മാരകനും ഫലവും

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

ലേഖകന്‍ - ശ്രീനാഥ് ഒജി

രണ്ടും ഏഴും ഭാവാധിപന്മാര്‍ക്ക് പറയുന്ന പേരാണ് മാരകന്‍ എന്നത്. രണ്ടോ ഏഴോ ഭാവാധിപത്യം ഉണ്ടെങ്കില്‍ മാരകാധിപന്‍ തന്നെയാണ്. രണ്ട് ഏഴ് ഭാവങ്ങള്‍ക്കുള്ള പേരാണ് മാരകസ്ഥാനം. മാരകസ്ഥാനത്തിന്റെ അധിപന്‍ മാരകാധിപന്‍ അഥവാ ചുരുക്കി മാരകന്‍.

അഷ്ടമംഹ്യായുഷസ്ഥാനം അഷ്ടമാദഷ്ടമം ച യത്
ദ്വയോരപിവ്യയസ്ഥാനം മാരക സ്ഥാനമുച്യതേ.

(ജാതകചന്ദ്രിക)

എട്ടാംഭാവം ആയുസ്ഥാനമാണ്. എട്ടിന്റെ എട്ടാംഭാവമായ മൂന്നാംഭാവവും ആയുസ്ഥാനം തന്നെ. ഈ രണ്ടു ഭാവത്തില്‍ നിന്നും 12-ആം ഭാവങ്ങളായ രണ്ടും ഏഴും ഭാവങ്ങളാണ് മാരകസ്ഥാനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

ആയുസ്ഥാനമായ 8-ന്റെ 12-ആം ഭാവം ആകയാലാണ് ഏഴാംഭാവത്തിന് മാരകസ്ഥാനം എന്ന പേര് ലഭിക്കുന്നത്. 8-ന്റെ 8-ആം ഭാവമായ 3-ആം ഭാവത്തിന്റെ 12-ആം ഭാവം ആകയാലാണ് രണ്ടാം ഭാവത്തിന് മാരകസ്ഥാനം എന്ന പേര് ലഭിക്കുന്നത്.

മാരകത്വം എന്നത് അഷ്ടമാധിപന്‍, ധനാധിപന്‍, കേന്ദ്രാധിപന്‍, ത്രികോണാധിപന്‍ എന്നെല്ലാം പറയുന്നതുപോലെ രണ്ടും ഏഴും ഭാവാധിപനുള്ള പേരാണ്.

മാരകാധിപന്‍ എന്തു ഫലം കൊടുക്കുമെന്നതല്ല, മാരകാധിപന്‍ എന്ന് ആരെ വിളിക്കണം എന്നതാണ് ആദ്യത്തെ വിഷയം. പിന്നെ ഫലത്തെക്കുറിച്ചാണെങ്കില്‍ രണ്ടും ഏഴും ഭാവാധിപനില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നതുപോലെ സാമാന്യേന ഗുണഫലമാണ് മാരകാധിപന്‍ കൊടുക്കുക. പക്ഷെ മരണകാലനിര്‍‍ണയത്തില്‍ മാരകാധിപന് പ്രത്യേക പ്രാധാന്യമുണ്ട്. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയില്‍ ജീവിക്കുന്ന കാലത്ത് മരിച്ചുകൂടാ എന്നില്ലല്ലോ.

കേന്ദ്രാധിപത്യദോഷവും മാരകത്വദോഷവും മരണകാലനിര്‍ണയത്തിലാണ് പ്രത്യേകിച്ചും പ്രസക്തം. അഷ്ടമാധിപന്റെ ദശയില്‍ മാരകാധിപന്റെ അപഹാരം വിശേഷിച്ചും മരണപ്രദമാണെന്നത് സുപ്രസിദ്ധമാണ്.

കേന്ദ്രാധിപത്യദോഷസ്തു ബലവാന്‍ ഗുരുശുക്രയോഃ
മാരകത്വേപി ച തയോര്‍ മാരകസ്ഥാനസംസ്ഥിതി
ബുധസ്ഥദനു ചന്ദ്രോപി ഭവേത്തദനു തദ്വിധഃ
രന്ധ്രേശത്വദോഷസ്തു സൂര്യചന്ദ്രമസോര്‍ഭവേത്.

(ജാതകചന്ദ്രിക)

കേന്ദ്രാധിപത്യദോഷം ബലവത്തായിട്ടുള്ളത് വ്യാഴത്തിനും ശുക്രനുമാണ്. പ്രത്യേകിച്ചും അവര്‍ക്ക് മാരകസ്ഥാനാധിപത്യമോ അഥവാ മാരകസ്ഥാനസ്ഥിതിയോ കൂടി ഉണ്ടെങ്കില്‍ അവരുടെ ദശാപഹാരകാലങ്ങള്‍ മരണകാരണമായേക്കാം. കേന്ദ്രാധിപത്യദോഷവും മാരകത്വദോഷവും ഗുരുശുക്രന്മാരേക്കാള്‍ കുറവാണ് ബുധനും ചന്ദ്രനും. എങ്കിലും കേന്ദ്രാധിപത്യദോഷവും മാരകത്വദോഷവും ഉണ്ടെങ്കില്‍ അവയുടെ ദശാപഹാരകാലങ്ങളും മരണപ്രദമായേക്കാം. അഷ്ടമാധിപത്യദോഷം സൂര്യനും ചന്ദ്രനും പറയേണ്ടതില്ല.

മാരകന്റെ ദോഷഫലം മരണകാല നിര്‍ണയത്തില്‍ മാത്രമാണ് ഉപയോഗിക്കേണ്ടത്. മാരകാധിപന്‍ എന്ന ആശയവും കേന്ദ്രാധിപത്യദോഷം എന്ന ആശയവും തന്നെ സാമാന്യേന മരണകാലനിര്‍ണയത്തിനുവേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ജാതകചന്ദ്രികക്കാരന്റെ അഭിപ്രായം. ഈ ഒരു വിഷയത്തിലൊഴിച്ച് മറ്റൊന്നിലും മാരകന്‍ ദോഷപ്രദനല്ലതന്നെ.

മാരകന്‍ നല്ലഫലമാണോ ചീത്തഫലമാണോ നല്‍കുക? മാരകഗ്രഹത്തെക്കുറിച്ച് ജാതകചന്ദ്രികയില്‍ മാത്രമാണ് പറഞ്ഞിട്ടുള്ളതെങ്കിലും മാരകന്‍ എല്ലായ്പോഴും ദോഷപ്രദനാണെന്നും ഒരു തെറ്റിദ്ധാരണയുണ്ട്. ഇത് ശരിയല്ല. രണ്ടും ഏഴും എന്നീ ശുഭഭാവാധിപത്യം സൂചിപ്പിക്കുന്നതുപോലെ സുസ്ഥാനസ്ഥിതനും ബലവാനുമെങ്കില്‍ മാരകഗ്രഹം സാമാന്യേന നല്ലഫലമാണ് നല്‍കുക എന്നും, എങ്കിലും ദശ മോശമാണെങ്കില്‍ (മാരകാധിപന്‍ സുസ്ഥാനസ്ഥിതനായാലും ശരി, ദുസ്ഥാനസ്ഥിതനായാലും ശരി, ബലവാനായാലും ശരി ബലഹീനനായാലും ശരി) മരിപ്പിക്കും എന്നുമാണ് ആചാര്യാഭിപ്രായം. പ്രമാണവശേന ഒരു ശ്ലോകം താഴെച്ചേര്‍ക്കുന്നു.

ദശാ ക്ഷിപ്തേഷു കാലേഷു മാരകോ മരണപ്രദഃ
അന്യസ്മിന്‍ യോഗകേ പ്രീതിഃ കാലവിദ്ഭിര്‍ നിരൂപിതം

(പരാശരഹോര, ജ്യോതിഷതത്വമാല)

മോശമായ ദശാകാലമാണെങ്കില്‍ മാരകന്‍ മരണപ്രദനാവും. എന്നാല്‍ മാരകഗ്രഹം മറ്റു യോഗങ്ങളില്‍ ഉള്‍പ്പെട്ടു നില്‍ക്കുകയാണെങ്കില്‍ (അതായത് മോശമായ ദശാകാലമല്ലെങ്കില്‍, അതുപോലെ മാരകാധിപന്‍ പ്രത്യേകിച്ചും നീചത്തിലോ ബലഹീനനായോ മറ്റോ അല്ലാ നില്‍ക്കുന്നതെങ്കില്‍) മാരകഗ്രഹം ശുഭഫലമാണ് നല്‍കുക. ഇപ്രകാരം കാലത്തെയറിയുന്ന (കാലജ്ഞാനകരമായ ജ്യോതിഷം നന്നായറിയുന്ന മനീഷികളായ പ്രാചീന ദൈവജ്ഞന്മാര്‍) അഭിപ്രായപ്പെട്ടിട്ടുണ്ട്.

മോശമായ ദശാകാലം എന്നതുകൊണ്ട് അഷ്ടമാധിപന്റേതുപോലുള്ള ദശ എന്നും, മരണപ്രദമായ മാരകന്റെ കാലം എന്നതുകൊണ്ട് മാരകാധിപന്റെ അപഹാരം എന്നും മനസ്സിലാക്കുന്നതാണ് യുക്തം. മാരകന്‍ ദോഷഫലം നല്‍കുന്നത് തന്റെ അപഹാരകാലത്താണ് എന്ന സൂചനകൂടി ഈ ശ്ലോകത്തില്‍ അടങ്ങിയിട്ടുണ്ട്. മാരകസ്ഥാനത്തു നിന്നു എന്നതുകൊണ്ടുമാത്രം ഒരു ഗ്രഹവും മാരകനാവില്ല. മാരകസ്ഥാനാധിപത്യമുള്ള ഒരു ഗ്രഹം (അതാണ് മാരകഗ്രഹം) തന്റെ ഇതര മാരകസ്ഥാനത്താണ് നില്‍ക്കുന്നെങ്കിലാണ് വിശേഷിച്ചും മോശമായ ദശാകാലങ്ങളില്‍ മാരകഗ്രഹത്തിന്റെ അപഹാരകാലം യോജിച്ചുവരുമ്പോള്‍ മരണപ്രദനാവുക. ആവര്‍ത്തിച്ചു പറയട്ടെ, രണ്ടും ഏഴും ഭാവാധിപന്മാര്‍ക്കു പറയുന്ന പേരാണ് മാരകന്‍ എന്നത്. രണ്ടോ ഏഴോ ഭാവാധിപത്യമുണ്ടെങ്കില്‍ മാരകനാണ്. ആരും മാരകനാക്കേണ്ടതില്ല. ആ മാരകത്വം ആ ഗ്രഹങ്ങള്‍ക്ക് കളയാനും ആവില്ല.

അല്ലാതെ മരണകാരകനായിത്തീരാന്‍ (മരിപ്പിക്കാന്‍) സാധ്യതയുള്ള എല്ലാ ഗ്രഹങ്ങളേയും മാരകനെന്നു വിളിച്ചോളൂ എന്ന് ഒരാചാര്യനും പറഞ്ഞിട്ടില്ല. അങ്ങനെ മരണകാരകരാകാന്‍ സാധ്യതയുള്ള ഗ്രഹങ്ങളെയെല്ലാം മാരകനെന്നു വിളിക്കുന്നത് ആചാര്യനിഷേധവും സംജ്ഞകളുടെ ദുരുപയോഗവുമാണ്.

വാല്‍ക്കഷണം:

ചോദ്യം: പി എസ് നായരുടെ സമ്പൂർണ്ണ ജാതക ഗണിതം എന്ന പുസ്തകത്തിൽ മേടം തുലാം ലഗ്നകാർക്ക് യഥാക്രമം കുജശുക്രന്മാർക്ക് മാരകത്വം ഭംഗം സംഭവിക്കുന്നു. അവർ ആ ലഗനത്തിനു മാരകർ ആകുന്നില്ലന്ന് എഴുതിയിട്ടുണ്ട്. ഇത് ശരിയാണോ?

ഉത്തരം: ശരിയല്ല. രണ്ടും ഏഴും ഭാവാധിപന്മാര്‍ക്ക് പറയുന്ന പേരാണ് മാരകന്‍ എന്നത്. യോഗഭംഗം പറയാന്‍ ഇതൊരു യോഗം അല്ല!

You are not authorised to post comments.

Comments powered by CComment