പ്രശ്നമാര്‍ഗം ശ്ലോകം - 18, 19, 20

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ പ്രശ്നമാര്‍ഗത്തിലെ ഈ ശ്ലോകത്തെക്കുറിച്ചു നടന്ന ചര്‍ച്ചയെ ആധാരമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി, നമസ്കാരം.)

പ്രശ്നമാര്‍ഗം ശ്ലോകം 18, 19, 20

ശ്ലോകം  - 18

അനേക ഹോരാ തത്വജ്ഞ: പഞ്ച സിദ്ധാന്ത കോവിദ:
ഊഹാപോഹപടു: സിദ്ധമന്ത്രോ ജാനാതി ജാതകം. (ഇതി.)

(ഹോരാതന്ത്രജ്ഞ എന്നു പാoഭേദമുണ്ടു്) വരാഹമിഹിരൻ, പരാശരൻ, യവനൻ മുതലായ ആചാര്യന്മാരാൽ ഉണ്ടാക്കപ്പെട്ട ഹോരാശാസ്ത്ര ഗ്രന്ഥങ്ങളെ പഠിച്ച് അതിന്റെ തത്വങ്ങൾ മനസ്സിലാക്കി സൂര്യ സിദ്ധാന്തം മുതലായ 5 സിദ്ധാന്ത ഗണിതങ്ങളേയും ഗ്രഹിച്ച് ഏതെങ്കിലും ഒരു മന്ത്രത്തെ ഉപദേശമുഖേന ഗ്രഹിച്ച് ഉപാസന ചെയ്ത് സിദ്ധി വരുത്തി, ഇതിങ്ങനെ, അതങ്ങിനെ എന്ന് ഊഹിച്ചും ആപോഹിച്ചും സമർത്ഥിക്കുവാൻ കഴിവുള്ളയാൾ ജാതക നിരൂപണത്തിൽ അറിവുള്ളനായിരിക്കും. ജാതകം എന്നാൽ പ്രശ്നത്തിന്റെയും ഉപലക്ഷണമാകുന്നു.

വാ - ഗ്രഹ ഗണിതസ്യ ദശഭേദാ: സന്തി, തേ പ്രോക്താ:

ഗ്രഹങ്ങളെ ഗണിക്കുന്നതിന് പത്തു പ്രകാര ഭേദങ്ങളുണ്ടു്. അതുകളെയും പൂർവാചാര്യന്മാർ പറഞ്ഞിട്ടുണ്ടു്. ദശഭേദം ഗ്രഹ ഗണിതമെന്ന് മുമ്പേ സൂചിപ്പിച്ച പ്രകാര ഭേദങ്ങളെ പരകീയവചനോദ്ധാരരൂപേണ കാണിക്കുവാൻ പോകുന്നുവെന്ന് താൽപര്യം.

ശ്ളോകം 19, 20

ദ്യുഗണാ(ആ)നയനം ഖേട മധ്യമ സ്ഫുടയോരപി
ഗ്രഹണ ദ്വിതയം ഖേട കലഹസ്തത്സമാഗമ:

അസ്തോദയൗ ച ഖേടാ നാം നക്ഷത്രാണാം ച സംഗമ:

ഇതി ഭേദാസ്തു വിജ്ഞേയാ ഗ്രഹാണാം ഗണിതേ ദശഃ

1. കലി ദിവസം വരുത്തുക, 2. ഗ്രഹ മധ്യമങ്ങളെ ഉണ്ടാക്കുക, 3. ആ മധ്യമങ്ങളെ സ്ഫുടങ്ങളാക്കുക ,4 .സൂര്യഗ്രഹണം ഗണിക്കുക, 5. ചന്ദ്രഗ്രഹണം ഗണിക്കുക, 6. ഗ്രഹങ്ങളുടെ എന്നാൽ, കുജാദി പഞ്ചഗ്രഹങ്ങളുടെ അന്യോന്യ യോഗത്തിലുള്ള ഗ്രഹയുദ്ധത്തെ ഗണിക്കുക, 7. ഗ്രഹങ്ങൾ ചന്ദ്രനോടു കൂടുന്നതിനെ ഗണിച്ചറിയുക, 8.ചന്ദ്രാദികളായ ഗ്രഹങ്ങൾക്ക് സൂര്യ സന്നിധികൊണ്ടു മൗഢ്യമുണ്ടാകുന്നതിനെ ഗണിക്കുക, 9. മേൽ പറഞ്ഞ മൗഢ്യം തീർന്ന് ഉദിച്ചു കാണുന്നതിനെ ഗണിച്ചറിയുക, 10.ഗ്രഹങ്ങൾ അശ്വതി മുതലായ നക്ഷത്രങ്ങളിൽ ചേർന്നു നിൽക്കുന്നതിനെ ഗണിക്കുക. ഇങ്ങനെ ഗ്രഹ ഗണിതത്തിന് 10 ഭേദങ്ങളുണ്ടെന്ന് ഗ്രന്ഥാന്തരം.(ഈ രണ്ടു ശ്ളോകങ്ങളും ഗ്രന്ഥാന്തരവചനങ്ങളാണ്‌. സംഹിതയിലും സൂര്യസിദ്ധാന്തത്തിലും ഗ്രഹ യുദ്ധത്തേപ്പറ്റിയും മൗഢ്യത്തേപ്പറ്റിയും പ്രതി പാദിച്ചിട്ടുണ്ടു്).

പഞ്ചസിദ്ധാന്തങ്ങളും പ്രശ്നമാര്‍ഗകാലഘട്ടവും

സൂര്യ സിദ്ധാന്തം മുതലായ 5 സിദ്ധാന്ത ഗണിതങ്ങളേയും ഗ്രഹിച്ച് - ഇവിടെയാണ് ഈ ശ്ലോകം വ്യാഖ്യാനിക്കുന്നതിലെ കാര്യമായ പിശക്. ഗണിതം, സംഹിതാ, ഹോരാ ഇവ മൂന്നു സ്കന്ദങ്ങളാണ്. ഹോരയല്ലേ ജാതകവിഷയമായിട്ടുള്ളത്. അപ്പോൾ സൂര്യാദി പഞ്ചസിദ്ധാന്തങ്ങൾക്ക് ജാതകവിഷയത്തിൽ എന്താണ് പ്രസക്തി? അതു പോലെ അഞ്ചു പഴയ ഗണിതസിദ്ധാന്തങ്ങൾ പഠിക്കണമെന്ന് കേരളത്തിലെ പ്രശ്നമാർഗ്ഗകാരൻ എന്തിന് പറയണം? ആര്യഭടീയമാണ് കേരളത്തിൽ പിന്തുടർന്നിരുന്നത്. ആര്യഭടീയമാണ് കേരളീയഗണിതത്തിന് മൂലം. പഞ്ചസിദ്ധാന്തിക ഒരു ഗണിതത്തിലും കേരളത്തില്‍ പരാമർശമില്ല എന്നതും ചിന്തനീയമാണ്.  ആര്യഭടീയവും പരഹിത-ദൃഗ്ഗാദി ഗണിതങ്ങളും പഠിക്കണമെന്നു പറയാതെ കാലഹരണപ്പെട്ട പഞ്ചസിദ്ധാന്തങ്ങൾ പഠിക്കണമെന്ന് പ്രശ്നമാർഗ്ഗകാരൻ പറയുമോ?

തീര്‍ച്ചയായും പറയും, പറഞ്ഞിട്ടുണ്ട്. അല്പം മുന്‍പോട്ടുപോയാല്‍ ഗണിതഭാഗം പറയുന്നിടത്ത് , അഞ്ചാം അധ്യായത്തില്‍ .

യദാ യശ്ചൈവസിദ്ധാന്തോ ഗണിതേ ദൃക്സമോഭവേല്‍,
തദാ തേനൈവ സംസാധ്യം ജാതകം ഗണയേദ് ബുധഃ

പഞ്ചസിദ്ധാന്തങ്ങളില്‍ വെച്ച് യാതൊരു സിദ്ധാന്തമാണോ ഗണിതത്തില്‍ ദൃക് തുല്യമായിട്ട് (പ്രത്യക്ഷത്തിനൊത്ത്) ഇരിയ്ക്കുന്നുവോ, ആ സിദ്ധാന്തത്തില്‍ കാണിച്ച ഗണിതവിധി അനുസരിച്ചുതന്നെ ജാതകത്തെ ഗണിയ്ക്കേണം എന്നാണല്ലോ. ഇതിനു കാരണം സിദ്ധാന്തങ്ങളുടെ അസ്പഷ്ടതയാണന്ന് തൊട്ടടുത്തുതന്നെ വ്യക്തമാക്കുന്നുണ്ട്. സ്പഷ്ടോ ബ്രാഹ്മസ്തു.......സ്പഷ്ടോ ന കദാചിത്തഥേതരൗ എന്നിങ്ങനെ.

ഒരു കാര്യം ഇതേക്കുറിച്ച് പറയാനുള്ളത് പ്രശ്നമാര്‍ഗം ഒരു സമാഹാരം ആണ് എന്നുള്ളതാണ്. പ്രാചീനഗ്രന്ഥങ്ങളിലെ പ്രയോജനപ്രദമായ ശ്ലോകങ്ങള്‍ വിഷയക്രമത്തിന്റെ അടുക്കും ചിട്ടയോടും കൂടി തരുന്ന ഗ്രന്ഥമാണ് പ്രശ്നമാര്‍ഗം. അതുകൊണ്ടുതന്നെ ഉദ്ധരിക്കപ്പെടുന്ന ശ്ലോകങ്ങളിലെ എല്ലാ വിഷയങ്ങളും പ്രശ്നമാര്‍ഗത്തിന്റെ വിഷയമാണെന്ന, അഥവാ അവയെല്ലാം ശരിയോ ഏകാഭിപ്രായത്തോടു കൂടിയവയോ ആയിരിക്കും എന്ന, തെറ്റിദ്ധാരണ വേണ്ട. എല്ലാ സമാഹാരങ്ങളുടെയും പൊതു സ്വഭാവമാണ് ഇത്. അതായത് പ്രയോജനപ്രദമായ ശ്ലോകങ്ങളെല്ലാം വിഷയക്രമത്തില്‍ ഉദ്ധരിക്കുക, ആവശ്യമുള്ളിടത്ത് അവ ചര്‍ച്ചാവിധേയമാക്കി തനതഭിപ്രായം അവതരിപ്പിച്ച് മുന്നേറുക. ഇതാണ് എല്ലാ സമാഹാരങ്ങളുടെയും രീതി. പ്രശ്നമാര്‍ഗവും വ്യത്യസ്തമല്ല.

ദശഭേദം എന്നിത്യാദി ശ്ലോകവും, അനേകഹോരാതത്വജ്ഞ എന്നിത്യാദി ശ്ലോകവും തന്റേതല്ല താന്‍ ഉദ്ധരിക്കുന്നവ മാത്രമാണെന്ന് തഥാചോക്തം, ഇതി എന്നിത്യാദി സൂചനകളിലൂടെ പ്രശ്നമാര്‍ഗാചാര്യന്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഗണിതപടുവും വൃത്തവാനും മറ്റുമായിരിക്കണം ദൈവജ്ഞന്‍ എന്നിത്യാദി ദൈവജ്ഞലക്ഷണം പറഞ്ഞതിന് സഹായകമായി സമാനാര്‍ത്ഥകമാകയാലാണ് ഈ പ്രാചീനശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. അല്ലാതെ പഞ്ചസിദ്ധാന്തകോവിദനായിരിക്കണം പ്രാശ്നികന്‍ എന്നത് പ്രശ്നമാര്‍ഗകാരന്റെ അഭിപ്രായമല്ല. അതിന് താങ്കള്‍ പറഞ്ഞതുപോലെ അക്കാലത്ത് (പ്രശ്നമാര്‍ഗത്തിന്റേതായ AD 1625 കാലഘട്ടത്തില്‍) ദൃഗ്ഗണിതാദി പലതും ഉണ്ടായിരുന്നുവല്ലോ. ഇക്കാര്യം വ്യക്തമായിട്ടുണ്ടാവും എന്നു കരുതുന്നു.

അതായത് പ്രശ്നമാര്‍ഗകാരന്‍ തന്റേതല്ലാത്ത ഇത്തരമൊരു ശ്ലോകം ഉദ്ധരിക്കണമെങ്കില്‍ അത് ആ ശ്ലോകത്തില്‍ പറഞ്ഞത് പൂര്‍ണമായും തന്റെ കാലത്തിന് അനുഗുണമായതുകൊണ്ടായിരിക്കില്ല മറിച്ച് താന്‍ മുന്‍ശ്ലോകത്തില്‍ പറഞ്ഞതിനെ അനുകൂലിക്കുന്ന എന്തെങ്കിലും ഈ ശ്ലോകത്തിലും ഉള്ളതുകൊണ്ടായിരിക്കണം. കഴിഞ്ഞ ശ്ലോകത്തില്‍ (15-ആം ശ്ലോകത്തില്‍) പ്രശ്നമാര്‍ഗകാരന്‍ കണ്ഠത പറഞ്ഞ കാര്യങ്ങളെ അനുകൂലിക്കുന്ന ചില ശ്ലോകങ്ങള്‍ ആചാര്യന്‍ വിവിധ ഗ്രന്ഥങ്ങളില്‍ നിന്നും ഉദ്ധരിക്കുക മാത്രമാണ് ചെയ്യുന്നത് എന്നതാണ് വാസ്തവം.

ജ്യോതിശാസ്ത്ര വിദഗ്ദോ ഗണിത പടുർ...എന്നിത്യാദിയായ 15-ആം ശ്ലോകത്തില്‍ ജ്യോതിഷി ഗണിതപടുഃ ആയിരിക്കണം എന്ന് ആചാര്യന്‍ പറഞ്ഞുവല്ലോ. അതിനെ സാധൂകരിക്കാന്‍ വേണ്ടിയാണ് ദശഭേദം എന്നിത്യാദി 17-ആം ശ്ലോകവും അനേകഹോരാശാസ്ത്രജ്ഞഃ എന്നിത്യാദി 18-ആം ശ്ലോകവും പ്രശ്നമാര്‍ഗാചാര്യന്‍ ഉദ്ധരിക്കുന്നത്. ജ്യോതിഷി ഗണിതജ്ഞനായിരിക്കണം എന്നതു തന്നെയാണ് ഈ പ്രാചീനശ്ലോകങ്ങളിലും പറഞ്ഞിട്ടുള്ളത്. അക്കാര്യം പറയപ്പെട്ടത് ആ ശ്ലോകങ്ങള്‍ രചിച്ച കാലഘട്ടത്തിന് അനുഗുണമായ രീതിയിലാണെന്ന് മാത്രം. പ്രശ്നമാര്‍ഗകാരന്റെ കാലഘട്ടത്തിനോ അഥവാ ഇന്നത്തെ കാലഘട്ടത്തിനോ അവയില്‍ പറയപ്പെട്ടത് പൂര്‍ണമായും അനുകൂലമല്ലെങ്കില്‍ "ജ്യോതിഷി ഗണിതപടുഃ ആയിരിക്കണം" എന്ന തത്വം മാത്രം സ്വീകരിച്ച് തന്റെ കാലത്തിന് അനുഗുണമായി ജ്യോതിഷബന്ധമുള്ള എന്തെല്ലാം ഗണിതങ്ങളാണ് പഠിക്കേണ്ടത് എന്നു നിശ്ചയിക്കാന്‍ ബുദ്ധിമാനായ ദൈവജ്ഞന് കഴിയേണ്ടതാണ്, അഥവാ അയാളുടെ ഉത്തരാവാദിത്തമാണ്. ഇതുപോലും മനസ്സിലാക്കാന്‍ കഴിയാത്തയാളാണെങ്കില്‍, അഥവാ ഇത്തരം കാര്യങ്ങളില്‍പോലും യുക്തിരാഹിത്യം അനുഭവിക്കുന്നയാളാണ് എങ്കില്‍ അയാള്‍ ജ്യോതിഷം പഠിക്കാതിരിക്കുന്നതാണ് ഉചിതം. കാരണം - ഊഹാപോഹടുഃ ..... ജാനാതി ജാതകം. അനുകൂല യുക്തികളെക്കൊണ്ട് വിശ്ലേഷണപരമായി ഊഹിക്കുവാനും, വിപരീതയുക്തികളെക്കൊണ്ട് സമഗ്രാത്മകമായി ആപോഹിക്കുവാനും (Deductive and Integrative thinking, Supportive and Opposite reasoning) കഴിയുള്ളയാളായിരിക്കണം ദൈവജ്ഞന്‍. രണ്ടുശ്ലോകങ്ങളുടെ പ്രത്യക്ഷ പരസ്പരബന്ധം പോലും മനസ്സിലാക്കാനാവുന്നില്ലെങ്കില്‍ മുഴുന്‍ ജ്യോതിഷത്തിന്റെ യുക്തിഭദ്രതയും യുക്തിയും പരസ്പരബന്ധവും മനസ്സിലാക്കുന്നതെങ്ങനെ.

പറഞ്ഞുവന്നതെന്തെന്നാല്‍ വരാഹമിഹിരാഭിപ്രായപ്രകാരമുള്ള സൂര്യാസിദ്ധാന്താദി പഞ്ചസിദ്ധാന്തങ്ങള്‍ ജ്യോതിഷി പഠിക്കണമെന്നത് പ്രശ്നമാര്‍ഗകാരന്റെ അഭിപ്രായമായിരുന്നില്ല. അക്കാര്യം ചൂണ്ടിക്കാട്ടാനോ പറയാനോ വേണ്ടിയല്ല അദ്ദേഹം ഈ ശ്ലോകങ്ങള്‍ പ്രശ്നമാര്‍ഗത്തില്‍ ഉള്‍ച്ചേത്തതും ഉദ്ധരിച്ചതും.

വാദം സത്യാചാര്യപ്രോക്തമായ പഞ്ചതത്വമാണ് ഇവിടെ പ്രതിപാദ്യം

എല്ലാവരും പഞ്ചസിദ്ധാന്തിക എന്ന് കേട്ടതു മാത്രം ചിന്തിച്ചാണ് വ്യാഖ്യാനിക്കാൻ ഒരുമ്പെടുന്നത്. അല്പം മാറി ചിന്തിച്ചുകൂടെ? ജാതകസംബന്ധമായി, ഹോരാസംബന്ധമായി പഞ്ചസിദ്ധാന്തങ്ങൾ, പഞ്ചതത്ത്വങ്ങൾ ഉണ്ടായിക്കൂടെ? അങ്ങനെയും ആകാവുന്നതാണ്. പക്ഷെ അപ്പോള്‍ വരുന്ന സംശയം എന്തുകൊണ്ട് ഹോരയുടെ പഞ്ചസിദ്ധാന്തമാണ് തിരയേണ്ടത് എന്നതാണ്. കാരണം പ്രശ്നമാര്‍ഗം ഒരു ഹോരാഗ്രന്ഥമല്ലല്ലോ, മറിച്ച് ഒരു പ്രശ്നഗ്രന്ഥമല്ലേ? അനേകഹോരാതത്ത്വജ്ഞഃ പഞ്ചസിദ്ധാന്തകോവിദഃ...എന്നാണ് ശ്ലോകം. പൂർവ്വാപരബന്ധം മനസ്സിലാക്കി വ്യാഖ്യാനം വേണം. അപ്പോൾ അനേകഹോരാതത്ത്വങ്ങളിലെ അഞ്ചു പ്രധാനമായ സിദ്ധാന്തങ്ങൾ ഏവ എന്ന് അന്വേഷിക്കണം. പ്രശ്നമാര്‍ഗകര്‍ത്താവിന്റെ കാലഘട്ടത്തെ സംബന്ധിച്ചിടത്തോളം പഞ്ചസിദ്ധാന്തിക ചരിത്രമാണ്. ഗണിതമല്ല. ചരിത്രം പഠിച്ച് ജ്യോതിഷി എന്തുചെയ്യും?

അങ്ങനെയെങ്കില്‍ ഒരു മറുചോദ്യമുള്ളത് അനേകഹോരാതത്വജ്ഞ എന്നതിനെ അനേക തത്വങ്ങള്‍ എന്തെല്ലാമെന്നും, പഞ്ചസിദ്ധാന്തകോവിദ എന്നതിലെ അഞ്ചു സിദ്ധാന്തങ്ങള്‍ ഏതെല്ലാമെന്നും അല്ലേ അന്വേഷിക്കേണ്ടത്? എന്നതാണ്.

ജ്യോതിശാസ്ത്രവിദഗ്ദോ ഗണിതപടുർ...എന്നിത്യാദി 15-ആം ശ്ലോകത്തില്‍ പറഞ്ഞ വിഷയങ്ങളെക്കുറിച്ചായിരിക്കണമല്ലോ ഉദ്ധൃതശ്ലോകങ്ങളും സംസാരിക്കേണ്ടത്. ദശഭേദം ഗ്രഹഗണിതം ജാതകമവലോക്യനിരവശേഷമപി എന്ന 17-ആം ശ്ലോകത്തില്‍ ദശഭേദം എന്നതുകൊണ്ട് ഗണിതപടുത്വവും, ജാതകമവലോക്യനിരവശേഷമപി എന്നതു കൊണ്ട് ജ്യോതിശാസ്ത്രവൈദഗ്ദ്ധ്യവും സൂചിപ്പിക്കപ്പെടുന്നു. ഇതുപോലെ അനേകഹോരാതത്വജ്ഞ പഞ്ചസിദ്ധാന്തകോവിദ എന്ന 18-ആം ശ്ലോകത്തില്‍ അനേകഹോരാതത്വജ്ഞ എന്നതുകൊണ്ട് ജ്യോതിശാസ്ത്രവൈദഗ്ദ്ധ്യവും, പഞ്ചസിദ്ധാന്തകോവിദ എന്നതുകൊണ്ട് ഗണിതപടുത്വവും സൂചിപ്പിക്കപ്പെടുന്നു. എവിടെയാണ് പൂര്‍വ്വാപരവൈരുദ്ധ്യം - ഈ രണ്ടു ശ്ലോകങ്ങളും ആചാര്യന്‍ ആദ്യം പറഞ്ഞ ജ്യോതിശാസ്ത്രവിദഗ്ദ്ധനും ഗണിതപടുവും ആയിരിക്കണം ജ്യോതിഷി എന്നകാര്യത്തെ അനുകൂലിക്കുന്നവ തന്നെയല്ലേ?

അഞ്ചുസിദ്ധാന്തങ്ങള്‍ കൊണ്ട് (വരാഹമിരഹിരനു മുമ്പുള്ള കാലത്ത് പ്രയോജനമുണ്ടാവാമെങ്കില്‍ക്കൂടി) പ്രശ്നമാര്‍ഗകര്‍ത്താവിന്റെ കാലത്തോ ഇന്നോ ജ്യോതിര്‍ഗണിതത്തിന്റെ ചരിത്രം പഠിക്കാമെന്നല്ലാതെ, ഫലപ്രവചനത്തില്‍, പ്രയോജനമില്ലെന്ന് സമ്മതിച്ചു. അതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെയാണ് അക്കാര്യം പ്രശ്നമാര്‍ഗാചാര്യന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നു ഞാന്‍ വാദിച്ചത്. പ്രശ്നമാര്‍ഗകാരന്‍ ആകെ പറഞ്ഞത് ജ്യോതിഷി ഗണിതപടുഃ ആയിരിക്കണം എന്നു മാത്രമാണ്. അത് എക്കാലത്തും സംഗതമാണുതാനും. ഗണിതം എന്നതില്‍ സാമാന്യഗണിതവും, ചിലപ്പോള്‍ ജ്യോതിര്‍ഗണിതവും (Astronomy), പിന്നെ ജ്യോതിഷഗണിതവും (ദശ അഷ്ടവര്‍ഗം തുടങ്ങി പലതുമായും ബന്ധപ്പെട്ടഗണിതം) എല്ലാമെല്ലാം അന്തര്‍ഭവിച്ചുവരും.

പ്രശ്നമാർഗ്ഗകാരന്റെ ഈ ശ്ലോകം സംബന്ധിച്ച വിവാദത്തിന് സമാധാനം സത്യാചാര്യരുടെ പഞ്ചസിദ്ധാന്തങ്ങളിലാണ്. സി. ഗോവിന്ദരാജന്റെ ജാതകസത്യാചാര്യം എന്ന കൃതിയിൽ അദ്ദേഹം ജ്യോതിഷ-ഫലഭാഗത്തിൽ ഉപയോഗപ്പെടുത്തുന്ന അടിസ്ഥാനസിദ്ധാന്തങ്ങളെ പഞ്ചസിദ്ധാന്തങ്ങൾ എന്ന തലക്കെട്ടോടെയാണ് ചർച്ച ചെയ്തിരിക്കുന്നത്. ഈ വസ്തുത എന്നോട് ആദ്യം പറയുന്നത് വാമനൻ ചേട്ടനാണ് (കെ.കെ.വാമനൻ നമ്പൂതിരി). ജാതകസത്യാചാര്യം തപ്പിയെടുക്കാൻ പറ്റിയില്ല. അല്പം ഊഹാപോഹത്തോടെ താഴെ പറയുന്നവയാണ് പഞ്ചസിദ്ധാന്തങ്ങൾ എന്ന് മനസ്സിലാക്കാം. തമിൾ കൃതി കൈയ്യിലുള്ളവർക്ക് വിശദമായ വിവരങ്ങൾ പങ്കുവെക്കാനാകും.

 1.ഗ്രഹശീലം ഗ്രഹങ്ങളുടെ സ്വഭാവം, ദൃഷ്ടി, പരസ്പരശത്രു-മിത്രത്വം

 2. കാരകത്വം ഗ്രഹങ്ങളുടെ പ്രതിനിധിത്വം

 3. നക്ഷത്രസ്ഥിതി നക്ഷത്രസ്ഥിതി, നക്ഷത്രാധിപൻ

 4. സ്വവർഗ്ഗസ്ഥിതി രാശി-നവാംശാദി ഷഡ്വർഗ്ഗ-സപ്തവർഗ്ഗ-ഷോഡശവർഗ്ഗ പരിഗണനകൾ

 5. ഭാവപ്രകരണം ഭാവാധിപത്യം, അനിഷ്ടഭാവസ്ഥിതി

പഞ്ചസിദ്ധാന്തം ഗണിതസിദ്ധാന്തങ്ങളായത് വരാഹമിഹിരന്റെ പഞ്ചസിദ്ധാന്തിക എന്ന സംഗ്രഹകൃതി കാരണമാണ്. അവ പരസ്പരബന്ധം ഉള്ള സിദ്ധാന്തങ്ങളല്ല. പല കാലത്ത് പലരാൽ എഴുതപ്പെട്ട ഗണിതസിദ്ധാന്തങ്ങളാണ്. ജാതകഫലപ്രവചനവുമായി യാതൊരു ബന്ധവുമുള്ളവയല്ല. ഡോ.കെ.വി. ശർമ്മയും ശ്രീ.കുപ്പണ്ണശാസ്ത്രിയും കൂടി വിശദമായ വ്യാഖ്യാനത്തോടെ പഞ്ചസിദ്ധാന്തിക പ്രസിദ്ധീകരിച്ചത് ഗൂഗിളിൽ ലഭ്യമാണ്. പ്രശ്നമാർഗ്ഗകാരൻ പറയുന്ന പഞ്ചസിദ്ധാന്തം സത്യാചാര്യരുടെ പഞ്ചസിദ്ധാന്തങ്ങളാണ്. പഞ്ചസിദ്ധാന്തം ജാതകഫലഭാഗസംബന്ധമാണ്. അല്ലാതെ ഗണിതസിദ്ധാന്തങ്ങളല്ല. വരാഹമിഹിരനുമായി യാതൊരു ബന്ധവും ഈ പഞ്ചസിദ്ധാന്തങ്ങൾക്കില്ല.

പഞ്ചസിദ്ധാന്തം കണ്ട് രോമകാദികളുടെ പേരെഴുതുന്നതിന് ആധാരം പഞ്ചസിദ്ധാന്തികയാണ്. അല്ലെങ്കിൽ ഗണിതത്തിന് എന്താണ് അഞ്ചിന്റെ കണക്ക്? പ്രശ്നമാർഗ്ഗകാരനു മുമ്പ് എത്രയോ ഗണിതവും കരണവും നിലവിലുണ്ട്. സോമസിദ്ധാന്തവും ബ്രഹ്മസിദ്ധാന്തവും ആര്യാർദ്ധരാത്രവും ഔദായികവുമൊക്കെ, അങ്ങനെ നിരവധി...ബ്രഹ്മഗുപ്തൻ, ലല്ലൻ, വടേശ്വരൻ, മുഞ്ജലൻ, ഭാസ്കരൻ 2, ശ്രീപതി ഇവരൊക്കെ വളരെ മുമ്പ് ജീവിച്ചിരുന്നവരാണ്. ഓർമ്മയിലെ പേരുകളാണ്. പുസ്തകങ്ങൾ നോക്കിയാല് ഇതിലുമേറെ. നാട്ടില് തന്നെ വാക്യകരണവും മാധവകൃതികളും പരമേശ്വരകൃതികളുമൊക്കെ ധാരാളം. അതൊന്നും പഠിക്കാതെ കേരളത്തിലെ ഒരു നമ്പൂതിരി രോമകവും സൂര്യവും പൌലിശവും, പിതാമഹവും പരാമർശിച്ചതെന്ത്? പിതാമഹത്തിലെന്തു ഗണിതമാണുള്ളത്? വസിഷ്ഠത്തിന് സൂര്യസിദ്ധാന്തത്തിനു ശേഷം ഗണിതത്തിന് എന്താണ് പ്രസക്തി?

പ്രതിവാദം അപ്രകാരമല്ല

ഇംഗ്ലീഷില്‍ സത്യാചാര്യജാതകം എന്ന പേരില്‍ ഒരു പുസ്തം കണ്ടിട്ടുണ്ടെന്നല്ലാതെ, സംസ്കൃതശ്ലോകങ്ങളുള്ള സത്യാചാര്യകൃതമായ ജ്യോതിഷപുസ്തകങ്ങളൊന്നും ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല. സത്യാചാര്യജാതകം, ജാതകസത്യാചാര്യം, സത്യജാതകം എന്നെല്ലാം അറിയപ്പെടുന്ന ഈ കൃതിയുടെ കോപ്പി (സത്യാചാര്യകൃതമായ സംസ്കൃതശ്ലോകങ്ങളുള്ളത് ആയിരിക്കണേ) ആരെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍, അത് വാങ്ങാനുള്ള വിശദാംശങ്ങള്‍ ഷെയര്‍ ചെയ്യാന്‍ അപേക്ഷ.

ജാതകസത്യാചാര്യം എന്ന തമിഴ് കൃതി വരാഹമിഹിരന്‍ കണ്ടതിന് തെളിവില്ല, സത്യാചാര്യന്‍റെ സംസ്കൃതജ്യോതിഷഗ്രന്ഥം ലഭ്യവുമല്ല. ഇനി ഇതെല്ലാം ലഭ്യമാണെന്നു വെയ്ക്കുക, എങ്കില്‍പ്പോലും മേല്‍പറഞ്ഞ അഭിപ്രായം യുക്തിസഹമാണെന്നു തോന്നുന്നില്ല. ആ അഞ്ചായുള്ള വിഭജനം ശരിയല്ല എന്നതുതന്നെ കാരണം.

1) ഗ്രഹശീലം - രാശിശീലവും നക്ഷത്രശീലവും ഭാവശീലവും കൂടി പറയാതെന്തു ഗ്രഹശീലം? ഗ്രഹശീലം ഒരു ഗ്രൂപ്പാവണമെങ്കില്‍ ഇപ്പറഞ്ഞവ കൂടി പറയണം.

2) കാരകത്വം (ഗ്രഹകാരകത്വം) - രാശികാരകത്വവും ഭാവകാരകത്വവും നക്ഷത്രകാരകത്വവും കൂടി പറയാതെന്തു ഗ്രഹകാരകത്വം? ഗ്രഹകാരകത്വം ഒരു ഗ്രൂപ്പാവണമെങ്കില്‍ ഇപ്പറഞ്ഞവ കൂടി പറയണം.

3) നക്ഷത്രസ്ഥിതി - രാശിസ്ഥിതിയും ഭാവസ്ഥിതിയും പറയാതെന്തു നക്ഷത്രസ്ഥിതി? നക്ഷത്രസ്ഥിതി പ്രധാനമാണെമെങ്കില്‍ രാശിസ്ഥിതി ഭാവസ്ഥിതി എന്നിവയെക്കുറിച്ചുകൂടി പറയണം.

4) സ്വവര്‍ഗ്ഗസ്ഥിതി (ഷോഡശവര്‍ഗസ്ഥിതി) - അപ്പോ പരവര്‍ഗ്ഗസ്ഥിതിക്ക് പ്രയോജനമില്ല എന്നാണോ? വര്‍ഗ്ഗസ്ഥിതി എന്നുപോരേ? സ്വര്‍വര്‍ഗ്ഗമായാലും പരവര്‍ഗമായാലും വര്‍ഗസ്ഥിതിക്ക് പ്രാധാന്യമുണ്ട്. ഷോഡശവര്‍ഗം എന്ന് എങ്ങനെ നിശ്ചയിച്ചു? ഷഡ്വര്‍ഗ്ഗമോ, സപ്തവര്‍ഗമോ, ദശവര്‍ഗമോ, ദ്വാദശവര്‍ഗമോ, ഷോഡശവര്‍ഗമോ അതോ അതിലധികം വര്‍ഗ്ഗങ്ങളോ ആയിക്കൂടേ? ഷോഡശവര്‍ഗ്ഗങ്ങള്‍ക്കല്ലല്ലോ ഷോഡശവര്‍ഗ്ഗാധിപന്മാര്‍ക്കല്ലേ പ്രാധാന്യം. അപ്പോള്‍പിന്നെ രാശിവര്‍ഗ്ഗങ്ങളായ വര്‍ഗ്ഗങ്ങളാണോ അതോ വിശേഷാധിപത്യപ്രധാനമായ വര്‍ഗ്ഗാധിപന്മാരാണോ പ്രതിപാദ്യം. രണ്ടും രണ്ടാണല്ലോ.

5) ഭാവപ്രകരണം - എന്തു ഭാവപ്രകരണം?! എന്നാല്‍ പിന്നെ മുകളിലും രാശിപ്രകരണം, ഗ്രഹപ്രകരണം, നക്ഷത്രപ്രകരണം, വര്‍ഗ്ഗപ്രകരണം എന്നെല്ലാം പറഞ്ഞാല്‍ പോരായിരുന്നോ? ഇനി അതല്ല ഭാവസ്ഥിതിയാവുമോ ഉദ്ദേശിച്ചത്?

സത്യാചാര്യപ്രോക്തമായ പഞ്ചവര്‍ഗ്ഗങ്ങളെയാണ് താന്‍ സൂചിപ്പിക്കുന്നതെന്ന് പ്രശ്നമാര്‍ഗാചാര്യന്‍ പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക്, പ്രശ്നമാര്‍ഗ്ഗാചാര്യന്‍ ഒരു പ്രാചീനഗ്രന്ഥത്തില്‍ നിന്ന് ഉദ്ധരിക്കുന്നവയാണ് മേല്‍ ശ്ലോകങ്ങള്‍ എന്ന സ്ഥിതിക്ക്, സത്യചാര്യജാതകം എന്ന ഗ്രന്ഥം ലഭ്യമല്ലാത്ത സ്ഥിതിക്ക്, തമിഴ് ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ള പഞ്ചവിഭജനം യുക്തിസഹമല്ലാത്ത സ്ഥിതിക്ക് തുടങ്ങി ഏതുവഴിക്കു ചിന്തിച്ചാലും ഈ പഞ്ചവര്‍ഗവിഭജനം സ്വീകാര്യമല്ല.

//ഈ വസ്തുത എന്നോട് ആദ്യം പറയുന്നത് വാമനൻ ചേട്ടനാണ് (കെ.കെ.വാമനൻ നമ്പൂതിരി). //

വാമനന്‍ ചേട്ടന് എന്തും പറയാം. കാരണം കക്ഷി ജ്യോതിഷിയല്ല, ഒരു സംഘിയാണ്. മേല്‍പ്പറഞ്ഞ ചോദ്യങ്ങളെയോ അതിനുള്ള ഉത്തരങ്ങളെയോ കുറിച്ച് ചിന്തിച്ചിരിക്കാനും വഴിയില്ല. ആര്‍ഷമായ ജ്യോതിഷത്തിനും ജ്യോതിഷപഠനത്തിനും തീര്‍ത്തും വിരുദ്ധവും പുതുപദ്ധതിയായ കെ.പി.സിസ്റ്റമാണ് വാമനന്‍ ചേട്ടന്റെ ജ്യോതിഷം. കെപി പറഞ്ഞതു പറയുകയും കെപിയുടെ ആര്‍ഷജ്യോതിഷനിഷേധത്തെ അംഗീകരിക്കുകയും ചെയ്യുന്ന കക്ഷി ഇതും ഇതിലധികവും പറഞ്ഞേക്കും! വാമനന്‍ ചേട്ടനല്ല പ്രമാണം. കെപിയിസ്റ്റായ അദ്ദേഹം അധികാരിയോ വേണ്ടവിധം പഠിച്ചിട്ടുള്ളയാളോ അല്ലെന്നു വ്യക്തമാണ്. (കാരണം അങ്ങനെയെങ്കില്‍ അദ്ദേഹത്തിന് കെപിയിസ്റ്റാവാന്‍ ആവില്ലായിരുന്നു.)

//ജാതകസത്യാചാര്യം തപ്പിയെടുക്കാൻ പറ്റിയില്ല. അല്പം ഊഹാപോഹത്തോടെ താഴെ പറയുന്നവയാണ് പഞ്ചസിദ്ധാന്തങ്ങൾ എന്ന് മനസ്സിലാക്കാം.// അല്‍പമല്ല, ഏറെക്കുറെ ഇതുമുഴുവന്‍ വെറും അഭ്യൂഹമായിപ്പോയി.

എന്തുകൊണ്ട് ജാതകഫലഭാഗസംബന്ധമാവണം? എന്തുകൊണ്ട് പ്രശ്നസംബന്ധിയാണെന്ന് വാദിക്കുന്നില്ല. എന്തുകൊണ്ട് ജാതകം ഗണിതജ്ഞനായിരിക്കണം എന്ന് മുകളില്‍ പറഞ്ഞതിന് സപ്പോര്‍ട്ടീവ് ആയിക്കൂടാ? വരാഹമിഹിരനുമായി ഈ ശ്ലോകങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് ആരാണ് വാദിക്കുന്നത്? അഥവാ സൌര സ്പഷ്ടതരം എന്നിത്യാദി മറ്റൊരു സ്ഥലത്തു പറഞ്ഞിരിക്കെ എന്തുകൊണ്ട് പ്രശ്നമാര്‍ഗകാരന്‍ പരാമര്‍ശിക്കുന്നത് വരാഹമിഹിരനെ തന്നെ ആയിക്കൂടാ? ഇത്തരം സംശയങ്ങള്‍ക്ക് അഥവാ ചോദ്യങ്ങള്‍ക്ക് യുക്തിസഹമായ ഉത്തരം ആവശ്യമാണ്.

ജ്യോതിഷി ജ്യോതിശാസ്ത്രവിദഗ്ദ്ധനും ഗണിതജ്ഞനും ആയിരിക്കണം എന്നു പറഞ്ഞതിനെ ന്യായീകരിക്കാനാണ് പ്രശ്നമാര്‍ഗാചാര്യന്‍ ദശഭേദം ഗ്രഹഗണിതം എന്ന ശ്ലോകവും, അനേക ഹോരാതത്വജ്ഞഃ പഞ്ചസിദ്ധാന്ത കോവിദ എന്ന ശ്ലോകവും രചിച്ചത് എന്നു സ്പഷ്ടമാണ്.

ദശഭേദം ഗ്രഹണിതം എന്നതിലെ ദശഭേദത്തെ വിശദീകരിക്കാനാണ് പിന്നീട് ദ്യുഗണായനം ഖേട മധ്യമസ്ഫുടയോരപി എന്ന പദ്യവും, പഞ്ചസിദ്ധാന്ത പദത്തിനെ വിശദീകരിക്കാനാണ് പിന്നീട് ബ്രാഹ്മസൌരശ്ചവാസിഷ്ഠോ...എന്ന പദ്യവും രചിച്ചത് എന്നതും സ്പഷ്ടവും പൂര്‍വ്വാപരബന്ധം ഉള്ളതുമായ കാര്യമാണ്.

ഇതെല്ലാം ഇങ്ങനെയാണ് എന്ന് അംഗീകരിച്ചാല്‍പ്പോലും //കേരളത്തിലെ ഒരു നമ്പൂതിരി (പ്രശ്നമാര്‍ഗകര്‍ത്താവ്) (അക്കാലത്ത് യാതൊരു ഉപയോഗവുമില്ലാത്ത സിദ്ധാന്തങ്ങളായ) രോമകവും സൂര്യവും പൌലിശവും, പിതാമഹവും (എല്ലാം) പരാമർശിച്ചതെന്തിന്// എന്ന ചോദ്യം പ്രസക്തമാണ്.

ഈ ചോദ്യത്തിന് മറ്റൊന്നിനുമല്ല, മുകളിലെ ശ്ലോകത്തില്‍ ആ വാക്കുകള്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് അതൊന്നു വിശദീകരിച്ചതാണ് എന്നു മാത്രം പറഞ്ഞാല്‍ പോരേ? അത് ഇക്കാര്യത്തിന് വേണ്ടത്ര യുക്തിഭദ്രമായ വിശദീകരണമാണ് എന്നാണ് എന്റെ പക്ഷം.

ഇതിലപ്പുറം ഈ ചോദ്യത്തിന് ഉത്തരം പറയണമെങ്കില്‍ ആനേകഹോരാതന്ത്രജ്ഞഃ എന്നിത്യാദി ശ്ലോകം ഏതു ഗ്രന്ഥത്തില്‍ നിന്നാണ് പ്രശ്നമാര്‍ഗാചാര്യന് കിട്ടിയതെന്നും അത് ഏതു കാലഘട്ടത്തിലാണ് എഴുതപ്പെട്ടതെന്നും അറിയണം. പ്രശ്നമാര്‍ഗകാരന്‍ സാമാന്യേന ആശ്രയിച്ചത് ഏറെക്കുറെ പ്രശ്നമാര്‍ഗകാരന് സമകാലികമായ കുറച്ച് ചെറു ഗ്രന്ഥങ്ങളേയും, ഭട്ടോല്‍പലന്റെയും ഭോജരാജാവീന്റെയും ചില ഗ്രന്ഥങ്ങളുമാണ്. അതിനപ്പുറമുള്ള അത്യധികം അപൂര്‍വവും പ്രാചീനവുമായ റഫറന്‍സുകളൊന്നും പ്രശ്നമാര്‍ഗകര്‍ത്താവിന് ലഭ്യമായിരുന്നു എന്നു തോന്നുന്നില്ല. ഏതായാലും ശരി ഭട്ടോല്‍പലിയിലും ഭോജരാജന്റെ വിദ്വജ്ജനവല്ലഭയിലുമൊന്നും ഈ ശ്ലോകം കണ്ടില്ല.

ദൈവജ്ഞലക്ഷണം

ഇപ്പോൾ ഇങ്ങനെയുള്ള ആചാര്യൻമാർ ഉണ്ടോ?

അനേകഹോരാതന്ത്രജ്ഞനും, പഞ്ചസിദ്ധാന്തകോവിദനും, ഊഹാപോഹപടുവും സിദ്ധമന്ത്രനും ആയ ആളല്ലേ? ഇല്ല. പക്ഷെ അനേകഹോരാതന്ത്രജ്ഞനും, ഗണിതജ്ഞനും, ഊഹാപോഹപടുവും സിദ്ധമന്ത്രനും ആയ ആളുകളാണെങ്കില്‍ ഉണ്ട്. പഞ്ചസിദ്ധാന്തങ്ങള്‍ കാലഹരണപ്പെടുകയാലും ലഭ്യമല്ലായ്കയാലും ഇക്കാലത്ത് ആരും അത് പഠിക്കാറില്ല.

//അനേക ഹോരാതന്ത്രജ്ഞ: പഞ്ച സിദ്ധാന്ത കോവിദ: ഊഹാപോഹപടു: സിദ്ധമന്ത്രോ ജാനാതി ജാതകം. //

അനേകം ഹോരാതന്ത്രങ്ങള്‍(ജ്യോതിഷത്തിലെ ജാതകസ്കന്ധം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍) പഠിച്ചവനും, പഞ്ചസിദ്ധാന്തഗ്രന്ഥങ്ങള്‍ (ജ്യോതിഷത്തിലെ ഗണിതസ്കന്ധം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍) പഠിച്ചവനും, ഊഹാപോഹപടുവും (നിമിത്തങ്ങളെയും ലക്ഷണങ്ങളെയും കൂടി ആധാരമാക്കിയാണ് വിശ്ലേഷണസംശ്ലേഷാത്മകമായ ചിന്ത എന്നതിനാല്‍ ജ്യോതിഷത്തിലെ സംഹിതാഭാഗം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ പഠിച്ചനും), സിദ്ധമന്ത്രനും (ഗുരുപദേശവും, മന്ത്രസിദ്ധിയും അങ്ങനെ വാക്സിദ്ധിയും കൈവന്നവനും) ആയ വ്യക്തിയാണ് ജാതകം നോക്കേണ്ടത്.

ജ്യോതിഷി ത്രിസ്കന്ധജ്ഞനും ഈശ്വരീയത കൈവന്നവനും ആയിരിക്കണം എന്ന ഉപദേശം തന്നെയാണ് ഇവിടെയും ആവര്‍ത്തിക്കുന്നത്. വരാഹമിഹിരന്‍റെ ഗ്രന്ഥമായ ബൃഹജ്ജാതകത്തെ ആധാരമാക്കി കൂടിയാണ് പ്രശ്നമാര്‍ഗം എന്നതിനാല്‍ (ഇത് നേരത്തെ സൂചിപ്പിക്കപ്പെട്ടതാണെന്നതുകൂടാതെ ഇനിയും പറയപ്പെടുകയും ചെയ്യും) ഗണിതഗ്രന്ഥങ്ങള്‍ പഠിച്ചിരിക്കണം എന്നതിനുപകരം പഞ്ചസിദ്ധാന്തകോവിദന്‍ (വരാഹമിഹിരന്‍ രചിച്ച പഞ്ചസിദ്ധാന്തിക പഠിച്ചവന്‍) ആയിരിക്കണം എന്നാണ് ഇവിടെ പറയപ്പെട്ടിരിക്കുന്നത്. പ്രശ്നമാര്‍ഗകര്‍ത്താവിന്റെ ജീവിതകാലമായപ്പോഴേക്കും ആര്യഭടീയവും അതേത്തുടര്‍ന്ന് പരഹിതവും ദൃഗ്ഗണിതവും മറ്റും പ്രചാരത്തിലാവുകയാല്‍ പഞ്ചസിദ്ധാന്തിക പഠിക്കണം എന്ന ഉപദേശത്തിന് പ്രസക്തി നഷ്ടപ്പെട്ടിരുന്നു. എങ്കിലും ജ്യോതിഷി ഗണിതജ്ഞനാവണം എന്നിങ്ങനെ മനസ്സിലാക്കിയാല്‍ ഈ ശ്ലോകത്തില്‍ ഉണ്ടെന്നു തോന്നുന്ന അപാകത പരിഹരിക്കപ്പെടും. മാത്രമല്ല ജ്യോതിഷി ഗണിതജ്ഞനായിരിക്കണം എന്ന് പ്രശ്നമാര്‍ഗകര്‍ത്താവ് നേരത്തെ പറഞ്ഞതിന് അനുകൂലമായ ഒരു ശ്ലോകം മറ്റേതോ ഗ്രന്ഥത്തില്‍ നിന്ന് അദ്ദേഹം ഉദ്ധരിക്കുക മാത്രമാണല്ലോ. എങ്കിലും ഈ ശ്ലോകത്തില്‍ പഞ്ചസിദ്ധാന്തകോവിദഃ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വരാഹമിഹിരന്റെ പഞ്ചസിദ്ധാന്തികയും അതില്‍ പറയപ്പെട്ടിരിക്കുന്ന അഞ്ചുസിദ്ധാന്തങ്ങളും തന്നെയാണെന്ന് പ്രശ്നമാര്‍ഗാചാര്യന്‍ ഇനിയുള്ള ശ്ലോകങ്ങളില്‍ വ്യക്തമാക്കും. കാലഹരണപ്പെട്ട ഗ്രന്ഥമെങ്കില്‍ക്കൂടി "പഞ്ചസിദ്ധാന്തിക പഠിക്കണം" എന്നിങ്ങനെ പറഞ്ഞതിന് മറ്റൊരു പ്രയോജനമുണ്ട്. ജ്യോതിര്‍ഗണിതത്തിന്റെ ചരിത്രവും വികാസവും അറിയുന്ന, ഭാരതീയ ശാസ്ത്രപൈതൃകം അറിയുന്ന വ്യക്തിയായിരിക്കണം ജ്യോതിഷിയെന്നും അതിനാല്‍ അനുബന്ധവിജ്ഞാനങ്ങളും അവയുടെ ചരിത്രവികാസവും കൂടി ജ്യോതിഷി പഠിച്ചിരിക്കണമെന്നും അറിഞ്ഞിരിക്കണമെന്നും കൂടിയാണ് ഉപദേശം എന്നും മനസ്സിലാക്കാം.

തന്ത്രം - തനുതേ ത്രായതേ തസ്മാല്‍ തന്ത്രമിത്യഭിധീയതേ (ഊടും പാവുമെന്നപോലെ ശാസ്ത്രങ്ങളെ/വിജ്ഞാനത്തെ/സംസ്കാരത്തെ ഇഴചേര്‍ത്തു നിര്‍ത്തുകയാലും, അനുശീലിക്കുന്നവനെ രക്ഷിക്കുന്നതിനാലും ആണ് തന്ത്രം എന്ന് പറയപ്പെടുന്നത്.)

മന്ത്രം - മനനാല്‍ ത്രായതേ യസ്മാല്‍ മന്ത്രമിത്യഭിധീയതേ. (അതേക്കുറിച്ച് - മന്ത്രത്തെക്കുറിച്ചും മന്ത്രാര്‍ത്ഥത്തെക്കുറിച്ചും - ചിന്തിക്കുന്നവനെ രക്ഷിക്കും എന്നതിനാലാണ് മന്ത്രം എന്നു പറയപ്പെടുന്നത്)

സിദ്ധാന്തം - പഠനമനനങ്ങള്‍ക്കുശേഷം അന്തിമമായി എത്തിച്ചേര്‍ന്ന നിഗമനങ്ങളാണ് സിദ്ധാന്തങ്ങള്‍. Derivation. Conclusion. സാമാന്യേന ജ്യോതിഷത്തില്‍ ഗോളഗണിതത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങളെയാണ് സിദ്ധാന്തഗ്രന്ഥങ്ങള്‍ എന്നു വിളിക്കുന്നത്. സിദ്ധാന്തഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് തന്ത്രഗ്രന്ഥങ്ങളും (Texts that describe the technique), കരണഗ്രന്ഥങ്ങളും (Texts that describe the calculation), അന്തിമമായി പഞ്ചാംഗങ്ങളും (Ephemeris) രൂപം കൊള്ളുന്നത്.

//ഗ്രഹ ഗണിതസ്യ ദശഭേദാ: സന്തി, തേ പ്രോക്താ: //

ഗ്രഹഗണിതത്തിന് പത്തു ഭേദങ്ങളുണ്ടെന്ന് ദശഭേദം ഗ്രഹഗണിതം എന്നിത്യാദിയായ മുമ്പ് ഉദ്ധരിക്കപ്പെട്ട ശ്ലോകത്തില്‍ പറഞ്ഞിരിക്കയാല്‍ ആ പത്തുവിധം ഭേദങ്ങള്‍ ഏതെല്ലാമെന്നാണ് മനസ്സിലാക്കേണ്ടത് എന്നാണ് പറയുന്നത്.

ഗ്രഹഗണിതത്തിന് പത്തല്ല പതിനായിരം ഭേദങ്ങളുണ്ട്. ചില പ്രധാനപ്പെട്ട കാര്യങ്ങളെ ഉപലക്ഷണവിധേയയയാ എടുത്തു പറയുന്നു എന്നു മാത്രം മനസ്സിലാക്കിയാല്‍ മതി.

ഗ്രഹഗണിതത്തിന്റെ ദശഭേദമൊന്നും ഇന്ന് ജ്യോതിഷി അറിയേണ്ട ആവശ്യമില്ല. നല്ല ഒരു പഞ്ചാംഗം കൈവശമുണ്ടായിരിക്കുകയും, ആ പഞ്ചാംഗം നോക്കി ആവശ്യമായ കാര്യങ്ങള്‍ അറിയാനുള്ള കഴിവുണ്ടായിരിക്കുകയും മതിയാവും.

അനേകഹോരാതന്ത്രജ്ഞഃ പഞ്ചസിദ്ധാന്തകോവിദഃ
ഊഹാപോഹപടുഃ സിദ്ധമന്ത്രോ ജാതാതി ജാതകം.

- പനയ്ക്കാട് നമ്പൂതിരി (പ്രശ്‌നമാര്‍ഗം)

അനേകം ഹോരകള്‍ അറിയുന്നവനും (ജ്യോതിശാസ്ത്രത്തില്‍ വിദഗ്ദ്ധനും), പഞ്ചസിദ്ധാന്തികാദി ജ്യോതിശാസ്ത്രഗണിതങ്ങളില്‍ സമര്‍ത്ഥനും (ഗണിതക്രിയയില്‍ സമര്‍ത്ഥനും), ഊഹാപോഹപടുവും, സിദ്ധമന്ത്രനും ആയ വ്യക്തിയാണ് ജാതകം നോക്കേണ്ടത് (ജ്യോതിഷം കൈകാര്യം ചെയ്യേണ്ടത്.)

ഇപ്രകാരം ജ്യോതിശാസ്ത്രവിദഗ്ദ്ധനും, ഗണിതപടുവും ആയ വ്യക്തിയാണ് ദൈവജ്ഞന്‍ എന്ന് അറിയപ്പെടാന്‍ യോഗ്യന്‍ എന്നര്‍ത്ഥം.

അനേകഹോരാതന്ത്രജ്ഞഃ - സ്‌കന്ദഹോരാദി അനേകം ഹോരാതന്ത്രങ്ങളില്‍ പറയപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ അറിയുന്നവന്‍. ഇത്തരം പ്രാചീന ഹോരാതന്ത്രഗ്രന്ഥങ്ങള്‍ ഇന്ന് ലഭ്യമല്ലായ്കയാല്‍ വരാഹഹോര (ബൃഹജ്ജാതകം), പരാശരഹോര (ബൃഹത് പരാശര ഹോരാശാസ്ത്രം) എന്നിത്യാദി ജാതകവിഷയം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളില്‍ അവഗാഹമുള്ളവന്‍ എന്നര്‍ത്ഥം.

പഞ്ചസിദ്ധാന്തകോവിദഃ - ബ്രഹ്മസിദ്ധാന്തം, സൂര്യസിദ്ധാന്തം, വാസിഷ്ഠസിദ്ധാന്തം, രോമശസിദ്ധാന്തം, പൗലിശസിദ്ധാന്തം എന്നീ അഞ്ചു സിദ്ധാന്തഗ്രന്ഥങ്ങള്‍ അറിയുന്നവന്‍. അതിലും പ്രാചീനമെങ്കില്‍ 18 സിദ്ധാന്തങ്ങള്‍ അറിയുന്നവനെന്നോ, അനേക സിദ്ധാന്തങ്ങള്‍ പഠിച്ചവനെന്നോ അഥവാ വരാഹമിഹിരന്റെ പഞ്ചസിദ്ധാന്തിക എന്ന ഗ്രന്ഥം അഭ്യസിച്ചവനെന്നോ വ്യാഖ്യാനിക്കാം. പക്ഷെ പ്രശ്‌നമാര്‍ഗകര്‍ത്താവിന്റെ കാലമായപ്പോഴേക്കും ഇത്തരം സിദ്ധാന്തഗ്രന്ഥങ്ങള്‍ക്കെല്ലാം പ്രാമുഖ്യം നഷ്ടപ്പെട്ടിരുന്നു. ആര്യഭടീയവും, ബഹ്മഗുപ്തന്റെ ബ്രഹ്മസ്ഫുടസിദ്ധാന്തവും തുടങ്ങി പല ഗ്രന്ഥങ്ങളും പ്രശസ്തമാവുകയും പിന്നീട് ഉപയോഗം കുറയുകയും ചെയ്തു. പരഹിതഗണിതവും, പിന്നീട് ദൃഗ്ഗണിതയും പ്രശസ്തമായി. പ്രശ്‌നമാര്‍ഗകര്‍ത്താവിന്റെ കാലശേഷം കാര്യങ്ങള്‍ പിന്നെയും മാറി - ഗണിതനിര്‍ണയം, സൂക്ഷ്മദൃഗ്ഗണിതവും പഞ്ചബോധവും പോലുള്ള ഗ്രന്ഥങ്ങള്‍ നിലവില്‍ വന്നു. സ്വിസ്സ് എഫിമെറിസം മുതലായവയെ അടിസ്ഥാനമാക്കിയുള്ള ആധുനിക ഗണിതോപാധികള്‍ നിലവില്‍ വന്നു. അതിനാല്‍ ഇവിടെ പഞ്ചസിദ്ധാന്തകോവിദഃ എന്നതിന് ഗണിതപടു എന്ന അര്‍ത്ഥം സ്വീകരിച്ചാല്‍ മതിയാകും.

ഊഹാപോഹപടുഃ - വ്യാഖ്യാനം പലതരത്തിലാവാം. 1) വിശ്ലേഷണപരമായി ഊഹിക്കുന്നതിനും (Analytical thinking, Differentiation, Deductive thinking), സംശ്ലേഷണപരമായി ആപോഹിക്കുന്നതിനും (Holistic thinking, Integration, Inductive thinking) കഴിവുള്ളവന്‍. 2) സാധ്യതകളെ ചികഞ്ഞെടുക്കലാണ് ഊഹം. ചികഞ്ഞെടുത്ത സാധ്യതകളില്‍ നിന്ന് വിപരീതയുക്തികളെ അടിസ്ഥാനമാക്കി ഒഴിവാക്കേണ്ടവയെ ഒഴിവാക്കലാണ് ആപോഹം. ആദ്യത്തേത് അക്കമിട്ട് നിരത്തലാണെങ്കില്‍ രണ്ടാമത്തേത് വെട്ടിക്കളയലാണ്. ഈ പ്രക്രിയ ശരിയായ കാരണത്തിലേക്ക് എത്തിച്ചേരാന്‍ ജ്യോതിഷിയെ സഹായിക്കുന്നു. 3) ചിന്തയാണ് ഊഹം, ചിന്താബന്ധുരതയ്ക്കപ്പുറം ചിന്തിച്ചറിഞ്ഞ കാര്യങ്ങളെ പരസ്പരം സംയോജിപ്പിക്കാന്‍ യുക്തിബോധത്തെ മാറ്റിനിര്‍ത്തി മനസ്സിന് അവസരം നല്‍കലാണ് ആപോഹം എന്നു വ്യാഖ്യാനിക്കുന്നത് മറ്റൊരു കാഴ്ചപ്പാടാണ്. ബോധമനസ്സിലെ യുക്തിചിന്തയും, ശേഖരിച്ച വിവരങ്ങളെ ഏതുവിധത്തിലും പരസ്പരം ബന്ധിപ്പിക്കാന്‍ അബോധത്തിലെ യുക്തിക്ക് അവസരം നല്‍കലും കൂടിച്ചേര്‍ന്നതാണ് മുഴുവന്‍ ചിന്ത. ചിന്ത എന്നത് യുക്തിയുടെ പരിധിയില്‍ മാത്രം ഒരുങ്ങുന്നതല്ല എന്ന് പ്രാചീനാചാര്യന്മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവാം.

സിദ്ധമന്ത്രഃ - ഗുരു ഉപദേശിച്ചുകൊടുത്ത മന്ത്രം അക്ഷരലക്ഷം ജപിച്ച് മന്ത്രസിദ്ധിയും വാക്‌സിദ്ധിയും കൈവരിച്ചവന്‍. മനനശേഷിയും സിദ്ധിയും ഉള്ളവന്‍. ഇവിടെ സിദ്ധി എന്നതുകൊണ്ട് അണിമാദ്യഷ്ടസിദ്ധികളില്‍ ചിലതെങ്കിലും ഉള്ളവന്‍ എന്നു മനസ്സിലാക്കിയാലും തെറ്റില്ല. സിദ്ധമന്ത്രന്‍ വിനയിയും ജ്ഞാനിയും ആയിരിക്കും എന്നു വിശേഷം.

ഗുരുവര്യർ തരുന്ന ദിശാബോധം എങ്ങനെ യുക്തിഭദ്രമായി പ്രയോജനപ്പെടുത്തണം എന്ന വൃക്തമായ സന്ദേശം അതിലുണ്ട്.

ഈ ശ്ലോകം സിദ്ധന്തം-ഹോര-സംഹിത എന്നിവ മൂന്നും അറിയുന്ന ദൈവജ്ഞനെക്കുറിച്ചുള്ളതല്ല എന്നു ശ്രദ്ധിക്കണം. മറിച്ച് സംഹിത അറിയാത്ത, രാജ്യത്തിന്റെ ഫലവും കാലവാസ്ഥയും ഒന്നും പ്രവചിക്കാന്‍ ശ്രമിക്കാതെ, ആരുടെയെങ്കിലും ജാതകം മാത്രം നോക്കി ഫലം പറയുന്ന സാമാന്യജ്യോതിഷിയുടെ (ജാതകം നോക്കുന്നയാളുടെ, ഹോരാസ്കന്ധവിദഗ്ദ്ധന്റെ) ലക്ഷണമാണ്. അതായത് സിദ്ധാന്തസ്കന്ധജ്ഞന്‍ (Astronomer, Ephemeris calculator, പഞ്ചാംഗഗണിതജ്ഞന്‍) അതുമാത്രം പഠിച്ചാല്‍ മതി ഫലഭാഗം പഠിക്കണമെന്നില്ല, ഹോരാസ്കന്ധജ്ഞന്‍ (സാധാരണ ജോത്സ്യന്‍) സിദ്ധാന്തവും ഹോരയും പഠിക്കണം, സംഹിതാസ്കന്ധജ്ഞന്‍ (രാജ്യഫലം കൂടി പ്രവചിക്കുന്ന ദൈവജ്ഞന്‍, അഷ്ടമംഗലപ്രശ്നം പറയുന്നവന്‍, ഏറ്റവും അറിവും ആധികാരികതയുമുള്ള ജ്യോതിഷി) സിദ്ധാന്തവും ഹോരയും സംഹിതയും പഠിക്കണം എന്നിങ്ങനെ ഇക്കാര്യം മനസ്സിലാക്കേണ്ടതാണ്. :)

ഗണിതജ്ഞന്‍ (സിദ്ധാന്തസ്കന്ധജ്ഞന്‍) -> ജ്യോതിഷി (സിദ്ധാന്തഹോരാസ്കന്ധജ്ഞന്‍) -> ദൈവജ്ഞന്‍ (സിദ്ധാന്തഹോരാസംഹിതാസ്കന്ധജ്ഞന്‍, ത്രിസ്കന്ധജ്ഞന്‍) എന്നിങ്ങനെ ഗ്രഹിക്കുക. ത്രിസ്കന്ധജ്ഞോ ദര്‍ശനീയ!

ഭാഷാവിവര്‍ത്തനങ്ങള്‍

അനേക ഹോരാതന്ത്രജ്ഞൻ പഞ്ചസിദ്ധാന്തമോർക്കുവോൻ
ഊഹിക്കുവോൻമന്ത്രസിദ്ധൻ ജാതകത്തെയറിഞ്ഞിടും

ഹോരാതന്ത്രവിശേഷമൊന്നിലധികം നന്നായറിഞ്ഞീടുവോൻ
സിദ്ധാന്തങ്ങളതഞ്ചിനേയുമറി വാർന്നൂഹിച്ചു കൊള്ളേണ്ടതും,
തള്ളേണ്ടുന്നവയുംതിരിച്ചറിയുവാൻ സാമർത്ഥ്യമാർന്നും മഹാ-

മന്ത്രസ്സിദ്ധിവരുത്തിയോനുമറിയുന്നൂ ജാതകം ബുദ്ധിമാൻ

കലിതൻദിനവും, ഖേടമധ്യമങ്ങൾ വരുത്തുക
മധ്യമ സ്ഫുടവും, രണ്ടു ഗ്രഹണം യുദ്ധ, യോഗവും
ഗ്രഹങ്ങൾക്കുദയാസ്തങ്ങൾ നക്ഷത്രത്തിൽപ്പകർച്ചയും
ഇങ്ങനേ പത്തുഭേദങ്ങൾ ഗണിതത്തിൽ അറിഞ്ഞിടാൻ

 -          വിഷ്ണുനമ്പൂതിരി

ഹോരായുള്ളതനേകമൊക്കെയറിവോന്‍ പഞ്ചസിദ്ധാന്ത പണ്ഡിതന്‍
ഉൗഹാപോഹസമര്‍ത്ഥനും വിധിയിലായ് മന്ത്രങ്ങള്‍ സിദ്ധിച്ചവന്‍
അറിയുന്നുഗതിയൊക്കെജാതകമിതില്‍ വേണ്ടും പ്രകാരം സദാ
ചൊല്ലീടും ഗതിയൊക്കെ വിഗതിക്കൂനം വരുത്തീടുവാന്‍.

കലിദിനം വരുത്തേണം ഗ്രഹമധ്യമസ്ഫുടങ്ങളും
ഗ്രഹണവും പിന്നെ ഗ്രഹങ്ങള്‍ തന്‍ യുദ്ധവും സമാഗമവും
ഗ്രഹമൗഢ്യങ്ങളും പിന്നെ  ഉദയവും അസ്തമനവും
പുന നക്ഷത്രത്തിലുള്ള സംഗമോം (വരുത്തണം)
(ഇങ്ങനെ ദശഭേദങ്ങള്‍ ചൊല്ലുന്നു ഗ്രഹഗണിതേ.)

 -          ചന്ദ്രകുമാര്‍ മുല്ലച്ചേരി

അനേകം ഹോരാഗ്രന്ഥങ്ങള്‍തന്‍ തത്വങ്ങള്‍ ഗ്രഹിച്ചോനും,
പഞ്ചസിദ്ധാന്താദി ജ്യോതിര്‍ഗണിതവിദ്യയില്‍ വിദഗ്ദ്ധനും

ഊഹമാ(ആ)പോഹമെന്നിവയില്‍ ഏറ്റവും സമര്‍ത്ഥനും
ഉപാസനാദിയാല്‍ സിദ്ധമന്ത്രനും ജ്യോത്സ്യനായിരിക്കേണം.

ഗ്രഹഗണിതത്തിനുണ്ടത്രേ പത്തോളം വകഭേദങ്ങള്‍
ചൊല്ലിടാമവയും ഞാനും കേള്‍ക്ക യുക്ത്യാ യഥാമതി.

കലിദിനം, ഗ്രഹമധ്യമം, സൂക്ഷ്മമാം ഗ്രഹസ്ഫുടം,
സൂര്യഗ്രഹണം
, ചന്ദ്രഗ്രഹണം, ഗ്രഹയുദ്ധം,
ഗ്രഹചന്ദ്രസമാഗമം
, മൌഢ്യം, മൌഢ്യംവിട്ടുദയം,
ഗ്രഹനക്ഷത്രയോഗം ഇവയാം ഗ്രഹഗണിതേ ദശഭേദം.

 -          ശ്രീനാഥ് ഒജി

 

You are not authorised to post comments.

Comments powered by CComment