മഴച്ചൊല്ലുകളും രാശികളും
- Details
- Created: Monday, 17 April 2017 14:44
- Last Updated: Wednesday, 01 November 2017 09:52
- Hits: 5404
2) ഇടവം - ഇടവപ്പാതി കഴിഞ്ഞാല്‍ പിന്നെ കുട കൂടാതെ നടക്കാമ്മേല, ഇടവത്തിൽ മഴ ഇടവഴി നീളെ, മകയിരത്തിൽ മഴ മതിമറയും (മകയിരം ഞാറ്റുവേലയാണ് ഇവിടെ പരാമര്‍ശിതം), ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല (ഇടവം തൊട്ട് തുലാമാസം വരെ കേരളത്തില്‍ മഴക്കാലമാണ്.), കാർത്തിക കഴിഞ്ഞാൽ മഴയില്ല (കാര്‍ത്തിക ഞാറ്റുവേല കഴിഞ്ഞാല്‍ മഴയുണ്ടാവില്ല)
3) മിഥുനം - തിരുവാതിര ഞാറ്റില്‍ അമൃതമഴ (സൂര്യന് മിഥുനം രാശിയില്‍ തിരുവാതിര നക്ഷത്രത്തില്‍ നില്ക്കുന്ന കാലമാണ് തിരുവാതിര ഞാറ്റുവേല. അക്കാലം അമൃതമഴയുടെ കാലമാണ്, അക്കാലത്ത് പെയ്യുന്ന മഴ നെല്‍കൃഷിക്ക് വളരെ പ്രയോജനപ്രദമാണ്.), തിരുവാതിരയില്‍ നൂറുമഴയും നൂറുവെയിലും (തിരുവാതിര ഞാറ്റുവേല പരാമര്‍ശിതം), തിരുവാതിരയിൽ തിരിമുറിയാതെ (മഴ), പുണർതത്തിൽ പറിച്ചു നടുന്നവൻ ഗുണഹീനൻ (പുണര്‍തം ഞാറ്റുവേല), പുണർതത്തിൽ പുകഞ്ഞ മഴയാണ് (പുണര്‍തം ഞാറ്റുവേല), മിഥുനം വന്നാല്‍ വ്യസനം വന്നു, മിഥുനംകഴിഞ്ഞാൽ വ്യസനം കഴിഞ്ഞു. (മിഥുനമാസം തുടങ്ങിയാല്‍ മഴ കുറവായിരിക്കും. മിഥുനമാസം കഴിഞ്ഞാല്‍ മഴയില്ലെന്ന സങ്കടം മാറി, മഴ തകര്‍ത്തു പെയ്യുന്നുണ്ടാവും.) (Thanks to Rajkumar AK ji)
4) കര്‍ക്കിടകം - കര്‍ക്കിടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു, കര്‍ക്കിടകത്തില്‍ - ചക്കേം മാങ്ങേം പത്തീസം താളും തകരേം പത്തീസം അങ്ങനേം ഇങ്ങനേം പത്തീസം (ഈ പഴഞ്ചൊല്ല് കര്‍ക്കടകത്തിലെ ഭക്ഷണദാരിദ്ര്യത്തേയും ഭക്ഷണക്രമത്തേയും സൂചിപ്പിക്കുന്നു), കര്‍ക്കിടകത്തില്‍ പത്തില കഴിക്കണം. (പത്തില പലനാട്ടിലും പലതാണ്. കര്‍ക്കിടകം പിറന്ന് ആദ്യ രണ്ടാഴ്ച ഇലക്കറികള്‍ കൂട്ടാന്‍ പാടില്ലെന്നാണ് ആയുര്‍വേദം മതം കര്‍ക്കിടകത്തില്‍ മുപ്പെട്ടുചൊവ്വാഴ്ചയില് പച്ചില കറികള്‍ ഉപയോഗിച്ചു തുടങ്ങുന്നു . ചൊവ വെള്ളി മുതലായ കൊടിയാഴ്ച ദിവസങ്ങളില്‍ സ്ഥിരമായിട്ട് പത്തിലകള്‍ കൊണ്ടുള്ള ഉപ്പേരിയും കൂട്ടാനും ഉണ്ടാക്കണം . പത്തിലകള്‍ ഏതൊക്കെയെന്നു പറയുന്ന ഒരു ചൊല്ല് - . "നെയുര്‍ണി താള് തകര , കുമ്പളം മത്ത വെള്ളരി ആനക്കൊടിത്തുവാ ചീര , ചേന ചേമ്പില പത്തില " എന്നാണ്. മറ്റൊരു ലിസ്റ്റ് - കുമ്പളത്തില, മത്തയില, മണിത്തക്കാളി, പയറില, മുള്ളന്ചീര, തകരയില, കൊടകന് ഇല, തഴുതാമയില, ചേമ്പില (താള്), കയ്യോന്നി എന്നിങ്ങനെയാണ്. ചേന, ഉഴുന്ന്,വേലിച്ചീര,മൈസൂര്‍ ചീര (പലതരം ചീര) എന്നിവയും ചിലയിടങ്ങളില്‍ പത്തിലകളില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഈ ഇലകളെല്ലാം അരിഞ്ഞിട്ട് ചെറുചൂടോടെ കഴിച്ചാല്‍ പൊതുവെ പ്രതിരോധശേഷി കുറയുന്ന ഇക്കാലത്ത് പ്രതിരോധശേഷി വര്‍ദ്ധിക്കും. (Ref.http://azchavattomonline.com/frontend/web/index.php…) ദാരിദ്ര്യത്തിന്റെ ഉച്ചതയില്‍ നില്ക്കുന്ന സമയത്ത് തൊടിയിലെ ഭക്ഷ്യ യോഗ്യമായ എല്ലാ സസ്യങ്ങളെയും ഉപയോഗിച്ചിരുന്നു. അതുപോലെ സ്ത്രീകള്‍ ശംഖുപുഷ്പം മുടിയില്‍ ചൂടുന്നത് മുതല്‍ മുക്കുറ്റിച്ചാറുകൊണ്ട് പൊട്ടു തൊടല് വരെയുള്ള-അഥവാ ദശപുഷ്പം ചൂടുക എന്നൊരു പതിവും ഉണ്ടായിരുന്നു.അതുപോലെ തന്നെ ദേഹ പുഷ്ടിക്ക് കര്‍ക്കിടക കഞ്ഞി കുടിക്കുന്ന മറ്റൊരു പതിവും. കര്ക്കിടകമെതും മുന്‍പേ വീട്ടിലെ സ്ത്രീകള്‍ കൂവ അരച്ച് കലക്കി നൂറ് ഊറ്റിയെടുത്തു സൂക്ഷിച്ചു വെക്കും. ഏറെ ഔഷധ ഗുണമുള്ള കൂവ നൂറ് കര്‍ക്കിടക മാസത്തില്‍ പാലില്‍ കലക്കി കുടിച്ചാല്‍ വിശിഷ്ടമത്രേ.), കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തരി കഴിഞ്ഞാല്‍ മറക്കരുത്. (കര്‍ക്കിടകത്തില്‍ പട്ടിണി കിടന്നത് ചിങ്ങമാസത്തില്‍ പുതുവര്‍ഷം പിറന്ന് കൊയ്ത്തു കഴിഞ്ഞ് ഓണം മുതലായവ വിഭവസമൃദ്ധമായി ആഘോഷിച്ചു കഴിഞ്ഞാല്‍ മറക്കരുത്), കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം. (അത് അത്രത്തോളം ഔഷധവും ആരോഗ്യവും നല്‍കുന്നതാണ്.), കര്‍ക്കിട മാസമൊരാറാം തീയതി ദുര്‍ഘടമായൊരു കോള്‍ പിടിക്കും, കര്‍ക്കിടകത്തില്‍ കാക്ക പോലും കൂടു കൂട്ടില്ല, കര്‍ക്കിടകത്തില്‍ ഇടി വെട്ടിയാല്‍ കരിങ്കല്ലിനു ദോഷം, കര്‍ക്കിടകത്തില്‍ വാവ് കഴിഞ്ഞ ഞായറാഴ്ച നിറയ്ക്കാനും അമ്മാവന്റെ മോളെ കല്യാണം കഴിക്കാനും ആരോടും ചോദിക്കണ്ട. കര്‍ക്കിടകത്തില്‍ രണ്ടോണം. ഇല്ലന്നിറയും പുത്തരിയും (പഞ്ഞമാസമായ കര്ക്കിടകമെത്തും മുന്‍പുള്ള ഒരുക്കങ്ങളില്‍ പ്രധാനം “നിറ” അഥവാ “ഇല്ലന്നിറ”യാണ്. ആവശ്യത്തിനുള്ള ധാന്യങ്ങളും മറ്റു ആഹാര സാധനങ്ങളുമൊക്കെ കര്‍ക്കിടകത്തിലേക്ക് ഉപയോഗിക്കാന്‍ വേണ്ടി മാറ്റി വെക്കും. ഒഴിച്ചുകൂടാനാവാത്ത ഒരു ചടങ്ങ് പോലെ തന്നെ ആയിരുന്നു അക്കാലത്ത് ഇല്ലന്നിറ. കര്‍ക്കിടകം കഴിഞ്ഞാലുള്ള മറ്റൊരു ചടങ്ങാണ് പുത്തരി അഥവാ പുത്തരിയുത്സവം. വിളവെടുപ്പ് കഴിഞ്ഞാലുള്ള ഒരു ചടങ്ങാണിത്. കര്‍ക്കിടകത്തിന്റെ അരിഷ്ടതകളില്‍ നിന്നും വിട്ടുമാറി സമൃദ്ധിയുടെ ദിനങ്ങളുടെ തുടക്കം.), കര്‍ക്കിടകത്തില്‍ പത്തുണക്ക് (കര്‍ക്കിടകമാസത്തില്‍ 10 ദിവസം വെയിലുണ്ടാവും മഴയുണ്ടാവില്ല), കര്‍ക്കിടകത്തിലെ പത്തുവെയിലില്‍ ആനത്തോലും ഉണക്കാം.(കര്‍ക്കിടകമാസത്തിലെ വെയിലുള്ള 10 ദിവസം നല്ല വെയിലായിരിക്കും, കട്ടികൂടിയ ആനത്തോലുപോലും ഉണക്കിയെടുക്കാനാവുന്നത്ര ചൂടുള്ള വെയില്), കര്‍ക്കിടകത്തില്‍ കട്ട് മാന്താം (കര്‍ക്കിടകത്തില്‍ കാച്ചില് ചേന തുടങ്ങിയ കിഴങ്ങുവര്‍ഗ്ഗങ്ങളാണ് പ്രധാന ഭക്ഷണം. കൊയ്ത്തുകാലം ആയിട്ടില്ലായ്കയാല് ദാരിദ്ര്യത്തിന്റെ കാലവുമാണ്. അതിനാല്‍ കര്‍ക്കിടകമാസം അന്യരുടെ കിഴങ്ങുകൃഷിയില് നിന്നുപോലും കിഴങ്ങുമോഷ്ടിച്ച് ഭക്ഷിക്കാം അതില്‍ തെറ്റില്ല എന്നര്‍ത്ഥം), കര്‍ക്കിടകത്തില്‍ കട്ടിട്ടെങ്കിലും കൂട്ടണം (മോഷ്ടിച്ചിട്ടാണെങ്കിലും ശരി കര്‍ക്കിടകമാസം കഴിച്ചുകൂട്ടണം), കര്‍ക്കിടക മാസം ഒന്നാം തീയതി കുന്നിയോളം നൂറു തിന്നാല്‍ പന്നിയോളം വളരും (കര്‍ക്കിടകമാസം മഴക്കാലമാണ്, ശരീരം ഇളതാകുന്ന മാസമാണ്. അതിനാല്‍ എന്തു ഭക്ഷണം കഴിച്ചാലും അത് ശരീരത്തില്‍ പിടിക്കും, കാണാനുണ്ടാവും.), പൂയത്തിൽ നട്ടാൽ പുഴുക്കേട് കൂടും (പൂയം ഞാറ്റുവേല), പൂയത്തിൽ (ഞാറ്റുവേലയിൽ) പുല്ലും പൂവണിയും, ആയില്യത്തിൽ പാകിയാൽ അത്തത്തിൽ പറിച്ചുനടാം (ഞാറ്റുവേല)
5) ചിങ്ങം - (ചിങ്ങമാസത്തില്‍ അത്തം പത്തിനാണ് പൊന്നോണം അഥവാ തിരുവോണം. അതിനാല്‍) അത്തം കറുത്താല്‍ ഓണം വെളുക്കും. (അത്തത്തിന് മഴ പെയ്താല്‍ തിരുവോണത്തിന് മഴയുണ്ടാവില്ല എന്നര്‍ത്ഥം) മുച്ചിങ്ങം മഴയെങ്കിൽ അച്ചിങ്ങം മഴയില്ല (കഴിഞ്ഞ ചിങ്ങമാസം പെരുമഴ പെയ്തിട്ടുണ്ടെങ്കില്‍ ഈ വര്‍ഷത്തെ ചിങ്ങമാസത്തില്‍ മഴ ലഭിക്കില്ല). ചിങ്ങത്തില് ചിങ്ങാറും ചീറ്റലും. (ചിങ്ങമാസം ചാറ്റല്‍ മഴയാണ് ഉണ്ടാവുക, പെരുമഴ പതിവില്ല.) (Thanks to Raghav Kalarikkal ji), മുച്ചിങ്ങം (ചിങ്ങത്തിൽ ആദ്യത്തെ മൂന്നു ദിവസം) മഴ പെയ്താൽ മച്ചിങ്ങൽ നെല്ലുണ്ടാവില്ല
6) കന്നി - ചിങ്ങമഴ ചിനുങ്ങി ചിനുങ്ങി, കന്നി മഴ കിനിഞ്ഞു കിനിഞ്ഞ് (Thanks to Reena PK ji), അത്തവർഷം അതിശക്തം (സൂര്യന് അത്തം ഞാറ്റുവേലയില്‍ നില്ക്കുന്ന സമയം അതിശക്തിയായ മഴയുണ്ടാവും), അത്തവെള്ളം പിത്തവെള്ളം (സൂര്യന് കന്നിരാശിയില്‍ അത്തം നക്ഷത്രത്തില്‍ നില്ക്കുന്ന സമയത്ത് പെയ്യുന്ന മഴയില്‍ എല്ലാം കലങ്ങി മറിഞ്ഞ് വെള്ളം മഞ്ഞനിറമായിരിക്കും), അത്തത്തിൽ (ഞാറ്റുവേലയിൽ) അകലെ കൊണ്ടൂ വടിച്ചു നട്ടാൽ മതി, അത്തമുഖത്ത് എള്ളെറിഞ്ഞാൽ ഭരണിമുഖത്ത് എണ്ണ (അത്തം ഞാറ്റുവേലക്കാലത്ത് എള്ളു നട്ടാല്‍ ഭരണി ഞാറ്റുവേലക്കാലത്ത് വിളവെടുക്കാം.), കന്നിയിൽ കരുതല പിടയും (കരുതല എന്നത് ഒരിനം മത്സ്യമാണ്), കന്നിക്കൊയ്ത്തിന്റെ സമയത്ത് മഴ ദോഷം തീരും
7) തുലാം - തുലാവര്‍ഷം തുമ്പിക്കൈവണ്ണത്തില്‍, തുലാപ്പത്ത് കഴിഞ്ഞാല്‍ പിലാപ്പൊത്തിലും കിടക്കാം. (അതായത് അത്രയ്ക്കും മഴയുണ്ടായിരിക്കും. എവിടെയെങ്കിലും മഴകൊള്ളാതെ ഒന്ന് ഒതുങ്ങി കിടക്കണം എന്നേ ആഗ്രഹമുണ്ടാവൂ), ചോതി വർഷിച്ചാൽ ചോറിന് പഞ്ഞമില്ല (ചോതിി ഞാറ്റുവേലയില്‍ - സൂര്യന് തുലാം രാശിയിലെ ചോതി നക്ഷത്രത്തില്‍ നില്ക്കുന്ന കാലം - മഴപെയ്താല്‍ നെല്ല് നന്നായുണ്ടാവും, കൃഷി നന്നാവും, ചോറിന് പഞ്ഞമുണ്ടാവില്ല), ചോതി കഴിഞ്ഞാൽ ചോദ്യമില്ല (മഴയില്ലാത്തതിനാൽ പിന്നെ കൃഷി പാടില്ല എന്നർത്ഥം)
8) വൃശ്ചികം - വൃശ്ചികേ കുളിരാരംഭം (വൃശ്ചികമാസം മുതല്‍ തണുപ്പുകാലം ആരംഭിക്കുന്നു) (Thanks to Lakshmanan Padikkeri Vengilat ji)
9) ധനു – (ധനു മഴച്ചൊല്ലില്ലാതെ കരയുന്ന് നിങ്ങള്‍ കാണുന്നില്ലേ...?)
10) മകരം - മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിഞ്ഞുപോവും. (മാവ് തുടങ്ങിയവ പൂക്കുന്ന കാലമാണ് ഇത്. മകരത്തില്‍ മഴപെയ്ത് മാമ്പൂ മുതലായവ കൊഴിഞ്ഞുപോയാല്‍ വേണ്ടത്ര മാങ്ങയുണ്ടാവില്ല. അതിനാലാവാം ഈ ചൊല്ല്.), മകരമഴ മലയാളം മുടിക്കുന്നത്
11) കുംഭം - കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയും പൂവണിയും, കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണുിക്യം, കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും വിള, കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും നെല്ല് മുളയ്ക്കും, കുംഭത്തിൽ മഴ പെയ്താൽ കുപ്പയും പൊന്നാകും, കുംഭത്തിൽ കുടമുരുളും (കുംഭത്തില്‍ മഴയുണ്ടാവില്ല, കുടത്തില്‍ വെള്ളം കൊണ്ടുവന്ന് നനയ്ക്കേണ്ടിവരും.), കുംഭത്തിൽ കുടമെടുത്തു നന, കുംഭത്തിൽ നട്ടാൽ കുടയോളം, മീനത്തിൽ നട്ടാൽ മീൻകണ്ണോളം
12) മീനം - മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല. (മീനം വസന്തകാലത്തിന്റെ തുടക്കമാണ്. കേരളത്തില്‍ ചൂടുകാലമാണ്. അപ്പോള്‍ മഴ പെയ്യുക പതിവില്ല. അപ്പോള്‍ മഴ പെയ്താല്‍ പൂക്കളെല്ലാം കൊഴിഞ്ഞുപോവും. ദാരിദ്ര്യം വരും എന്നാവുമോ ഉദ്ദേശിച്ചത്?)
ഇവ കൂടാതെ സൌരമാസങ്ങളായ ചിങ്ങം, കന്നി തുടങ്ങിയവയുമായി ബന്ധമില്ലാത്ത വെയിലും മഴയും കുറുക്കന്റെ കല്യാണം, ആയിരം വെയിലാകാം അര മഴ വയ്യ, മഴ പെയ്താൽ പുഴയറിയും, പെരുമഴ പെയ്താൽ കുളിരില്ല, .മഴ നിന്നാലും മരം പെയ്യും, മഴയെന്നു കേട്ടാല്‍ മാടു പേടിക്കുമോ, മഴയൊന്നു പെയ്താല്‍ മരമേഴുപെയ്യും, മഴ വീണാല്‍ സഹിക്കാം മാനം വീണാലോ, മാക്രി കരഞ്ഞാല്‍ മഴ പെയ്യുമോ, മഴ പെയ്താല്‍ നിറയാത്തത് കോരി ഒഴിച്ചാല്‍ നിറയുമോ, മഴയുമില്ല വിളയുമില്ല, മഴ ഇല്ലാഞ്ഞാല്‍ മരങ്ങള്‍ ഉണങ്ങും, മഴ നനയാതെ പുഴയില്‍ ചാടി,വർഷം (മഴ) പോലെ കൃഷി തുടങ്ങിയ മഴച്ചൊല്ലുകളും ഉണ്ട്. ധനുമാസവുമായി ബന്ധപ്പെട്ട മഴച്ചൊല്ലുകള്‍ ലഭിച്ചില്ല. നിങ്ങള്‍ക്കറിയാവുന്ന മഴച്ചൊല്ലുകള്‍ നല്കി സഹായിക്കുക.
You are not authorised to post comments.