കാലഹോരയും അധിപന്മാരും
- Details
- Created: Tuesday, 04 April 2017 23:16
- Last Updated: Tuesday, 04 April 2017 23:17
- Hits: 1533
ലേഖകന്‍ - അനില്‍ വെളിച്ചപ്പാടന്‍
രണ്ടര നാഴികയുള്ള (ഒരു മണിക്കൂര്‍) ഒരു മുഹൂര്‍ത്തത്തിന് 'കാലഹോര' എന്ന് പറയുന്നു. ഹോര എന്നത് 'അവര്‍' (Hour) എന്ന് മാറിയതുമാകാം. ഓരോ ദിവസവും ആരംഭിക്കുന്നത് അതാത് ദിവസത്തെ കാലഹോരയിലാണ്. ഉദാഹരണം പറഞ്ഞാല്‍, ഇന്ന് വെള്ളിയാഴ്ച സൂര്യോദയം മുതല്‍ ഒരു മണിക്കൂര്‍ വരെ ശുക്രകാലഹോര (വെള്ളി) ആയിരിക്കും. ശനിയാഴ്ച ഉദയം മുതല്‍ ഒരു മണിക്കൂര്‍ വരെ ശനികാലഹോരയും ആയിരിക്കും. അങ്ങനെ എല്ലാ ദിവസവും തുടര്‍ന്നുകൊണ്ടേയിരിക്കും.
എന്നാല്‍ അതുകഴിഞ്ഞ് വരുന്ന ഓരോ മണിക്കൂറുകളിലും ഏതൊക്കെ കാലഹോരയാണെന്ന് അറിയുന്നതിന് രണ്ട് എളുപ്പ മാര്‍ഗ്ഗങ്ങളുണ്ട്.
1) കാലഹോരാധിപന്‍ കഴിഞ്ഞാല്‍ പിന്നെ വരുന്നത് ആ ദിവസം മുതല്‍ ആറാമത്തെ ആഴ്ചയുടെ കാലഹോരാധിപന്‍ ആയിരിക്കും. ഉദാഹരണം: ഇന്ന് വെള്ളിയാഴ്ച ഉദയം മുതല്‍ ഒരുമണിക്കൂര്‍ നേരം
ശുക്രകാലഹോര. പിന്നെ അടുത്ത കാലഹോരയായി വരുന്നത്, ആദ്യം വന്ന ശുക്രന്‍ അഥവാ വെള്ളിയാഴ്ച മുതല്‍ ആറാമത്തെ ആഴ്ചയായ ബുധന്‍റെ കാലഹോരയും പിന്നെ വരുന്ന കാലഹോര,
ആ ബുധന്‍ മുതല്‍ അടുത്ത ആറാമത്തെ ആഴ്ചയുടെ അധിപനായ ഗ്രഹത്തിന്‍റെ (അതായത്, തിങ്കള്‍ അഥവാ ചന്ദ്രകാലഹോര) കാലഹോര ആയിരിക്കും. ഇങ്ങനെ കണക്കുകൂട്ടി എടുക്കാവുന്നതാണ്.
2) ശനി, വ്യാഴം, ചൊവ്വ, സൂര്യന്‍, ശുക്രന്‍, ബുധന്‍, ചന്ദ്രന്‍ എന്നീ ഏഴ് ഗ്രഹങ്ങള്‍ അല്ലെങ്കില്‍ ആഴ്ചകള്‍ ക്രമമായി മുകളില്‍ നിന്നും താഴേക്ക് വരുന്ന ക്രമത്തില്‍ നില്‍ക്കുന്നു. അങ്ങനെ വന്നാല്‍, ശനിയാഴ്ച സൂര്യോദയം മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള ശനികാലഹോര കഴിഞ്ഞാല്‍ പിന്നെ വരുന്നത് തൊട്ടടുത്ത വ്യാഴകാലഹോര, പിന്നെ ചൊവ്വാകാലഹോര എന്നിങ്ങനെയാകുന്നു.
ആദ്യം പറഞ്ഞ മാര്‍ഗ്ഗവും രണ്ടാമത് പറഞ്ഞ മാര്‍ഗ്ഗവും തമ്മില്‍ നോക്കിയാല്‍ ഇവ രണ്ടും ശരിയാണെന്ന് മനസ്സിലാകും.
ഇവയില്‍ ഏതെങ്കിലുമൊന്ന് ഹൃദിസ്ഥമാക്കി വെക്കുന്നത് നല്ലതായിരിക്കും.
കാലഹോരയുടെ പ്രത്യേകതകള്‍
ഓരോ ദിവസവും ആരംഭിക്കുന്ന കാലഹോര അതീവ ബലമുള്ളതായിരിക്കും.
ചൊവ്വാദോഷപരിഹാരമായി നിര്‍ദ്ദേശിക്കുന്ന മുരുക-ഭദ്രകാളീ കര്‍മ്മങ്ങള്‍ ഒരു ചൊവ്വാഴ്ച സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള 'ചൊവ്വാകാലഹോര'യില്‍ ചെയ്യുന്നതും, ശ്രീകൃഷ്ണപ്രീതി കര്‍മ്മങ്ങള്‍ ബുധനാഴ്ച രാവിലെയുള്ള 'ബുധകാലഹോര'യില്‍ ചെയ്യുന്നതും, ദുര്‍ഗ്ഗാപ്രീതികര്‍മ്മങ്ങള്‍ അഥവാ ചന്ദ്രപ്രീതികര്‍മ്മങ്ങള്‍ തിങ്കളാഴ്ച രാവിലെയുള്ള 'ചന്ദ്രകാലഹോര'യില്‍ ചെയ്യുന്നതും, ശിവപ്രീതികര്‍മ്മങ്ങള്‍ ഞായറാഴ്ച രാവിലെയുള്ള 'സൂര്യകാലഹോര'യില്‍ ചെയ്യുന്നതും, വ്യാഴപ്രീതി അല്ലെങ്കില്‍ മഹാവിഷ്ണുപ്രീതികര്‍മ്മങ്ങള്‍ വ്യാഴാഴ്ച രാവിലെയുള്ള 'വ്യാഴകാലഹോര'യില്‍ ചെയ്യുന്നതും, മഹാലക്ഷ്മീ അല്ലെങ്കില്‍ ശുക്രപ്രീതി കര്‍മ്മങ്ങള്‍ വെള്ളിയാഴ്ച രാവിലെയുള്ള 'ശുക്രകാലഹോര'യില്‍ ചെയ്യുന്നതും അതീവ ഫലപദമായി കണ്ടുവരുന്നു. ഉത്തമനായ ഒരു ജ്യോതിഷി, അടിയന്തിരഫലപ്രാപ്തിക്കായി ഇങ്ങനെയുള്ള പ്രത്യേക കാലഹോരയില്‍ വഴിപാടുകള്‍ നിര്‍ദ്ദേശിക്കാറുണ്ട്.
കാലഹോര: ഗുണങ്ങള്‍, കാര്യസിദ്ധി
സൂര്യകാലഹോര
ജോലിയുടെ ശ്രമം ആരംഭിക്കുന്നതിന്, ആയതിനുവേണ്ടിയുള്ള ഉന്നത വ്യക്തികളെ കാണുന്നതിന്, വലിയ രോഗങ്ങള്‍ക്ക് ചികിത്സ നേടുന്നതിന്, ബാങ്കുകളില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും, കരാര്‍ ഒപ്പിടുന്നതിനും, പ്രമാണം രജിസ്റ്റര്‍ ചെയ്യുന്നതിനും, വില്‍പത്രം എഴുതി ഒപ്പിടാനും, വാടകച്ചീട്ടില്‍ ഒപ്പിടാനും, സൂര്യ-ശിവ പ്രീതി കര്‍മ്മങ്ങള്‍ ചെയ്യുന്നതിനും സൂര്യകാലഹോര അത്യുത്തമം ആയിരിക്കും.
ചന്ദ്രകാലഹോര
കച്ചവടം ആരംഭിക്കാനും, കാര്യസാദ്ധ്യത്തിനായി സ്ത്രീകളെ കാണുന്നതിനും, യാത്ര തുടങ്ങാനും, പുതിയ വസ്ത്രമോ ആഭരണങ്ങളോ അണിയുന്നതിനും, ചന്ദ്രസംബന്ധമായ തൊഴിലുകള്‍ (ഉദാഹരണം: നഴ്സിംഗ്, ജലസംബന്ധം, സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ വിപണനം അഥവാ ബ്യൂട്ടീപാര്‍ലര്‍, വൈദ്യം മുതലായവ) ചന്ദ്രഹോര ഉത്തമം. പൊതുജനസമ്പര്‍ക്കമായി പ്രശസ്തി ലഭിക്കുന്നതിന് വ്യാഴാഴ്ചകളിലെ ചന്ദ്രകാലഹോര ശുഭപ്രദമാകുന്നു. രാത്രിമുഹൂര്‍ത്തമായി ചന്ദ്രകാലഹോര വരുന്നതും അതീവ ശുഭപ്രദമായിരിക്കും.
ചൊവ്വാകാലഹോര
ഭൂമി, വീട് എന്നിവാ വില്‍ക്കാനും വാങ്ങാനും, യുദ്ധം ആരംഭിക്കാനും, കേസ് കൊടുക്കാനും, കേസ് വാദിക്കാനും ഉത്തമം. സൈനിക-അര്‍ദ്ധസൈനിക-ഫാക്ടറി ജോലികള്‍ ആരംഭിക്കുന്നതിന് ചൊവ്വാകാലഹോര ശുഭപ്രദമാകുന്നു. കോടതിയില്‍ ജഡ്ജിയായി പ്രവേശിക്കാന്‍ വ്യാഴാഴ്ചയിലെ ചൊവ്വാകാലഹോര ഉത്തമം. രാത്രിമുഹൂര്‍ത്തത്തിന് വെള്ളിയാഴ്ചയിലെ ചൊവ്വാകാലഹോര ഉത്തമം. മുരുകന്‍, നരസിംഹമൂര്‍ത്തി, ഗണപതി, ഭദ്രകാളി എന്നിവരെ ഭജിക്കുന്നതിനും ചൊവ്വാകാലഹോര ശുഭപ്രദം ആകുന്നു.
ബുധകാലഹോര
സാഹിത്യരചനയുടെ ആരംഭത്തിന്, പുതിയ ജോലിയുടെ അന്വേഷണത്തിന്, അദ്ധ്യാപക-കണക്കെഴുത്ത് ജോലി എന്നിവയില്‍ പ്രവേശിക്കുന്നതിനും ബുധകാലഹോര ശുഭപ്രദമാകുന്നു. കള്ളയൊപ്പിടുന്നവര്‍ക്കും പറഞ്ഞുപറ്റിക്കുന്നവര്‍ക്കും ബുധനാഴ്ചയിലെ ശനികാലഹോരയും അതുപോലെ ശനിയാഴ്ചയിലെ ബുധകാലഹോരയും അനുകൂലം. ചിത്രകല, പെയിന്‍റിംഗ്, കലാകാരന്മാര്‍, നര്‍ത്തകര്‍ എന്നിവര്‍ ജോലി ആരംഭിക്കുന്നതിന് വെള്ളിയാഴ്ചയിലെ ബുധകാലഹോര അത്യുത്തമം. മാധ്യമപ്രവര്‍ത്തകര്‍, പബ്ലിഷേഴ്സ്, പുസ്തകകച്ചവടക്കാര്‍, പ്രസ്സുടമകള്‍, പരസ്യക്കാര്‍ എന്നിവര്‍ക്ക് ജോലി ആരംഭിക്കാന്‍ ചൊവ്വാഴ്ചയിലെ ബുധകാലഹോര ശുഭപ്രദമാകുന്നു.
വ്യാഴകാലഹോര
ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍, ഇന്‍ഷുറന്‍സ് എടുക്കാന്‍ ഇവയ്ക്ക് ശനിയാഴ്ചയിലെ വ്യാഴകാലഹോര ഉത്തമം. പണം കടം വാങ്ങുന്നതിനും വ്യാഴകാലഹോര നല്ലതാണ്. ദീര്‍ഘനാളത്തെ മരുന്ന് കഴിക്കുന്നത് ആരംഭിക്കുന്നത് വ്യാഴകാലഹോരയില്‍ ആകണം. വാഹനം വാങ്ങുന്നതിന് ഉത്തമം വെള്ളിയാഴ്ചയിലെ വ്യാഴകാലഹോരയാണ്. രാത്രിമുഹൂര്‍ത്തവും വ്യാഴകാലഹോര നല്ലതാണ്. ധര്‍മ്മസ്ഥാപനങ്ങള്‍, ക്ഷേത്രനിര്‍മ്മാണം, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവ വ്യാഴകാലഹോരയില്‍ ആരംഭിക്കുന്നത് ശുഭപ്രദമാകുന്നു. പങ്കാളിത്ത കച്ചവടം, കൃഷിപ്പണി ആരംഭിക്കാനും, കുട്ടികളെ സ്ക്കൂളില്‍ ചേര്‍ക്കുന്നതിനും പുതുവസ്ത്രങ്ങള്‍ ധരിക്കാനും വ്യാഴകാലഹോര നല്ലതാണ്.
ശുക്രകാലഹോര
കാര്യസാദ്ധ്യത്തിന് മേലധികാരികളെ കാണുന്നതിനും വിവാഹനിശ്ചയത്തിന് വധൂവരന്മാര്‍ പരസ്പരം കാണുന്നതിനും ശുക്രകാലഹോര ഉത്തമം ആകുന്നു എഴുത്തുകുത്തുകള്‍, പ്രേമലേഖനങ്ങള്‍ എന്നിവ എഴുതാനും നല്‍കാനും ശുക്രകാലഹോര നല്ലതാകുന്നു കൃഷി, വാഹനം, കലാപ്രവര്‍ത്തനം എന്നിവ ആരംഭിക്കുന്നതിനും ശുക്രകാലഹോര ശുഭപ്രദം തന്നെയാകുന്നു. ഗൃഹപ്രവേശം, വ്യാപാരത്തിന് കൈനീട്ടം വാങ്ങാന്‍ എന്നിവയ്ക്കും ശുക്രകാലഹോര ഉത്തമമാകുന്നു.
ശനികാലഹോര
ദേഷ്യപ്രകൃതമുള്ള മേലധികാരിയെ, വ്യക്തിയെ കാണാനും ധര്‍മ്മശാസ്താവ്, ഹനുമാന്‍ എന്നിവരെ പ്രാര്‍ത്ഥിക്കാനും യന്ത്രസംബന്ധ തൊഴിലുകള്‍ ആരംഭിക്കാനും ശനികാലഹോര ഉത്തമം ആകുന്നു. ഇരുമ്പുസംബന്ധമായ തൊഴിലുകള്‍ ആരംഭിക്കാന്‍ ശനികാലഹോര അത്യുത്തമമാണ്. ശനീശ്വരപ്രീതിക്കായി ശനിയാഴ്ചയിലെ ശനികാലഹോര അത്യുത്തമം തന്നെയാകുന്നു.
You are not authorised to post comments.