കര്‍ഷണംത്തിന് (ചാലിടാന്‍, കൃഷി ആരംഭിക്കുന്നതിന്) ഉള്ള മുഹൂര്‍ത്തം

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

 ലേഖകന്‍ - ശ്രീനാഥ് ഒജി

എന്റെ കാലദീപകം വ്യാഖ്യാനത്തില്‍ നിന്ന്....

കര്‍ഷണംത്തിന് (ചാലിടാന്‍, കൃഷി ആരംഭിക്കുന്നതിന്) ഉള്ള മുഹൂര്‍ത്തം

ചാലിടുക. ഉഴുക, കാളപൂട്ടുക, പൂട്ടുക. വിഷു കഴിഞ്ഞ് ആദ്യമായി നെല്‍ക്കൃഷിക്കുവേണ്ടി ചാലിടുന്ന ചടങ്ങ്. പുതുവത്സരത്തില്‍ ആദ്യമായി കൃഷി തുടങ്ങുന്ന ചടങ്ങായതിനാല്‍, ഇതിന് പ്രത്യേകം മുഹൂര്‍ത്തം നിര്‍ണയിക്കാറുണ്ട്.

പറ്റും രോഹിണീപൂയമത്തപുണര്‍തം മൂലാന്ത്യമുത്രത്രയം
സിംഹവ്യാഘ്രകരീ ച ഭാനുദിവസം തോയാര്‍ദ്ധികാലം കൃഷൗ
വീണാ കര്‍ക്കട കാള മീനമകരം പറ്റും തഥാ വര്‍ജ്ജിതം
കീടം ഭാദ്രിക മന്ദഭൗമദിവസം കര്‍മ്മാര്‍ക്ക നാലാംവിധു

(കാലദീപകം)

[(നെല്‍)കൃഷിക്കായി (ചാലിടാന്‍) രോഹിണി-പുണര്‍തം-പൂയം-ഉത്രം-അത്തം-മൂലം-ഉത്രാടം-ഉത്രട്ടാതി-രേവതി എന്നീ നക്ഷത്രങ്ങള്‍ സ്വീകാര്യമാണ്. സിംഹം-പുലി-ആന എന്നീ കരണങ്ങള്‍ കൊള്ളാം. ഞായറാഴ്ച ഉത്തമം. വേലിയേറ്റസമയമായിരിക്കുന്നത് നന്ന്. മിഥുനം-കര്‍ക്കിടകം-ഇടവം-മീനം-മകരം എന്നീ ലഗ്നരാശികളും കൊള്ളാം. അതുപോലെ വൃശ്ചികലഗ്നവും, ഭദ്രാതിഥികളും, ശനിയാഴ്ച ചൊവ്വാഴ്ച എന്നീ ദിവസങ്ങളും, പത്താം ഭാവത്തിലെ സൂര്യസ്ഥിതിയും, നാലാം ഭാവത്തിലെ ചന്ദ്രസ്ഥിതിയും വര്‍ജ്ജ്യമാണ്.]

ഇതേക്കുറിച്ചുള്ള മുഹൂര്‍ത്തപദവിയിലെ ശ്ലോകം താഴെച്ചേര്‍ക്കുന്നു.

മീനഗോമിഥുനനക്രകര്‍ക്കടവ്യാഘ്രസിംഹകരിവാരിവൃദ്ധയഃ
പുഷ്യപൗഷ്ണസുസൂത്തരാസുരബ്രധ്‌നധാതൃരവിവാസരാഃ ശുഭാഃ

(മുഹൂര്‍ത്തപദവി)

[മീനം-ഇടവം-മിഥുനം-മകരം-കര്‍ക്കടകം എന്നീ രാശികളും, പുലി-സിംഹം-ആന എന്നീ കരണങ്ങളും, വേലിയേറ്റവും, പൂയം-രേവതി-പുണര്‍തം-ഉത്രം-ഉത്രാടം-ഉത്രട്ടാതി-മൂലം-അത്തം-രോഹിണി എന്നീ ഒമ്പതു നക്ഷത്രങ്ങളും, ഞായറാഴ്ചയും കൃഷി ആരംഭിക്കാന്‍ (ചാലിടാന്‍) ശുഭപ്രദമാണ്.]

ഇതേക്കുറിച്ചുള്ള ജ്യോതിഷദീപമാലാ പദ്യവും ശ്രദ്ധേയമാണ്.

പൂട്ടാന്‍കാളകള്‍ വേലിയേറ്റഭവനേഗോശാലകള്‍ക്കും ശുഭം.
പറ്റാചാലിടുവാന്‍ത്രിപൂര്‍വ്വഭരണീതൃക്കേട്ടയുംസര്‍പ്പവും
പത്താംസൂര്യനുമിന്ദുമന്ദദിവസംപന്തംതഥാരിക്തയും
ശസ്തംരാശിചരോഭയംപുലിഗജംസിംഹംഖരംപന്നിയും
ചന്ദ്രന്‍പഞ്ചമഭാവദൃഷ്ടിരുദയേരാശ്യന്തഭാഗംശുഭം.

(ജ്യോതിഷദീപമാല)

[നിലമുഴുന്നതിന് (കാളപൂട്ടുന്നതിന്) വേലിയേറ്റമുള്ള സമയം വിശേഷിച്ചും ഉത്തമമാണ്. തൊഴുത്ത് തുടങ്ങിയവ ഉണ്ടാക്കുന്നതിനും ഇതു തന്നെയാണ് നിയമം. ചാലിടുന്നതിന് (കാളപൂട്ടുന്നതിന്) തിപ്പൂരം (പൂരം-പൂരാടം-പൂരുട്ടാതി), ഭരണി, കേട്ട, ആയില്യം എന്നീ നക്ഷത്രങ്ങള്‍ സ്വീകാര്യമല്ല. ലഗ്നരാശി ചരരാശിയായോ (മേടം-കര്‍ക്കിടകം-തുലാം-മകരം) ഉഭയരാശിയായോ (മിഥുനം-കന്നി-ധനു-മീനം) വരുന്നത് ശുഭമാണ്. പുലി-ആന-സിംഹം-കഴുത-പന്നി എന്നീ കരണങ്ങള്‍ സ്വീകാര്യം. ചന്ദ്രന്‍ അഞ്ചാംഭാവത്തില്‍ നില്‍ക്കുകയോ നോക്കുകയോ ചെയ്യുന്നത് അത്യുത്തമം. ഉദയസമയത്തെ ലഗ്നരാശിയാണ് മുഹൂര്‍ത്തത്തിനായി സ്വീകരിക്കുന്നതെങ്കില്‍ രാശിയുടെ അവസാന ഭാഗം (മൂന്നാം ദ്രേക്കാണം) ആവുന്നതാണ് ഉത്തമം.]

ഏതേതെല്ലാം ലഗ്നരാശികള്‍ ഏറ്റവും ഉത്തമം എന്നതില്‍ കാലദീപകവും ദീപമാലയും തമ്മില്‍ അല്പം അഭിപ്രായവ്യത്യാസം ഉണ്ടെന്നത് ശ്രദ്ധിക്കുക

ഇത്രയുംകൊണ്ട് തീര്‍ന്നില്ല, ഒരു നിയമം കൂടി പരിഗണിക്കുന്നത് നല്ലതായിരിക്കുമത്രേ.

അര്‍ക്കഭാല്‍ പുരതഃ സാഹി വന്ദ്യോ മാന്യസ്തപഃ ഖരഃ
ഗുരുവീരഹരിശ്ചൈവ കൃഷൗ വര്‍ജ്ജ്യാഃ പരേ ശുഭാഃ

(കാലദീപകം)

[സൂര്യന്‍ നില്‍ക്കുന്ന നക്ഷത്രം മുതല്‍ തുടങ്ങി 7-8-14-15-16-22-23-24-28 എന്നീ സംഖ്യകളില്‍ വരുന്ന നക്ഷത്രങ്ങള്‍ (ഇവ ഒമ്പതെണ്ണം വരും) വര്‍ജ്യങ്ങളാണ്.]

ഹരി (28) എന്നിങ്ങനെ ഇരുപത്തെട്ടാമതു നക്ഷത്രം പറയപ്പെട്ടിരിക്കയാല്‍, അഭിജിത് നക്ഷത്രം ഉള്‍പ്പെടെയുള്ള 28 നക്ഷത്രങ്ങളുടെ പട്ടികയാണ് ഇവിടെ പരിഗണിക്കേണ്ടതെന്ന് എന്നു മനസ്സിലാക്കണം. ഇവിടെ 9 നക്ഷത്രങ്ങളുടെ പട്ടികയാണ് പറയപ്പെട്ടത്. പക്ഷെ മുഹൂര്‍ത്തപദവിയില്‍ സൂര്യന്‍ നില്‍ക്കുന്ന നക്ഷത്രം തുടങ്ങി 1-2-6 എന്നീ നക്ഷത്രങ്ങളെക്കൂടി പരിഗണിച്ച് 12 ത്യാജ്യനക്ഷത്രങ്ങളുടെ പട്ടികയാണ് നല്‍കിയിട്ടുള്ളത്.

ചാലിടാനുള്ള മുഹൂര്‍ത്തം കാണുന്നതില്‍ ഇത്തരത്തില്‍ സൂര്യാല്‍ സ്വീകാര്യവും വര്‍ജ്യവുമായ നക്ഷത്രങ്ങള്‍ക്ക് മുഹൂര്‍ത്തപദവി പരമപ്രാധാന്യം കൊടുത്തുകാണുന്നു. മുഹൂര്‍ത്തപദവിയിലെ ശ്ലോകം താഴെച്ചേര്‍ക്കുന്നു.

സാര്‍ക്കതദ്ദ്വികൃതിതിഥ്യഗര്‍ക്ഷതത് പാര്‍ശ്വഭാനി ഗണിതാനി സാഭിജിത്
വൃശ്ചികാരശനിവാരഭാദ്രികാ ഖാര്‍ക്കവേശ്മശശിനസ്ത്യജേത് കൃഷൗ

(മുഹൂര്‍ത്തപദവി)

[അഭിജിത് ഉള്‍പ്പെടെയുള്ള നക്ഷത്രങ്ങളെ പരിഗണിക്കുമ്പോള്‍, സൂര്യന്‍ നില്‍ക്കുന്നതു തുടങ്ങി 1-23-15-7 എന്നീ നക്ഷത്രങ്ങളും അവയുടെ ഇരുവശത്തുമുള്ള നക്ഷത്രങ്ങളും (അതായത് സൂര്യന്‍ നില്‍ക്കുന്ന നക്ഷത്രം തുടങ്ങി 28-1-2-6-7-8-14-15-16-22-23-24 നക്ഷത്രങ്ങള്‍) വര്‍ജ്യങ്ങളാണ്. (ഇവ ആകെ 12 നക്ഷത്രങ്ങള്‍ വരും) വൃശ്ചികം ലഗ്നരാശിയായി വരുന്നതും, ചൊവ്വ-ശനി വാരങ്ങളും, ഭദ്രാതിഥികളും സ്വീകാര്യമല്ല. അതുപോലെ ലഗ്നാല്‍ പത്താംഭാവത്തില്‍ സൂര്യന്‍ വരുന്നതും, നാലാംഭാവത്തില്‍ ചന്ദ്രന്‍ വരുന്നതുമായ സമയങ്ങളും ത്യജിക്കണം.]

ചിങ്ങം രാശി വര്‍ജ്യമാണെന്നും, ഗണ്ഡാന്തം തീര്‍ച്ചയായും ഒഴിവാക്കണമെന്നും കൂടി മറ്റുചിലര്‍ അഭിപ്രായപ്പെടുന്നു. വിഷഘടിക, ഉഷ്ണശിഖ, ഗുളികന്‍ എന്നിവയെ വര്‍ജ്ജിക്കുന്നതും നന്ന്. കേന്ദ്രത്രികോണങ്ങളിലെ വ്യാഴസ്ഥിതി നന്ന്. വേലിയേറ്റം അത്യുത്തമം.

കാളക്കഴുത്തില്‍ നുകം വെയ്ക്കാന്‍ കൊള്ളാമെന്ന് പറഞ്ഞ കരണങ്ങളില്‍ (പന്നി-കഴുത-ആന-പശു) ആനക്കരണമൊഴികെ മറ്റൊന്നും ചാലിടാന്‍ കൊള്ളാത്തതാണ് (സിംഹം-പുലി-ആന) എന്നത് ശ്രദ്ധേയമാണ്. ഇതെന്തുകൊണ്ട് ഇങ്ങനെ വന്നു? കാളക്കഴുത്തില്‍ നുകം വെയ്ക്കുന്നതും, ചാലിടുന്നതും ഒരേ ദിവസം പാടില്ല എന്നതാണോ? ഏറ്റവും കുറഞ്ഞത് അരദിവസമെങ്കിലും വേണമല്ലോ ഒരു കരണം മാറാന്‍. ഇതിന് ഒരു കാരണമുണ്ടാവാം. പണ്ടുകാലത്ത് ഒരുപക്ഷെ ഭൂവുടമയുടെ (ജന്മിയുടെ) വീട്ടില്‍ നിന്നും വളരെ അകലെ ആയിരുന്നിരിക്കാം കൃഷിസ്ഥലം (വയല്‍). വീട്ടില്‍നിന്നും തോള്‍വീട് ചടങ്ങുകഴിഞ്ഞ് കൃഷിസ്ഥലം വരെ നടത്തിച്ച് കൊണ്ടുവരുന്ന കാളയെ മിക്കവാറും അന്നേദിവസം ഉച്ചയ്ക്കുശേഷമോ അഥവാ പിറ്റേദിവസമോ മാത്രമേ ചാരിടാനായി ഉപയോഗിക്കാന്‍ ആവൂ എന്നാവാം. ചാലിടാന്‍ തുടങ്ങിയാല്‍ പിന്നെ കുറേ ദിവസം കാളയുടെ വാസം കൃഷിയിടത്തില്‍ തന്നെയാവാം. ഇത്തരം സാഹചര്യങ്ങള്‍ കാരണമാവാം കാളക്കഴുത്തില്‍ നുകം വെയ്ക്കുന്ന ദിവസവും ചാലിടുന്നദിവസവും വ്യത്യസ്തദിവസങ്ങളായി വരുന്നതരത്തില്‍ ജ്യോതിഷമുഹൂര്‍ത്തനിര്‍ദ്ദേശം ഉണ്ടായത്. ചരിത്രവും സാഹചര്യവും അറിയാതെ ആ നിയമം നാം ഇന്നും പാലിക്കുന്നതാവാം. അഥവാ കാളക്ക് ദോഷമുണ്ടാക്കുന്ന മൃഗങ്ങളുടേതായ സിംഹം-പുലി കരണങ്ങള്‍ തോള്‍വിടിന് കൊള്ളില്ല, കാളക്ക് ദോഷമുണ്ടാക്കാത്ത മൃഗങ്ങളുടേതായ പന്നി-കഴുത-ആന-പശു കരണങ്ങള്‍ കൊള്ളാം. അതുപോലെ നെല്ലുതിന്നുകയും കൃഷിനശിപ്പിക്കുകയും ചെയ്യുന്ന പന്നി-കഴുത-പശു കരണങ്ങള്‍ കൃഷിക്ക് ചാലിടാന്‍ സ്വീകാര്യമല്ല, എന്നാല്‍ കൃഷിക്ക് ദോഷകരമല്ലാത്ത സിംഹം-പുലി-ആന കരണങ്ങള്‍ ചാലിടാന്‍ സ്വീകാര്യമാണ് എന്ന യുക്തിയും ആകാവുന്നതാണ്.

You are not authorised to post comments.

Comments powered by CComment