പ്രശ്നമാര്‍ഗം ശ്ലോകം - 2

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

(കേരളജ്യോതിഷം ഗ്രൂപ്പില്‍ പ്രശ്നമാര്‍ഗത്തിലെ ഒന്നാം ശ്ലോകത്തെക്കുറിച്ചു നടന്ന ചര്‍ച്ചയെ ആധാരമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി, നമസ്കാരം.)

ഗുരുഭ്യശ്ച ഗ്രഹേഭ്യശ്ച മയാ ബദ്ധോയമഞ്ജലി
പ്രസന്ന മനസ സ്തേ മേ സത്യാം കുർവന്തു ഭാരതീം

[ഗുരുക്കന്മാരെയും ഗ്രഹങ്ങളേയും ഞാന്‍ കൈകൂപ്പി തൊഴുന്നു. അവര്‍ പ്രസന്നമനസ്സുകളായി എന്റെ വാക്കിനെ സത്യമാക്കിത്തീര്‍ക്കട്ടെ.]

ഗുരുപ്രസാദം കൊണ്ടും ഗ്രഹ പ്രസാദം കൊണ്ടുമാണ് പ്രശ്ന ഫലം പറയുന്നത് ഒത്തു വരുക. കേവലം ശാസ്ത്ര പാണ്ഡിത്യം കൊണ്ടു് അതു സിദ്ധിക്കുന്നതല്ല. തൽക്കാല നിമിത്തങ്ങളും ഉപശ്രുതി മുതലായവയും ഫലം പറയുന്നതിലേക്ക് ഉപകാരപ്പെടും. അത് അവസരോചിതമായി ഘടിപ്പിച്ച് ഫലം പറയുന്നതിന് ഗുരുപ്രസാദവും ഗ്രഹപ്രസാദവും കൂടാതെ നിവൃത്തിയില്ല എന്ന് ആചാര്യൻ ഓർമ്മിപ്പിക്കുന്നു.

ഈ ശ്ലോകത്തില്‍ പ്രത്യക്ഷവും സുവ്യക്തവുമായി പറഞ്ഞിട്ടുള്ളതു കൂടാതെ അധികം രഹസ്യങ്ങളൊന്നും ഒളിപ്പിച്ചു വെച്ചിട്ടില്ലെന്നു തോന്നുന്നു. ഗുരുവും ഗ്രഹങ്ങളും പ്രസാദിച്ചാല്‍ വാക്ക് നിശ്ചയമായും സത്യബോധകമാവും.

ഈ പ്രശ്നമാര്‍ഗശ്ലോകം വ്യാഖ്യാനിക്കുമ്പോള്‍ മുത്തുസ്വാമി -

ഈ ശ്ലോകത്തിൽ ഗുരുക്കന്മാരോടും ഗ്രഹങ്ങളോടുമുള്ള പ്രാർത്ഥനയാണ് . മുൻശ്ളോകത്തിൽ ബുദ്ധിയുടെ ശുദ്ധിക്കായും വൃദ്ധിക്കായും സിദ്ധിക്കായും പ്രാർത്ഥിച്ച ഗ്രന്ഥകാരൻ ഈ ശ്ലോകത്തിൽ പ്രശ്ന ക്രീയയിൽ താൻ പറയുന്ന വാക്കുകൾ പൂർണ്ണമായും ഫലിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . പ്രശ്ന ചിന്തയിൽ കേവല ബുദ്ധി മാത്രം പോരാ എന്നും ബുദ്ധിയോടൊപ്പം ഗുരു ഗ്രഹ പ്രസാദവും ആവശ്യമാണെന്നുമുള്ള സൂചനയും ഈ ശ്ലോകത്തിൽ നിന്നും ലഭിക്കുന്നു

എന്ന് അഭിപ്രായപ്പെടുന്നു.

ഗുരുപ്രസാദം

എന്തുകൊണ്ടാണ് ഗുരുപ്രസാദം ആവശ്യം എന്നു പറഞ്ഞത്? ആത്മീയപാതയില്‍ ഗുരു ഏറെ പ്രാധാനമാണ്. കബീര്‍ദാസ് പാടുന്നു

ഗുരു ഗോവിന്ദ് ദോവും ഘടേ, കാകേ ലാഗൂം പായ്
ബലിഹാരീ ഗുരു അപനേ ഗോവിന്ദ് ദിയോ ബതായ്

ഗുരുവും ഈശ്വരനും രണ്ടുപേരും നില്‍ക്കുന്നതായി കണ്ടാല്‍ ആരുടെ കാലാണ് ആദ്യം വന്ദിക്കുക? തീര്‍ച്ചയായും ഞാന്‍ ഗുരുചരണമാണ് ആദ്യം വന്ദിക്കുക, കാരണം അദ്ദേഹമാണ് എനിക്ക് ഈശ്വരനെക്കുറിച്ച് പറഞ്ഞുതന്നത്.

ഇതേ ഗുരുവിനെക്കുറിച്ച് സ്കന്ദപുരാണാന്തര്‍ഗതമായ ഗുരുഗീതയില്‍ പറയുന്നത് കേള്‍ക്കുക -

ഗുരുബ്രഹ്മാ ഗുരുര്‍ വിഷ്ണുര്‍ ഗുരുദ്ദേവോ മഹേശ്വരഃ
ഗുരുരേവ പരം ബ്രഹ്മഃ തസ്മൈ ശ്രീ ഗുരവേ നമഃ
അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാഞ്ജനശലാകയാ
ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമഃ
അഖണ്ഡമണ്ഡലാകാരം വ്യാപ്തം യേന ചരാചരം
തത്പദം ദര്‍ശിതം യേന തസ്മൈ ശ്രീ ഗുരവേ നമഃ
സ്ഥാവരം ജംഗമം വ്യാപ്തം യത് കിഞ്ചിത് സ ചരാചരം
തത് പദം ദര്‍ശിതം യേന തസ്മൈ ശ്രീ ഗുരവേ നമഃ
ചിന്മയം വ്യാപിനം സര്‍വം ത്രൈലോക്യം സ ചരാചരം
അസിത്വം ദര്‍ശിതം യേന തസ്മൈ ശ്രീ ഗുരവേ നമഃ

(ഗുരുഗീത)

മദീയ ഹൃദയാകാശേ ചിദാനന്തമയോ ഗുരോ
ഉദേതു സദതം സമ്യഗ(അ)ജ്ഞാന തിമിരാരുണാ

(ജാതകാദേശമാര്‍ഗം)

പക്ഷെ ഇതെല്ലാം ബോധോദയം പ്രാപിച്ചവനും ഋഷിയും ആയ ആത്മീയ ഗുരുവിനെക്കുറിച്ചുള്ളതാണ്. അല്ലാതെ ജ്യോതിഷം പഠിപ്പിച്ച, അഥവാ പഠിപ്പിക്കുന്ന, ഗുരുവിന് യോജിച്ചതല്ല!

ഗുശബ്ദമന്ധകാരം താന്‍ രുശബ്ദം തന്നിരോധകം
അന്ധകാരനിരോധത്താല്‍ ഗുരുരിത്യഭിധീയതേ

ഗു ശബ്ദം അന്ധകാര സൂചകമാണ്, രു ശബ്ദം ഇരുട്ടിനെ തടുക്കുന്ന പ്രാകാശത്തെ സൂചിപ്പിക്കുന്നതാണ്. അജ്ഞാനാന്ധകാരം അകറ്റുകയാലാണ് ഗുരു എന്നു പറയുന്നത് - എന്നെല്ലാം വ്യാഖ്യാനിക്കാം. പക്ഷെ അതൊക്കെ ഇവിടെ മതിയായതാണോ? എങ്കിലും ജ്യോതിഷം പാരമ്പര്യസിദ്ധമായ ഒരു വിജ്ഞാനശാഖയും, ഗുരു പ്രായോഗികപരിജ്ഞാനം ഉള്ളവനും ആകയാല്‍ -

ഗുരുഭക്ത്യേശ്വരം ധ്യായന്‍ വദേത് സത്യം ഭവേത് ധ്രുവം (ഗുരുഭക്തിയോടെ ഈശ്വരനെ ധ്യാനിച്ച് പറഞ്ഞോളുക, തീര്‍ച്ചയായും അത് സത്യമായിത്തീരും) എന്ന ഉപദേശം മാനനീയം തന്നെ.

ഇത് വായിച്ചാൽ വളരെ ഭയ ഭക്തി ബഹുമാനങ്ങളോടെ ഗുരുവിനെയും രാഹുകേതുക്കൾ ഉൾപ്പെടുന്ന നവഗ്രഹങ്ങളെയും ഭക്ത്യാദരപൂർവ്വം വന്ദിച്ചാൽ അവരെ താണു തൊഴുതു പ്രീതി വരുത്തിയാൽ അങ്ങനെ ചെയ്യുന്ന ആൾ ആരായാലും അവൻ എന്താണോ പറയുന്നത് അത് സത്യമായി ഭവിക്കും എന്ന് പറയുന്നു . അങ്ങനെ ആണ് ഇതൊക്കെ വായിച്ചപ്പോൾ എനിക്ക് തോന്നിയത് . ഒരാൾക്ക് അനേകം ഗുരുക്കന്മാരുണ്ടാവും !!.. അവന്റെ ബാല്യകാല അനുഭവം മുതൽ രോഗ ശയ്യയിൽ കിടന്നു ഊർദ്ധ ശ്വാസം വലിക്കുമ്പോൾ കിട്ടുന്ന ജലം വരെ അവനു ഓരോരോ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നു . അപ്പോൾ ഏതു ഗുരുവിനെ വന്ദിക്കണം..?.. ഭൂമിയിൽ നിന്നും അനേകായിരം കാതം അകലെ നിൽക്കുന്ന ഈ ഗ്രഹങ്ങൾ ഇങ്ങു താഴെ ഭൂമിയിലെ കടുകുമണിയോളം പോവുന്ന ഒരു മനുഷ്യൻറെ വായിലെ നാവു വളച്ചെടുത്തു പറയുന്ന വാക്കുകൾ എങ്ങനെ സത്യമായി തീർക്കും ..? എന്താണ് ശരിക്കും ഗുരു ...? എന്താണതിൻറെ പ്രമാണം ..? എങ്ങനെ ഉള്ള ആളുകളുടെ വാക്കുകൾ ആവണം സത്യമായി ഭവിക്കണ്ടത് ..?

ഗുരുവിന് നിര്‍വ്വചനങ്ങള്‍ പലതാണ്. ചിലത് പരിശോധിക്കാം.

ഗുരു വ്യക്തിയല്ല ആത്മ ജ്യോതി ആണ് എന്നൊരു പക്ഷം. സാക്ഷാൽ പരമശിവൻ പോലും കൈയിൽ ജപമാലയുമായി ആയിട്ടാണ് ഇരിക്കുന്നത് . പരംപൊരുൾ ആയ ഭഗവാൻ ശിവൻ ആരെ ആവും അപ്പോൾ ഗുരു ആയി കണ്ടിരിക്കുക? ഞാൻ ആരാണ് എന്നു തിരിച്ചറിഞ്ഞാൽ സഹായിക്കുന്ന ആത്മീയഗുരുവാണ് പ്രതിപാദ്യമെങ്കില്‍ അതുകൊണ്ട് ജ്യോതിഷം എങ്ങനെ മനസ്സിലാവും ..? അങ്ങനെ ആണെങ്കിൽ എന്തുകൊണ്ട് ഗ്രന്ഥാചാര്യൻ പറയുന്നില്ല ..തത്വമസി ....എന്ന് ..?

ഗു+രു എന്നാല്‍ അജ്ഞാനം+ഇല്ലാതാക്കുന്നത് എന്നര്‍ത്ഥം. അതാരാണോ ചെയ്തുതരുന്നത് അത് ഗുരു. സത്യത്തില്‍ തന്റെതന്നെ ഉള്ളിലുള്ള ആത്മചൈതന്യം തന്നെയാണത്. പ്രകൃതവ്യത്യാസം (difference in context) കൊണ്ട് എത്രവേണമെങ്കിലും ഗുരുക്കളെ ഉള്ളതായി സങ്കല്‍പിക്കാം. ലോകഗുരുവായ ദക്ഷിണാമൂര്‍ത്തിയും സ്വയം ഗുരുവായി ധ്യാനിക്കുന്നതും ആത്മചൈതന്യത്തെത്തന്നെ. ഗുരു എന്നാല്‍ അജ്ഞാനത്തെ രോധിക്കുന്നത്... അജ്ഞാനമാകട്ടെ ഇരുട്ടാണ്....ഗുരുവാകട്ടെ പ്രകാശവും...ആ പ്രകാശമാണ് നയിക്കുന്നത്... മാര്‍ഗ്ഗം അറിഞ്ഞാല്‍ തന്നെ അജ്ഞാനമാകുന്ന ഇരുട്ട് മൂടിയ മാര്‍ഗ്ഗത്തില്‍ തന്നെ പോകാനും മാര്‍ഗ്ഗം തിരിഞ്ഞ് പോകെ യഥാര്‍ത്ഥ വഴിയിലൂടെ നയിക്കും...അപ്പോള്‍ നമ്മൂടെ അടയാളങ്ങളും മാര്‍ഗ്ഗസൂചികകളും ഗുരു പ്രകാശിപ്പിക്കും....അല്ലെങ്കില്‍ മാര്‍ഗ്ഗം മാറാം...ലക്ഷ്യം മാറാം...

അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാഞ്ജനശലാകയാ
ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമഃ

ഗുരു എന്നാൽ സാക്ഷാൽ പരമശിവൻ തന്നെ ... കൈലാസാ ദൃശ കോണേ സുരവിരപീതടേ സ്ഫാടികേ മണ്ഡപേ ... ദക്ഷിണാ മൂർത്തി ...

ജനിതാ ചോപനേതാ ച യശ്ച വിദ്യാം പ്രയച്ഛതി;
അന്നദാതാ ഭയത്രാതാ പഞ്ചൈതേ ഗുരവ: സ്മൃതാ:.

ഗർഭാധാനം ചെയ്തവൻ ഉപനയിച്ചവൻ ഓത്തുചൊല്ലിച്ചവൻ ചോറുതന്നുവളർത്തിയവൻ ഭയങ്കരാവസ്ഥയിൽ നിന്ന് രക്ഷിച്ചവൻ ഇവർ 5 പേരും ഗുരുവാകുന്നു എന്നൊരു പ്രമാണവുമുണ്ട്‌

നിഷേകാദീനി കർമ്മാണി യ: കരോതി യഥാവിധി;
സംഭാവയതി ചാന്നേന സ വിപ്രോ ഗുരുരുച്യതേ.

അച്ഛനാണു ശ്രേഷ്ഠനായ ഗുരു...

അച്ഛന്‍ ഗുരു, അമ്മ ഗുരു, ജ്യോതിഷം പഠിപ്പിച്ച ഗുരു, ആത്മീയ ഗുരു ഇതൊന്നുമല്ല ഇവിടെ വിഷയം ഉള്ളിലെ ഗുരുസങ്കല്‍പത്തിനാണ്, ഉള്ളിലെ ശിവഗുരുവിനാണ് വന്ദനം... മുഴുവന്‍ പ്രപഞ്ചവും ജീവിതാനുഭവങ്ങളും എല്ലാം ഗുരുവാണ്.... വേദം പറഞ്ഞതുപോലെ - ആനോ ഭദ്ര ക്രതവോയന്തു വിശ്വത‍ഃ (എല്ലാ ദിക്കില്‍ നിന്നും മംഗളപ്രദമായ അറിവുകള്‍ വന്നു ചേരട്ടെ) അഥവാ നാരായണഗുരു പറഞ്ഞതുപോലെ -

നിലമൊടുനീരതുപോലെ കാറ്റു തീയും വെളിവുമഹംകൃതി വിദ്യയും മനസ്സും
അലകളുമാഴിയുമെന്നുവേണ്ടയെല്ലാ ഉലകുമുയര്‍ന്നറിവായിമാറിടുന്നു...

അപ്പോപ്പിന്നെ എന്തും ഏതും എല്ലാം ഗുരുവാവാതെ തരമില്ല. ചിദാനന്ദമയനും അന്തഃസ്ഥിതനുമായ ശിവഗുരുവില്ലാതെ (പരമശിവനില്ലാതെ) ഈ ഗുരുക്കന്മാരെയൊന്നും മനസ്സിലാക്കാനുമാവില്ല. ആര്‍ക്കും ആരെയും ഒന്നും പഠിപ്പിക്കാനാവില്ല. അറിഞ്ഞതേ പഠിക്കാനാവൂ... അതിനാല്‍ ഗുരുതത്വത്തിനാണ് വണക്കം, അല്ലാതെ ഏതെങ്കിലും പ്രത്യേക ഗുരുവിനല്ല. എല്ലാ പ്രധാന ഗുരുക്കന്മാരെയും, ജ്യോതിഷം പഠിപ്പിച്ചവരെയും മറ്റും ഓര്‍മ്മിക്കുന്നതുകൊണ്ട് ദോഷവുമില്ല.

ഗുരു = ലഘുവല്ലാത്തത്... മദീയ ഹൃദയാകാശേ ചിദാനന്ദമയോ ഗുരു.... ഹൃദയാകാശത്തിലെ ചിദാനന്ദമയനാണ് ഗുരു. അദ്ദേഹമാണ് ഉദിക്കേണ്ടത്... ഉദേതു സദതം... അതുകൊണ്ടുള്ള പ്രയോജനമോ...സമ്യഗ് അജ്ഞാനതിമിരാരുണഃ.. ആ ജ്ഞാനസൂര്യന്റെ ഉദയത്തോടെ അജ്ഞാനാന്ധകാരം മായ്ക്കപ്പെടും...

ഗുരു എന്നത് ഒരു വ്യക്തിയോ ഒരുകൂട്ടം വ്യക്തികളോ അല്ല.... താന്‍ ഏറ്റവും ലഘുവാകണം...ചെറുതാകണം....when you become zero I will take you as a hero... നീ ശൂന്യനായാല്‍ ഞാന്‍ നിന്നെ പൂജ്യനാക്കാം... എന്നത് പോലെ വിനയാന്വിതനായി സര്‍വ്വതിനേയും വലുതായി കണ്ട്.....വണങ്ങണം.... എപ്രകാരം എന്നാല്‍ തൃണാനി തത്ര തരവ എന്നത് പോലെ ഗുരുവാക്കണം....അവിടെ ഒരു ശിഷ്യന്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു....ഏയ് നിന്‍റെ ഗുരു മരിച്ചു പോയി എന്ന് പറഞ്ഞപ്പോള്‍ ശിഷ്യന്‍ പറഞ്ഞു....എന്‍റെ ഗുരു മരിക്കുകയോ.....ഏത് ഈ ശവമാണോ എന്‍റെ ഗുരു....കഷ്ടം...എന്‍റെ ഗുരു മരണമില്ലാത്തത്....എപ്പോഴും ഗുരുവായിരിക്കുന്നത്

യസ്യാന്തര്‍ നാദിമധ്യം നഹി കരചരണം നാമഗോത്രം നസൂത്രം
നോ ജാതിര്‍ നൈവവര്‍ണ്ണാന്‍ നഭവതി പുരുഷഃ നാനപുംസാ
ന ച സ്ത്രീ നാകാരം നോ വികാരം നഹിജനിമരണം നാസ്തി പുണ്യം
ന പാപം നോ തത്വം തത്വമേകം സഹജഹമരസം സദ്ഗുരും തം നമാമി.....

അക്ഷരമുരുളും അറിവില്ലാഞ്ഞാല്‍ ജീവിതമുരുളും ഗുരുവില്ലാഞ്ഞാല്‍... എനിക്കാരും ഗുരുവല്ല . എന്റെ ഗുരു ഞാൻതന്നെ എന്ന് പറയുന്നവരേയും കാണില്ലേ ? ഗർഭാധാനം മുതൽക്കു തന്നെ പഠനം തുടങ്ങുന്നു എന്ന്‌ പറഞ്ഞുകൂടേ ? തീര്‍ച്ചയായും...

ഒരു പക്ഷേ അത്രമാത്രമേ നമുക്ക് പരിഗണിക്കാന്‍ നിവൃത്തിയുള്ളൂ....ജനനത്തിനുമുമ്പും മരണാനന്തരവും നിവൃത്തിയില്ല....ഒരുപക്ഷേ ജനനമരണങ്ങള്‍ പോലും സൂര്യോദയാസ്തമനങ്ങളെന്നപോലെ.... ആപേക്ഷികം മാത്രമാകാം...

ഗൃ ശബ്ദേ എന്നും ഗൃ വിജ്ഞാനേ എന്നും ഗൃ നിഗരണേ എന്നും പറയപ്പെടൂന്നു.

ജനിതാ ചോപനേതാ ച യശ്ച വിദ്യാം പ്രയശ്ചതി
അന്നദാതാ ഭയത്രാതാ പഞ്ചൈതേ ഗുരവ സ്മൃതാഃ

എന്നും കാണുന്നു. ഗുരു അതിശയേന എന്നും

ഗുരു സ്ത്രിലിംഗ്യാം മഹതി ദുര്‍ജ്ജരാ ലഘുനോരപി
പുമാന്‍ നിഷേകാദികരേ പിത്രാദൗ സുരമന്ത്രിണീ

എന്നും മേദിനിയില്‍ പറയുന്നു.

ഗ്രഹോ അനുഗ്രഹ നിര്‍ബന്ധ ഗ്രഹണേഷു രണോദ്യമേ
സൂര്യാദൌ പൃതനാദൌ ച സൈംഹികേയോപരാഗയോ -മേദിനി

ഗ്രഹ ഉപദാനേ.. ഇങ്ങനെയെല്ലാം ശബ്ദാര്‍ത്ഥം...

ഗുകാര പ്രഥമോ വര്‍ണ്ണോ മായാദി ഗുണഭാസകഃ

രുകാരോസ്തി പരം ബ്രഹ്മഃ മായാഭ്രാന്തിവിമോചകം

ഗുരു ശബ്ദാര്‍ത്ഥം എന്തുമായി കൊള്ളട്ടെ അകത്തിരുന്ന് നമ്മോട് ഉത്തരവിടുന്ന സത്യമാണ് സത്യത്തില്‍ ഗുരു....

ഗ്രഹപ്രസാദം

ഗ്രഹങ്ങളില്‍ ഭക്തിയും ബഹുമാനവും ജ്യോതിഷിക്ക് ആവശ്യമാണ് (തിരിച്ചല്ല) എന്നു പറയാന്‍ കാരണമെന്ത് എന്ന് ഞാന്‍ പറയാം. കാലമാണ് എല്ലാ സുഖദുഃഖഫലങ്ങള്‍ക്കും കാരണം. കാലത്തിന്റെ താളത്തെ സൂചിപ്പിക്കുന്നവാണ്, അങ്ങനെ ഫലസാധ്യതകളെ സൂചിപ്പിക്കുന്നവയാണ്, ഗ്രഹങ്ങള്‍. സാഹിത്യഭംഗിയോടെ വേണമെങ്കില്‍ ഗ്രഹങ്ങളാണ് ഫലദാതാക്കള്‍ എന്നുപോലും പറയാം (അങ്ങനെയല്ലെങ്കില്‍ക്കൂടി). ഇതേക്കുറിച്ചുള്ള ചില ശ്ലോകങ്ങള്‍ ബ്രാഹസ്പത്യമുഹൂര്‍ത്തവിധാനത്തില്‍ നിന്ന് താഴെച്ചേര്‍ക്കുന്നു.

ഗ്രഹാധീനം ജഗത്സര്‍വം ഗ്രഹാധീനാഃ നരാവരാഃ
കാലജ്ഞാനം ഗ്രഹാധീനം ഗ്രഹാഃ കര്‍മ്മഫലപ്രദാഃ
സൃഷ്ടിരക്ഷണസംഹാരാഃ സര്‍വേ ചാപി ഗ്രഹാനുഗാഃ
കര്‍മ്മണാം ഫലദാതാരഃ സൂചകാശ്ച ഗ്രഹാഃ സദാ
യദുപചിതമന്യജന്മനി ശുഭാശുഭം തസ്യ കര്‍മണഃ പംക്തിം
വ്യഞ്ജയതി ശാസ്തരമേതത് തമസി ദ്രവ്യാണി ദീപ ഇവ
ദുഷ്ക്കരം ഭവസംയോഗം കാലേ ദുഃസ്ഥാനമായയുഃ
തത്ഫലാനന്വപായൈവ തദാ പൂജ്യതമാഃ ഗ്രഹാഃ
ജ്യോതിശ്ചക്രേ തു ലോകസ്യ സര്‍വസ്യോക്തം ശുഭാശുഭം
ജ്യോതിര്‍ജ്ഞാനം തു യോ വേദ സ യാതി പരമാംഗതിം
ശുചിര്‍ ഭൂത്വാ ദ്വിജോ വിദ്വാന്‍ ഗ്രഹചാരാദികാലവിത്
ഗ്രഹഭക്തം ച ദൈവജ്ഞം സമാചരതഃ സ്വയം

(ബ്രാഹസ്പത്യമുഹൂര്‍ത്തവിധാനം)

ദൈവജ്ഞന്‍ ഭക്ത്യാദരപൂര്‍വ്വം ഗുരുവിനെയും ഗ്രഹങ്ങളെയും വണങ്ങണം (കൈകൂപ്പി വണങ്ങണം, നിരന്തരം ഓര്‍മ്മിക്കണം) എന്നു പറയപ്പെട്ടിട്ടുണ്ടെങ്കില്‍ക്കൂടി ഗുരുവോ ഗ്രഹങ്ങളോ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്തിട്ടല്ല ദൈവജ്ഞന്റെ വാക്ക് സത്യമായിത്തീരുന്നത്, മറിച്ച് ദൈവജ്ഞഹൃത്തില്‍ ഹൃദയാകാശാന്തസ്ഥനായ ഗുരുവും ഗ്രഹങ്ങളും സ്ഫുരിക്കും എന്നതുകൊണ്ടാണ്. മാറ്റം ദൈവജ്ഞന്റെ ഉള്ളിലാണ് ഉണ്ടാവുന്നത്, പുറത്തല്ല! ഗുരുവിന്റെയും ഗ്രഹങ്ങളുടെയുമല്ല റോളൊന്നും, മറിച്ച് ദൈവജ്ഞന്റേതാണ് എന്നര്‍ത്ഥം. :) ഭാരതി (വാക് ദേവിയായ സരസ്വതി) നാവില്‍ സ്ഫുരിക്കണമെങ്കില്‍ ആദ്യം പരമേശ്വരന്‍ (ദക്ഷിണാമൂര്‍ത്തി, ശിവന്‍, ഗുരു) മനസ്സില്‍ സ്ഫുരിക്കണം. അതോടൊപ്പം ശിവപരിവാരങ്ങളായ ഗ്രഹങ്ങളും ദേവീദേവന്മാരും സ്ഫുരിച്ചുകൊള്ളും! ശിവം ഭൂത്വാ ശിവം ഭജേത്! ദൈവത്തെ (ഭാഗ്യത്തെ) അറിയുന്നവാണ് ദൈവജ്ഞന്‍. ഭാഗ്യം കാലതാളത്തിന് അധീനമാണ്. കാലമാകട്ടെ കാലകാലനും (ശിവനും). കാലകാലന്‍ ഉള്ളില്‍ (പ്രജ്ഞയില്‍) സ്ഫുരിച്ചാല്‍ കാലജ്ഞാനമുണ്ടാവും, മനസ്സ് (ബ്രഹ്മാവ്) നിറയും. സരസ്വതി നാവില്‍ സ്ഫുരിക്കും, സാരസ്വതം (വാക്ക്, ഭാഷ) വിളയാടും. കളിയാടുക(അ)നാരമെന്നുടെ നാവുതന്മേല്‍ വാണിമാതാവേ, ശിവേ, സര്‍വാത്മികേ, നമോസ്തുതേ......

പ്രജ്ഞയില്‍ (ബോധത്തില്‍) ശിവനും, മനസ്സില്‍ ബ്രഹ്മാവും, നാവില്‍ സരസ്വതിയും ഉള്ളവനാണ് ദൈവജ്ഞന്‍. ഉള്ളിലെ ശിവന്റെ പരിവാരമാത്രമാണ് ഉള്ളിലെ ഗ്രഹങ്ങള്‍. പുറത്തെ ശിവന്‍ സൂര്യനാണ്, പരിവാരങ്ങള്‍ സൌരയൂഥത്തിലെ ഗ്രഹങ്ങളും. പുറത്തെ ബ്രഹ്മാവ് പ്രപഞ്ചമനസ്സാണ്, സമൂഹമനസ്സാണ് (Collective consciousness), പുറത്തെ സരസ്വതി ഈ സംസ്കൃതിയും! ഇവയുടെ നിറസാന്നിദ്ധ്യമാണ് ഓരോ അഷ്ടമംഗലപ്രശ്നത്തെയും വിജയപ്രദമാക്കുന്നത്, സത്യബോധമാക്കുന്നത്. എല്ലാറ്റിനേയും സ്വാംശീകരിക്കാനും എല്ലാറ്റിനോടും സംവദിക്കാനും കഴിയുന്ന ശ്രദ്ധാലുവും ജ്ഞാനിയും വിജ്ഞാനിയുമായ ദൈവജ്ഞനു മാത്രമേ സത്യബോധകമായും സമൂഹത്തിന് നന്മ കൈവരുന്നരീതിയിലും വിജയപ്രദമായി അഷ്ടമംഗലപ്രശ്നം പറയാനാവൂ....അഷ്ടമംഗലപ്രശ്നം ഒരു തപസ്സാണ്, ഒരു യജ്ഞമാണ്, യാജ്ഞികനാണ് ദൈവജ്ഞന്‍, ആജ്യമാണ് ദൈവജ്ഞന്റെ വാക്കും പ്രവൃത്തിയും!

ഗുരുഭ്യശ്ച ഗ്രഹേഭ്യശ്ച മയാ ബദ്ധോയമഞ്ജലി -- മയാ- എന്നാല്‍. കൈ കൂപ്പുന്നതല്ല. എന്റെ കൈ സ്വയമേവ കൂപ്പിപ്പോവുന്നതാണ്, സ്നേഹബഹുമാനാദരങ്ങള്‍ കൊണ്ട്, ഭക്തികൊണ്ട്! പ്രസന്ന മനസസ്തേ - ജ്യോതിഷി പ്രസന്ന ചിത്തനായിരിക്കണം. തെളിഞ്ഞ മനസ്സിലേ സത്യം പ്രതിഫലിക്കൂ. അപ്രസന്നമായ മനസ്സ് കലക്കവെള്ളം പോലെയാണ്, അതില്‍ ഒന്നും പ്രതിഫലിക്കില്ല. സമൂഹമനസ്സിലുള്ള (Collective consciousness) സത്യം ദൈവജ്ഞ ചിത്തത്തില്‍ സ്ഫുരിക്കണമെങ്കില്‍ ദൈവജ്ഞന്‍ സ്വസ്ഥാന്തരാത്മാവായിരിക്കണം, പ്രസന്നചിത്തനായിരിക്കണം. മേ സത്യാം കുർവന്തു ഭാരതീം - അപ്പോള്‍ സരസ്വതീദേവി സ്വയം ദൈവജ്ഞന്‍ പറയുന്നതിനെയെല്ലാം സത്യമാക്കിക്കൊള്ളും. അഥവാ ദൈവജ്ഞന്‍ ഇവിടെ സ്വയം ഒരു മീഡിയം (Medium) പോലെ മാത്രം പ്രവര്‍ത്തിക്കുയാണെന്ന് സാരം. അയാളല്ല ഫലം പറയുന്നത്, ഫലം അയാളിലൂടെ പുറത്തുവരിക മാത്രമാണ്! അതിനായി സ്വയം തയ്യാറാക്കിക്കൊടുക്കുക മാത്രമാണ് ദൈവജ്ഞന്റെ കര്‍ത്തവ്യം.

എനിക്കീ പ്രശ്നമൊപ്പിപ്പാന്‍ നവഗ്രഹമനുഗ്രഹം
നല്‍കീടുകെന്നു പ്രാര്‍ത്ഥിച്ചു പ്രശ്നം പ്രാരഭതാം ബുധൈഃ

(മാധവീയം പ്രശ്നസാരം)

പാഠഭേദം

ഈ ശ്ലോകത്തിന്റെ രണ്ടാംപാദത്തിന് പ്രസന്ന മനസസ്തേമീ സത്യാം കുർവന്തു ഭാരതീം എന്നൊരു പാഠഭേദമുണ്ട്. തേ മേ എന്നതിന് അവര്‍ (ഗുരുവും ഗ്രഹങ്ങളും) എനിക്ക് എന്നാണ് അര്‍ത്ഥം. അമീ എന്നതിനും അയുള്ളവര്‍ അവര്‍ (ഗുരുവും ഗ്രഹങ്ങളും) എന്നുതന്നെയാണ് അര്‍ത്ഥം.  ഗ്രന്ഥാ ക്ഷരത്തിലുള്ള ഗ്രന്ഥത്തിലും മേ എന്നാണ് ഇതാണ് ശരിയെന്നു തോന്നുന്നു.

സരസ്വതീവന്ദനം

പ്രത്യക്ഷത്തില്‍ ഗുരുവിനെയും ഗ്രഹങ്ങളെയും വണങ്ങുന്ന ഈ പ്രാര്‍ത്ഥന വാസ്തവത്തില്‍ സരസ്വതീദേവിയുടെ അനുഗ്രഹം കാംക്ഷിച്ചുള്ള സരസ്വതീവന്ദനമാണ്. പ്രശ്നമാര്‍ഗകര്‍ത്താവ് ഈ ശ്ലോകത്തില്‍ പ്രാര്‍ത്ഥിക്കുന്നതിന് സമാനമായ കാര്യം തന്നെയാണ് താഴെക്കാണിക്കുന്ന ശ്ലോകത്തില്‍ വരാഹമിഹിരാചാര്യനും പ്രാര്‍ത്ഥിക്കുന്നത്.

യേന സത്യേന ചന്ദ്രാര്‍ക്കൗ ഗ്രഹാ ജ്യോതിര്‍ഗ്ഗണസ്തഥാ
ഉത്തിഷ്ഠന്തീഹ പൂര്‍വേണ പശ്ചാദസ്തം വ്രജന്തി ച
യല്‍ സത്യം സര്‍വവേദേഷു യല്‍ സത്യം ബ്രഹ്മവാദിഷു
യല്‍ സത്യം ത്രിഷു ലോകേഷു തല്‍ സത്യമിഹ ദൃശ്യതാം

- വരാഹമിഹിരന്‍ (ബൃഹത്സംഹിത)

യാതൊരു സത്യത്തിന്റെ മാഹാത്മ്യംകൊണ്ട് ചന്ദ്രാദിത്യന്മാരും ജ്യോതിര്‍ഗണങ്ങളും ഗ്രഹങ്ങളും കിഴക്കേദിക്കിലുദിക്കുകയും പടിഞ്ഞാറേദിക്കിലസ്തമിക്കുകയും ചെയ്യുന്നു, എല്ലാ വേദങ്ങളിലും യാതൊരു സത്യം ഭവിക്കുന്നു, ബ്രഹ്മവാദികള്‍ യാതൊരു സത്യത്തെക്കുറിച്ചാണോ പറയുന്നത്, യാതൊരു സത്യമാണോ മൂന്നുലോകങ്ങളിലും ഉള്ളത്, ആ സത്യം ഇവിടെ കാണപ്പെടേണമേ.

ഇത് സത്യത്തിന്റെ ദേവതയായ സത്യാദേവിയോടുള്ള പ്രാര്‍ത്ഥനയാണ്. സത്യാദേവിയായ സരസ്വതി തന്നെയാണ് വാക്‌ദേവതയും. ഈശ്വരസ്വരൂപം വെളിവാക്കാന്‍ സഹായിക്കുന്നതാണ് ജ്യോതിഷജ്ഞാനം പ്രദാനം ചെയ്യുന്ന വാക്ക്.

പാരമ്പര്യം

ഈ ശ്ലോകം തലമുറകളെ ഗുരുശിഷ്യപരമ്പരകളെ എത്രത്തോളം സ്വാധീനിച്ചു എന്നറിയണമെങ്കില്‍ പനക്കാട് നമ്പൂതിരിയുടെ പ്രശ്നമാര്‍ഗവും, അദ്ദേഹത്തിന്റെ ശിഷ്യനായ പുതുമന ചോമാതിരിയുടെ ജാതകാദേശമാര്‍ഗവും നോക്കിയാല്‍ മതി. രണ്ടു ഗ്രന്ഥങ്ങളിലും രണ്ടാമത്തെ ശ്ലോകമായി കൊടുത്തിരിക്കുന്നത് ഗുരുഭ്യശ്ച ഗ്രഹേഭ്യശ്ച എന്ന ഈ ശ്ലോകമാണ് എന്നാണ് എന്റെ ഓര്‍മ്മ. മാത്രമല്ല ജാതകാദേശമാര്‍ഗത്തിലെ ആദ്യശ്ലോകം തന്നെ ഗുരുവന്ദനമാണ്.

മദീയ ഹൃദയാകാശേ ചിദാനന്ദമയോ ഗുരുഃ
ഉദേതു സദതം സമ്യഗജ്ഞാനതിമിരാരുണഃ

എന്നിങ്ങനെ.  നമുക്കും ഈ പ്രാര്‍ത്ഥന നെഞ്ചേറ്റാം. ജ്യോതിഷത്തില്‍ ഉള്ളിലെ ശിവനെയും, സൂര്യനെയും, അജ്ഞാനാന്ധകാരമകറ്റുന്ന ജ്ഞാനസൂര്യന്റെ ഉദയത്തെയും, ഗുരുവിനെയും, ഗ്രഹങ്ങളെയും, സരസ്വതിയേയും വിട്ടൊരു പരിപാടി ഇല്ലെന്നു തോന്നുന്നു. എവിടെത്തൊട്ടാലും കാണാം ഇവയെല്ലാം!

ഭാഷാവിവര്‍ത്തനങ്ങള്‍

ഗുരുക്കൾക്കും ഗ്രഹങ്ങൾക്കും എന്നാൽ നൽകപ്പെടുന്നിതാ  കൂപ്പുന്നൂകൈകൾ!
'(അമീ)യുള്ളോർ (തേ ) പ്രസന്നമനസായവർ വാക്കുകൾ സത്യമാക്കട്ടെ "
എന്നാം പ്രാർത്ഥനയീവിധം  മേ
'' എന്ന പക്ഷവും കാര്യം എന്റേ വാക്കെന്നിതർത്ഥമാം ........

-          വിഷ്ണുനമ്പൂതിരി

ഗുരുക്കളേം സര്‍വ്വഗ്രഹങ്ങളേം ഞാന്‍ കൈകൂപ്പി നന്നായ് സ്തുതിച്ചിടുന്നേന്‍
പറയുന്നവാക്കുകള്‍ സത്യമാക്കി മനം പ്രസാദിച്ചു തുണച്ചിടേണേ...................................................

-          ചന്ദ്രകുമാര്‍ മുല്ലച്ചേരി

ഗുരുവിനേം ഗ്രഹങ്ങളേം കൈകൂപ്പി തൊഴുതിടുന്നു ഞാന്‍
പ്രസന്നമനസായെന്‍റെ വാക്കിനെ സത്യമാക്കണേ ...................................................................

-          ശ്രീനാഥ് ഒജി

You are not authorised to post comments.

Comments powered by CComment