ഗുളികനും ഋഷിഹോരകളും
- Details
- Created: Tuesday, 04 April 2017 13:44
- Last Updated: Monday, 10 April 2017 06:06
- Hits: 2739
ലേഖകന്‍ - ശ്രീനാഥ് ഒജി
(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ ഞാന്‍ പോസ്റ്റിയ ഒരു ലേഖനവും അതേത്തുടര്‍ന്ന് നടന്ന ചര്‍ച്ചയുമാണ് ഈ ലേഖനത്തിന് ആധാരം)
ഗുളികനെക്കുറിച്ച് ഏതെങ്കിലും ഭാരതീയ ഋഷി പറഞ്ഞിട്ടുണ്ടോ? ഗുളികനെക്കുറിച്ച് പല ഋഷിമാരും പറഞ്ഞിട്ടുണ്ട്. പരാശരമഹര്‍ഷി ബൃഹത് പരാശരഹോരയില്‍. മാണ്ഡവ്യമഹര്‍ഷി ഗുളികനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് ഉത്തരകാലാമൃതത്തില്‍ ഗണകകാളിദാസന്‍ പറഞ്ഞിട്ടുണ്ട്.
ഗുളികന്‍ ഗ്രഹമല്ല, മറിച്ച് ഒരു സമയഭേദമാണ്. ഇതിനെ ഒരു ഉപഗ്രഹം എന്നേ ജ്യോതിഷികള്‍ പറയാറുള്ളു. ഗ്രസിക്കുന്നത് അഥവാ ബാധിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് ജ്യോതിഷത്തില്‍ ഗ്രഹം എന്ന പദം ഉപയോഗിക്കപ്പെടുന്നത്. (ഗ്രഹം എന്ന പദം Planet എന്ന അര്‍ത്ഥത്തിലല്ല ജ്യോതിഷത്തില്‍ ഉപയോഗിക്കപ്പെടുന്നത്.) ഗുളികനും മാന്ദിയും രണ്ടും രണ്ടാണ്. കേരളീയര്‍ മാന്ദിയെയാണ് ഉപയോഗിക്കുന്നത്, ഗുളികനെ പരിഗണിക്കാറില്ല. കേരളീയര്‍ മാന്ദിയേയും പലപ്പോഴും ഗുളികന്‍ എന്നു വിളിക്കാറുണ്ട്. പരാശരജ്യോതിഷത്തിലും മറ്റുമാണ് ഗുളികന്‍ കൂടുതലായി പരാമര്‍ശിക്കപ്പെടുന്നത്.
മാന്ദി - ശനിയുടെ യാമത്തില്‍ ഒരു പൂര്‍ണമുഹൂര്‍ത്തം അവസാനിക്കുന്ന സമയമാണ് മാന്ദി എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ സമയത്തിനുള്ള ലഗ്നസ്ഫുടത്തെയാണ് മാന്ദിസ്ഫുടമായി കണക്കാക്കുന്നത്.
ഗുളികന്‍ - ശനിയുടെ യാമം ആരംഭിക്കുന്ന സമയമാണ് ഗുളികന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ സമയത്തിനുള്ള ലഗ്നസ്ഫുടത്തെയാണ് ഗുളികസ്ഫുടമായി കണക്കാക്കുന്നത്. പരാശരഹോരയില്‍ ഇതിന്റെ വ്യക്തമായ നിര്‍വ്വചനം നല്‍കിയിട്ടുണ്ട്. ഗുളികനും മാന്ദിയും ശനിയുടെ രണ്ടു പുത്രന്മാരാണെന്ന് (രണ്ടും ശനിയുടെ യാമവുമായി ബന്ധപ്പെട്ടവയാണെന്ന്) മാണ്ഡവ്യമുനി അഭിപ്രായപ്പെടുന്നുവെന്ന് ഉത്തരകാലാമൃതത്തില്‍ പറയപ്പെട്ടിരിക്കുന്നു.
ഗുളികകാലം - ശനിയുടെ യാമമാണ് ഗുളികകാലം എന്ന പേരില്‍ അറിയപ്പെടുന്നത്. പരാശരഹോരയില്‍ പറയപ്പെട്ടിട്ടുള്ളതും കേരളീയരും അംഗീകരിക്കുന്നതുമാണ് ഈ നിര്‍വ്വചനം.
കേരളത്തില്‍ (ഗുളികകാലം എന്നതിലൊഴികെ) മറ്റൊരു കാര്യത്തിലും ഗുളികനെ പരിഗണിക്കാറില്ല. കേരളീയര്‍ എല്ലാ കാര്യത്തിലും (മറ്റുള്ളവര്‍ ശരിയായ ഗുളികനെ പരിഗണിക്കുന്ന കാര്യങ്ങളിലും) മാന്ദിയെയാണ് പരിഗണിക്കാറ്. അതുകൊണ്ടുതന്നെ കേരളീയര്‍ക്ക് ഗുളികനെന്നാല്‍ മാന്ദിയുടെ ഒരു പര്യായം മാത്രമാണ്. പക്ഷെ പ്രാചീനഗ്രന്ഥവചനങ്ങള്‍ പരിഗണിച്ചാല്‍ ഇതു ശരിയല്ലെന്നും ഗുളികനും മാന്ദിയും രണ്ടും രണ്ടാണെന്നും മനസ്സിലാകും. മാന്ദിയെ പലപ്പോഴും (തെറ്റായി) ഗുളികനെന്നു വിളിക്കുന്നത് ഒരു (തെറ്റായ) ദേശാചാരം മാത്രമാണ്.
ഗുളികനും മാന്ദിയും ദിവസതാളവുമായി (യാമങ്ങളുമായി) ബന്ധപ്പെട്ട സമയഭേദങ്ങളാണ്. സാമാന്യേന ദിവസതാളവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഹൂര്‍ത്താദികളിലല്ലാതെ ജാതകത്തില്‍ അമിത പ്രാധാന്യം കൊടുത്ത് പരിഗണിക്കാറില്ല. പതിമൂന്നാം നൂറ്റാണ്ടില്‍ തമിഴ് നാട്ടില്‍ ജീവിച്ചിരുന്ന ഫലദീപികാകര്‍ത്താവിനു മുമ്പ് ആരും തന്നെ ജാതകത്തില്‍ ഗുളികനെയോ മാന്ദിയേയോ അമിതപ്രാധാന്യത്തോടെ പരിഗണിച്ചിരുന്നതായും കാണുന്നില്ല. പില്‍ക്കാല ഗ്രന്ഥങ്ങളായ ഫലദീപിക, പ്രശ്നമാര്‍ഗം, ബൃഹജ്ജാതകപദ്ധതി എന്നിവയില്‍ മാത്രമാണ് ഗുളികനെ ജാതകത്തിലും പരിഗണിക്കാവുന്നതാണ് എന്ന സൂചന കാണുന്നത്. ജാതകത്തിലെ ഗുളികന്റെ ഫലം പറയുന്നതിലാകട്ടെ വലിയ അഭിപ്രായ വ്യത്യാസവും കൃത്യതയില്ലായ്മയും കാണുന്നുമുണ്ട്. അതുകൊണ്ടു തന്നെ ജാതകത്തില്‍ ഗുളികനെയോ മാന്ദിയേയോ അമിതപ്രാധാന്യത്തോടെ പരിഗണിക്കേണ്ടതുണ്ടോ എന്ന് ഓരോ ജ്യോതിഷിയും ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണ്. പ്രശ്നത്തില്‍ മാന്ദിക്ക് വളരെ പ്രാധാന്യമുണ്ട് എന്നത് അനുഭവയോഗ്യമായ വാസ്തവം മാത്രമാണ്. രണ്ടിലെ മാന്ദി/ഗുളികന്‍ (നാവിലെ ഗുളികന്‍, വാക്കിലെ ഗുളികന്‍) അല്ലാതെ മറ്റേതു ഭാവത്തിലെ മാന്ദിയെയാണ് നാം അമിതപ്രാധാന്യത്തോടെ പരിഗണിക്കാറുള്ളത്. പ്രശ്നത്തില്‍ നാലില്‍ മാന്ദിയെക്കണ്ടാല്‍ നടുമുറ്റത്ത് ശവം എന്നും മറ്റും പറയുന്നത് പ്രശ്നത്തിലെ കാര്യമാണല്ലോ. പ്രശ്നത്തില്‍ മാന്ദി വളരെ പ്രയോജനപ്രദം തന്നെ. (ഗുളികനെ അഥവാ പരാശരീയ ഗുളികനെ കേരളീയര്‍ അധികം കണ്ടിട്ടും അറിഞ്ഞിട്ടും ഇല്ല) ശ്രീലങ്കന്‍ തമിഴ് രാഹുകാലം കേരളത്തില്‍ ആധിപത്യവും പ്രചാരവും സ്ഥാപിച്ചതുപോലെ, തമിഴുനാട്ടുകാരനായ മന്ത്രേശ്വരന്‍ എന്ന ഫലദീപികാകര്‍ത്താവ് കേരളീയര്‍ക്കു നല്‍കിയ ഒരു സംഭാവനയാണ് ജാതകത്തിലെ മാന്ദിയും, മാന്ദിയും ഗുളികനും ഒന്നുതന്നെ എന്ന തെറ്റിദ്ധാരണയും എന്നു തോന്നുന്നു. ഫലദീപിക വളരെ നല്ല ഒരു ഗ്രന്ഥമാണെങ്കില്‍ക്കൂടി, രാശിയില്‍ നിന്നും വ്യത്യസ്തമാണ് ഭാവം എന്ന പതിനൊന്നാം നൂറ്റാണ്ടുകാരനായ ശ്രീപതിയുടെ തെറ്റിദ്ധാരണ കേരളത്തിലും തമിഴുനാട്ടിലും പ്രചരിപ്പിച്ചതിലും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുള്ള ഗ്രന്ഥമാണ് ഫലദീപിക. എങ്കിലും ഇത്തരം ചെറിയ ചില അപാകതകള്‍ ആ മഹദ് ഗ്രന്ഥത്തിന്റെ ആധികാരികതയെയും പ്രയോജനത്തെയും കാര്യമായി ബാധിക്കുന്നില്ല. മന്ത്രേശ്വരന് എന്റെ നമസ്കാരം. ചോളദേശത്തു (വടക്കന്‍ തമിഴുനാട്ടിലും ആന്ധ്രപ്രദേശിലും) പോലും പ്രചാരം നേടിയ ഗ്രന്ഥമായ പ്രശ്നമാര്‍ഗ്ഗം രചിച്ച ആ കേരള മഹാനുഭാവനും (കണ്ണൂര്‍ ഇടക്കാട് ദേശത്ത് പനക്കാട് ഇല്ലത്ത് ജീവിച്ചിരുന്ന വിഷ്ണു നാരായണന്‍ നമ്പൂതിരിക്കും) എന്റെ വിനീതമായ നമസ്കാരം.
തുടര്‍ ചര്‍ച്ച:
വിശദീകരണം (ശ്രീനാഥ് ഒജി): കേരളത്തില്‍ (ഗുളികകാലം എന്നതിലൊഴികെ) മറ്റൊരു കാര്യത്തിലും ഗുളികനെ പരിഗണിക്കാറില്ല. കേരളീയര്‍ എല്ലാ കാര്യത്തിലും (മറ്റുള്ളവര്‍ ശരിയായ ഗുളികനെ പരിഗണിക്കുന്ന കാര്യങ്ങളിലും) മാന്ദിയെയാണ് പരിഗണിക്കാറ്. അതുകൊണ്ടുതന്നെ കേരളീയര്‍ക്ക് ഗുളികനെന്നാല്‍ മാന്ദിയുടെ ഒരു പര്യായം മാത്രമാണ്. പക്ഷെ പ്രാചീനഗ്രന്ഥവചനങ്ങള്‍ പരിഗണിച്ചാല്‍ ഇതു ശരിയല്ലെന്നും ഗുളികനും മാന്ദിയും രണ്ടും രണ്ടാണെന്നും മനസ്സിലാകും. മാന്ദിയെ പലപ്പോഴും (തെറ്റായി) ഗുളികനെന്നു വിളിക്കുന്നത് ഒരു (തെറ്റായ) ദേശാചാരം മാത്രമാണ്. പരാശരസിദ്ധാന്തപ്രകാരമുള്ള ഗുളികകാലമാണ് കേരളത്തിലും ആചരിക്കപ്പെടുന്ന ഗുളികകാലം.
രോഗീ ക്ഷതാംഗോ ഗുളികേ തനുസ്ഥേ, ഗുളികോ വിഷ്ടി ഗണ്ഡാന്തോ എന്നിത്യാദി സ്ഥലങ്ങളിലെല്ലാം പദ്യത്തില്‍ പറയുന്നത് ഗുളികനെ (പരാശര ഗുളികനെ?) പരിഗണിക്കണം എന്നാണ്. പക്ഷെ ഈ സ്ഥലങ്ങളിലെല്ലാം ഗുളികനുപകരം മാന്ദിയെ പരിഗണിക്കുന്നതാണ് കേരളീയ ദേശാചാരം.
Counter (ചിന്താരത്ന): സർ... വളരെ വളരെ ആധികാരികവും ഗംഭീരവം ആയ വിവരണം! വളരെയധികം നന്ദി, ഇങ്ങിനെ ഒരു വിവരണം ഇവിടെ പോസ്റ്റ് ചെയ്തതിൽ... ഒരു ചെറിയ സംശയം കൂടി.. പരാശരസംഹിതയിലും മറ്റും 'പരാശര' ഗുളികനെപ്പോലെ തന്നെ ഒരു 'പരാശര' മാന്ദി യുമുണ്ടോ.. അതോ മാന്ദി തികച്ചും ഒരു കേരളിയ ( തെക്കേ ഇന്ത്യൻ ) സംഭാവന മാത്രമാണോ? ....ഇനി അങ്ങിനെ ഒരു 'പരാശര' മാന്ദിയുണ്ടെങ്കിൽ, അതും, നമ്മുടെ കേരളിയ മാന്ദിയും ഒന്ന് തന്നെയാണോ? അവയ്ക്ക് ഒരേ നിർവ്വചനമാണോ? ചോദിച്ചതിൽ അപാകതയുണ്ടെങ്കിൽ ക്ഷമിക്കുക.. ഒന്ന് കൂടി വ്യക്തമായി അറിയാനാണ്.. നന്ദി
Counter = Counter Question. A question that serves as a reply to, or distraction from, another.
മറുപടി (ശ്രീനാഥ് ഒജി): മുകളിലെ പോസ്റ്റ് ഒന്നുകൂടി ശ്രദ്ധയോടെ വായിച്ചാല്‍, മാണ്ഡവ്യമുനി, ഉത്തരകാലാമൃതത്തില്‍ ഗണകകാളിദാസന്‍, ഫലദീപികയില്‍ മന്ത്രേശ്വരന്‍, പ്രശ്നാനുഷ്ഠാനപദ്ധതിയില്‍ ശങ്കരന്‍, പ്രശ്നമാര്‍ഗ്ഗത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നിവരെല്ലാം മാന്ദിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നു മനസ്സിലാവും. പരാശരസംഹിതയെക്കുറിച്ച് ഞാനൊന്നും പറഞ്ഞിട്ടില്ല, അതുകൊണ്ടുതന്നെ പരാശരസംഹിതയില്‍ ഗുളികനുണ്ട് െന്നിത്യാദി സൂചന താങ്കള്‍ക്ക് എവിടെനിന്ന് കിട്ടി എന്നറിയില്ല. ബൃഹത് പരാശരഹോരയില്‍ ഗുളികനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്, മാന്ദിയെക്കുറിച്ച് പറഞ്ഞിട്ടുള്ളതായി അറിയില്ല. മാന്ദി ഒരു കേരളീയമോ തെക്കേഇന്ത്യനോ ആയ സംഭാവനയാണെന്ന് തോന്നുന്നില്ല. കാരണം മുന്‍പറ്ഞപോലെ കേരളീയരല്ലാത്ത മാണ്ഡവ്യമുനിയും ഗണകകാളിദാസനും മന്ത്രേശ്വരനും മാന്ദിയെക്കുറിച്ചു പറഞ്ഞിട്ടുണ്ടെങ്കില്‍, കൂട്ടത്തില്‍ കേരളീയരായ ശങ്കരനും, വിഷ്ണുനാരായണന്‍ നമ്പൂതിരിയും മാന്ദിയെക്കുറിച്ചു പറഞ്ഞിട്ടുണ്ടെങ്കില്‍ മാന്ദി കേവലം കേരളീയം മാത്രമാന്‍ സാധ്യതയില്ലല്ലോ. മാന്ദിയുടെ നിര്‍വ്വചനം എല്ലായിടത്തും ഒന്നുതന്നെ.
Counter (ചിന്താരത്ന): വളരെ ഉപകാരം.. സർ.. നന്ദി.. കൂട്ടത്തിൽ " രണ്ടിലെ മാന്ദി/ഗുളികന്‍ (നാവിലെ ഗുളികന്‍, വാക്കിലെ ഗുളികന്‍) അല്ലാതെ മറ്റേതു ഭാവത്തിലെ മാന്ദിയെയാണ് നാം അമിതപ്രാധാന്യത്തോടെ പരിഗണിക്കാറുള്ളത്?" എന്നെഴുതിക്കണ്ടു. അപ്പോൾ ലഗ്നത്തിലെ മാന്ദിക്ക് പ്രാധാന്യം ഒന്നും ഇല്ലേ !?
മറുപടി (ശ്രീനാഥ് ഒജി): ഇല്ലെന്നു ഞാന്‍ പറഞ്ഞോ? ജ്യോതിഷികളോട് ജ്യോതിഷികളുടെ ഒരു രീതി പറഞ്ഞുവെന്നേയുള്ളു. (ജ്യോതിഷികള്‍ക്ക് അതു മനസ്സിലാവും എന്നു കരുതുന്നു.) ജാതകത്തില്‍ അന്യഗ്രഹദൃഷ്ടിയില്ലാതെ ലഗ്നത്തില്‍ നിന്നാല്‍ രാജയോഗമാണ് എന്നെല്ലാം ഞാനും പറഞ്ഞു കേട്ടിട്ടുണ്ട്. (ശ്രദ്ധേയമായ അനുഭവമൊന്നും കണ്ടിട്ടില്ല.) പിന്നെ പാടാനാണെങ്കില്‍, രോഗീ ക്ഷതാംഗോ ഗുളികേ തനുസ്ഥേ....എന്നോ ചോരക്രൂരോ വിനയരഹിതോ എന്നോ തുടങ്ങി പല പാട്ടുകളും ലഭ്യമാണല്ലോ. ഏതും പാടാവുന്നതാണ്. :) അവയെക്കുറിച്ച് എതിരോ അനുകൂലമോ ആയി എന്തെങ്കിലും പറയുന്നതില്‍ എനിക്ക് താല്‍പര്യമില്ല. പലപ്പോഴും പലതും പറഞ്ഞു ശരിയാക്കാവുന്നതാണ് എന്നത് ജ്യോതിഷികള്‍ക്ക് ഏവര്‍ക്കും അറിവുള്ള കാര്യമാണ്. എല്ലാം സന്ദര്‍ഭത്തിനനുസരിച്ച് ഉപയോഗിക്കാവുന്നതേ ഉള്ളു.
Counter (വിജയാമേനോന്‍): ഗുളികനെ കേരളീയര്‍ ഒഴിച്ച് മറ്റാരും ഗണിക്കാറില്ല അല്ലേ? രാഹുമാതിരിയുള്ള സമയഭേദമല്ലേ ഗുളികന്‍? കേരളത്തില്‍ ഗുളികനും മാന്ദിയും ഒന്നുതന്നെയല്ലേ?
മറുപടി (ശ്രീനാഥ് ഒജി): പരാശരഹോരയിലും ഉത്തരകാലാമൃതത്തിലും മുഹൂര്‍ത്തചിന്താമണിയിലും ബൃഹത് ദൈവജ്ഞരഞ്ജനത്തിലും എന്നുവേണ്ട ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും പ്രസിദ്ധമായ ഒട്ടുമിക്ക പ്രമുഖഗ്രന്ഥങ്ങളിലും ഗുളികനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്, ഗുളികന്‍ പരിഗണിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഗുളികനെ കേരളീയര്‍ ഒഴിച്ച് മറ്റാരും ഗണിക്കുന്നില്ല എന്നു പറയാനാവില്ല. രാഹുമാതിരിയുള്ള ഒരു സമായഭേദമാണ് ഗുളികന്‍ എന്നും പറയാനാവില്ല. കാരണം രാഹു ഒരു സമയഭേദമല്ല, മറിച്ച് ഒരു നിഴലാണ്, അതിന്റെ സ്ഥാനം ഗണിതം കൊണ്ട് നിര്‍ണയിക്കാറുണ്ട് എന്നു മാത്രം. അതേ കേരളത്തില്‍ ഗുളികനും മാന്ദിയും ഒന്നുതന്നെയാണ് - അതു ദേശാചാരം. പരാശരഹോര, ഉത്തരകാലാമൃതം തുടങ്ങിയ പ്രാചീന ഗ്രന്ഥങ്ങള്‍ പ്രകാരം ഗുളികനും മാന്ദിയും വ്യത്യസ്തമാണ്. പക്ഷെ ഫലദീപികയേയും പ്രശ്നമാര്‍ഗത്തെയും പിന്തുടര്‍ന്നും അഥവാ ഇവ രണ്ടും ഗുളികകാലത്തിനുള്ളില്‍ വരുന്ന സമീപസ്ഥമായ സമയഭേദങ്ങളാകയാലും ആവാം, ഇവ രണ്ടിനേയും ഒന്നായി (ഗുളികനെന്നാല്‍ മാന്ദി എന്നതിന്റെ പര്യായമായി) പരിഗണിക്കുന്നതാണ് കേരളത്തിലെ ദേശാചാരം. കേരളത്തില്‍ മാന്ദിക്കാണ് പ്രാധാന്യം.
മിഥുന്‍ വി രാമകൃഷ്ണന്‍: ഗണിതഭാഗങ്ങളിൽ മാന്ദിയും ഗുളികനും രണ്ടാണെങ്കിലും ഫലഭാഗങ്ങളിൽ ഒന്ന് തന്നെ.ഗുളികനെ കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. നാരദന്റെ ഏഷണി മൂലം ഗുരുവും ശനിയും യുദ്ധം ചെയ്തു കുറേക്കാലം പോരാട്ടം തുടർന്നു ഗുരു ധനുവിലും ശനി മേടത്തിലും വന്നപ്പോൾ ഗുരുവിന്റെ അമ്പേറ്റു ശനി നിലംപതിച്ചു ശനിയുടെ ശരീരത്തിൽ നിന്നും തെറിച്ചു വീണ രക്ത തുള്ളികളിൽ നിന്നും ഗുളികൻ ജനിച്ചു!
ശ്രീലക്ഷ്മി ജ്യോതിഷാലയം പൂഴാതി: ഗുളികനെ (മാന്ദി) പററിയുള്ള വിവരണം തന്നതിന് ഒരായിരം നന്ദി....മാന്ദിയും ഗുളികനും ഒന്നുതന്നെയാണെന്നാണ് ഞാന്‍ ഇതുവരെയും മനസ്സിലാക്കിവെച്ചത്....
വിജയാമേനോന്‍: ഇന്ദ്രജിത്തിന്റെ ജനനസമയം അടുത്തപ്പോൾ, രാവണൻ ഗ്രഹങ്ങളെയെല്ലാം ഇഷ്ട സ്ഥാനങ്ങളിൽ പിടിച്ചു ബന്ധിച്ചത്രേ.ഗ്രഹങ്ങൾ ആകെ അങ്കലാപ്പിലായി. എല്ലാവരും ചിന്തയിലാണ്ടു. ഈ സമയം മലിനനായ ശനിയുടെ ബുദ്ധിയിൽ ഒരുപായമുദിച്ചു. തന്റെ ശരീരത്തിലുള്ള അഴുക്കെല്ലാം തുടച്ചെടുത്തു ഒരു ഗുളിക രൂപത്തിലാക്കി ജീവൻ കൊടുത്ത് ഇന്ദ്രജിത്തിന്റെ അഷ്ടമഭാവത്തിൽ നിർത്തിയെന്നും കഥയുണ്ടു്. ഗുളികയ്ക്ക് ജീവൻ വച്ചപ്പോൾ ഗുളികനായി.
മിഥുന്‍ വി രാമകൃഷ്ണന്‍: മറ്റൊരു കഥ. 11 ഇൽ ബന്ധിപ്പിക്കപ്പെട്ട ശനി തന്റെ മലിനതയെടുത്തു 12 ഇൽ നിക്ഷേപിച്ചു എന്നാണു കേട്ടിട്ടുള്ളത്. മന്ദ പുത്രൻ മാന്ദി, ഗുളികന് എങ്ങനെ ആ പേര് വന്നു. ചിലയിടങ്ങളിൽ കൂലികൻ എന്നപേരും ഉപയോഗിച്ച് കണ്ടിട്ടുണ്ട്.
മനോജ് വി: മിഥുൻ ജി. പറഞ്ഞ കഥയും ടീച്ചർ പറഞ്ഞ കഥയും ഞാനും കേട്ടിരുന്നു. അപ്പോൾ കഥയിലെ യുക്തി കടമെടുത്ത് നോക്കിയാൽ ഗുളിക രൂപത്തിൽ, നാശകാരിയിൽ നിന്നും പിറവികൊണ്ട മറ്റൊരു ഉപനാശകാരിയായി മാന്ദിയെ കണക്കാക്കാം എന്ന് തന്നെയല്ലേ? കഥകൾ ശരിയോ തെറ്റോ ആവാം , ഈ കഥകളിലൂടെ ആ ഗ്രഹങ്ങളുടെ ഒരു പൊതുസ്വഭാവം തരാതരം പോലെ ഫല നിരൂപണത്തിൽ, സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് പ്രയോജനപ്പെടുത്താം എന്നല്ലേ?
You are not authorised to post comments.