃഷ്ണന് പറയുന്നില്ലേ..
ശശി നായര്‍:
ഇത് രണ്ടും പ്രകോപനം വന്നാൽ കടിക്കില്ലേ.... അത്കൊണ്ട് പ്രത്യേക പരിഗണന വേണ്ടെന്നാണ് എനിക്ക് തോന്നുന്നത്....
മനോജ് വി:
രാഹു -ശിഖി , ഇവരാണത്രേ രാ -ശി ( രാശി ചക്രത്തിന്റെ കാരണഭൂതർ ) ആകാശ ഗംഗമുഴുവൻ സർപ്പക്കാവുകളാണെന്നാണ് ഹരികുമാർ ജി. പറയുന്നത്. ശരിയായ വീക്ഷണം തന്നെ ! കുറ്റം പറയാൻ പറ്റില്ല. കാവും കാവുതീണ്ടലും ഇല്ലാതെ നമുക്കെന്താഘോഷം ! അനന്തം - അജ്ഞാതം -അവർണ്ണനീയം ഈ പ്രപഞ്ചം . എങ്ങനെ വിലയിരുത്തിയാലും സർപ്പക്കാവുകൾ സത്യം തന്നെ!
നഗവും നാഗവും
ഉണ്ണി:
നാ ഗച്ഛതീതി നാഗമല്ല നഗം ..... പർവതം
രാജേഷ് പണിക്കര്‍:
നാഗം എന്ന ശബ്ദത്തെ "ന ഗച്ഛതി ഇതി നാഗാ" എന്ന് വ്യാഖ്യാനിച്ചു കണ്ടു. ഇതെങ്ങനെ ശരിയാവും? ന ഗച്ഛതി = ഗമിക്കാത്തത് - നഗ: അഥവാ അഗ:(പർവ്വതമെന്നർഥം). നഗേ ഭവ: നാഗ: ( പുല്ലിംഗം) നഗത്തിൽ ഭവിച്ചതെന്നർഥം. പാമ്പ് എന്ന അർഥം എങ്ങനെ കിട്ടുന്നു? അഗ: = പോകാത്തത് ന അഗ: = പോകുന്നത്.
ശ്രീനാഥ് ഒജി:
ഇതാണ് ശരിയെന്നു തോന്നുന്നു. ന ഗച്ഛതീതി നഗം = പര്‍വ്വതം. പര്‍വ്വതം ചലിക്കാത്തതാണ്. (മൈനാകപര്‍വ്വതം സങ്കല്‍പമാകയാല്‍ തല്‍ക്കാലം അതിനെ വിടാം.)
അനന്തനും വാസുകിയും
അനില്‍ കൃഷ്ണന്‍:
അനന്തോ നാഗരാജസ്യാത്, സർപ്പരാജാസ്തു വസുകി (അനന്തന്‍ നാഗരാജനാണ്, സര്‍പ്പരാജനാണ് വാസുകി). സര്‍പ്പങ്ങളില്‍ വാസുകിയെന്നും (സർപ്പാണാമസ്മിവാസുകി) നാഗങ്ങളിൽ അനന്തനെന്നും (അനന്തശ്ചാസ്മി നാഗാനാം ) ഗീതയില്‍ കൃഷ്ണന്‍ സ്വയം വിശേഷിപ്പിക്കുന്നു.
വാസുകി നാഗരാജാവാണെന്നും പറയപ്പെടാറുണ്ട്. സര്‍പ്പങ്ങളില്‍ ശ്രേഷ്ഠനാണ് അനന്തനെന്നും പറയപ്പെടുന്നു.
നന്ദു ജോത്സ്യര്‍:
പരിശുദ്ധിയുടെ പ്രതീകമാണ് സർപ്പം. അതുകൊണ്ട് തന്നെയാണ് ദേവാദേവനായ മഹാദേവൻെറ കഴുത്തിലെ ആഭരണമായി സർപ്പം വിളങ്ങുന്നതും, ഈ പരിശുദ്ധിക്ക് കോട്ടം വരുന്ന ഒരു പ്രവർത്തി അറിഞ്ഞോ അറിയാതെയോ ചെയ്യാനിടവന്നാൽ സർപ്പകോപം ഭവിക്കും
സർപ്പങ്ങളുടെ രാജാവ് വാസുകിതന്നെയാണ്അനന്തനല്ല...എന്തെന്നാൽവിഷ്ണുവിനോട് ബന്ധപ്പെട്ടതാണ് അനന്തൻ. ലോകനാഥൻ ശിവനാണ് അതിനാൽ തന്നെ വാസുകി തന്നെയാണ് രാജാവ്.
പ്രസീന്‍ എംപി:
അനന്തനാണ് ഏററവും ധ൪മ്മിഷ്ഠനെന്നുള്ള ശ്രേഷ്ഠപദവി ലഭിച്ചിട്ടുളളത്
നന്ദു ജോത്സ്യര്‍:
എങ്കിലും രാജാവ് വാസുകിതന്നെയാണ്. നാഗരാജന്‍.
പ്രസീന്‍ എംപി:
സത്യവാദിയും മൊത്തം നാഗങ്ങളുടേയും തന്ത്രപ്രധാനിയായ പരിപാലകനാണ് വാസുകി....സ൪പ്പസത്രമൊഴിവാക്കാന് തന്റെ ഭാഗിനേയനായ ആസ്തികനെ സത്രം നടത്തുന്ന സഭയിലേക്കയച്ച് സത്രം മതിയാക്കിച്ച് നാഗരക്ഷ ചെയ്തതിനാല്‍ എല്ലാ നാഗങ്ങളും കൂടി വാസുകിയെ നാഗരാജാവായി അഭിഷേകം ചെയ്തു... ജ്യേഷ്ഠനായ അനന്തന് ഭഗവാനാണ്....സ൪വ്വ നാഗങ്ങളുടേയും തലവനും ഈശ്വരനുമാണ്.... അതാണ് വ്യത്യാസം....
പാതാളത്തിന്‍റെ മൂലഭാഗത്തായിട്ടാണ് സങ്ക൪ഷണ മൂ൪ത്തിയായ അനന്ത ഭഗവാന് വിളങ്ങുന്നത്... അനന്തനെന്നാല് അന്തമില്ലാത്തവന്... തന്‍റെ അന്തമില്ലാത്തതായ ശരീരത്തെ ചുരുക്കി മുപ്പതിനായിരം യോജന പ്രദേശത്തായി അവിടെ നിലകൊള്ളുന്നു ....ഈ ദേവന്‍ സുരാസുരസിദ്ധ വിദ്യാധരഗന്ധ൪വ്വന്മാരോടു കൂടിയ ദേവഗണങ്ങളുടേയും ഭൂലോകത്തുള്ള മനുഷ്യരാശിയുടെയും പാതാളത്തിലുള്ള നാഗലോകവാസികളുടേയുമെല്ലാം ആരാധനാമൂ൪ത്തിയാണ്.....അദ്ദേഹത്തിന്റെ നാമം ശ്രവിക്കുകയും സ്മരിക്കുകയും ജപിക്കുകയും മൂ൪ത്തിയെ ദ൪ശിക്കുകയും വണങ്ങുകയുമെല്ലാം തന്നെ പുണ്യമാണ്...
അന്തമില്ലാത്തോരനന്തനാം നാഗനെ അന്തഃത്യാമിയെന്നറിഞ്ഞിടേണം
അന്ത്യകാലത്തു മുക്തിയെ നല്‍കുവാന് അനന്തമൂ൪ത്തിയെ വണങ്ങീടുന്നു
നിത്യവും നിന്പദസേവചെയ്തിടുവാന് നിത്യനാം നീയെന്നെ അനുഗ്രഹിച്ചീടണം
സത്യവും ധ൪മ്മവും ലേശം വിടാതെന്നെ സത്യസ്വരൂപത്തിലെത്തിച്ചീടേണം
വിഷ്ണുനമ്പൂതിരി:
വിഷ്ണോർശയ്യാസനാത്മാവിശതുമഥ നതോ മേദിനിം യോജനാനാം
പഞ്ചാശൽകോടി വൃത്താമധികകതതലൈ: വ്യോമ്നിശൈലാബ്ധിവക്ഷേ
ഏകസ്മിൻ ദേവദത്തോ സകല ഫണിഫണാവേഗപുണ്ഡ്രപ്രമാണോ
സോനന്തോ നാഗരാജ കലയതുകുലം മംഗളം സന്തതം ന:
എന്നാണ് അനന്ത ധ്യാനം
ശ്രീനാഥ് ഒജി:
നാഗരാജന്‍ വാസുകിയാണെങ്കില്‍ വാസുകിയും നാഗമല്ലേ.... മഹേശ്വരന്റെ കണ്ഠഹാരമായ വാസുകിക്കുമേലേ മറ്റൊരു നാഗമോ... വാസുകി നാഗരാജനല്ലേ?
വിഷ്ണുനമ്പൂതിരി:
ഭൂമിയെ ആയിരം ഫണങ്ങളാൽ താങ്ങി നിറുത്തുന്നു എന്നു പറയുന്ന അനന്ത നാഗം മാഗ്നറ്റിക് ഫീൽഡ് / ആകർഷണ ശക്തി തന്നെയായിയിരിക്കും
ശ്രീനാഥ് ഒജി:
വാതരശ്മി എന്ന പദമല്ലേ ഗ്രാവിറ്റേഷന്‍ തുടങ്ങിയ ആകര്‍ഷണശക്തികളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്? പ്രത്യേകിച്ചും സ്കന്ദഹോരപ്രകാരം പ്രഹരന്‍ എന്ന വായു (വാതരശ്മി) അല്ലേ ഗ്രഹങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു നിര്‍ത്തുന്ന ഗ്രാവിറ്റേഷന്‍ അഥവാ ആകര്‍ഷണശക്തി? വാതരശ്മികള്‍ നാഗങ്ങളാണോ?
വിഷ്ണുനമ്പൂതിരി:
ആയിരിക്കാം. പവനാശനൻ എന്നുപാമ്പിനു പര്യായം വന്നത് അതുകൊണ്ടാകാം
ശ്രീനാഥ് ഒജി:
പവനാശനന്‍ എന്നതിനെ കാറ്റിനെ തിന്നുന്നവന്‍ (വായുഭക്ഷകന്‍, കാറ്റുവിഴുങ്ങി) എന്നല്ലേ അര്‍ത്ഥം? മുതലെപ്പോലെ വെറുതെ വാതുറന്ന് കിടക്കാറുള്ളതുകൊണ്ടാവുമോ ഇങ്ങനെ ഒരു പേരു കിടച്ചത്?
ശ്രീനാഥ് ഒജി:
വാസുകി നാഗമാണോ സര്‍പ്പമാണോ? നാഗമാണെന്ന് പുരാണങ്ങള്‍ സര്‍പ്പമാണെന്ന് ഗീത. ഏതാണ് ശരി? എന്താണ് നാഗവും സര്‍പ്പവും തമ്മിലുള്ള വ്യത്യാസം?
വിഷമുള്ളതെല്ലാം സര്‍പ്പമെന്നും വിഷമില്ലാത്തതെല്ലാം നാഗമെന്നും വിഷ്ണുനമ്പൂതിരി പറയുന്നു എന്താണ് ഈ വാദത്തിന് അടിസ്ഥാനം? എന്താണ് പ്രമാണം? അങ്ങനെയെങ്കില്‍ പുരാണകര്‍ത്താക്കള്‍ നാഗമെന്നു വിളിക്കുന്ന കാര്‍ക്കോടകനും, തക്ഷകനും ഗുളികനും ഒന്നും നാഗമല്ലെന്നും പുരാണകര്‍ത്താക്കള്‍ക്ക് തെറ്റിപ്പോയെന്നും പറയേണ്ടി വരും.
വിഷ്ണു നമ്പൂതിരി:
പുരാണത്തേക്കാൾ ഇതിഹാസത്തിന് പ്രാധാന്യമുണ്ട്. രണ്ടും വ്യാസൻ തന്നെ എഴുതിയതായിരിക്കെ പുരാണകർത്താക്കൾക്ക് തെറ്റി എന്നെങ്ങനെ പറയും. സാമാന്യ അർത്ഥവും വിശേഷ അർത്ഥവും മനസ്സിലാക്കാനുള്ള ഔചിത്യമുണ്ടാകേണ്ടേ? വാദം വാദിക്കാനായി മാത്രമാകരുത്
ഹോരയിൽ പ്ലവം എന്നു പറഞ്ഞാൽ പൊങ്ങിക്കിടക്കുന്നത് എന്നർത്ഥം എല്ലാരും പൊങ്ങുതടി എന്നു പറയുന്നു വിശേഷ അർത്ഥത്തിൽ വൃത്താകൃതിയിലുള്ള തോണിയാണ് പ്ലവം മൊത്തത്തിൽ പ്ലവം എന്നു പറയുന്നു. വിശേഷ അർത്ഥത്തിൽ ഇതെല്ലാം പ്രത്യേകമാണ് എന്നു പറഞ്ഞാൽ പ്ലവം പൊങ്ങുതടി എന്നു വിളിച്ചവർക്ക് തെറ്റി എന്നു പറയും പോലെയാകും. ഔചിത്യം കൊണ്ടറിഞ്ഞീടൂ അ ർത്ഥ ഭേദങ്ങളൊക്കെയും - എന്നല്ലേ?
ശ്രീനാഥ് ഒജി:
അതൊക്കെ ശരി. പക്ഷെ കളത്രവും ധര്‍മ്മദാരവും ഒന്നായാലെന്ത് രണ്ടായാലെന്ത് - അത് വാക്കിന്റെ കളി മാത്രമല്ലേ? ഭാര്യ എന്നതാണ് വാസ്തവം! നാഗവും സര്‍പ്പവും ഒന്നായാലെന്ത് രണ്ടായാലെന്ത് - അതു വാക്കിന്റെ കളിയല്ലേ... പാമ്പ് എന്നതാണ് വാസ്തവം. പാമ്പുമ്മേക്കാലെ പാമ്പ്,....., കാവായ കാവിലെ പാമ്പ്, ഇഴയുന്ന പാമ്പ്, വിഷമുള്ള പാമ്പ്, വിഷമില്ലാ പാമ്പ്.... പോത്തിന്റെ രൂപത്തില്‍ വന്ന ഭഗവാനെപ്പോലെ നാമെല്ലാം ആരാധിക്കുന്ന പാമ്പ്.... പ്രതീകാത്മകമായി കുണ്ഡലിനിപ്പാമ്പ്...ആടുപാമ്പേ പുനം തേടുപാമ്പേ എന്നു നാരായണഗുരു പാടിയ പാമ്പ്.... ഇതിഹാസത്തിലെയും പുരാണത്തിലെയും നാഗവും സര്‍പ്പവും നിരുക്തകോശം നോക്കി അടിപിടി കൂടട്ടെ.... കൃഷ്ണനും ശിവനും അനന്തന്റെയും വാസുകിയും ജാതി പറഞ്ഞ് അടികൂടട്ടെ.... മ്മക്ക് കേരളീയര്‍ക്ക് പാമ്പു മതി...പാമ്പുമ്മേക്കാട് മതി....
നാഗങ്ങൾ : നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്. വാസുകി എന്ന നാഗരാജാവിനെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു..
നാഗേന്ദ്രഹാരായ ത്രിലോചനായ ഭസ്മാംഗരായായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ തസ്മൈ നകാരായ നമഃ ശിവായ
(ശിവപഞ്ചാക്ഷരസ്തോത്രം)
അപ്പോ വാസുകിയാര് - നാഗം! ഈ ശ്ലോകം ശങ്കരാചാര്യര്‍ രചിച്ചതാണെന്നാണ് പറയപ്പെടുന്നത്, അതേ, ഭഗവത് ഗീതയ്ക്ക് ആദ്യഭാഷ്യമെഴുതിയെന്നു പറയപ്പെടുന്ന അതേ ശങ്കരാചാര്യര്‍!
അനില്‍ കാടൂരാന്‍:
ങ്ങളു വാസുകിക്ക് ഇനീം അമ്പലോം കൂടി ഉണ്ടാക്കീട്ടെ അടങ്ങൂ അല്ലേ... എന്തായാലും ഒത്തിരി സന്തോഷം... സംശയം നിവാരണം ആയല്ലോ
ശ്രീനാഥ് ഒജി:
ഞങ്ങ വാസുകിക്കെന്താ അമ്പലമില്ലെന്നാ വിജാരം...! നാഗരാജാവ് പിന്നെയാരാ....? നാഗര്‍കോവിലിലെ നാഗം പോലും ഞങ്ങളുടെ വാസുകിയാ അറിയോ....? https://en.wikipedia.org/wiki/Nagaraja
ജപ്പാന്‍കാരുടെ ഡ്രാഗണ്‍ കിങ്സിന്റെ ലിസ്റ്റില്‍ പോലും ഞങ്ങളുടെ Dragon (പാമ്പ്, വ്യാളി, വ്യാഴം) വാസുകിയുണ്ട്. https://en.wikipedia.org/wiki/Vasuki
നിങ്ങളൊക്കെ ഈ വൈഷ്ണവരെ പറയാന്‍ ഉപയോഗിക്കുന്ന വ്യാഴം പോലും ഒരു പെരിയ പാമ്പാണെന്ന് മറക്കേണ്ട....!
പ്രയാഗിലെ നാഗവാസുകിക്ഷേത്രം, ഭദേര്‍വാഹിലെ വാസുകിക്ഷേത്രം എന്നിങ്ങനെ പിന്നെയുമുണ്ട് വാസുകീക്ഷേത്രങ്ങള്‍ ഒട്ടനേകം.
വിഷ്ണുനമ്പൂതിരി:
അങ്ങനൊന്നും പറഞ്ഞ് ഒഴിയാൻ നോക്കേണ്ട, ഔചിത്യം ഉണ്ടായേ പറ്റൂ.
ശ്രീനാഥ് ഒജി:
അതേ വിവിധ വ്യാഖ്യാതാക്കളെ പിന്തുടര്‍ന്ന് നാഗങ്ങളെന്നത് സര്‍പ്പജാതിയിലെ ഒരു ഉപജാതിയാണെന്ന നിഗമനത്തിലേക്ക് എത്തിയേ പറ്റൂ...
അനില്‍ കൃഷ്ണന്‍:
കണ്ടിയൂരിന്റെ ലളിതസഹസ്രനാമവ്യാഖാനത്തിൽ പറയുന്നത് നാഗങ്ങൾ സർപ്പങ്ങളിലെ ദേവയോനികളാണെന്നാണ്.
ശ്രീനാഥ് ഒജി:
അപ്പോ സര്‍പ്പങ്ങളിലെ മനുഷ്യയോനികള്‍ക്കും അസുരയോനികള്‍ക്കും എന്താണ് പേര്?
(Editor: ഈ ചോദ്യത്തിന് ഉത്തരം ഉണ്ടായില്ല.)
അഗരതന്ത്രം അഥവാ വിഷവൈദ്യം
ശ്രീനാഥ് ഒജി:
അഗദതന്ത്രം = വിഷചികിത്സ. ഗദം = വിഷം, രോഗം.
//അഗദജം എന്ന പദത്തിന്റെ അർത്ഥം ഗദ(രോഗ)ത്തെ ഇല്ലാതാക്കുന്നത്, അതായത് ഔഷധം എന്നാണ്. (നാസ്തിഗദോ അസ്മാദ് അനേന വാ), ഗദം എന്ന ശബ്ദത്തിന് രോഗമെന്നാണു പ്രസിദ്ധാർഥമെങ്കിലും അത് വിഷശബ്ദത്തിന്റെ പര്യായവുമാണ് (രാജനിഘണ്ടു). ജന്തുക്കൾ, സസ്യങ്ങൾ, ധാതുദ്രവ്യങ്ങൾ എന്നിവ വഴിയും മറ്റു പല പ്രകാരത്തിലും ജീവികളിൽ വിഷബാധയുണ്ടായാൽ അവയെ തിരിച്ചറിയാനുള്ള ലക്ഷണങ്ങളെയും അവയ്ക്കുള്ള ചികിത്സാവിധികളെയും പ്രതിപാദിക്കുന്നതാണ് ഈ തന്ത്രം. അഗദതന്ത്രം നാമ സർപ്പകീടലൂതാ മൂഷികാദിദഷ്ട വിഷജ്ഞാനാർഥം വിവിധവിഷസംയോഗോപശമനാർഥം ച എന്നു സുശ്രുതൻ (സൂ. അ. 1/14) ഈ തന്ത്രത്തിന്റെ ഉദ്ദേശ്യം എടുത്തു പറഞ്ഞിരിക്കുന്നു. ആയുർവേദത്തിലെ പ്രാമാണിക മൂലഗ്രന്ഥങ്ങളായ സുശ്രുതസംഹിത, ചരകസംഹിത, അഷ്ടാംഗഹൃദയം, ഹാരീതസംഹിത, അഷ്ടാംഗസംഗ്രഹം, ഭാവപ്രകാശം, വാസവരാജീയം, ശാർങ്ഗധരസംഹിത എന്നിവയിലെല്ലാം ഈ തന്ത്രം ഉൾപ്പെട്ടു കാണാം. സുശ്രുതത്തിലെ കല്പസ്ഥാനം മുഴുവൻ, ചരകം ചികിത്സാസ്ഥാനത്തിലെ 23-ം അധ്യായം, അഷ്ടാംഗസംഗ്രഹം ഉത്തരതന്ത്രത്തിൽ 40 മുതൽ 48 വരെയുള്ള അധ്യായങ്ങൾ അഷ്ടാംഗഹൃദയം ഉത്തരസ്ഥാനത്തിൽ 35 മുതൽ 38 വരെയുള്ള അധ്യായങ്ങൾ, ഹാരീതസംഹിത മൂന്നാം സ്ഥാനത്തിൽ 53-ം അധ്യായം, ഭാവപ്രകാശം ചികിത്സാസ്ഥാനം 57-ം അധ്യായം, വാസവരാജീയത്തിൽ 21-ഉം, 22-ഉം പ്രകരണങ്ങൾ ഇവയെല്ലാം അഗദതന്ത്രപ്രതിപാദകങ്ങളാണ്. ഈ പ്രമാണിക ഗ്രന്ഥങ്ങളിൽ അഷ്ടാംഗഹൃദയത്തിലെ അഗദതന്ത്രത്തെ ആസ്പദമാക്കിയുള്ള ചികിത്സാരീതിക്കാണ് കേരളത്തിൽ അധികം പ്രചാരമുള്ളത്. ഇതിനുപുറമേ, അഗദതന്ത്രത്തെ മാത്രം പുരസ്കരിച്ചുള്ള നാരായണീയം, സാരസംഗ്രഹം, ഉഡ്ഡീശം, ഉൽപ്പലം, ഹരമേഖല, ലക്ഷണാമൃതം, കാലവഞ്ചനം എന്നീ സംസ്കൃത ഗ്രന്ഥങ്ങളും, ജ്യോത്സ്നിക, ചന്ദ്രിക, ചിത്രാരൂഢം, പ്രയോഗസമുച്ചയം, വിഷവൈദ്യപ്രവേശിക, സർവഗരളപ്രമോചനം, ഗൌളീശാസ്ത്രം, കാലവഞ്ചനം എന്നീ മലയാള ഗ്രന്ഥങ്ങളും തമിഴ്പ്പടി എന്ന തമിഴ് കൃതിയും കേരളത്തിൽ പ്രചാരത്തിലുണ്ട്. ഇവയിൽ സംസ്കൃതഗ്രന്ഥങ്ങൾ മുഴുവൻ കേരളീയർതന്നെ നിർമിച്ചതാണെന്നു പറഞ്ഞുകൂടാ.//
(വിക്കിപീഡിയ)
നവവിഷങ്ങളും നവനാഗങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നറിയില്ല. 1.കാളകൂടം, 2.ബചനാഗം, 3.ശൃംഗകം, 4.പ്രദീപനം, 5.ഹാലാഹലം, 6.ബ്രഹ്മപുത്രം, 7.ഹരിദ്രം, 8.സക്തകം, 9.സൗരാഷ്ട്രികം. - എന്നിവയാണ് പുരാണപ്രസിദ്ധമായ നവവിഷങ്ങള്‍.
കാകോള-കാളകൂട-ഹലാഹലാ-സൗരഷ്ട്രിക-ശ്ലൗകികേയോ
ബ്രഹ്മപുത്ര-പ്രദീപന-ദരദോ-വത്സനാഭശ്ച വിഷദേഭാ അമീ നവാ.
എന്ന മറ്റൊരു പട്ടികയും കേട്ടിട്ടുണ്ട്.
സുനില്‍ലാല്‍ സോനു:
നവപാഷാണം ഉപയോഗിച്ചാണ് പഴനിയിലെയും ശബരിമലയിലെയും മൂലവിഗ്രഹങ്ങൾ നിർമ്മിച്ചിട്ടുള്ളത് എന്ന് കേട്ടിട്ടുണ്ട്.
വിഷ്ണുനമ്പൂതിരി:
ശബരിമലയിലല്ല (പഞ്ചലോഹമാണ്). പളനിമലയിലാണ് ഭോഗർ നിർമ്മിച്ച പാഷാണ വിഗ്രഹം
സുനില്‍ലാല്‍ സോനു:
ശബരിമലയിലെയും മൂലവിഗ്രഹം നവപാഷാണം ആയിരുന്നു.. അന്നത്തെ തീപിടിത്തത്തോടെയാണ് അത് നഷ്ടമായത്.
സര്‍പ്പജാതിയിലെ ഉപജാതിയാണ് നാഗങ്ങള്‍
രാജേഷ് പണിക്കര്‍:
ഗീതാഭാഷ്യത്തിൽ ഭഗവാൻ ശങ്കരാചാര്യർ സർപ്പാണാം = സർപഭേദാനാം എന്നും നാഗാനാം = നാഗവിശേഷാണാം എന്നുമാണ് വ്യാഖ്യാനിച്ചത്. നീലകണ്ഠവ്യാഖ്യയിൽ- നാഗാനാം = സർപാവാന്തരഭേദാനാം എന്നും. മധുസൂദനിയാകട്ടെ സർപാശ്ച നാഗാശ്ച ജാതിഭേദാത് ഭിദ്യന്തേ തത്ര സർപാണാം മദ്ധ്യേ തേഷാം രാജാ വാസുകി: അഹമസ്മി. ശ്രീധരീവ്യാഖ്യയാകട്ടെ, നാഗാനാം =നിർവിഷാണാം, സർപാണാം =സവിഷാണാം എന്നും വ്യാഖ്യാനിക്കുമ്പോൾ ആനന്ദഗിരിയാകട്ടെ, സർപാ: നാഗാശ്ച ജാതി ഭേദാദ്ഭിദ്യന്തേ എന്നു മാത്രം പറയുന്നു.
ശ്രീനാഥ് ഒജി:
എന്തൊക്കെ പറഞ്ഞാലും
1) സര്‍പ്പങ്ങള്‍ക്കായി വേറെ ലോകമില്ല, സര്‍പ്പലോകവും നാഗലോകവും ഒന്നാണ്. (നാഗങ്ങളും സര്‍പ്പങ്ങളുമെല്ലാം താമസിക്കുന്നത് മഹാതലം , പാതാളം തുടങ്ങിയ രണ്ടു തലങ്ങളിലാണത്രേ. പുരാണപ്രസിദ്ധമായ നാഗലോകം ഇവയില്‍ ഏതാണെന്നു നിശ്ചയം പോരാ. കൂടാതെ ഭൂമിയിലും നാഗങ്ങളും സര്‍പ്പങ്ങളും ഉണ്ടെന്ന് പുരാണകഥകളുള്ളതായി നമുക്കറിയാം. പാമ്പുകളാണ് നാഗങ്ങളും സര്‍പ്പങ്ങളും എങ്കില്‍ ഭൂമി അവയുടെ ആവാസസ്ഥാനമാണെന്നത് നിശ്ചയം)
2) അഷ്ടനാഗങ്ങളുടെ സന്തതിപരമ്പരയാണ് സര്‍പ്പങ്ങള്‍, അപ്പോള്‍ പിന്നെ സര്‍പ്പങ്ങളും നാഗങ്ങളും ഒരു ജാതിയാവാതിരിക്കാന്‍ തരമില്ല.
3) നാഗങ്ങളുടെ രാജ്യമാണത്രേ നാഗലോകം. നാഗലോകത്തിലെ രാജാവ് വാസുകിയാണ്. പക്ഷെ വാസുകി സര്‍പ്പമാണെന്നാണ് പറയപ്പെടുന്നത്. അതായത് സര്‍പ്പങ്ങളും നാഗങ്ങളും ഒന്നാണ്.
ചുരുക്കത്തില്‍ നാഗം എന്നത് സര്‍പ്പങ്ങള്‍ക്കിടയിലെ ഒരു അവാന്തരഭേദം മാത്രമാണ് എന്ന വാദത്തിനു തന്നെയാണ് പ്രസക്തി. സര്‍പ്പജാതിയിലെ ഒരു ഉപജാതി മാത്രമാണ് നാഗങ്ങള്‍. ലേശം സാത്വികന്മാര്‍ എന്നു വേണമെങ്കില്‍ പറയാം, അത്രേള്ളു... ഈ നിഗമനം കൊണ്ട് പരിഹരിക്കപ്പെടാവുന്നതേയുള്ളു ഈ തര്‍ക്കം എന്നാണ് തോന്നുന്നത്.
സര്‍പ്പരക്ഷസ്സ്
രാജില്‍ വിജയന്‍:
സർപ്പരക്ഷസ് എന്നൊന്നുണ്ടോ...?..ഇപ്പോ അടുത്ത് ഒരു ജോത്സ്യൻറ പരിഹാര ചാർത്തിൽ കണ്ടതാ...?
ശ്രീനാഥ് ഒജി:
ആ....ഉണ്ടാവുമായിരിക്കും.... ഗോരക്ഷസ്സും മാര്‍ജ്ജാരരക്ഷസ്സും ബ്രഹ്മരക്ഷസ്സും ഉള്ളസ്ഥിതിക്ക് സര്‍പ്പരക്ഷസ്സ് ഉണ്ടായാലെന്താ കുഴപ്പം? എനിക്ക് ഇവരെയൊന്നും വലിയ പരിചയമില്ലാത്തതിനാല്‍ ഉറപ്പുപറയാനാവില്ല....
ബ്രഹ്മരക്ഷസ്സിനെക്കുറിച്ചു ധാരാളം കേട്ടിട്ടുണ്ടെങ്കിലും, ക്ഷത്രിയരക്ഷസ്സിനെക്കുറിച്ചും, വൈശ്യരക്ഷസ്സിനെക്കുറിച്ചും, ശൂദ്രരക്ഷസ്സിനെക്കുറിച്ചും ഒന്നും കേട്ടിട്ടില്ല....! അതെന്താ അങ്ങനെ....?
(Editor: ആ ചോദ്യം അവിടെത്തീര്‍ന്നു...!)
You are not authorised to post comments.