പ്രശ്നമാര്‍ഗം ശ്ലോകം - 1

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

(കേരളജ്യോതിഷം ഗ്രൂപ്പില്‍ പ്രശ്നമാര്‍ഗത്തിലെ ഒന്നാം ശ്ലോകത്തെക്കുറിച്ചു നടന്ന ചര്‍ച്ചയെ ആധാരമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി, നമസ്കാരം.)

മധ്യാടവ്യധിപം ദുഗ്ദ്ധസിന്ധുകന്യാധവം ധിയാ
ധ്യായാമി സാധ്വഹം ബുദ്ധേഃ ശുദ്ധ്യൈ വൃദ്ധ്യൈ ച സിദ്ധയേ
.

[ഞാന്‍ ബുദ്ധിയുടെ ശുദ്ധിക്കും വൃദ്ധിക്കും സിദ്ധിക്കും വേണ്ടി, 'മധ്യാടവി' (എടയ്ക്കാട്) ദേശത്തിന്റെ അധിപനായ പാല്‍ക്കടലിലെ കന്യകയുടെ ഭര്‍ത്താവിനെ (ലക്ഷ്മീപതിയായ വിഷ്ണുവിനെ) ബുദ്ധികൊണ്ട് നല്ലതുപോലെ ധ്യാനിക്കുന്നു.]

ചരിത്രം

പ്രശ്നമാര്‍ഗം ഗ്രന്ഥാരംഭമാണ്. മധ്യാടവി (വനമധ്യം, എടയ്ക്കാട്) എന്നു പറഞ്ഞുകൊണ്ടാണ്, കാട്ടിന്‍ നടുവിലകപ്പെട്ടതുപോലുള്ള അവസ്ഥ സൂചിപ്പിച്ചുകൊണ്ടാണ് ഗ്രന്ഥം ആരംഭിക്കുന്നത്.   പുസ്തകങ്ങളുടെയും പദ്യങ്ങളുടെയും ഗ്രന്ഥങ്ങളുടെയും സമ്പ്രദായങ്ങളുടെയും നടുക്കടലില്‍ അകപ്പെട്ടപ്പോള്‍, തനിക്ക് സ്വയമേവ ശരിയായൊരു വഴി കിട്ടാനായി കിട്ടിയതെല്ലാം അടുക്കിപ്പെറുക്കി, അഷ്ടമംഗലപ്രശ്നത്തിന് ഒരു ഗ്രന്ഥമുണ്ടാക്കിയതാവാം.   പതിമൂന്നാം നൂറ്റാണ്ടിലോ മറ്റോ എഴുതപ്പെട്ട പ്രശ്നാനുഷ്ഠാനപദ്ധതിയാണ് ഇതിനുമുമ്പ് അഷ്ടമംഗലപ്രശ്നത്തിനുണ്ടായിരുന്ന ആധികാരിക ഗ്രന്ഥം. ആ ഗ്രന്ഥത്തിലെ ഒട്ടുമിക്ക ശ്ലോകങ്ങളും പതിനേഴാം നൂറ്റാണ്ടില്‍ (AD 1625) എഴുതപ്പെട്ട സ്വഗ്രന്ഥത്തിലേക്ക് (പ്രശ്നമാര്‍ഗ്ഗതിലേക്ക്) എടയ്ക്കാട് ദേശത്തിലെ പനയ്ക്കാട് ഇല്ലത്തു ജനിച്ച പനയ്ക്കാട് നമ്പൂതിരി എന്നു പ്രസിദ്ധനായ ആചാര്യന്‍, പ്രശ്നമാര്‍ഗകര്‍ത്താവ് എടുത്തുചേര്‍ത്തിട്ടുണ്ട്. ഈ അര്‍ത്ഥത്തില്‍ പ്രശ്നാനുഷ്ഠാനപദ്ധതിയുടെ ഒരു നവീകരണമാണ് പരിഷ്ക്കരണമാണ് പ്രശ്നമാര്‍ഗം എന്നു പറയാം. ഈ നമ്പൂതിരിയുടെ പേരും വിഷ്ണു എന്നാണോ നാരായണന്‍ എന്നാണോ എന്നു തര്‍ക്കമുണ്ട്. വിഷ്ണുനാരായണന്‍ എന്നും ആയിക്കൂടായ്കയില്ല. ഏതായാലും ശരി, ഗ്രന്ഥകര്‍ത്താവ് സ്വനാമം ഈ ശ്ലോകത്തിലൂടെ (ദുഗ്ദ്ധസിന്ധുകന്യാധവം എന്നു പറയുന്നതിലൂടെ) നല്‍കിയിരിക്കുന്നു എന്നു വാദിക്കുകയുമാവാം.

മംഗളാചരണത്തോടുകൂടി, ഈശ്വരപ്രാര്‍ത്ഥനയോടുകൂടി, ഏതൊരു ഗ്രന്ഥവും ആരംഭിക്കുക എന്നത് സമ്പ്രദായമാണ്. ഇവിടെ പ്രശ്നമാര്‍ഗകര്‍ത്താവും ആ സമ്പ്രദായം തന്നെയാണ് പിന്തുടരുന്നത്. പ്രശ്നമാര്‍ഗകര്‍ത്താവിന്റെ കുലദേവതയാണ് എടയ്ക്കാട് ക്ഷേത്രത്തിലെ വിഷ്ണുപ്രതിഷ്ഠയെങ്കില്‍, ജ്യോതിഷിയെ സംബന്ധിച്ചിടത്തോളം കുലദേവതാ ഉപാസനയുടെ പ്രാധാന്യം കൂടി സൂചിപ്പിച്ചിരിക്കുന്നു എന്നു വാദിക്കുകയുമാവാം.

എടയ്ക്കാട് ദേശത്തെ വിഷ്ണുക്ഷേത്രത്തെക്കുറിച്ചാണ് സൂചന എന്നതിനാല്‍ ഗ്രന്ഥകര്‍ത്താവിന്റെ ജന്മദേശം സൂചിപ്പിച്ചിരിക്കുന്നു എന്ന മെച്ചവുമുണ്ട്. ഗ്രന്ഥകര്‍ത്താവിന്റെ പേരും ജന്മദേശവുമെല്ലാം ഗ്രന്ഥത്തിന്റെ ആരംഭത്തിലോ അവസാനത്തിലോ സൂചിപ്പിക്കുക നല്ല സമ്പ്രദായമാണ്. അങ്ങനെയെങ്കില്‍ നാം മുമ്പു സംശയിച്ചതുപോലെ ഗ്രന്ഥകര്‍ത്താവിന്റെ ജന്മദേശം മാത്രമല്ല പേരും ഈ ശ്ലോകത്തില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട് എന്ന വാദത്തിന് അനുകൂലമായ ഒരു സൂചനകൂടി കിട്ടി എന്നു കരുതാം.

ജ്യോതിഷിക്ക് അവശ്യം വേണ്ടുന്നവയാണ് ബുദ്ധി, ശുദ്ധി, വൃദ്ധി, സിദ്ധി, ധ്യാനം എന്നും സൂചിപ്പിച്ചിട്ടുണ്ടെന്നു കരുതാം.

എന്തിന്റെ സിദ്ധിക്കുവേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത് എന്ന ചോദ്യത്തിന്, സിദ്ധയേ ക്രിയമാണസ്യ പ്രശ്നമാര്‍ഗസ്യ (പ്രശ്നമാര്‍ഗത്തിന്റെ നിര്‍മാണം എന്ന പ്രവൃര്‍ത്തിയുടെ കാര്യസിദ്ധിക്കായി, അവിഘ്നപരിസമാപ്തിക്കായി എടയ്ക്കാട് ക്ഷേത്രത്തിലെ വിഷ്ണുവിനെ ധ്യാനിക്കുന്നു) എന്നിങ്ങനെ പ്രശ്നമാര്‍ഗം ഉപരത്നശിഖാ വ്യാഖ്യാനത്തില്‍ പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ വ്യാഖ്യാനിക്കുന്നു.

പ്രശ്നമാര്‍ഗവ്യാഖ്യാനത്തിന് പുന്നശ്ശേരി ഉപരത്നശിഖ എന്ന പേരു കൊടുത്തത് എന്തുകൊണ്ടെന്നും ഇത്തരുണത്തില്‍ ചിന്തിക്കുന്നത് നന്നായിരിക്കും. രത്നശിഖ എന്ന പേരില്‍ പ്രശ്നമാര്‍ഗ്ഗം പൂര്‍വ്വാര്‍ദ്ധത്തിന് ഒരു വ്യാഖ്യാനം കൈക്കുളങ്ങര രാമവാര്യര്‍ അതിനുമുമ്പുതന്നെ എഴുതിയിട്ടുണ്ടായിരുന്നു. കൈക്കുളങ്ങരയോടുള്ള ബഹുമാനാധിക്യം കൊണ്ടാണ് തന്റെ വ്യാഖ്യാനത്തിന് പുന്നശ്ശേരി ഉപരത്നശിഖ എന്നു പേരിട്ടത്. രത്നശിഖയ്ക്ക് ഒരു പടി താഴെ എന്ന അര്‍ത്ഥത്തില്‍. പക്ഷെ വാസ്തവത്തില്‍ രത്നശിഖയേക്കാള്‍ മെച്ചപ്പെട്ട പ്രശ്നമാര്‍ഗ വ്യാഖ്യാനമാണ് ഉപരത്നശിഖ. അതുകൊണ്ടുതന്നെയാവാം ഉപരത്നശിഖയാണ് കൂടുതല്‍ പ്രസിദ്ധമായതും. പ്രശ്നമാര്‍ഗകര്‍ത്താവുതന്നെ പ്രശ്നമാര്‍ഗത്തിന് വളരെ ലഘുവായ ഒരു ടീക (അല്‍പം ചില വാക്കര്‍ത്ഥങ്ങളും വിശദീകരണങ്ങളും മാത്രം നല്‍കുന്ന ഒന്ന് ) എഴുതിയിട്ടുണ്ട്. ദുര്‍ഗമാര്‍ത്ഥപ്രകാശിനി എന്നാണ് ആ ടീകയ്ക്കു പേര്. നമ്മുടെ പ്രിയങ്കരനായ ചെറുവള്ളി നാരായണന്‍ നമ്പൂതിരി മുന്‍കൈയെടുത്ത് പ്രശ്നമാര്‍ഗത്തിന്റെ ദുര്‍ഗ്ഗമാര്‍ത്ഥപ്രകാശിനി ടീക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലും ഉപരത്നശിഖയിലുള്ളതിനേക്കാള്‍ അധികമൊന്നും കൂടുതലായി കാണാനില്ല.

സത്യത്തില്‍ ആധുനികകാലത്തിനിണങ്ങിയ വിശദമായ ഒരു വ്യാഖ്യാനം പ്രശ്നമാര്‍ഗത്തിന് ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ഉപരത്നശിഖ പോലും ഭാഷകൊണ്ടും, വളരെ സംക്ഷിപ്തമാണ് എന്നതുകൊണ്ടും, എല്ലാ കാഴ്ചപ്പാടുകളും സാധ്യതകളും അവതരിപ്പിക്കുന്നില്ല എന്നതുകൊണ്ടും വേണ്ടത്ര മെച്ചമാണ് എന്നു പറയാനാവില്ല. എങ്കിലും ഇന്നു ലഭ്യമായ വ്യാഖ്യാനങ്ങളില്‍ (ഒരു വിവര്‍ത്തനം എന്നതിനപ്പുറം ഇതിനെ ഒരു വ്യാഖ്യാനം എന്നു വിളിക്കാമോ എന്നുപോലും സംശയിക്കണം) ഏറ്റവും മെച്ചം. വളരെ ഗഹനവും ഉത്തമവുമായ ഒരു പുതു വ്യാഖ്യാനത്തിനുള്ള സാധ്യത അവശേഷിപ്പിക്കുന്ന ഗ്രന്ഥമാണ് പ്രശ്നമാര്‍ഗം. സമീപഭാവിയില്‍ ആരെങ്കിലും അത്തരമൊരു വ്യാഖ്യാനം തയ്യാറാക്കും എന്നു നമുക്ക് പ്രതീക്ഷിക്കാം. അതിന് കഴിവുറ്റവര്‍ പലരും കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുണ്ട്. (കോഴിക്കോട് വിജയരാഘവപ്പണിക്കര്‍ ഉദാഹരണം. പക്ഷെ ഇവരൊക്കെ ഇത്തരമൊരു ബൃഹത് സംരംഭം ഏറ്റെടുത്ത് ചെയ്തുകിട്ടുമോ എന്നു കണ്ടറിയണം!)

പ്രശ്നമാര്‍ഗ്ഗം ഒരു സ്വതന്ത്രഗ്രന്ഥമല്ല, മറിച്ച് ഒരു സമാഹാരമാണ് (Collection). സമാഹാരങ്ങളാണ് ജ്യോതിഷത്തെ പരിരക്ഷിക്കാന്‍ ആവശ്യം എന്ന് കേരളീയര്‍ക്ക് ചൂണ്ടിക്കാണിച്ചുതന്നെ ഒരുപക്ഷെ ആദ്യത്തെ പ്രമുഖഗ്രന്ഥം. ചെറു സ്വതന്ത്രഗ്രന്ഥങ്ങളുണ്ടാക്കാന്‍ എളുപ്പമാണ്, ആത്മവിശ്വാസവും അറിവും മതി. പക്ഷെ ഒരു സമാഹാരമുണ്ടാക്കാന്‍ ആദ്യം വേണ്ടത് വിനയമാണ്. തന്റെ അറിവിനേക്കാള്‍ ബൃഹത്തും മികച്ചതും തനതുമാണ് തനിക്ക് മുന്നേ പോയവരുടെ അറിവെന്ന് അറിഞ്ഞംഗീകരിക്കാനും, അറിവിന്റെ ആ മുത്തുമണികളെ ദര്‍ശനീയമായ ഒരു മാലയാക്കി അവതരിപ്പിക്കാനുള്ള വിനയവും പ്രതിഭയും. കേരളീയ ജ്യോതിഷികള്‍ക്ക് ഈ പ്രതിഭ പരിചയപ്പെടുത്തിയ ആദ്യത്തെ പ്രമുഖ ആചാര്യന്‍ ബൃഹത്സംഹിതാ കര്‍ത്താവായ വരാഹമിഹിരനാവാം. ബൃഹത്സംഹിതയും ഒരു സമാഹാരം (സംഹിത, Collection) ആയിരുന്നുവല്ലോ. പ്രശ്നമാര്‍ഗ്ഗവും ഒരു സമാഹാരമാണ്, സംഹിതയാണ്. പ്രശ്നം സംഹിതാസ്കന്ധത്തിന്റെ ഉപവിഭാഗമാണ് എന്നു പറയുന്നതും ഇതുകൊണ്ടാവാം. പ്രശ്നത്തിനുവേണ്ടി ആദ്യമായി ഒരു സംഹിത ഉണ്ടാക്കിയ ആചാര്യന്‍ എന്ന അര്‍ത്ഥത്തില്‍ പുതുപഥം വെട്ടിത്തെളിച്ചയാളാണ് പ്രശ്നമാര്‍ഗാചാര്യന്‍ എന്നു പറയാം.

പൂര്‍വ്വാചാര്യ ഗ്രന്ഥേനോത്സൃഷ്ടാഃ കുര്‍വ്വതാ മയാ ശാസ്ത്രം
താനവലോക്യേദം ച പ്രയതദ്ധ്വം കാമതസ്സുജനാഃ

-          വരാഹമിഹിരന്‍ (ബൃഹത്സംഹിത)

പൂര്‍വ്വാചാര്യന്മാര്‍ നിര്‍മ്മിച്ചിട്ടുള്ള പുസ്തകങ്ങളെ ഞാന്‍ ഉപേക്ഷിച്ചിട്ടില്ല. ആവക ഗ്രന്ഥങ്ങളെ നല്ലതുപോലെ നോക്കി മനസ്സിലാക്കിയശേഷം തന്നെയാണ്, അവയില്‍ നിന്ന് ഉത്തമമായ ഉദ്ധരണികള്‍ മാത്രം സ്വീകരിച്ച്, ഈ ഗ്രന്ഥത്തെ നിര്‍മ്മിച്ചിട്ടുള്ളത്. അതിനാല്‍ അല്ലയോ സജ്ജനങ്ങളേ, നിങ്ങള്‍ ഈ ഗ്രന്ഥം പഠിക്കുന്നതിനായി പരിശ്രമിച്ചാലും.

എന്ന് വരാഹമിഹിരന്‍ പറഞ്ഞതുപോലെ പറയാനുള്ള അര്‍ഹത, അനേകം ഗ്രന്ഥങ്ങളിലെ ശ്ലോകമണികള്‍ കോര്‍ത്ത് മനോഹരഹാരം നിര്‍മ്മിച്ച പ്രശ്നമാര്‍ഗകര്‍ത്താവിനുമുണ്ട്.

പ്രായേണ സൂത്രേണ വിനാ കൃതാനി പ്രകാശരന്ധ്രാണി ചിരന്തനാനി
രത്‌നാനി ശാസ്ത്രാണി ച യോജിതാനി നവൈര്‍ ഗുണൈര്‍ ഭൂഷയിതും ക്ഷമാണി

-          വരാഹമിഹിരന്‍ (ബൃഹത്സംഹിത)

ആശയങ്ങളിലൂടെ കടന്നുപോകുന്ന (പരസ്പരബന്ധത്തിന്റെ) ചരടില്‍ കോര്‍ക്കാതെയാണ് രത്‌നതുല്യങ്ങളായ പ്രാചീനാശയങ്ങളില്‍ പലതും ശാസ്ത്രങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അവയെ പരസ്പരം യോജിപ്പിച്ച് (യുക്തിയോടെ പരസ്പരബന്ധത്തിന്റെ) ചരടില്‍ കോര്‍ത്തെടുക്കുമ്പോള്‍ അവ നവീനമായ അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കാന്‍ യോഗ്യതയുള്ളവയായി വിളങ്ങുന്നു.

അതേ, അതുതന്നെയാണ് പ്രശ്നമാര്‍ഗ്ഗത്തിന്റെയും മെച്ചം! ഇതര ഗ്രന്ഥങ്ങളില്‍ നിന്നുള്ള ശ്ലോകങ്ങള്‍ സ്വീകരിച്ച് ഈ മനോഹരഹാരം തീര്‍ത്ത പ്രശ്നമാര്‍ഗാചാര്യന്‍, അതില്‍ മാത്രം ഒതുങ്ങി നിന്നില്ല. അദ്ദേഹം സ്വയം രചിച്ചവയയായും 800-ലധികം ശ്ലോകങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്! അങ്ങനെയാണ് ഒരു സമാഹാരം എന്നതിലുപരി ഒരു സ്വതന്ത്രഗ്രന്ഥത്തിന്റെ കരുത്ത് ഈ ഗ്രന്ഥത്തിന് കൈവരുന്നത്.

വിധിവൈപരീത്യമെന്നുപറയട്ടെ ഒരു നല്ല ഗ്രന്ഥത്തിന്റെ കരുത്ത് തിരിച്ചറിയുന്നത് അത് എത്ര ഗ്രന്ഥങ്ങളുടെ നാശത്തിന് കാരണമായി എന്നതിന്റെ അടിസ്ഥാനത്തിലാണ്! ഒരു നല്ല ഗ്രന്ഥം പിറവിയെടുക്കുമ്പോള്‍ അതേ കാര്യം ചര്‍ച്ച ചെയ്തിരുന്ന അതിനുമുമ്പുള്ള ഗ്രന്ഥങ്ങളെല്ലാം നാശമടയുന്നു, ആ ഗ്രന്ഥം മാത്രം നിലനില്‍ക്കുന്നു! ഈ അര്‍ത്ഥത്തില്‍ ബൃഹജ്ജാതകവും, ബൃഹത്സംഹിതയും, പ്രശ്നമാര്‍ഗ്ഗവുമെല്ലാം ഒട്ടേറെ ഗ്രന്ഥങ്ങളുടെ നാശത്തിന് കാരണമായിട്ടുണ്ട്. ഈ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളവയില്‍ ഉള്‍ക്കരുത്തുള്ള അല്‍പം ചില ഗ്രന്ഥങ്ങളൊഴികെ മറ്റെല്ലാം നാശമടഞ്ഞിരിക്കുന്നു. നശിച്ചുപോയ ഗ്രന്ഥങ്ങളിലെ ഒട്ടനേകം മനോഹരശ്ലോകങ്ങള്‍ വളരെ പ്രയോജനപ്രദമായവ സംരക്ഷിച്ചു എന്ന അഭിനന്ദനം ഇത്തരം മഹത് ഗ്രന്ഥങ്ങള്‍ക്ക് നല്‍കുമ്പോള്‍ തന്നെ, ആ ഗ്രന്ഥങ്ങളുടെ നാശത്തിനു കാരണമായതും ഇതേ ഗ്രന്ഥങ്ങള്‍ തന്നെയാണെന്നത് മറന്നുകൂടാ. ഇക്കാരണം കൊണ്ടുതന്നെയാണ് ബൃഹത്സംഹിതയിലും പ്രശ്നമാര്‍ഗത്തിലും പരാമര്‍ശിക്കപ്പെടുന്ന ഒട്ടുമിക്ക ഗ്രന്ഥങ്ങളും നമുക്കിന്ന് ലഭ്യമല്ലാത്തതും. പഴയ പലേ ഗ്രന്ഥങ്ങളും നശിക്കുമ്പോള്‍ സാഹചര്യം (context) അനുകൂലമല്ലാത്തതുകൊണ്ടോ മറ്റോ ഇത്തരം ഗ്രന്ഥങ്ങളില്‍ ഉള്‍ച്ചേര്‍ക്കാത്തതും വളരെ പ്രയോജനപ്രദവുമായ ഒട്ടനേകം ശ്ലോകങ്ങളും അവയോടൊപ്പം നശിച്ചുപോവും. വേറിട്ട ലക്ഷ്യത്തോടെ മറ്റാരെങ്കിലും ഒരു സമാഹാരത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടില്ലായെങ്കില്‍ നഷ്ടഗ്രന്ഥങ്ങളിലെ നല്ല ശ്ലോകങ്ങള്‍ പോലും നമുക്ക് നഷ്ടമാവും. അതുകൊണ്ടുതന്നെ പുണ്യമെന്നപോലെ പാപവും സമാര്‍ജ്ജിച്ചവയാണ് ഇത്തരം ഗ്രന്ഥങ്ങള്‍ എന്നു പറയാം. പ്രശ്നമാര്‍ഗ്ഗമെന്ന ഈ ഉത്തമഗ്രന്ഥമെഴുതിയ കശ്മലന്‍ കാരണമാണ് ഒട്ടുവളരെ പഴയഗ്രന്ഥങ്ങള്‍ നമുക്കു നഷ്ടപ്പെട്ടുപോയത്. ബൃഹജ്ജാതകം കാരണമാണ് സ്കന്ദഹോരാദി ഋഷിഹോരകള്‍ പലതും നശിച്ചുപോയത്. പക്ഷെ പറ്റിയത് പറ്റി, ഈ മഹാത്മാക്കളായ പ്രതിഭകളെ അതിന്റെ പേരില്‍ പഴിക്കുന്നതില്‍ അര്‍ത്ഥമില്ല, കാരണം നേട്ടങ്ങളോടൊപ്പം ഇത്തരം കോട്ടങ്ങള്‍ ഒഴിവാക്കാനാവാത്തതാണ്. ഈ ചരിത്രം എല്ലാ കാലത്തും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. എല്ലാ സംരക്ഷണശ്രമങ്ങളും മറ്റു പലതിന്റേയും നാശത്തിനു കാരണാവും, ഉള്‍ക്കരുത്തുള്ളത് അതിജീവിക്കും. നമുക്ക് പ്രശ്നപഠനത്തിന്റെ ഈ രാജപഥം പ്രദാനം ചെയ്ത പ്രശ്നമാര്‍ഗ്ഗകര്‍ത്താവിന്റെ ഗുരുചരണങ്ങളില്‍ പ്രണാമര്‍പ്പിച്ച് നമുക്ക് പഠനം തുടരാം.

അര്‍ത്ഥം

ഇതിൽ മദ്ധ്യ എന്നത് ഇടയും അടവി എന്നത് കാടും ആയി ഗ്രന്ഥകാരൻ അല്ലേൽ പ്രശ്നമാർഗ്ഗ ആചാര്യൻ ഇടയ്ക്കാട് എന്ന ഗ്രാമത്തിലെ ദേവതയെ പ്രകീർത്തിച്ചതാണോ അതോ ഇടയ്ക്കാട് കാനന മദ്ധ്യത്തിനു എന്തേലും പ്രസക്തി ഉണ്ടോ? എന്താണ് ദുഗ്ധ-സിന്ധു-കന്യാ-ധവം എന്ന ഓരോ ശബ്ദം പ്രതിനിധീകരിക്കുന്നത്? മദ്ധ്യാടവ്യധിപം ദുഗ്ദ്ധ സിന്ധു കന്യാധവം = മധ്യാടവ്യധിപനായ ദുഗ്ദ്ധസിന്ധുകന്യാധവനെ. എന്നര്‍ത്ഥം. മധ്യം - ഇട, നടു. അടവി - കാട്, വനം. ഇടയ്ക്കാട്, നടുവനം, വനമധ്യം എന്നെല്ലാം പറയാം. ദുഗ്ദ്ധം - പാല്. സിന്ധു - സമുദ്രം, നദി. കന്യ - കന്യക, സ്ത്രീ. ധവന്‍ - ഭര്‍ത്താവ്. കന്യയ്ക്ക് സ്ത്രീ എന്നു കൂടി അര്‍ത്ഥമുണ്ട്. ദുഗ്ദ്ധസിന്ധുകന്യാധവം - പാല്‍ക്കടലിലെ കന്യകയുടെ ഭര്‍ത്താവിനെ (ലക്ഷ്മീദേവിയുടെ ഭര്‍ത്താവായ വിഷ്ണുവിനെ) എന്നര്‍ത്ഥം. കന്യകയ്ക്ക് ഭര്‍ത്താവുണ്ടാവുമോ? പ്രശ്നമാർഗ്ഗ ആചാര്യൻ അങ്ങനെ പറയുമോ? മധ്യാടവ്യധിപം, ദുഗ്ദ്ധസിന്ധുകന്യാധവം എന്നിവയൊന്നും കലിദിനം സൂചിപ്പിക്കുന്ന പരല്‍പേര്‍ സംഖ്യയാവാനുള്ള സാധ്യതയില്ല. ലക്ഷ്മീദേവി, പാര്‍വ്വതീദേവി തുടങ്ങിയവരെല്ലാം നിത്യകന്യകമാരാണല്ലോ. അപ്പോള്‍ നിത്യകന്യകമാരെ പ്രത്യേകം സൂചിപ്പിക്കാനാണോ കന്യാ എന്നു സൂചിപ്പിച്ചത്? പാൽക്കടലിൽ പള്ളികൊള്ളുന്ന മഹാവിഷ്ണു ആണെങ്കിൽ അനന്തശയനം ആയിരിക്കണമല്ലോ? അങ്ങനെ ആണേൽ എന്താ അനന്തനെ പറയാത്തത്? എടയ്ക്കാട് ക്ഷേത്രത്തിലേത് അനന്തശയനപ്രതിഷ്ഠയാണോ? കന്യാ - കനീ ദീപ്തികാന്തി തനുഷു. ശോഭയുള്ളവള്‍ എന്ന് അര്‍ത്ഥം. കന്യാ നാര്യാം കുമാര്യാഞ്ച എന്നുമുണ്ടല്ലോ. ശോഭയുള്ളവള്‍, ലക്ഷ്മീ എന്നിങ്ങനെ മംഗളദേവതാ ശബ്ദം. പിന്നെ കന്യകയെ തന്നെയാണ് വരിക്കുന്നത് എന്നര്‍ത്ഥത്തില്‍ കന്യകയായ ലക്ഷ്മിയെ വരിച്ചിയങ്ങുന്നവന്‍. മണവാളനാണ്. പാല്‍ക്കടല്‍ മാനിനീതന്നുടെ കണ്ണിനു പാല്‍ക്കുഴമ്പായുള്ളോരായര്‍ പൈതല്‍. ലക്ഷ്മീ മണാളനാം നാരായണന്‍. മഹാവിഷ്ണു - ലക്ഷ്മീ ദമ്പതികൾക്ക് മക്കളില്ലല്ലോ, ആ നിലയിലും ദേവിയെ കന്യകയായി തന്നെ പരികല്പിക്കാം.  അങ്ങനെ കന്യാ എന്നുള്ള ശബ്ദത്തിനു തീർപ്പായി.

മധ്യാടവീ എന്നാല്‍ എടക്കാട് എന്ന് തന്നെ അര്‍ത്ഥം. കണ്ണൂരിനും തലശ്ശേരിക്കും ഇടയില്‍ എടക്കാട് എന്ന സ്ഥലത്തുള്ള വിഷ്ണുവിനെ ധ്യാനിക്കുന്നു എന്നുതന്നെ. യസ്യജ്ഞാനദയാസിന്ധോ  എന്ന് അമരസിംഹന്‍ പറഞ്ഞത് പോലെ, ജ്ഞാനത്തിന്‍റെയും ദയയുടെയും സിന്ധുവാണ് ഭഗവാന്‍ നാരായണന്‍. ജ്ഞാനമുണ്ടായാല്‍ പോരാ അത് തരാനുള്ള ദയയും ഉള്ളവനാകണം. ദയയുള്ളവനേ ദാനം ചെയ്യൂ. എന്നാല്‍ ആ ജ്ഞാനം എങ്ങനെയുള്ളതാകണം? അവിടെയാണ് കന്യാപദം. കന്യകാ എന്നാല്‍ ശോഭയുള്ളത്, മറ്റൊന്ന് കളങ്കമില്ലാത്തത്, ശുദ്ധിയുള്ളത്, മറ്റാരും സ്വന്തമാക്കാത്തത്. അങ്ങനെയുള്ള ജ്ഞാനമാകുന്ന ലക്ഷ്മിയായ ഐശ്വര്യത്തോടുകൂടിയ അതിനെ വരിച്ചവനാണ് ഈ എടയ്ക്കാട്ടപ്പന്‍. അപ്പോള്‍ ആ ദേവന്‍ അനുഗ്രഹിച്ചാല്‍ ശുദ്ധിയും വൃദ്ധിയും കിട്ടും. ബുദ്ധിരൂപേണസംസ്ഥിതയായ ആ ദേവീ,വിദ്യാരൂപേണസംസ്ഥിതയായിരിക്കുന്ന ആ ലക്ഷ്മീ മണാളന്‍ ശുദ്ധിയും വൃദ്ധിയും തരേണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു.

സിദ്ധി എന്താണ്? അത് മഹാ അനുഗ്രഹമാണ്. യഥാകാലം യഥാവിധി കിട്ടണം. എപ്പോഴെങ്കിലും പോരാ. വേണ്ടുന്നസമയം വേണ്ടുംപോലെ ലഭിച്ചാലേ സിദ്ധി എന്ന് പറയാന്‍ പറ്റൂ.

ധിയാ സാധ്വഹം എന്നതിനെ സാധ്വഹം എന്നതിനെ സാധുവായ ഞാന്‍ ബുദ്ധികൊണ്ട് ധ്യാനിക്കുന്നു എന്നല്ല മറിച്ച്, ധീകൊണ്ട് സാധുവാകുംവണ്ണം ധ്യാനിക്കുന്നു (ബുദ്ധികൊണ്ട് നല്ലവണ്ണം ധ്യാനിക്കുന്നു) എന്നുതന്നെയാണ് രത്നശിഖാകര്‍ത്താവും ഉപരത്നശിഖാകര്‍ത്താവും വ്യാഖ്യാനിക്കുന്നത്. അതുതന്നെയാണ് ശരിയും എന്നു തോന്നുന്നു.

വർഗ്ഗന്ത്വശുദ്ധിദം ചാർത്ഥ നാശമായാവ്യയാധികം.എന്നിങ്ങനെ വാക്യാരംഭത്തില്‍ മകാരം (വർഗ്ഗാക്ഷരം) വരുന്നത് അശുഭമെന്ന് പ്രശ്നമാര്‍ഗത്തില്‍ തന്നെ പിന്നീട് പറയുന്നുണ്ട്. എന്നിട്ടും പ്രശ്നമാർഗ്ഗാചാര്യൻ മ കാരം ആദ്യമായി ഉപയോഗിച്ചതിനു കാരണമെന്തായിരിക്കും? മകാരത്തിൽ തുടങ്ങിയത് മകാരം ശ്രീയേനൽകുന്നതുകൊണ്ടാകാം. മൂര്‍ത്തിത്വേ പരികല്‍പിത എന്നിങ്ങനെ ബൃഹജ്ജാതവും മദീയഹൃദയാകാശേ എന്നിങ്ങനെ ജാതകാദേശമാര്‍ഗവും എല്ലാം മകാരത്തില്‍ തന്നെയാണ് ആരംഭിക്കുന്നത് എന്നതുമോര്‍ക്കണം. പ്രശ്നമാര്‍ഗകര്‍ത്താവ് ശിവഭക്തനായതുകൊണ്ടുമാവാം. അ-ഉ-മ യഥാക്രമം ബ്രഹ്മാ-വിഷ്ണു-മഹേശ്വര സൂചകമാണല്ലോ. അഥവാ യ : ശ്രീ മഹാദേവ സുതോ മുരാരേ എന്ന ശ്ലോകത്തില്‍ പിന്നീട് സൂചിപ്പിക്കുന്നതുപോലെ, പനക്കാട്ട് നമ്പൂതിരിയുടെ അച്ഛന്റെ പേർ മഹാദേവൻ എന്നാണ്. മഹാദേവന്റെ മ തന്നെയാവണം എന്നു കരുതാം.  മ - ശിവന്‍, മ - മാധവന്‍ (വിഷ്ണു), മ - മധ്യാരണ്യം (ഇടയ്ക്കാട്) മ - മംഗളം (ശ്രീ, ശുഭം), മ - മംഗലശ്ശേരി (പ്രശ്നമാര്‍ഗകര്‍ത്താവിന്റെ ഗുരുഗൃഹം) തുടങ്ങി മ-യ്ക്ക് മറ്റു മാഹാത്മ്യമേറിയ മഹിമകള്‍ മതിയാവോളമുണ്ട്. മംഗലശ്ശേരിയുടെ ശിഷ്യനും മാധവക്ഷേത്രസമീപവാസിയും, മഹേശ്വരഭക്തനും, മധ്യാരണ്യവാസിയും ആയ മഹാത്മാവ് മംഗലപാഠത്തില്‍ മകാരത്തിലാല്ലാതെ എന്തിലാണ് ഈ മഹാപ്രയത്നം ആരംഭിക്കേണ്ടത് എന്നിങ്ങയെ മയുടെ മാഹാത്മ്യത്തെക്കുറിച്ച് നമുക്ക് അതിശയം കൂറാം.

മൂർത്തിത്വേ എന്ന് മ-യിൽ തുടങ്ങുന്ന ഹോരാ വ്യാഖ്യാനമാണ് ഇത് എന്നു സൂചിപ്പിക്കുന്നു. മദ്ധ്യ ശബ്ദം വിഷ്ണുവിനെയും അ--മ എന്നതിലെ മഹേശ്വരനേയും തദ്വാരാ സംഹാരാത്മകത്വം, സൂര്യൻ ഇവയെ സൂചിപ്പിക്കുന്നു. സംസാരസാഗരത്തിനധിപനായ മായാമയനായ വിഷ്ണു. അഹോരാത്രത്തിന്റെ മധ്യം = ഹോരാ. നക്ഷത്ര വനത്തിനധിപതി സൗരയൂഥാധിപനായ - സൂര്യൻ. ഹോരാധിപൻ ലഗ്നാധിപൻ [തനുവിന്, കല്യത്തിന് അധിപൻ]. പരമാത്മാവ്. ദുഗ്ധം = ദോഹനം ചെയ്യപ്പെട്ടത്, കറന്നെടുത്തത്. ക്ഷീരസിന്ധു കന്യാധവം എന്നു പറഞ്ഞാലും വൃത്തഭംഗം വരില്ല എന്നിട്ടും ദുഗ്ധം എന്ന് പറഞ്ഞത് ശാസ്ത്രങ്ങളല്ലാം കടഞ്ഞെടുത്ത ശാസ്ത്രമായ ജ്യോതിഷമാകുന്ന പാലിന്റെ സിന്ധു. കടല് കലവറ. അതിന്റെ ഉൽപ്പന്നമാണ് ഭൗതിക ഐശ്വര്യങ്ങൾ, പാൽക്കടൽ കടഞ്ഞപ്പോഴുണ്ടായ കന്യക. മഹാലക്ഷ്മി (ജ്യോതിഷം കൊണ്ട് പുരുഷാർത്ഥം സാധിക്കും എന്നർത്ഥം). പാൽക്കടലിൽ നിന്നുണ്ടായ സ്ത്രീ ഗ്രഹമായ ചന്ദ്രനെ സൂചിപ്പിച്ചു. ധവൻ = ഭർത്താവ്. പതിം ധിയാ എന്നു പറയാതെ ധവൻ എന്നു പറഞ്ഞത്. ധവൻ എന്നതിന് കന്യക എന്ന ഭാവത്തിന് ഇളക്കമുണ്ടാക്കുന്നവൻ ഭ്രമിപ്പിക്കുന്നവൾ എന്നെല്ലാം അർത്ഥം ഉള്ളതിനാൽ. ചന്ദ്രന്റെ പ്രകാശമില്ലായ്മ എന്ന കന്യക അവസ്ഥക്ക് ഇളക്കം മാറ്റം വരുത്തി അർത്ഥപൂർണ്ണമാക്കുന്നവൻ. ചന്ദ്രനു മൂർത്തിത്വം കൊടുക്കുന്നവൻ സൂര്യൻ. അതായത് മുർത്തിത്വേ പരികല്പിത എന്നർത്ഥം കിട്ടാനാണിങ്ങനെ പറഞ്ഞത് എന്നിങ്ങനെ വ്യാഖ്യാനിക്കാം.

നാം ചിന്തിച്ചാല്‍ മേടം, മകരം, മാര്‍ത്താണ്ഡന്‍, മൂര്‍ത്തിത്വേ, മാണിക്യം എല്ലാം മ.....കവി കല്‍പിക്കാത്തത് നാം കല്‍പിക്കണോ എന്ന് ഒരുശങ്ക ഉണ്ടാവാം. അതും ന്യായമാണ്. വ്യാഖ്യാതാസകലം വേത്തി എന്നാണ് ഉത്തരം. കവിതാ രസ ചാതുര്യം വ്യാഖ്യാതാവേത്തിനകവി: സുതാ സു ര ത ചാതുര്യം ജാമാതാവേ ത്തി ന പിതാ എന്നുണ്ടല്ലോ. ശങ്ക ന്യായമാണ്. പക്ഷെ അതിനുമുമ്പ് കവി കല്‍പിച്ചത് എങ്ങനെയറിയും എന്നതു ചിന്തനീയമാണ്. കവി കല്‍പിച്ചതെന്താവാം എന്ന് വ്യഖ്യാതാവ് സങ്കല്‍പിക്കുമ്പോഴാണല്ലോ വ്യാഖ്യാനം ഉണ്ടാവുന്നത്. വ്യാകരണവും, ഗ്രന്ഥത്തിലും അവിടെയും മറ്റുപലയിടത്തുമായും ഗ്രന്ഥകര്‍ത്താവ്പറഞ്ഞത് ചേര്‍ത്തു ചിന്തിക്കുമ്പോഴും, സാഹചര്യവുമായും, മറ്റു ഗ്രന്ഥപരാമര്‍ശങ്ങളുമായും കാലവുമായും മറ്റും ചേര്‍ത്തു ചിന്തിക്കുമ്പോഴുമാണ് കവി കല്‍പിച്ചതെന്താവാം എന്നു വെളിവാകുക. അതിനാല്‍ എല്ലാ വ്യാഖ്യാനപരിശ്രമങ്ങളും അംഗീകരിക്കപ്പെടേണ്ടവ തന്നെ.

ധിയാ ധ്യായാമി - അതെങ്ങനെയാ ബുദ്ധികൊണ്ട് ധ്യാനിക്കുക? ധ്യാനമെന്നത് ചിന്തയില്ലാത്ത അവസ്ഥയല്ലേ? അപ്പോള്‍ പിന്നെ ബുദ്ധികൊണ്ട് ധ്യാനിക്കുന്നു എന്നു പറഞ്ഞത് തെറ്റല്ലേ? അല്ല. ധ്+യ ധി+യാ. പിന്നെ ധ്യാനത്തെ ശ്രദ്ധ എന്നുള്ളതുമായി ബന്ധപ്പെടുത്തിയാല്‍ മനസ്സും ബുദ്ധിയും ഏകമാക്കുന്ന അവസ്ഥയാണ്. ഇന്ദ്രിയാണി പരാണ്യാഹു ഇന്ദ്രിയേഭ്യപരം മനഃ മനസസ്തു പരാ ബുദ്ധിഃ യോ ബുദ്ധി പരതസ്തുസഃ ഇന്ദ്രിയങ്ങളെ ബുദ്ധിയിലേക്ക് ബന്ധിപ്പിക്കുന്ന മാധ്യമമാണ് മനസ്സ്. മനസ്സ് കൊണ്ട് ധ്യാനിക്കുക എന്നതും എങ്ങനെ എന്ന് വരും. ഇന്ദ്രിയങ്ങളെ അടക്കി മനസ്സിനെ ബുദ്ധിയുടെ (അഥവാ ബോധതലത്തിന്‍റെ യാഥാര്‍ത്ഥ്യതയുമായി ഉറപ്പിക്കുക എന്നാല്‍ ധ്യാനമായി. അഥവാ ബുദ്ധികൊണ്ടു ധ്യാനിക്കുവാനല്ല, മറിച്ച് ധിയാ ദുഗ്ധ സിന്ധു = ബുദ്ധികൊണ്ട്‌ കറന്ന പാലിന്റെ കടൽ എന്നു പറയണം എന്നും വ്യാഖ്യാനിക്കാം. പാർത്ഥോ വൽസ സുധീ----ദുഗ്ധം ഗീതാമൃതം എന്നു പറഞ്ഞ പോലെ. അഥവാ സാധുവായ അഹം (സാധു വഴിയാംവണ്ണം, നേരായ മാർഗ്ഗം, ഉന്നതകുലജാതൻ, പാവം, ധർമ്മിഷ്ഠൻ, മുനി, വ്യാപാരി, നല്ല വസ്തു, ഗുണവാൻ, നിയമസമ്മതമുള്ള, ദുഷ്ടനല്ലാത്ത  സാധുവായ ഞാൻ) ആത്മാവിന്റെ ശുദ്ധിക്കും (മോക്ഷം) ബുദ്ധിയുടെ ശുദ്ധിയും ശ്വൈര്യ വൃദ്ധിയും സിദ്ധിക്കാനായി (അണിമാദി സിദ്ധിക്കായിട്ടും) ധ്യാനിക്കുന്നു എന്നിങ്ങനെ വ്യാഖ്യാനിക്കാം. ഇത് വിശേഷ അർത്ഥമാണ്. എന്നാൽ ധീ= ബുദ്ധി (ധ്യൈ ചിന്തായാം ധ്യാനിക്കാൻ ഉള്ളത് ധ്യാനിക്കുന്നത് ) മനസ്സ്, ആശയം, വിചാരം, ഭക്തി, പ്രാർത്ഥന, ശാസ്ത്രം എന്നെല്ലാമാണ് അർത്ഥം. അതിനാൽ ധിയാ ധ്യായാമി തന്നെയാണ് 'സാധു '(സാധുതയുള്ളത്).

പ്രശ്നമാര്‍ഗത്തിന്റെ വ്യാഖ്യാനത്തില്‍ മുത്തുസ്വാമി -

ഇതിൽ (ഈ ശ്ലോകത്തില്‍) ഗ്രന്ഥകർത്താവ് തൻറെ പേര് ഒരു സ്ഥലത്തും സ്പഷ്ടമായി പ്രസ്താവിച്ചു കാണുന്നില്ല പക്ഷേ പണ്ഡിതന്മാർ കേട്ട് കേഴ്വിയുടെ അടിസ്ഥാനത്തിലും ഗുരുപാരമ്പര്യം അറി യുന്നതിന്റെ അടിസ്ഥാനത്തിലും അഭിപ്രായപ്പെടുന്നത് ഗ്രന്ഥാചാര്യൻ വിഷ്ണു എന്നു പേരായ ഒരു നമ്പൂതിരി എന്നും അദ്ദേഹം താമസിച്ചിരുന്നത് കണ്ണൂരിനടുത്തുള്ള ഇടയ്ക്കാട് എന്ന സ്ഥലത്തായിരുന്നു എന്നും അദ്ദേഹം ഇടയ്ക്കാട് ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിലെ തന്ത്രി ആയിരുന്നു എന്നും ആണ്. ഈ ആരംഭ ശ്ലോകത്തിൽ മംഗള ശ്ലോകം മ കാരത്തിൽ തുടങ്ങിയത് ഗ്രന്ഥ രചനയുടെ ആദിയിൽ മ കാരം ശ്രീയെ നൽകുന്നു എന്നുള്ളതിനാൽ ആവണം പിന്നെ എടുത്തു പറയേണ്ടത് പ്രശ്ന ക്രീയക്ക് ബുദ്ധി ആവശ്യമാണെന്നു സൂചിപ്പിക്കാനാണ്, .ആവണം ..ധീ എന്നും ബുദ്ധി എന്നും രണ്ടു തവണ അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. എന്തെന്നാൽ പ്രാശ്നികനായ ദൈവജ്ഞനു ശുദ്ധവും പുഷ്ടവുമായ ബുദ്ധി കൂടി ഉണ്ടെങ്കിൽ മാത്രമേ സിദ്ധി ഉണ്ടാവുകയുള്ളൂ എന്നു കൂടി സൂചന നൽകുന്നു.  എന്ന് പറഞ്ഞിരിക്കുന്നു.

ശ്രീ കെ നീലകണ്ഠൻ ആശാരിയുടെ വ്യഖ്യാനത്തിൽ-

ഏറ്റവും ചെറിയ കണ്ണാടിയിൽ അതിവിപുലമായ ഈ ലോകത്തെ പ്രതിഫലിപ്പിക്കുന്നത് അതിൻറെ നിഷ്കളങ്കത തന്നെ ആണല്ലോ അതുപോലെ ബുദ്ധി അല്പരൂപമെങ്കിലും അതിനു പരിശുദ്ധി ഉണ്ടെങ്കിൽ മഹത്തരങ്ങളായ ശാസ്ത്ര തത്വങ്ങൾ പ്രതിഫലിക്കുക തന്നെ ചെയ്യും ആയതിനാൽ പരിശുദ്ധി ബുദ്ധിക്കു ഒന്നാമതായി വേണ്ടുന്ന ഗുണമാകുന്നു.

ശാസ്ത്രങ്ങൾ മിക്കവാറും ക്രമ പ്രവൃദ്ധമായ അഭ്യുദയം സിദ്ധമാകുന്നു അതനുസരിച്ചു ബുദ്ധിക്കും ക്രമോന്മുഖമായ അഭ്യുദയം ആവശ്യമാകുന്നു .അല്ലാ എങ്കിൽ ശാസ്ത്രത്തിൻറെ യദാർത്ഥമായ തത്വം ഗ്രഹിക്കാൻ കഴിയില്ല . അതുകൊണ്ടു ബുദ്ധിക്കു വൃദ്ധിയും അഭിലക്ഷണീയമായ ഒരു ഗുണം തന്നെ ആവുന്നു

ഈ ഗുണങ്ങൾ എല്ലാം തന്നെ മിക്കവാറും പരിപൂർണ്ണങ്ങൾ ആയാലും ലൗകികങ്ങളോ ദൈവീകങ്ങളോ ആയ വിഘ്‌നങ്ങളെ കൊണ്ട് അഥവാ ഈ ശാസ്ത്രത്തിന്റെ അനവഗാഹത കൊണ്ടോ ബുദ്ധിക്കു സങ്കോചം നേരിടട്ടെന്നു വരാം ഈ ദുർഘടാവസ്ഥകളൊന്നും കൂടാതെ ഈ ഗ്രന്ഥം പര്യവസാനിക്കണം എന്ന് സിദ്ധി എന്ന പദം കൊണ്ടു വിവക്ഷിച്ചിരിക്കുന്നു . കൂടാതെ അപ്രത്യക്ഷങ്ങളും അതിദൂരങ്ങളും ആയ ഫലങ്ങളെ നിർദ്ദേശിക്കുകയാണ് ഈ ഗ്രന്ഥ രചനയുടെ ഉദ്ദേശം . അതുകൊണ്ടു ഈ ഉദ്യമങ്ങൾ ഒക്കെ സഫലീഭവിക്കണം എന്നും സൂചിപ്പിച്ചിരുന്നു. എന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു.

എടക്കാട്

കണ്ണൂരിനും തലശ്ശേരിക്കും മദ്ധ്യമാണ്‌ എടക്കാട്. അക്കാലത്തു് കുറച്ചുകാട്ടു പ്രദേശമായിരുന്നിരിക്കാം എന്നു കരുതാനാവുമോ? കുറച്ചു കാടൊക്കെ ഉണ്ടായിരുന്നിരിക്കാം. ഇവിടെ തന്നെ മറ്റൊരു പ്രധാനക്ഷേത്രമുണ്ട്. ഊർപ്പഴശ്ശിക്കാവ്. കേരളത്തിലെ ശനിനിവാരണത്തിന് പ്രാധാന്യം കല്പിക്കപ്പെട്ടിടം. ഈ ക്ഷേത്രത്തിന്റെ വലത് ഭാഗത്തായി സർപ്പക്കാവുണ്ട്. അത് ശരിക്കും കാട്ട് പ്രദേശമാണ്. എങ്കിലും ഇടയ്ക്കാട് വിഷ്ണുക്ഷേത്രത്തിനു സമീപം കാടായിരുന്നിരിക്കാന്‍ സാധ്യത വളരെ കുറവാണ്. കാട്ടുപ്രദേശത്തു കൊണ്ടുപോയി ആരും ഇത്ര ഗംഭീരമായ അമ്പലവും കുളവും മറ്റും ഉണ്ടാക്കില്ലല്ലോ. ആ ഊര്‍പ്പഴശ്ശിക്കാവ് അമ്പലവും കുളവും പോലും കാണേണ്ടതാണ്, വിശേഷമാണ്! തളിപ്പറമ്പ് ആ രാജരാജേശ്വരി ക്ഷേത്രത്തിനു സമീപമുള്ള ഭാഗം വളരെ പ്രാചീനമായ ഒരു നമ്പൂതിരി ഗ്രാമമാണ്. അവിടെ നിന്നും നമ്പൂതിരിമാര്‍ എല്ലാ ദിക്കിലേക്കും കുടിയേറിയിട്ടുണ്ടാവാം. ഇടയ്ക്കാടും വിഷ്ണുക്ഷേത്രവും ക്ഷേത്രസമീപത്തായി പനയ്ക്കാട് ഇല്ലവും മറ്റും ഉണ്ടായിരുന്നുവെങ്കില്‍ അവിടം അക്കാലത്ത് കാടായിരുന്നിരിക്കുമോ? അതിനും പണ്ടേയ്ക്കും പണ്ട് കാടായിരുന്നതിന്റെ ഓര്‍മ്മയായി (ഇന്നത്തെപ്പോലെ) അവശേഷിച്ചതാവാം അന്നത്തേയും ആ സ്ഥലനാമമായ ഇടയ്ക്കാട് എന്ന പേര്.

ഇടയ്ക്കാട് വിഷ്ണുക്ഷേത്രത്തിന് സമീപമാണ് ഊര്‍പ്പഴശ്ശിക്കാവ് എന്നു പറഞ്ഞുവല്ലോ. എങ്കില്‍പിന്നെ ഇത്ര അടുത്തുള്ള ഊര്‍പ്പഴശ്ശിക്കാവ് (അത് ഗംഭീരക്ഷേത്രമാണ്) പ്രശ്നമാര്‍ഗാചാര്യന്‍ എന്തുകൊണ്ട് പരാമര്‍ശിച്ചില്ല? അന്ന് ഇന്നുള്ള ഊര്‍പ്പഴശ്ശിക്കാവ് ഉണ്ടായിരുന്നില്ല എന്നു വരുമോ? അതോ അദ്ദേഹത്തിന് ആ ക്ഷേത്രം ഇഷ്ടമല്ലായിരുന്നുവെന്നോ? ഊര്‍പ്പഴശ്ശിക്കാവിന് എന്തു പഴക്കമുണ്ട്? എഡി 1625 കാലഘട്ടത്തിനു ശേഷമാവുമോ ഊര്‍പ്പഴശ്ശിക്കാവ് ഇന്നു കാണുന്ന രീതിയില്‍ പരിഷ്ക്കരിക്കപ്പെട്ടത്? കൂക്കണിയാള്‍ പോലും ഈ അമ്പലത്തെക്കുറിച്ച് പറയുന്നില്ലല്ലോ! ഇതിന് പല കാരണങ്ങളുണ്ടാവാം. അദ്ദേഹത്തിന് എടക്കാട് വിഷ്ണുക്ഷേത്രബന്ധം വ്യക്തിപരമായി ഉണ്ടായിരുന്നിരിക്കണം.. കൂടാതെ ഊര്‍പ്പഴശിക്കാവ് ഭൂതാലയസങ്കല്‍പമാകയാലാകുമോ എന്നും ചിന്തിക്കണം. ചില കുടുംബക്കാരുടേതാകാം....കാവ്...കാലത്താല്‍ അധികാരം മാറിയതാകാം. പലയിടങ്ങളിലും പ്രസിദ്ധക്ഷേത്രങ്ങളും പലകുടുംബക്കാരുടേതായിരുന്നു..അവരും അവരുടെ ആശ്രിതരും മാത്രം അവിടെ പോകും...ബാക്കിയുള്ളവര്‍ പോകില്ല. ഇങ്ങനെയെന്തെങ്കിലും ആയിക്കൂടായ്കയില്ല. എങ്കിലും ഈ വിഷയം പിന്നീടും നാം ചര്‍ച്ച ചെയ്യും എന്നതുകൊണ്ട് ഇവിടെ ഇത്രയും മതി.

ഗ്രന്ഥനാമം

ഗ്രന്ഥാരംഭശ്ലോകങ്ങളിലൊന്നില്‍ പ്രശ്നവര്‍ത്മോപദിശ്യതേ എന്നാണ് ആചാര്യന്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഗ്രന്ഥാവസാനത്തില്‍ പ്രശ്നമാര്‍ഗം എന്നുപയോഗിച്ചിരിക്കുന്നു.  ഈ ഗ്രന്ഥത്തിന്റെ പേര് പ്രശ്നവര്‍ത്മം എന്നാണോ പ്രശ്നമാര്‍ഗം എന്നാണോ? വർത്മ എന്നതിന് മാർഗ്ഗം വഴി എന്നു തന്നെയാണ് അര്‍ത്ഥം. വർത്മം എന്നൊരു പദമില്ല. വർത്മാ വഴി എന്നാണ്. ആത്മാ എന്ന പോലെ (ആത്മം എന്നു പറയാറില്ല). പ്രശ്നമാർഗ്ഗം തന്നെയാണ്. വർത്മാ വഴി എന്നുതന്നെ ആയിക്കോട്ടെ, എന്നാലും പ്രശ്നവര്‍ത്മോപദിശ്യതേ എന്ന് ആചാര്യന്‍ പറയുമ്പോള്‍ ഗ്രന്ഥനാമം പ്രശ്നവര്‍ത്മാ  എന്നാണല്ലോ വരുന്നത് പ്രശ്നമാര്‍ഗ്ഗം എന്നല്ലല്ലോ. അര്‍ത്ഥം ഒന്നാണെന്നതു വേറെ കാര്യം. വിഷ്ണവും നാരായണനും ഒരാള്‍ തന്നെയെങ്കുിലും വിഷ്ണുനമ്പൂതിരിയെ ഞാന്‍ നാരായണന്‍ നമ്പൂതിരി എന്നു വിളിച്ചാല്‍ പോരല്ലോ. ഗ്രന്ഥാദ്യത്തിലെ ശിഷ്യനുവേണ്ടി എന്ന ഏകവചനം ഗ്രന്ഥാന്ത്യത്തില്‍ ശിഷ്യന്മാര്‍ക്കുവേണ്ടി എന്ന അര്‍ത്ഥത്തില്‍ മാറിയപോലെ, ഗ്രന്ഥാദ്യത്തില്‍ നല്‍കപ്പെട്ട നാമം പ്രശ്നവര്‍ത്മം എന്നും ഗ്രന്ഥാന്ത്യത്തിലത് പ്രശ്നമാര്‍ഗം എന്നായി മാറി എന്നതു ശ്രദ്ധേയം. അഥവാ ഈ ഗ്രന്ഥത്തിന് പ്രശ്നവര്‍ത്മാ, പ്രശ്നമാര്‍ഗം എന്നിങ്ങനെ രണ്ടുപേര് ഗ്രന്ഥകര്‍ത്താവുതന്നെ നിര്‍ദ്ദേശിക്കുന്നുണ്ട് എന്നു കരുതാം. അഥവാ വര്‍ത്മാ എന്നപദത്തിന് മാര്‍ഗം എന്നുതന്നെയാണ് അര്‍ത്ഥം എന്നതിനാല്‍ പ്രശ്നമാര്‍ഗം എന്നുതന്നെയാണ് പേര് എന്നുറപ്പിക്കാം. അഥവാ അങ്ങനെ പറഞ്ഞു തുടങ്ങിയതിനൊരു കാരണമുണ്ട് എന്നു കരുതാം. വർത്മാ(അ)പുനർജ്ജൻമനാം എന്ന ധ്വനിക്കു വേണ്ടിയാണ് വര്‍ത്മാ എന്നുപയോഗിച്ചത് എന്നു പറയാം. പദ്യത്തിലങ്ങനെ പറഞ്ഞെങ്കിലും ആരംഭത്തിലും നിറുത്തുമ്പോഴും പ്രശ്നമാർഗ്ഗ: എന്നാണുള്ളത്. ആചാര്യൻ തന്നെ ചെയ്ത ദുർഗ്ഗമാർത്ഥ പ്രകാശിനിയിൽ 4-ആം ശ്ലോക വ്യാഖ്യാനത്തിൽ പ്രശ്നവർത്മ പ്രശ്നമാഗ്ഗ: എന്നു വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ പ്രശ്നമാര്‍ഗം എന്നുതന്നെയാണ് ഗ്രന്ഥനാമം, പ്രശ്നവര്‍ത്മ എന്നല്ല.

പ്രശ്നമാര്‍ഗകര്‍ത്താവിന്റെ പേര്

ഗ്രന്ഥകര്‍ത്താവിന്റെ പേരോ ഇല്ലപ്പേരോ ഈ ഗ്രന്ഥത്തില്‍ സുവ്യക്തമായി നല്‍കിയിട്ടില്ല. രചയിതാവിന് അദ്ദേഹത്തിന്‍റെ പേരോ ഇല്ലപ്പേരോ പറയാനും അറിയാനും താല്‍പര്യം ഇല്ല എന്നു കരുതാമോ? എന്തുകൊണ്ടില്ല എന്നതും ചിന്തനീയമല്ലേ? സ്ഥലനാമവും ഗുരുവിന്‍റെ വീട്ടുപേരും ഗുരുവിന്‍റെ വീടിരിക്കുന്ന സ്ഥലത്തിന്റെ നാമവും പറയുകയും, അച്ഛന്റെയും അമ്മയുടെയും തന്റെയും പേരുകള്‍ സൂചിപ്പിക്കുകയും ചെയ്ത ആചാര്യന്‍ ഗുരുവിന്റെ പേരും, തന്‍റെ ഇല്ലപ്പേരും പറയാത്തതെന്തേ? ഈ ചിന്ത അത്ര അപ്രസക്തമാണോ? കൂടാതെ ഗ്രന്ഥം രചിച്ച വര്‍ഷമോ തന്റെ ജീവിതകാലമോ ഒന്നും നല്‍കിയിട്ടുമില്ല. മറ്റു ചില സൂചനകളില്‍ നിന്ന് ആളുകള്‍ ഇതെല്ലാം കണ്ടെത്തി എന്നതു വേറെ കാര്യം. പനയ്ക്കാട് ഇല്ലത്തിനും വിഷ്ണുക്ഷേത്രത്തിനും തൊട്ടടുത്തുള്ള ഊര്‍പഴശ്ശിക്കാവ് എന്തുകൊണ്ട് പ്രശ്നമാര്‍ഗത്തില്‍ ഒട്ടുമേ പരാമര്‍ശിക്കപ്പെടാതെപോയി എന്നതും ചിന്തനീയമാണ്.

നാരായണന്‍ എന്നോ വിഷ്ണു എന്നോ ആണ് പ്രശ്നമാര്‍ഗകര്‍ത്താവിന്റെ പേര് എന്നു വാദിക്കാന്‍ അടിസ്ഥാനമെന്താണ്? നാരായണന്‍ എന്നാണ് പേര് എന്നു വാദിക്കുന്നവര്‍ക്കും, വിഷ്ണു എന്നാണ് പേര് എന്നു വാദിക്കുന്നവര്‍ക്കും അനുകൂലമായി ചില തെളിവുകളുണ്ട്.

പ്രശ്‌നമാര്‍ഗ്ഗകര്‍ത്താവിന്റെ പേര് നാരായണന്‍ എന്നായിരുന്നുവെന്ന് ചിലര്‍ വാദിക്കുന്നു. നാരായണന്‍ എന്നാണ് പ്രശ്‌നമാര്‍ഗ്ഗകര്‍ത്താവിന്റെ പേര് എന്ന് എന്നോട് പറഞ്ഞത് ദേവപ്രശ്‌നസദസ്സുകളില്‍ ശോഭിക്കുന്ന പ്രസിദ്ധ ദൈവജ്ഞനായ ചേന്ദമംഗലം നാരായണപണിക്കരാണ്. നാരായണന്‍ എന്നാണ് പ്രശ്‌നമാര്‍ഗ്ഗകര്‍ത്താവിന്റെ പേരെന്നും ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പ്രശ്‌നമാര്‍ഗ്ഗകര്‍ത്താവിന്റെ ഇല്ലത്തിലെ ഇന്നത്തെ താവഴിക്കാരായ മുല്ലപ്പള്ളി ഇല്ലക്കാരും അങ്ങനെയാണ് അവകാശപ്പെടുന്നതത്രേ. ഇത്തരം ചില പരാമര്‍ശങ്ങള്‍ പ്രശ്‌നായനം എന്ന ഗ്രന്ഥത്തിലും ഉള്ളതായി കാണുന്നു. അതും വേണ്ടത്ര വ്യക്തമല്ല. പ്രശ്‌നായനത്തിലെ ആദ്യശ്ലോകം താഴെച്ചേര്‍ക്കാം.

ഭാസ്‌കരം ശങ്കരം വഹ്നിം നാരായണമഹം ഗുരൂന്‍
നത്വാ പ്രശ്‌നായനം വക്ഷ്യേ സംക്ഷിപ്യ സ്വേന ചോദിതഃ

പ്രശ്‌നായനവ്യാഖ്യാനവും പ്രശ്‌നായനകര്‍ത്താവായ പുരുഷോത്തമന്‍ മൂത്തതാണ് രചിച്ചത്. ഈ വ്യാഖ്യാനത്തില്‍ ഭാസ്‌കരമിതി. ഭാസ്‌കരം തന്നാമദ്ധ്യേയം ഗുരും. ഏവമന്യത്ര എന്നു പറഞ്ഞിരിക്കുന്നു. ഇതില്‍ നിന്നും ശങ്കരം എന്നതുകൊണ്ട് ആ പേരുള്ള ഗുരുവിനെയും, നാരായണം എന്നതുകൊണ്ട് ആ പേരുള്ള ഗുരുവിനെ വണങ്ങുന്നു എന്ന അര്‍ത്ഥം കൂടി ഗ്രഹിക്കണം എന്നു വരുന്നു. പ്രശ്‌നമാര്‍ഗ്ഗകര്‍ത്താവിന്റെ ശിഷ്യന്റെ (ശങ്കരന്‍ കൂക്കണിയാള്‍, പുരുഷോത്തമസോമയാജി) ശിഷ്യന്റെ (മച്ചാട്ട് നാരായണന്‍ ഇളയത്) ശിഷ്യനാണ് പുരുഷോത്തമന്‍ മൂത്തത്. അതിനാല്‍ നാരായണന്‍ എന്നതുകൊണ്ട് പ്രശ്‌നമാര്‍ഗ്ഗകര്‍ത്താവിനെയാവാം അദ്ദേഹം സൂചിപ്പിക്കുന്നത്. അഥവാ മച്ചാട്ട് നാരായണന്‍ ഇളയതിനെയും ആവാം. ശങ്കരം എന്നത് പ്രശ്‌നരീതികര്‍ത്താവിനെ സൂചിപ്പിക്കുന്നതുമാവാം.

പ്രശ്നമാര്‍ഗകര്‍ത്താവിന്റെ പേര് വിഷ്ണു എന്നായിരുന്നു എന്നു വാദിക്കാനും വേണ്ടത്ര തെളിവുകള്‍ ലഭ്യമാണ്. ഈശ്വരപണ്ഡിതരുടെ പേര് കണ്ഠശ്ശഃ പറയുമ്പോള്‍ സ്വനാമവും സുവ്യക്തമായി അവിടെ തന്നെ പറഞ്ഞിരിക്കാനാണ് സാധ്യത എന്നതും അങ്ങനെയെങ്കില്‍ വിഷ്ണു എന്നുതന്നെയാണ് പ്രശ്നമാര്‍ഗകര്‍ത്താവിന്റെ നാമം എന്നതുമാണ് ഇതിലെ പ്രധാനമായ വാദഗതി. രണ്ടും പരിഗണിക്കുമ്പോള്‍ വിഷ്ണുനാരായണന്‍ എന്നായിക്കൂടായ്കയില്ല എന്നും തോന്നും.

പരമേശ്വരന്‍ എന്നായിരുന്നു പ്രശ്നമാര്‍ഗകര്‍ത്താവിന്റെ പേര് എന്ന് കെവി ശര്‍മ്മ അഭിപ്രായപ്പെടുന്നു. ഇതിന്റെ അടിസ്ഥാനം എന്താണെന്ന് വ്യക്തമല്ല.

പ്രശ്നമാര്‍ഗകര്‍ത്താവും ഈശ്വരപണ്ഡിതരും

പ്രശ്നമാർഗ്ഗത്തിന്റെ പൂർവ്വാർദ്ധം ചോള ദേശീയനായ ഈശ്വര ദീക്ഷിതർ എന്ന ഒരു ദൈവജ്ഞൻ വായിച്ചപ്പോൾ ചില ദോഷങ്ങളുണ്ടെന്നും അതിനെപ്പറ്റി പനക്കാട്ട് നമ്പൂതിരി ഇങ്ങനെ പറയുകയുണ്ടായി.." ദൃഢം ഗൃഹീ തേശ്വര പക്ഷപാതം: ........ എന്നു തുടങ്ങുന്ന ഒരു ശ്ലോകം ഉണ്ട്............ ഈശ്വര ജ്യോത്സ്യരുടെ പക്ഷത്തെ അവലംബിച്ച് കൊണ്ട് ആരും തന്റെ ഗ്രന്ഥത്തെ സമീപിക്കാതിരിക്കട്ടെ എന്നും അർത്ഥമില്ലാതെ സ്വകൽപിതമായി യാതൊന്നും അതിൽ കൂട്ടിച്ചേർക്കുവാൻ ഉദ്ദേശിച്ചിട്ടില്ല എന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. അതായത്, ദൃഢം ഗൃഹീത്തീശ്വരപക്ഷപാതം. എന്ന ശ്ലോകത്തില്‍ പ്രശ്നമാര്‍ഗകര്‍ത്താവ് തന്റെ അഭിപ്രായങ്ങളെ എതിര്‍ക്കുന്ന ചോളദേശക്കാരനായ ഒരു ഈശ്വരപണ്ഡിതന്റെ പേര് പറയുന്നുണ്ട്. പ്രശ്നമാര്‍ഗാചാര്യന്റെ സമകാലികനും ശത്രുവുമാണ് ആ ചോളദേശക്കാരനായ (ആന്ധ്രാക്കാരന്‍!) ഈശ്വരപണ്ഡിതന്‍ എന്നു പറയാം. ആന്ധ്രയില്‍ കേരളപ്രശ്നരത്നം, കേരളീയപ്രശ്നതന്ത്രം തുടങ്ങി ഒട്ടനവധി ഗ്രന്ഥങ്ങല് രചിച്ച കേരളന്‍ (കേരളാചാര്യന്‍!) എന്ന ആചാര്യനാണ് പ്രസിദ്ധി. ഇനി അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരാവുമോ ഈ ഈശ്വരപണ്ഡിതന്‍ എന്ന പേര്? അറിയില്ല. കേരളന്‍ എന്ന ജ്യോതിഷി ഏതു കാലത്തു ജീവിച്ചിരുന്നു എന്നുപോലും എനിക്കു വലിയ നിശ്ചയവുമില്ല. (ഇത് പഠനീയമാണ്.)

പ്രശ്നമാര്‍ഗകര്‍ത്താവിന്റെയും കൂക്കണിയാളുടെയും ചിത്രം

പനങ്ങാട്ട് നമ്പൂതിരി , കുക്കണിയാൾ മുതൽ മഹാരഥന്മാരായ ഒരു വിധം പ്രഗത്ഭരായ അക്കാലത്തെയും പുതുതലമുറയിലേയും മൺമറഞ്ഞവരുടെയും അല്ലാത്തവരുടെയും ജ്യോതിഷ പണ്ഡിതന്മാരുടെയെല്ലാം രേഖാചിത്രങ്ങളും , ഫോട്ടോ കളുംഎല്ലാം എടക്കാട് നാരായണൻ മാസ്റ്ററുടെ Astrological Research Centre - ലെ ചുമരുകളിൽ ഉണ്ട്. ആരാണാവോ അക്കാലത്ത് എടക്കാട്ട് കൂക്കണിയാളുടെ ഫോട്ടോ എടുത്തിട്ടുണ്ടാവുക, അഥവാ അന്നേ കൂക്കണിയാളുടെ പടം വരച്ചിട്ടുണ്ടാവുക? അതോ ഇത് പില്‍ക്കാലത്ത് ആരെങ്കിലും വരച്ച സങ്കല്‍പചിത്രമോ? എന്താണ് ഈ ചിത്രത്തിന്‍റെ ചരിത്രം? ആരാണ് ഇത് വരച്ചത്? അതിനും ഒരു ചരിത്രം ഉണ്ടാവണമല്ലോ... അതേ അതേ, ആരു വരച്ചു, അഥവാ ആരു വരപ്പിച്ചു, എന്തിന്‍റെ അടിസ്ഥാനത്തില്‍ വരപ്പിച്ചു, പനക്കാട്ടു നമ്പൂതിര്യാദികളെ കണ്ടവര്‍ അവരുടെ ജീവിതകാലത്താണോ വരച്ചത്, അതോ ഇക്കാലത്തുള്ള ആരെങ്കിലും വെറുതേ സങ്കല്‍പിച്ച വരച്ചതാണോ എന്നതാണ് ചോദ്യം. :) വെറും ന്യായമായ സംശയമാണ്. (എടക്കാട് നാരായണന്‍ മാഷ് ഇക്കാലത്തുള്ള ഏതെങ്കിലും ചിത്രകാരനെക്കൊണ്ട് വെറുതെ സങ്കല്‍പിച്ച് വരപ്പിച്ചതാണെങ്കില്‍ ഈ ചിത്രങ്ങള്‍ക്കൊന്നും ആധികാരികതയില്ലെന്നതുപോകട്ടെ, ചരിത്രത്തിന്‍റെ വളച്ചൊടിക്കല്‍ - Historical distortion - കൂടിയാണെന്ന് തിരിച്ചറിയണം. അപ്രകാരമല്ലെങ്കില്‍ ഒകെ.) ഇതിന് വ്യക്തമായ മറുപടി ലഭിക്കാൻ പ്രയാസമാണ്. പ്രത്യേകിച്ചും നാരായണൻ മാസ്റ്റർ ഇല്ലാത്ത സ്ഥിതിക്ക് . പഠനത്തില്‍ എപ്പോഴും ദയാദാക്ഷണ്യമില്ലാത്ത നിശിതമായ ചോദ്യങ്ങളാണ് വരിക. പലപ്പോഴും ആരും അന്നുവരെ ചോദിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ലാതിരുന്ന ചോദ്യങ്ങള്‍. സധൈര്യമുള്ള അത്തരം ചോദ്യങ്ങളാണ് പുത്തനറിവുകള്‍ പ്രദാനം ചെയ്യുക. പഠനത്തില്‍ വൈകാരികതയ്ക്ക് പ്രസക്തിയില്ല. ബുദ്ധിയും യുക്തിയും തെളിവുകളും അനുകൂലവും പ്രതികൂലവുമായ വാദഗതികളുമാണ് പഠനത്തില്‍ പ്രസക്തം. നാരായണന്‍ മാഷിന്റെ കുടുംബക്കാര്‍ ഇന്നുമുണ്ട്, പ്രശ്നമാര്‍ഗാചാര്യന്‍റെ ഇല്ലം ലയിച്ച വീട്ടിലെ കുടുംബക്കാരും. ഇടയ്ക്കാട് ദേശം ഇന്നുമുണ്ട്, പണ്ടുള്ളവര്‍ ഇതേക്കുറിച്ചെല്ലാം പറഞ്ഞ കാര്യങ്ങളും. ആദ്യമായി ഈ ചിത്രങ്ങള്‍ ഏതു പുസ്തകത്തിലാണ് അച്ചടിച്ചു പ്രത്യക്ഷപ്പെട്ടത് എന്നും, ആരാണ് ഈ ചിത്രങ്ങളെക്കുറിച്ച് ആദ്യം പറഞ്ഞത് തുടങ്ങിയവയും അന്വേഷിക്കാം. ഏതായാലും (2017 - 1625 = 392) ഏകദേശം 392 വര്‍ഷം പഴക്കമുള്ളവയല്ല ഈ ചിത്രങ്ങള്‍ എന്നതെങ്കിലും വ്യക്തമാണ് എന്നു കരുതിക്കൂടേ? അതിനാല്‍ ഇത്തരം ചിത്രങ്ങള്‍ക്കുള്ള ചരിത്രപരമായ പ്രസക്തി ചോദ്യചിഹ്നമാണ് എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. ഇതേ അഭിപ്രായം കൈക്കുളങ്ങര, പുന്നശ്ശേരി, പ്രശ്നമാര്‍ഗാചാര്യന്‍, കൂക്കണിയാള്‍ തുടങ്ങി വളരെപ്പേരുടെ കാര്യത്തില്‍ പ്രസക്തമാണ്. ഒരു ചിത്രമുണ്ടാക്കുന്ന ഇംപ്രഷന്‍ ഒരു ചിത്രം ചിത്രകാരന്‍റെ പേരു വെയ്ക്കാതെ ആരെക്കൊണ്ടെങ്കിലും വരപ്പിക്കാന്‍ ചില കുടുംബക്കാര്‍ക്കു പ്രേരണയുണ്ടാക്കി എന്നതുമാത്രമാണ് വാസ്തവം എന്നു തോന്നുന്നു.

 ഇതിന് ഒരു മറുചോദ്യമുണ്ടാവാം. വിക്രമാദിത്യരും പഴശിരാജയും കാളിദാസനും, ഒക്കെചിത്രങ്ങളിൽ കൂടിയുള്ള അറിവുകളാണ്. ആ ചിത്രങ്ങളൊക്കെ അവരുടേതു തന്നെയെന് എന്തു തെളിവു്.? ശരിയ്ക്കും ഇപ്പോൾ മധ്യാട വിക്കുള്ളിൽ അകപ്പെട്ടു. പഴശ്ശിരാജയുടെ ചിത്രമുണ്ടാവാനിടയുണ്ട്. പക്ഷെ വിക്രമാദിത്യനേയും വേതാളത്തെയും കാളിദാസനേയും മറ്റും വിട്ടുപിടിക്കുന്നതാണ് നല്ലത്. ഏതു വിക്രമാദിത്യനെന്നോ കാളിദാസനെങ്ങനെയുണ്ടാവുമെന്നോ സീരിയലിനും ചലച്ചിത്രത്തിനും വേണ്ടിയല്ലെങ്കില്‍ ഇന്നവരുടെ രൂപം സങ്കല്‍പിച്ചുണ്ടാക്കാന്‍ ശ്രമിക്കാതിരിക്കുകയാണ് നല്ലത്. ഇനിയിപ്പോ വടക്കന്‍പാട്ടിലെ ചന്തുവിന്റെ ചന്തുവിന്റെ രൂപം ചോദിച്ചാല്‍ മമ്മൂട്ടിയുടെ പടമായിരിക്കും കിട്ടുക! വിക്രമാദിത്യ സദസ്സിലെ പണ്ഡിത ശ്രേഷ് oനോയിരുന്നു വരാഹമിഹിരാചാര്യൻ എന്നോ മറ്റോ കേട്ടതായി ഓർമ്മ. വിഷയം മാറുന്നു, എങ്കിലും പറയാം. വിക്രമാദിത്യശക (ബിസി 57) തുടങ്ങിയ വിക്രമാദിത്യന്‍, ചന്ദ്രഗുപ്തവിക്രമാദിത്യന്‍ (4-ആം നൂറ്റാണ്ട്), ആന്ധ്രയിലെ ചാലൂക്യവിക്രമാദിത്യന്മാര്‍ (1-2-3-4, ഏഴു മുതല്‍ 12 വരെയുള്ള നൂറ്റാണ്ടുകള്‍) തുടങ്ങി വിക്രമാദിത്യന്മാരും പിന്നെ ചില ക്രമാദിത്യന്മാരും വളരെയുണ്ട്. ശകന്മാരെ (Indian Scythians) തോല്‍പിച്ചവര്‍ പൊതുവേ സ്വയം സ്വീകരിച്ച ആദരനാമമാണ് വിക്രമാദിത്യ എന്നത്. എഡി 6-ആം നൂറ്റാണ്ടില്‍ (വരാഹമിഹിരന്റെ കാലം) ഉജ്ജൈനിയില്‍ ഒരു വിക്രമാദിത്യനുണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ അംഗീകരിക്കുന്നില്ല. വിവിധ കാലഘട്ടങ്ങളില്‍ ജിവിച്ചിരുന്ന നവരത്നങ്ങളെ വിക്രമാദിത്യസദസ്സിലെ അംഗങ്ങളായി വര്‍ണിക്കുന്ന ശ്ലോകം കാണപ്പെടുന്നത് 12-ആം നൂറ്റാണ്ടില്‍ പരമാരവംശത്തിലെ (Paramara dynasty, Panwar dynasty) വിക്രമാദിത്യന്റെ കാലത്ത് അദ്ദേഹത്തിന്റെ രാജ്യത്ത് ജീവിച്ചിരുന്ന (1711 A.D കാലഘട്ടം) ഗണകകാളിദാസന്റെ ജ്യോതിര്‍വിദാഭരണം എന്ന ഗ്രന്ഥത്തിലാണ്. 12-ആം നൂറ്റാണ്ടിലെ ഗണകകാളിദാസന്‍ (ഇദ്ദേഹമാണ് കാലാമൃതവും, ഉത്തരകാലാമൃതവും, ജ്യോതിര്‍വിദാഭരണവും എല്ലാം രചിച്ചത്) സ്വന്തം രാജാവിന്റെ വംശത്തെ മഹത്വപ്പെടുത്താന്‍ വേണ്ടി ഇങ്ങനെയെല്ലാം പറഞ്ഞു എന്നു കണക്കാക്കിയാല്‍ മതി എന്നു തോന്നുന്നു. അല്ലാത്ത അത്തരം സാഹിത്യവാചാടോപങ്ങള്‍ക്ക് അതില്‍ കവിഞ്ഞ ചരിത്രപരമായ അസ്തിത്വം ഉണ്ടെന്നു തോന്നുന്നില്ല.

പ്രശ്നമാര്‍ഗകര്‍ത്താവിന്റെ ശിഷ്യന്മാര്‍

പ്രശ്നരീതീകര്‍ത്താവായ കൂക്കണിയാളും, ജാതകാദേശമാര്‍ഗകര്‍ത്താവായ പുതുമന ചോമാതിരിയുമാണ് പ്രശ്നമാര്‍ഗകര്‍ത്താവിന്റെ പ്രമുഖശിഷ്യന്മാര്‍. ഇതില്‍ കൂക്കണിയാള്‍ പ്രശ്നമാര്‍ഗകര്‍ത്താവിന്റെ ചെറുപ്പകാലത്തും, പുതുമന ചോമാതിരി വാര്‍ദ്ധക്യകാലത്തുമാണ് ശിഷ്യത്വം സ്വീകരിച്ചത്. പ്രശ്നമാര്‍ഗം ഗ്രന്ഥാരംഭശ്ലോകങ്ങളിലൊന്നില്‍ ശാസ്ത്രം സുഖം ബോധയിതും സ്വശിഷ്യാൻ എന്നിങ്ങനെ ഏകവചന പ്രയോഗമുണ്ടാകയാല്‍ ഒരു ശിഷ്യനുവേണ്ടിയാണ് (കൂക്കണിയാള്‍ക്കുവേണ്ടിയാണ്) ഈ ഗ്രന്ഥം എഴുതിയതെന്നും, ഗ്രന്ഥാവസാനത്തില്‍ ശിഷ്യായഃ (ശിഷ്യര്‍ക്കുവേണ്ടി) എന്നിങ്ങനെ ബഹുവചനപ്രയോഗമുണ്ടാകയാല്‍ തന്റെ ശിഷ്യന്മാര്‍ക്ക് എല്ലാര്‍ക്കും വേണ്ടിയാണ് ഗ്രന്ഥരചനയെന്നും വിഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്. അഥവാ തന്റെ ശിഷ്യനായ കോക്കണിയാൾ എന്ന കുക്കണിയാൾക്കു വേണ്ടിയാണ് പ്രശ്നമാർഗ്ഗം നിർമ്മിച്ചത് എന്നും .ഗ്രന്ഥരചന പൂർത്തീകരിക്കുമ്പോൾ മറ്റു ശിഷ്യർക്കു കൂടി ഉപകരിക്കട്ടെ എന്നദ്ദേഹം ചിന്തിച്ചിരിക്കുന്നു എന്നു കരുതാം. പ്രശ്നമാര്‍ഗ്ഗകര്‍ത്താവിന്റെ ശിഷ്യന്മാരായി നമുക്ക് വ്യക്തമായി അറിയാവുന്നത് കൂക്കണിയാള്‍, പുതുമന ചോമാതിരി എന്നിവരെക്കുറിച്ചാണ്. ഇവരില്‍ പുതുമന ചോമാതിരിയുടെ പരമ്പരയിലാണ് പില്‍ക്കാലത്ത് ഗ്രന്ഥരചയിതാക്കളും പ്രസിദ്ധരുമായ ഒട്ടേറെ ശിഷ്യന്മാരുണ്ടായത്, കൂക്കണിയാളുടെ പരമ്പരയിലല്ല.

കൂക്കണിയാള്‍

പനക്കാട്ട് നമ്പൂതിരിയുടെ ശിഷ്യരിൽ അഗ്രഗണ്യനായിരുന്നു എടക്കാട്ടു കണിയാങ്കണ്ടി വീട്ടിൽ ശങ്കരൻ കുട കെട്ടിയാണ് ഉപജീവനം കഴിച്ചു വന്നതു. കാലക്രമത്തിൽ ദാരിദ്രൃം സഹിക്കാതായപ്പോൾ ജ്യോതിഷം പഠിക്കണമെന്നും പനക്കാട്ടു നമ്പൂരിയെ ഗുരുവായി ലഭിച്ചെങ്കിൽ എന്നും ആഗ്രഹിച്ചു.ഒരു ദിവസം വളരെ ഭംഗിയുള്ള ഒരു ഓലക്കുടയുണ്ടാക്കി ശങ്കരൻ പനങ്ങാട്ടില്ലത്തെത്തി നമ്പൂതിരിയുടെ മുമ്പിൽ ദക്ഷിണയായി വച്ചു. ഒറ്റക്കാലിൽ കുത്തി നിർത്തിയ കുടവീഴാതെ നിൽക്കുന്നതുകണ്ടു് നമ്പൂതിരി അത്ഭുതം കൂറി. കണക്ക് എത്ര കൃത്യം. അദ്ദേഹം ശങ്കരനെ അഭിനന്ദിച്ചു. ശങ്കരന്റെ അഭീഷ്ടം എന്താണെന്നു ചോദിച്ചറിഞ്ഞ അദ്ദേഹം ശങ്കരനെ തന്റെ ശിഷ്യനായി സ്വീകരിച്ചു.ശങ്കരന്റെ കഴിവിൽ സന്തോഷവാനായ നമ്പൂതിരി തന്റെ പ്രിയശിഷ്യനുവേണ്ടി എഴുതിയതാണ് പ്രശ്നമാർഗം എന്നു പറയപ്പെടുന്നു. ശങ്കരൻ ജ്യോതിഷത്തിൽ വിദഗ്ദനായി. അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിച്ചു. കോലത്തിരി രാജാവ്വ് ആദരവോടെ സമ്മാനിച്ച പേരാണ് കോക്കണിയാൾ എന്ന്.കോ എന്നാൽ രാജാവു്.കോക്കണിയാൾ എന്നതു് ഗണകന്മാരുടെ രാജാവു്. (ജ്യോതിഷികളുടെ രാജാവ്വ്) കോക്കണിയാൾ ലോപിച്ച് കുക്കണിയാളായി. അതിനു ശേഷമാണ് പ്രശ്‌നരീതി അദ്ദേഹമെഴുതുന്നത്. പ്രശ്നമാർഗ്ഗത്തിൽ 32 മത്തെ അദ്ധ്യായത്തിൽ അവസാനത്തെ ശ്ലോകത്തിൽ ഗ്രന്ഥകർത്താവ് ഇങ്ങനെ പറയുന്നു " സ്വകല്പിത: കശ്ചിദപീഹനാർത്ഥോ.... "ഇതിൽ നിന്നും മനസ്സിലാകുന്നത് ഇദ്ദേഹത്തിന് അനേകം ശിഷ്യന്മാരുണ്ടെന്നുള്ള സൂചന നൽകുന്നുണ്ട്...... കൂക്കണികൾ, പെരും കണികൾ തുടങ്ങി ചില ആചാര പേരുകൾ അക്കാലത്ത് നൽകപ്പെട്ടതായിട്ട് പറഞ്ഞു കേട്ടിട്ടുണ്ട്. ചിറക്കൽ കോവിലകത്ത് പ്രശ്ന ചിന്ത ചെയ്തതിൽ അന്നത്തെ കോലത്തിരി രാജാവ് നൽകപ്പെട്ട ബഹുമതിയാണെന്നും പറയപ്പെട്ടു വരുന്നു. ഏതായാലും ജോതിഷത്തിന് മഹത്തായ സംഭാവന നൽകിയ ഈ രണ്ട് ആചാര്യന്മാരും ദീപസ്തംഭങ്ങൾ തന്നെയാണ്. പിൽകാലത്ത് കൂ കണികൾ " പ്രശ്നരീതി" എന്ന എന്ന ഗ്രന്ഥം നിർമ്മിച്ചു. കാലക്രമേണ അദ്ദേഹം ഒരു യോഗിയായിട്ടും ആദ്ധ്യാത്മികമായ മേഖലയിലും ശ്രദ്ധ ചെലുത്തുകയും യോഗിയായി തീരുകയും ചെയ്തു രണ്ടു പേരും ഒന്നിച്ച് ഒരേ സമയത്തു തന്നെ സമാധിയുമായി.അതായത് സൂര്യൻ ഉത്തരായനത്തിൽ പ്രവേശിക്കുന്ന സമയത്ത് ധനുമാസം 11-ആം തീയ്യതിയാണ് ഈ ധന്യാത്മാക്കൾ കണിയാങ്കണ്ടിയിലെ പുതിയ ഗൃഹത്തിൽ വച്ച് സമാധിയായത്. അന്നാണ് പ്രശ്നമാർഗ്ഗ ഗുരുദേവ ദിനമായിട്ട് ആചരിക്കുന്നതും..

പ്രശ്നരീതീകര്‍ത്താവിന്റെ പേര് എന്തെന്ന കാര്യത്തിലും ധാരാളം തര്‍ക്കങ്ങള്‍ നിലവിലുണ്ട്. അദ്ദേഹത്തിന്റെ പേര് ശങ്കരന്‍ എന്നാണെന്ന് ചിലര്‍ പറയുന്നു. അപ്രകാരമല്ലെന്നും പ്രശ്‌നരീതികര്‍ത്താവിന്റെ പേര് രാമന്‍ എന്നായിരുന്നുവെന്ന് ചിലര്‍ വാദിക്കുന്നു. 1972-ല്‍ പ്രസിദ്ധപ്പെടുത്തിയ പ്രശ്‌നമാര്‍ഗ്ഗ ഗുരുദേവ സ്മാരക ഗ്രന്ഥത്തില്‍ പ്രസിദ്ധ ദൈവജ്ഞനായ ഇരിങ്ങല്‍ ടി എം കൃഷ്ണപണിക്കര്‍, രാമന്‍ എന്നാണ് പ്രശ്‌നരീതികര്‍ത്താവിന്റെ പേരെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. കണിയാങ്കണ്ടിയില്‍ ജനിച്ച 2 സഹോദരങ്ങളില്‍ മൂത്തയാളാണ് രാമന്‍ എന്നത് അദ്ദേഹവും അംഗീകരിക്കുന്നുണ്ട്. ഇളയ സഹോദരന് ജ്യോതിഷം അറിയാമായിരുന്നുവെന്നും മൂത്തയാളായ രാമനാണ് പനയ്ക്കാട്ട് നമ്പൂതിരിയില്‍ നിന്നും ജ്യോതിഷം അഭ്യസിക്കുകയും പില്‍ക്കാലത്ത് പ്രശ്‌നരീതി രചിക്കുകയും ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്. മൂത്തയാളാണ് പ്രശ്‌നരീതി രചിച്ചത് എന്നാണ് ഉള്ളൂരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ എടയ്ക്കാട് കണിയാങ്കണ്ടിയില്‍ ഇന്നത്തെ താവഴിക്കാര്‍ പറയുന്നത് ഇളയവനായ ശങ്കരനാണ് പ്രശ്‌നരീതികര്‍ത്താവെന്നാണ്. ഈശ്വരം ശങ്കരം വഹ്നിം എന്നിത്യാദി പ്രശ്നായനശ്ലോകം ശങ്കരം എന്നിങ്ങനെ സൂചിപ്പിക്കുന്നത് പ്രശ്നരീതികര്‍ത്താവിന്റെ പേരാണോ എന്നു സംശയിക്കാവുന്നതാണ്. ഏതു വിശ്വസിക്കണം? ഏതായാലും കേട്ടുകേള്‍വികളെ വിശ്വസിക്കുക എന്നതല്ലാതെ പ്രശ്‌നരീതികര്‍ത്താവിന്റെയും യഥാര്‍ത്ഥനാമം നിര്‍ണയിക്കുന്നതിനാവശ്യമായ വേണ്ടത്ര രേഖകളോ തെളിവുകളോ ലഭ്യമല്ല

പുതുമന ചോമാതിരി (പുതുമന പുരുഷോത്തമ സോമയാജി)

കണ്ണൂരില്‍ ജീവിച്ച പ്രശ്നമാര്‍ഗകര്‍ത്താവിന്റെ വാര്‍ദ്ധക്യകാലത്ത് അദ്ദേഹത്തിന്റെ സമീപമെത്തി ശിഷ്യപ്പെട്ട ഒരു ചെറുപ്പക്കാരനായ തൃശൂര്‍കാരനാണ് പില്‍ക്കാലത്ത് ജാതകാദേശമാര്‍ഗം തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയ സുപ്രസിദ്ധനായ പുതുമന സോമയാജി.

ഇദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച് സംശയോച്ഛേദിയായ തെളിവുനല്‍കുന്ന ഒരു ശ്ലോകം താഴെച്ചേര്‍ക്കുന്നു.

പ്രശ്‌നായത്തിലെ 10-ആം അയനത്തിലെ 16-ആം ശ്ലോകം ആ പുസ്തകത്തിന്റെ രചനാകാലം നിര്‍ണയിക്കാന്‍ സഹായകമാണ്. കലിവര്‍ഷം 4982 ലാണ് (രാജധവാഃ) അതായത് കൊല്ലവര്‍ഷം 1056, എഡി 1881-ലാണ്, ഈ പുസ്തകത്തിന്റെ രചനാകാലം എന്ന് ഈ ശ്ലോകത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും.

മദ്ധ്യാരണ്യദ്വിജാസ്യാദ് വിഗളിത ഇഹ യഃ പ്രശ്‌നമാര്‍ഗ്ഗേ മരാദൗ
കോളംബേ ഛാത്രശിഷ്യോ(അ)സ്യ ച വിരചിതവാന്‍ ജാതകാദേശരത്‌നം
തച്ഛിഷ്യസ്യാനുമത്യാ സ്ഥലിപുരനിയസ്യായനം പ്രശ്‌നതോ(അ)സൗ
സൃപ്രാദേശാധിവാസീ വ്യരചയമഹമപ്യുത്തമഃ പൂരുഷാണാം

(അയനം 15 ശ്ലോകം 41)

യാതൊരു ഇടയ്ക്കാടു ബ്രാഹ്മണനില്‍നിന്നാണോ (പനയ്ക്കാട്ടു നമ്പൂതിരിയില്‍നിന്ന്) കൊല്ലവര്‍ഷം 825-ല്‍ പ്രശ്‌നമാര്‍ഗ്ഗം നിര്‍ഗ്ഗളിച്ചത്, അദ്ദേഹത്തിന്റെ ശിഷ്യന്റെ ശിഷ്യന്‍ (മുക്കാട്ടു നാരായണന്‍ ഇളയത്) ജാതകാദേശരത്‌നം രചിച്ചു. (തൃശൂര്‍ ജില്ലയിലെ) അദ്ദേഹത്തിന്റെ ശിഷ്യന്‍ (അതായത് കുട്ടലേടത്തു പുരുഷത്തമന്‍ മൂത്തത് എന്ന പ്രശ്‌നായനകര്‍ത്താവ്), തൃപ്രയാറില്‍ ജനിച്ച് (കണ്ണൂര്‍ ജില്ലയിലെ) ജീവിച്ചിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ (മുക്കാട്ടു നാരായണന്‍ ഇളയതിന്റെ) അനുമതിയോടുകൂടി, ഈ ഉത്തമഗ്രന്ഥം രചിച്ചു.

പുരുഷോത്തമന്‍ എന്നാണ് പ്രശ്‌നായനകര്‍ത്താവിന്റെ പേര് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. കൈയ്യെഴുത്തു പ്രതിയുടെ അവസാന ഭാഗത്ത് അദ്ദേഹത്തിന്റെ മുഴുവന്‍ പേര് നല്‍കിയിരിക്കുന്നത് കുട്ടലേടത്തു പുരുഷോത്തമന്‍ മൂത്തത് എന്നാണ്. അദ്ദേഹം സൃപ്രാദേശത്താണ് ജനിച്ചത്. വടക്കുംകൂര്‍ രാജരാജവര്‍മ്മയുടെ അഭിപ്രായത്തില്‍ ഇത് (തൃശൂര്‍ ജില്ലയിലുള്ള) തൃപ്രയാറാണ്. സ്ഥാലീപുരത്താണ് (തളിപ്പറമ്പ്) ജീവിച്ചത്. പ്രശ്‌നമാര്‍ഗ്ഗം രചിക്കപ്പെട്ടത് കൊല്ലവര്‍ഷം 825 ല്‍ (മരാദൗ കോളംബേ) ആണ്. അതായത് എഡി 1650 - ല്‍. കണ്ണൂര്‍ എടയ്ക്കാട് ഗ്രാമത്തില്‍ പനക്കാട്ട് ഇല്ലത്തെ നമ്പൂതിരിയാണ് പ്രശ്‌നമാര്‍ഗ്ഗം രചിച്ചത്. പ്രശ്‌നമാര്‍ഗ്ഗകര്‍ത്താവിന്റെ ശിഷ്യന്റെ ശിഷ്യനും ജാതകാദേശരത്‌നം എന്ന പുസ്തകം എഴുതിയതുമായ വ്യക്തി മുക്കാട്ട് നാരായണന്‍ ഇളയതാണ്. ഇദ്ദേഹത്തിന്റെ ജീവിതകാലം കൊല്ലവര്‍ഷം 940 മുതല്‍ 1017 (എഡി 1765-1842 ) വരെ ആയിരുന്നു. പുരുഷോത്തമ സോമയാജിയുടെ പ്രസിദ്ധമായ ജാതകാദേശം (ജാതകാദേശമാര്‍ഗ്ഗം) എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ് ജാതകാദേശരത്‌നം രചിക്കപ്പെട്ടത്. പ്രശ്‌നായനം രചിച്ച പുരുഷോത്തമന്‍ ജാതകാദേശരത്‌നകര്‍ത്താവായ മുക്കാട്ട് നാരാണന്‍ ഇളയതിന്റെ ശിഷ്യനാണ്. പ്രശ്‌നായനകര്‍ത്താവ് ജീവിച്ചത് തൃപ്രയാറിനു സമീപസ്ഥമായ തളിപ്പറമ്പിലാണ്. (തൃശൂരുകാരനായ പുതുമന സോമയാജി കണ്ണൂരില്‍ വന്ന് പനയ്ക്കാട് നമ്പൂതിരിയില്‍ നിന്നു ജ്യോതിഷം പഠിച്ചു എന്നതും, അദ്ദേഹത്തിന്റെ പ്രശിഷ്യനും പ്രശ്നായനകര്‍ത്താവുമായ കുട്ടിലേടത്തു പുരുഷോത്തമന്‍ മൂത്തതും കണ്ണൂര്‍ തളിപ്പറമ്പില്‍ ജീവിച്ച തൃശൂര്‍കാരനാണെന്നതും ശ്രദ്ധേയം തന്നെ!)

തന്റെ ഗുരുവും ജാതകാദേശരത്‌നം രചിച്ചയാളുമായ കുട്ടലേടത്തു പുരുഷോത്തമന്‍ മൂത്തതിനെക്കുറിച്ചും, അദ്ദേഹത്തിന്റെ ഗുരുവും ജാതകാദേശകര്‍ത്താവുമായ പുരുഷോത്തമ സോമയാജിയെക്കുറിച്ചും മറ്റു ചില ശ്ലോകങ്ങളിലും പ്രശ്‌നായനകര്‍ത്താവ് സൂചിപ്പിക്കുന്നുണ്ട്. ഈ പരാമര്‍ശങ്ങളില്‍ നിന്നും പ്രശ്‌നമാര്‍ഗ്ഗകര്‍ത്താവിന്റെ ശിഷ്യനാണ് ജാതകാദേശകര്‍ത്താവായ പുരുഷോത്തമ സോമയാജി എന്നു മനസ്സിലാക്കാം.

//The date of composition of Karanapaddhati is given in the concluding verse by a chronogram which can be translated as 1732 CE. K. V. Sarma has argued for accepting this date as the most probable date of composition of Karanapaddhati.// (Wikipedia)

കെവി ശര്‍മ്മയുടെ നിഗമനം വളരെ ശരിയാണ്. ഏകദേശം 1640-നും 1750-നും മധ്യേയുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പണ്ഡിതരത്നമാണ് ജാതകാദേശമാര്‍ഗകര്‍ത്താവും, പ്രശ്നമാര്‍ഗാചാര്യന്റെ ശിഷ്യനുമായ പുതുമന പുരുഷോത്തമസോമായാജി.

മുകളില്‍ സൂചിപ്പിച്ചതുപോലെ പുതുമന സോമയാജിയുടെ (ജാതകാദേശമാര്‍ഗകര്‍ത്താവിന്റെ) ശിഷ്യപ്രശിഷ്യപരമ്പര വളരെ പ്രസിദ്ധമാണ്. മംഗലശ്ശേരിയിലെ ദാമോദരന്‍ നമ്പൂതിരിയില്‍ നിന്നും, പ്രശ്നമാര്‍ഗകര്‍ത്താവായ പനക്കാട് നമ്പൂതിരിയിലേക്കും, അവിടെ നിന്നും ജാതാദേശമാര്‍ഗകര്‍ത്താവായ പുതുമന പുരുഷോത്തമ സോമായജിയിലേക്കും, അവിടെനിന്നും ജാതകാദേശരത്നകര്‍ത്താവായ മുക്കാട്ട് നാരായണന്‍ ഇളയതിലേക്കും, അവിടെനിന്നും പ്രശ്നായനകര്‍ത്താവായ കുട്ടലേടത്തു പുരുഷോത്തമന്‍ മൂത്തതിലേക്കും എന്നിങ്ങനെ ഒഴുകിയ ഈ ഗുരുശിഷ്യപരമ്പര പില്‍ക്കാലത്ത് പ്രശ്നമാര്‍ഗത്തിന് ഉപരത്നശിഖാ വ്യാഖ്യാനം രചിച്ച പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ്മയിലേക്കും, പയ്യന്നൂര്‍ വിപികെ പൊതുവാളിലേക്കും മറ്റും ഒഴുകിപ്പരക്കുന്നു. 400 വര്‍ഷത്തിലധികം അനര്‍ഗളമായി അനുസ്യൂതം കണ്ണിമുറിയാതെ ഒഴുകിപ്പരന്ന ഈ ഗുരുശിഷ്യപരമ്പര ഒരു അതിശയം തന്നെയാണ്.

മറ്റു വ്യാഖ്യാനങ്ങള്‍

പ്രശ്നമാര്‍ഗം വ്യാഖ്യാനങ്ങളില്‍ കൃഷ്ണാലയം ഗോവിന്ദന്റെ സാരബോധിനി വ്യാഖ്യാനമാണ് ലളിതം. വാക്കര്‍ത്ഥം മനസ്സിലാക്കുന്നതിനും അര്‍ത്ഥഭേദങ്ങളറിയുന്നതിനും യോജിച്ചതും ലളിതവുമാണ് ഈ വ്യാഖ്യാനം. സത്യത്തില്‍ വ്യാഖ്യാനം എന്നു പറഞ്ഞുകൂടാ. പ്രശ്നമാര്‍ഗത്തിന് ഇന്ന് ലഭ്യമായിട്ടുള്ളവയില്‍ ഒട്ടുമിക്കതും വെറും ടീകകള്‍ മാത്രമാണ്. പക്ഷെ ഈ ഗ്രന്ഥത്തില്‍ ഒരുപാട് വ്യാഖ്യാനപിശകുകളും അക്ഷരത്തെറ്റുകളുമുണ്ട്.

നിരന്തരം അഷ്ടമംഗലങ്ങള്‍ വെച്ചുകൊണ്ടിരുന്ന ഒരു പ്രായോഗികജ്യോതിഷി തയ്യാറാക്കിയ വ്യാഖ്യാനം എന്ന മെച്ചം ഉപരത്നശിഖയ്ക്കുണ്ട്. മറ്റു ഗ്രന്ഥങ്ങളില്‍ കാണാത്ത ചില പ്രായോഗിക സൂചനകള്‍ ഈ ഗ്രന്ഥത്തില്‍ അങ്ങിങ്ങു കാണാം. പുന്നശ്ശേരി നമ്പിയുടെ ശിഷ്യപരമ്പരയുടെ അറ്റത്താണല്ലോ നമ്മളില്‍ പലരും ഉള്ളതും. പുന്നശ്ശേരി നമ്പൂതിയുടെ ഉപരത്നശിഖാവ്യാഖ്യാനത്തെ ചെറുവള്ളി നാരായണന്‍ നമ്പൂതിരിയുടെ സംശോധനം ചെയ്ത ഈ വ്യാഖ്യാനമാണ് ഇന്ന് പ്രസിദ്ധം.

എസ് ടി റെഡ്യാര്‍ പ്രസിദ്ധീകരിച്ച നീലകണ്ടവിരചിതം വ്യാഖ്യാനമായാലും, കൃഷ്ണാലയം ഗോവിന്ദന്റെ സാരബോധിനീ വ്യാഖ്യാനമായാലും, ദേവീബുക്സ്റ്റാള്‍ പ്രസിദ്ധീകരിച്ച പുന്നശ്ശേരിയുടെ ഉപരത്നശിഖാ വ്യാഖ്യാനമായാലും, ബിവി രാമന്റെ ഇംഗ്ലീഷ് വ്യാഖ്യാനമായാലും, എന്‍ ഇ മുത്തുസ്വാമിസാറിന്റെ വ്യാഖ്യാനമായാലും ശരി - എല്ലാം അക്ഷരത്തെറ്റുകളും വ്യാഖ്യാനത്തെറ്റുകളും നിറഞ്ഞതും ഒരുപോലെ അബദ്ധജടിലവുമാണ് എന്നതാണ് വാസ്തവം. ഇതുകൊണ്ടുതന്നെ പ്രശ്മാര്‍ഗത്തിന് ഇനിയും നല്ലൊരു വ്യാഖ്യാനം വരാനിരിക്കുന്നതേയുള്ളു എന്നു പറയാം. ലഭ്യമായ വ്യാഖ്യാനങ്ങളില്‍ അക്ഷരത്തെറ്റും വ്യാഖ്യാനപ്പിശകും ഏറ്റവും കുറവ് ഉപരത്നശിഖാവ്യാഖ്യാനത്തിനു തന്നെയാണ്. സംക്ഷിപ്തം എന്ന മെച്ചം നീലകണ്ഠന്റെ വ്യാഖ്യാനത്തിനും, ലളിതം എന്ന മെച്ചം സാരബോധിനിക്കും ഇംഗ്ലീഷില്‍ ലഭ്യമായ പ്രശ്നമാര്‍ഗത്തിന്റെ ആദ്യവ്യാഖ്യാനം എന്ന മെച്ചം ബി വി രാമന്റെ വ്യാഖ്യാനത്തിനും ഉണ്ടെന്നു സമ്മതിക്കണം. സങ്കീര്‍ണവും കാലഹരണപ്പെട്ടതുമായ ഭാഷാശൈലിയാണ് ഉപരത്നശിഖയുടെ ദോഷം. അന്വയം കൂടി നല്‍കുക കാരണം ഗ്രന്ഥം വലുതായി എങ്കില്‍ക്കൂടി വ്യാഖ്യാനം വേണ്ടത്ര വൈപുല്യമുള്ളതല്ല.

പനയ്ക്കാട്ട് നമ്പൂതിരിയുടെ ഗ്രന്ഥം - ഉത്തമം! പുന്നശ്ശേരി നമ്പിയുടെ വ്യാഖ്യാനം - ഉത്തമോത്തമം! ചെറുവള്ളി നാരായണന്‍ നമ്പുതിരിയുടെ സംശോധനം. സംശോധനം എന്നതുകൊണ്ട് ഗ്രന്ഥത്തില്‍ വന്നുഭവിച്ച അച്ചടിത്തെറ്റുകള്‍ തിരുത്തുക എന്നും ഭാഷ കുറച്ചുകൂടി മെച്ചപ്പെടുത്തി ആധുകര്‍ക്കു കുറച്ചുകൂടി മനസ്സിലാവുന്നത് ആക്കുക എന്നുമാണ് ചെറുവള്ളി ഉദ്ദേശിച്ചത് എന്നു തോന്നുന്നു. അല്ലാതെ, പുന്നശ്ശേരിക്ക് തെറ്റുപറ്റുകയും അതു ചെറുവള്ളി തിരുത്തുകയും സ്വാഭാവികമല്ലല്ലോ. പുന്നശ്ശേരി പറഞ്ഞത് തെറ്റുകൂടാതെ അച്ചടിച്ചുവന്നിരുന്നുവെങ്കില്‍, ആ ഭാഷ ഇന്നത്തെ കാലഘട്ടത്തിന് യോജിച്ചതായിരുന്നുവെങ്കില്‍ ഒരു സംശോധനത്തിന്റെ ആവശ്യവുമില്ല. ഭാഷാന്തരീകരണം, അച്ചടിപ്പിശകുകള്‍ തിരുത്തല്‍ എന്നിവയല്ലാതെ മറ്റെന്തെങ്കിലും സംഭാവന ചെറുവള്ളി ഈ സംശോധനത്തില്‍ നല്‍കിയതായി കാണുന്നില്ല. ഗ്രന്ഥകര്‍ത്താവ്, സമ്പാദകന്‍, വിവര്‍ത്തകന്‍, വ്യാഖ്യാതാവ്, എഡിറ്റര്‍, പബ്ലിഷര്‍ എന്നെല്ലാം കേട്ടിട്ടുണ്ട്. സംശോധകന്‍ എന്ന വാക്ക് ചെറുവള്ളിക്കുശേഷം പുതുതായി കേള്‍ക്കാന്‍ തുടങ്ങിയതാണ്. Editor എന്നാണോ Corrector എന്നാണോ സംശോധകന്‍ എന്ന ഈ വാക്കുകൊണ്ട് ഉദ്ദേശിച്ചത് എന്നു ഞാന്‍ അതിശയിച്ചിട്ടുണ്ട്.  ഈ ഗ്രന്ഥം നല്ല രീതിയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനായി ചെറുവള്ളിയും ദേവീബുക്സ്റ്റാളും ചെയ്ത പ്രയത്നത്തെ കുറച്ചു കാണുകയല്ല. അത് തീര്‍ച്ചയായും അഭിനന്ദനീയമാണ്. സ്വാഭാവികമായി എനിക്കു തോന്നിയ ഒരു ചിന്ത പങ്കുവെച്ചുവെന്നേയുള്ളു. വാസ്തവത്തില്‍ പഴയ ഗ്രന്ഥങ്ങളേതെങ്കിലും വ്യാകരണപ്പിശകും അച്ചടിപ്പിശകും കുറേയെങ്കിലും തിരുത്തിയത് ഇന്നു കിട്ടണമെങ്കില്‍ ചെറുവള്ളിയുടെ സംശോധിത പതിപ്പ് തന്നെ വേണം എന്നതാണ് പ്രശ്നമാര്‍ഗം, ഫലദീപിക, പ്രശ്നരീതി എന്നുതുടങ്ങി ഒട്ടനവധി ഗ്രന്ഥങ്ങളുടെ കാര്യത്തിലുള്ള അവസ്ഥ. അദ്ദേഹം കേരളത്തിലെ ജ്യോതിഷസാഹിത്യത്തിനു നല്‍കുന്ന സംഭാവന അദ്വിതീയമാണ്.

ഭാഷാവിവര്‍ത്തനങ്ങള്‍

ഈ ശ്ലോകത്തിന് ചില ഭാഷാവിവര്‍ത്തനങ്ങള്‍ താഴെച്ചേര്‍ക്കുന്നു. ഓരോന്നും ഒന്നിനൊന്നുമെച്ചമായ വിവര്‍ത്തന പരിശ്രമങ്ങളാണ്.

അഹോരാത്രമതാം ഘോര സംസാരവന മധ്യമാം
ഹോരയാം ജനലഗ്നങ്ങൾ തൻ പുരാനായ് വിളങ്ങുവോൻ
ശാസ്ത്രങ്ങളായ പശുവെ ബുദ്ധിയാലേകറന്നതാം
പാലിന്റെ സിന്ധുവിൻകന്യക്കിളക്കം നൽകുവോൻ ധവൻ
ഇടക്കാട്ടപ്പനേ നന്നായ് ധ്യാനിപ്പൂ സാധുവാമഹം
ഐശ്വര്യവൃദ്ധിയും
,ശുദ്ധ ബുദ്ധിയും സിദ്ധമാകുവാൻ .......................................

-           വിഷ്ണുനമ്പൂതിരി

മതിക്കു മതിയാവോളം വൃദ്ധിയും ശുദ്ധിയും തരാന്‍
പാവമീ ഞാനും നന്നായ് പ്രാര്‍ത്ഥിപ്പൂ സിദ്ധിയും വരാന്‍
പാലാഴികന്ന്യാനാഥന്‍ എടക്കാട്ടമരും ഭവാന്‍
ശ്രീ മഹാവിഷ്ണുദേവന്‍ തുണയ്ക്ക മതിയായ് മമ ................................................

-          ചന്ദ്രകുമാര്‍ മുല്ലച്ചേരി

ഇടയ്ക്കാടുവാഴും പാലാഴികന്യാനാഥനെ നന്നായി ധ്യാനിപ്പൂ ഞാന്‍
എന്‍ ബുദ്ധിക്കു നല്ലവണ്ണം ശുദ്ധിവൃദ്ധിസിദ്ധിയും ലഭിപ്പാനായ്......................

-          ശ്രീനാഥ് ഒജി

 

You are not authorised to post comments.

Comments powered by CComment