പ്രശ്നമാര്‍ഗം ശ്ലോകം - 3
- Details
- Created: Wednesday, 05 April 2017 06:28
- Last Updated: Thursday, 06 April 2017 06:10
- Hits: 1798
(കേരളജ്യോതിഷം ഗ്രൂപ്പില്‍ പ്രശ്നമാര്‍ഗത്തിലെ ഒന്നാം ശ്ലോകത്തെക്കുറിച്ചു നടന്ന ചര്‍ച്ചയെ ആധാരമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി, നമസ്കാരം.)
നമ: ശ്രീമംഗലശ്രേണീനിവാസായ മഹാത്മനേ
സർവ്വം ജാനന്തി ദൈവജ്ഞാ യദ്ദത്തശ്രുതിചക്ഷുക്ഷ:
[ആരിൽ നിന്നും ലഭിച്ച ശ്രുതിചക്ഷുസ്സുകള്‍ കാരണമാണോ ദൈവജ്ഞർ എല്ലാം അറിയുന്നവരായി ഭവിക്കുന്നത് ശ്രീ മംഗലശ്രേണീവാസിയായ ആ മഹാത്മാവിനു നമസ്കാരം.]
യദ്ദത്തശ്രുതിചക്ഷുഷ: ദൈവജ്ഞാ സർവ്വം ജാനന്തി (തസ്മൈ )ശ്രീമംഗലശ്രേണീനിവാസായ മഹാത്മനേ നമ: എന്ന് അന്വയം.
തളിപ്പറമ്പിനു സമീപം പെരിഞ്ചെല്ലൂരിലുള്ള മംഗലശ്ശേരി ഇല്ലം. ഈ കുടുംബത്തിലെ പണ്ഡിതന്മാര്‍ പ്രശസ്തരാണ്, ഗ്രന്ഥകര്‍ത്താക്കളാണ്. ഈ കുടുംബത്തിലെ പിന്‍തലമുറകള്‍ ഇതേ ഇല്ലപ്പേരോടുകൂടിത്തന്നെ, ജ്യോതിഷികളും താന്ത്രികരും എന്ന പ്രശസ്തിയോടുകൂടിത്തന്നെ ഇന്നും പാരമ്പര്യം തുടരുന്നു. മംഗലശ്ശേരിയില്‍ പ്രശസ്ത പണ്ഡിതനായ ഒരു ദാമോദരന്‍ നമ്പൂതിരി ഉണ്ടായിരുന്നു. ഇദ്ദേഹമായിരുന്നിരിക്കാം പ്രശ്നമാര്‍ഗ്ഗകര്‍ത്താവിന്റെ ഗുരുവായിരുന്ന ത്രികാലജ്ഞാനിയായ മംഗലശ്ശേരി ദൈവജ്ഞന്‍ എന്ന് ചിലര്‍ പറയുന്നു. ദാമോദരന്‍ നമ്പൂതിരി പ്രശ്നരീതി എന്ന പേരില്‍ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ടെന്ന് ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു. ഈ ഗ്രന്ഥം കണ്ടുകിട്ടിയിട്ടില്ല. ഈ ഗ്രന്ഥത്തിന്റെ ഭാഷാവിവര്‍ത്തനമാവാം പില്‍ക്കാലത്ത് രചിക്കപ്പെട്ട കൂക്കണിയാളുടെ പ്രശ്നരീതി.
പ്രാചീനമായ പെരിഞ്ചെല്ലൂര്‍ ഗ്രാമവും, അവിടത്തെ രാജരാജേശ്വരനും പണ്ടേക്കുപണ്ടേ പ്രസിദ്ധരാണ്. വേണ്ടത്ര കഥയും ചരിത്രവും അതേക്കുറിച്ചു തന്നെ പറയാനുണ്ട്. മംഗലശ്ശേരി ഇല്ലവും അപ്രകാരം തന്നെ. ശ്രീ മംഗലശ്രേണീനിവാസായ മഹാത്മനേ നമഃ തിരുമംഗലശ്ശേരിയില്‍ വസിക്കുന്ന എന്റെ (പ്രശ്നമാര്‍ഗകര്‍ത്താവിന്റെ) ഗുരുവായ ആ മഹാത്മാവിന് നമസ്കാരം. സര്‍വം ജാനന്തി ദൈവജ്ഞഃ യദ്ദത്ത-ശ്രുതി-ചക്ഷുഷഃ. അദ്ദേഹം (അനുഗ്രഹിച്ച്) നല്‍കിയ (വിശേഷമായ) കണ്ണും (മറ്റുള്ളവര്‍ കാണാത്തതു കാണുന്ന ത്രൈകാല്യജ്ഞാനബോധകമായ കണ്ണ്) കാതും (മറ്റുള്ളവര്‍ കേള്‍ക്കാത്തതു കേള്‍ക്കുന്ന ത്രൈകാല്യജ്ഞാനബോധകമായ കാത്) ഉള്ള ദൈവജ്ഞര്‍ എല്ലാം അറിയുന്നു (ത്രൈകാലികജ്ഞാനബോധം കൈവരിക്കുന്നു.)
തന്‍റെ ശിഷ്യന്മാര്‍ക്ക് മറ്റുള്ളവര്‍ക്കില്ലാത്ത കണ്ണും കാതും പകര്‍ന്നുകൊടുക്കുന്നവനാണ് (വിശേഷജ്ഞാനം പകര്‍ന്നു നല്‍കുന്നവനാണ്) ഗുരു, മറ്റുള്ളവര്‍ക്കില്ലാത്ത പ്രകാശവും തേജസ്സും സ്വശിഷ്യനു പകര്‍ന്നുകൊടുക്കാന്‍ കഴിയില്ലെങ്കില്‍ ഗുരുവെന്നു കരുതുന്നതെങ്ങനെ! തലമുറകളിലേക്കു പകര്‍ന്നുകൊടുക്കാനുതകുന്ന ജ്ഞാനാഞ്ജനശലാക തന്റെ ശിഷ്യന് നല്‍കാന്‍ കഴിയുന്നയാളാണ് ഗുരു! മംഗലശ്ശേരിയിലെ ദൈവജ്ഞന്‍ അപ്രകാരമായിരുന്നു, അദ്ദേഹത്തിന് എന്റെ വിനീതമായ നമസ്കാരം.
പെരിഞ്ചെല്ലൂരിന്റെയും (രാജരാജേശ്വരന്റെയും), മംഗലശ്ശേരിയുടെയും ചരിത്രം ചര്‍ച്ചചെയ്യാം എന്നല്ലാതെ ഈ ശ്ലോകത്തില്‍ അധികമായ വിജ്ഞാനമൊന്നും ഒളിപ്പിച്ചു വെച്ചിട്ടില്ലെന്നു പ്രത്യക്ഷത്തില്‍ തോന്നും. ഗുരുവിന്റെ പേര് പറയാതെ, ഗുരുവിന്റെ ഇല്ലപ്പേര് മാത്രം എടുത്തുപറഞ്ഞ്, ബഹുമാനാദരങ്ങളോടെയുള്ള ഒരു ഗുരുവന്ദനമാണ് ഈ ശ്ലോകം.
ബ്രാഹ്മണർ പൊതുവെ പേര് വിളിക്കില്ല ഇല്ലപ്പേരേ പറയു. മംഗലശ്രേണി = അഷ്ടമംഗല പ്രശ്ന സൂചകമാണ്. ശ്രീ = പ്രദീപേ ച തഥാ ശ്രിയം. ശ്രേണി --ഗണിത സൂചകം. ശ്രണി = സൗരയൂഥം. മധ്യനിവാസി.. ദക്ഷിണാമൂർത്തി വന്ദനമാണിത്. ശ്രീനിവാസൻ എന്ന വിഷ്ണു സ്തുതിയും ഇതിലുണ്ട്. ശ്രീ= ലക്ഷ്മീസ്തുതിയും. ശ്രുതിചക്ഷു = വേദ ചക്ഷു – ജ്യോതിഷം. സർവ്വം ജാനന്തി = ജ്യോതിഷത്തിന്റെ പ്രാധാന്യം. ദൈവജ്ഞാ= പ്രാധാന്യം. ഗുരു അനുഗ്രഹത്താൽ എല്ലാം അറിയാനാകും എന്നും സൂചിപ്പിച്ചു.
ഈ ശാസ്ത്രം വെറുതെ പഠിച്ചാൽ പോരാ ഉത്തമനായ ഒരു ഗുരുവിന്റെ കീഴിൽ തന്നെ പഠിക്കണമെന്ന് ആചാര്യൻ വീണ്ടും ഓർമ്മിപ്പിക്കുകയാണ് എന്നും പറയാം. ആചാര്യാൽപാദമാദത്തെ.. അതുകിട്ടാതെളിയില്ല ആരും. ഗ്രന്ഥകർത്താവ് ത്രികാലജ്ഞാനിയായിരുനു എന്നും പറയാം.
അപ്പോള്‍ നേരത്തേ ചെയ്ത ഗുരുവന്ദനം പരമഗുരുവിനെ തന്നെയാണ് എന്നാണ് മനസ്സിലാക്കേണ്ടത് ... അതായത് നേരത്തെ പരമഗുരുവിനെ വന്ദിച്ചു, ഇപ്പോള്‍ സ്വഗുരുവിനെ വന്ദിക്കുന്നു എന്നിങ്ങനെ.
മംഗലശ്ശേരി എന്ന സ്ഥലം ഇന്നുമുണ്ട്. തളിപ്പറമ്പിൽ നിന്നും അൽപം വടക്ക് പടിഞ്ഞാറ് ഭാഗത്ത് കുപ്പം പുഴയുടെ അരികത്തുള്ള ചെറിയൊരു ഗ്രാമ പ്രദേശമാണ്. മംഗലശ്ശേരി ഇല്ലവും ഇന്നുമുണ്ട്.
ശ്രീയുടേയും മംഗളങ്ങളുടേയും കൂട്ടത്തിന്ന് പാര്‍പ്പിടമായ എന്നുകൂടി അര്‍ത്ഥം സിദ്ധിക്കുന്നു. യദ്ദത്ത ശ്രുതി ചക്ഷുഷഃ എന്ന പദത്തിന്നും യെന മഹാത്മനാ ദത്ത ശ്രുതിചക്ഷുഃ വേദനയനം ജ്യോതിശ്ശാസ്ത്രം യേഭ്യഃ എന്നുള്ള വിഗ്രഹത്തിനു പുറമേ യസ്മിന്‍ ദത്തേ നിഹിതെ ശ്രുതി ചക്ഷുഷീ കര്‍ണ്ണനേത്രേ യൈഃ എന്ന് ഒരു വിഗ്രഹത്തെ കൂടി കല്‍പിച്ച് ഈ മഹാത്മാവിനെ ശ്രദ്ധയാ നോക്കി അദ്ധെഹത്തിന്‍റെ വാക്കുകളെ കേള്‍ക്കുന്നവരെന്നുകൂടി അര്‍ത്ഥം കല്‍പിക്കണമെന്ന് കവിക്ക് ആശയമുണ്ടെന്ന് വ്യാഖ്യാനം കൊണ്ട് തെളിയുന്നു....
എന്ന് പുന്നശ്ശേരി നീലകണ്ഠശര്‍മമ അഭിപ്രായപ്പെടുന്നു.
ഇദ്ദേഹത്തിന് പെരുഞ്ചെല്ലൂരുമായി എന്തോ ദൃഢമായ ബന്ധമുണ്ടായിരുന്നുവെന്ന് ചെല്ലൂരീശ്വരമാനമ്യശൈലജാവല്ലഭം എന്ന പ്രശ്‌നമാര്‍ഗ്ഗശ്ലോകം കൊണ്ടു സ്പഷ്ടമാണ്. കവിയുടെ പാണ്ഡിത്യസമ്പാദനം സ്വദേശത്തുവെച്ചല്ല എന്നാണ് സര്‍വ്വജനസമ്മതമായ ഐതിഹ്യം. അതിനാല്‍ ഇദ്ദേഹം പെരുഞ്ചെല്ലൂരുമായി പരിചയിച്ചത് വിദ്യാഭ്യാസ നിര്‍വഹണത്തിനായിരിക്കണം. അവിടെ മംഗലശ്ശേരി എന്ന ഇല്ലത്തിലെ ഗുരുനാഥനില്‍ നിന്നാണ് അദ്ദേഹം ജ്യോതിഷം അഭ്യസിച്ചത്. പെരിഞ്ചെല്ലൂര്‍ നാഥന്‍ തളിപ്പറമ്പത്തപ്പന്‍ എന്ന ശ്രീ രാജരാജേശ്വരനാണ്, ശിവനാണ്. (കണ്ണൂര്‍ ജില്ലയില്‍ ഇടയ്ക്കാടിന് സമീപസ്ഥമായ സ്ഥലമാണ് തളിപ്പറമ്പ് എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്ന പെരുഞ്ചെല്ലൂര്) തളിപ്പറമ്പമ്പലത്തിന്റെ നിരൃതികോണില്‍ കുപ്പം എന്ന സ്ഥലത്ത് മംഗലശ്ശേരി ഇല്ലം ഇന്നും ഉണ്ട്. തനിക്ക് ത്രൈകാലികജ്ഞാനം പകര്‍ന്നുതന്നത് മംഗലശ്ശേരി ഇല്ലത്തെ ഗുരുനാഥനാണ് എന്നത്- നമഃ ശ്രീമംഗലശ്രേണീ നിവാസായ മഹാത്മനേ സര്‍വം ജാനന്തി ദൈവജ്ഞോ യദ്ദത്ത ശ്രുതി ചക്ഷുഷഃ (പ്രശ്‌നമാര്‍ഗ്ഗം)
എന്ന ശ്ലോകത്തില്‍ പ്രശ്‌നമാര്‍ഗ്ഗകര്‍ത്താവ് സൂചിപ്പിക്കുന്നുണ്ട്.
നമഃ ശ്രീ മംഗലശ്രേണീ നിവാസായ മഹാത്മനേ ഇവിടെ നമഃ നതമസ്തകനായി നമസ്കരിക്കുന്നു. ആര്‍ക്കാണ് നമസ്കാരം? ശ്രീയെന്നാല്‍ ലക്ഷ്മീ. ലക്ഷ്മീദേവിക്കാണ് നമസ്കാരം എന്നു കരുതാം.അഥവാ മംഗലശ്ശേരിയില്‍ വസിക്കുന്ന ലക്ഷ്മിക്കാണെന്നും കരുതാം. അഥവാ മംഗലശ്ശേരിയുടെ ഐശ്വര്യമായ മഹാത്മാവിനാണ് (പ്രശ്നമാര്‍ഗകര്‍ത്താവിന്റെ ഗുരുവിനാണ്) എന്നു കരുതാം. ഇവിടെ ഒരു ചോദ്യമുള്ളത് മംഗലശ്ശേരി ഇല്ലപ്പരദേവത ഒരു ദേവിയായിരുന്നോ എന്നാണ്. കുലദേവിയെ ഓര്‍മ്മിപ്പിക്കാനാണോ നമഃ ശ്രീ എന്ന പ്രയോഗം?
സര്‍വം ജാനന്തി ദൈവജ്ഞോ. എല്ലാമറിയുന്നവാണ് ദൈവജ്ഞന്‍. അഥവാ അങ്ങനെയുള്ളവനാവണം ദൈവജ്ഞന്‍. അഥവാ അങ്ങനെയുള്ളവനായിരുന്നു മംഗലശ്ശേരിയിലെ മഹാത്മാവ്. അങ്ങനെയുള്ളവരാണ് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍. ആരാണ് ദൈവജ്ഞന്‍?
ദൈവം എന്ന പദത്തിന് ഭാഗ്യം എന്നാണ് പ്രാചീനാര്‍ത്ഥം. ഭാഗ്യത്തെ അഥവാ വിധിയെക്കുറിച്ച് അറിയുന്നവനാണ് ദൈവജ്ഞന്‍. “പൂര്‍വ്വജന്മജനിതം പുരാതനം കര്‍മ്മ ദൈവം ഇതി സംപ്രചക്ഷതേ” [പൂര്‍വ്വജന്മജനിതമായ പുരാതന കര്‍മ്മമാണ് ദൈവം എന്ന പേരില്‍ അറിയപ്പെടുന്നത്] എന്നാണല്ലോ ദൈവശബ്ദത്തിന്റെ നിര്‍വ്വചനം. “ദൈവസ്യ ഇംഗിതം ജാനാതീതി ദൈവജ്ഞഃ” [ദൈവത്തിന്റെ (ഈശ്വരന്റെ) ഇച്ഛ അറിയുന്നവനാണ് ദൈവജ്ഞന്‍] എന്ന വ്യാഖ്യാനവും പറഞ്ഞു കേട്ടിട്ടുണ്ട്.
ത്രിസ്‌കന്ധജ്ഞോ ദര്‍ശനീയഃ ശ്രൗത സ്മാര്‍ത്ത ക്രിയാപരഃ
നിര്‍ദ്ദാംഭികഃ സത്യവാദീ ദൈവജ്ഞോ ദൈവവിത് സ്ഥിരഃ
- നാരദന്‍ (നാരദസംഹിത)
സിദ്ധാന്തം (ഗണിതം), സംഹിത, ഹോര എന്നീ മൂന്നു ജ്യോതിശാസ്ത്ര സ്‌കന്ധങ്ങളും അറിയാവുന്നയാളും ശ്രൗതവും സ്മാര്‍ത്തവുമായ പ്രവൃത്തികളില്‍ സമര്‍ത്ഥനും ആയ വ്യക്തി ദര്‍ശനീയനാണ്. മേല്‍പ്രകാര മുള്ളവനും അഹങ്കാരമില്ലാത്തവനും സത്യവാദിയുമായ വ്യക്തിയാണ് ദൈവജ്ഞന്‍ (ദൈവത്തെക്കുറിച്ച് അറിയാവുന്നവന്‍) എന്ന പദത്തിന് അര്‍ഹന്‍ എന്ന് ഉറപ്പിച്ചുകൊള്ളുക.
വേദാദ്ധ്യായീ വിനീതോ ഗ്രഹയജനപരസ്സത്യവാദീ സുവൃത്തോ
ജ്യോതിശ്ശാസ്ത്രപ്രവീണോ ഗ്രഹഗണിതപടുസ്സോ(അ)ത്ര ദൈവജ്ഞഃ ഉക്തഃ
- മാധവന്‍ (മാധവീയം)
വേദങ്ങളഭ്യസിച്ചിട്ടുള്ളവനും വിനീതനും ഗ്രഹങ്ങളെ പൂജിക്കുന്നതില്‍ താല്‍പര്യമുള്ളവനും സത്യവാദിയും സദ്‌വൃത്തനും ജ്യോതിശ്ശാസ്ത്ര ത്തിലും ഗ്രഹഗണിതത്തിലും സമര്‍ത്ഥനും ആയ വ്യക്തിയെയാണ് ദൈവ ജ്ഞന്‍ എന്നുപറയുന്നത്.
ശരീരശുദ്ധിയും മനഃശുദ്ധിയും ഉള്ളവനും അറിവുള്ളവനും ആയിരിക്കണം ദൈവജ്ഞന്‍.
ശുചിര്‍ ഭൂത്വാ ദ്വിജോ വിദ്വാന്‍ ഗ്രഹചാരാദികാലവിത്
ഗ്രഹഭക്തം ച ദൈവജ്ഞം സമാചരതഃ സ്വയം
- ബൃഹസ്പതി (ബ്രാഹസ്പത്യമുഹൂര്‍ത്തവിധാനം)
(കുളിച്ച്) ശുദ്ധനായി (വൃത്തിയോടും വെടിപ്പോടും കൂടി), ഗ്രഹങ്ങളിലും ഈശ്വരനിലും ഭക്തിയോടുകൂടി, ജ്യോതിഷം കൈകാര്യം ചെയ്യുന്ന, ഗ്രഹഗോചരാദി കാലജ്ഞാനം കൈവരിച്ച, വിദ്വാനും ബ്രാഹ്മണനും ആയ വ്യക്തിയാണ് ദൈവജ്ഞന്‍.
ഇത്രയും മതിയോ? പോരാ! അയാള്‍ ഗണിതത്തില്‍ സമര്‍ത്ഥനും സകലവിഷയങ്ങളിലും സാമാന്യജ്ഞാനം ഉള്ളയാളും ആയിരിക്കണം തുടങ്ങി വളരെയുണ്ട്.
ദ്വിവിധ ഗണിത വിദ്യാ തത്വ നൈപുണ്യ യുക്തോ
ബഹുവിധ വിഷയാണാം ചാതുരീണാം ധുരീണഃ
ഗുരുചരണ സരോജ ധ്യാന യോഗാനുരക്തോ
ഭവതി യദി തദാ(അ)സൗ പ്രശ്‌നവിദ്യാ പ്രവീണഃ
(പ്രശ്‌നഭൂഷണം)
അങ്കഗണിതത്തിലും ബീജഗണിതത്തിലും സമര്‍ത്ഥനും പല വിഷയങ്ങ ളിലും സാമര്‍ത്ഥ്യവും സകല വിഷയങ്ങളെക്കുറിച്ചും സാമാന്യജ്ഞാനവും ഉള്ളവനും ഗുരുചരണ ധ്യാനത്തില്‍ മനഃസന്തോഷം കണ്ടെത്തുന്ന നിര്‍മ്മല ഹൃദയനുമായ ഒരു വ്യക്തിയാണ് പ്രശ്‌നവിദ്യയില്‍ സാമര്‍ത്ഥ്യം നേടാന്‍ യോഗ്യന്‍.
ഹോരാപാര സമുദ്രപാരഗമനേ നൂനം സമര്‍ത്ഥോ മഹാന്‍
പാട്യാഖ്യേ ഗണിതേ ച ബീജഗണിതേ യോ ദര്‍ഭഗര്‍ഭാഗ്രധീഃ
സിദ്ധാന്തേ സ്ഫുടവാസനാപ്രകഥനേ ഭേദൈരനേകൈര്‍ യുതേ-
ഗോളേ സ്യാത് കുശലഃ സ ഏവ ഗണകോ യോഗ്യഃ ഫലാദേശകേ
(ശംഭുഹോരാപ്രകാശം)
ജ്യോതിഷശാസ്ത്രം എന്ന അപാരസമുദ്രത്തിന്റെ മറുകരയെത്താന്‍ കഴിവുള്ളവനും, അങ്കഗണിതത്തിലും ബീജഗണിതത്തിലും സമര്‍ത്ഥനും, ജ്യോതിശാസ്ത്രസിദ്ധാന്തങ്ങള്‍ വ്യക്തമായി മനസ്സിലാക്കുവാനും അതേക്കുറിച്ചു വിവരിക്കാനും കഴിവുള്ളവനും, അനേകം വിഭാഗങ്ങളുള്ള ഗ്രഹഗണിതത്തിലും (അേെൃീിീാ്യ) പഞ്ചാംഗഗണിതത്തിലും സമര്‍ത്ഥനും, ആയ വ്യക്തി മാത്രമാണ് ജ്യോതിഷഫലപ്രവചനത്തിന് അര്‍ഹന്‍.
അങ്ങനെ കുറെയുണ്ട്. അതെന്തെങ്കിലുമാവട്ടെ. അങ്ങനെ ദൈവജ്ഞത്വമുള്ള ദൈവജ്ഞരെയാണ് ജനങ്ങള്‍ ബഹുമാനിക്കേണ്ടത്. അങ്ങനെയുള്ള ദൈവജ്ഞരോട് ചോദിച്ചാലേ ശരിയായ ഫലം അറിയാന്‍ കഴിയൂ.
ദൈവജ്ഞൈഃ ശാസ്ത്രതന്ത്രജ്ഞൈഃ പ്രശ്‌നോന്വിഷ്യതേ യദി
ഫലം സത്യം വിനിര്‍ജ്ഞേയം നാന്യര്‍ നക്ഷത്രസൂചകൈഃ
(ജ്യോതിഷപ്രശ്‌നഫലങ്ങള്‍ പറയുന്ന) ഗ്രന്ഥങ്ങളില്‍ അവഗാഹവും അതുപോല തന്നെ ഗണിതപരിജ്ഞാനവും ഉള്ള, ജ്യോതിഷിയോടു പ്രശ്‌നം ചോദിച്ചാല്‍ മാത്രമേ സത്യബോധകമായി യഥാര്‍ത്ഥ ഫലം അറിയാനാവൂ. (ശരിയായ ജ്യോതിഷജ്ഞാനം സമാര്‍ജ്ജിക്കാത്ത) നക്ഷത്രസൂചകനോട് ചോദിച്ചാല്‍ ഒരിക്കലും (യഥാര്‍ത്ഥ ഫലജ്ഞാനം) ഉണ്ടാവില്ല. (അയാള്‍ വെറുതേ വായില്‍ത്തോന്നിയ കള്ളം പറഞ്ഞ് നിങ്ങളെ പറ്റിക്കും)
എല്ലാമറിയുന്ന ഈ മംഗലശ്രേണിയിലെ മഹാത്മാവ് സ്വശിഷ്യര്‍ക്ക് എന്താണ് നല്‍കുന്നത്? യദ്ദത്തശ്രുതിചക്ഷുക്ഷ: ഇത് ശ്രദ്ധേയമാണ്. ശ്രുതി കാത്, ചക്ഷുസ്സ് ചെവി. അദ്ദേഹം (അനുഗ്രഹിച്ച്) നല്‍കുന്നത് (വിശേഷമായ) കണ്ണും (മറ്റുള്ളവര്‍ കാണാത്തതു കാണുന്ന ത്രൈകാല്യജ്ഞാനബോധകമായ കണ്ണ്) കാതും (മറ്റുള്ളവര്‍ കേള്‍ക്കാത്തതു കേള്‍ക്കുന്ന ത്രൈകാല്യജ്ഞാനബോധകമായ കാത്) ആണ് എന്നു വ്യാഖ്യാനിക്കാം. ഈ അര്‍ത്ഥം നമ്മള്‍ മുമ്പു പറഞ്ഞതാണ്.
മറ്റൊരര്‍ത്ഥം പറയാം. ശ്രുതി - വേദം. ശ്രുതി ചക്ഷുസ്സ് - വേദമാകുന്ന കണ്ണ്. മംഗലശ്രേണിയിലെ മഹാത്മാവ് പഠിപ്പിക്കുന്ന വേദശാഖ പഠിച്ചവര്‍ക്ക് ത്രൈകാല്യജ്ഞാനബോധം കൈവരും എന്നര്‍ത്ഥം. ഇപ്രകാരം പറയണമെങ്കില്‍ പെരിഞ്ചെല്ലൂര് മംഗലശ്ശേരി ഇല്ലക്കാര്‍ മറ്റുള്ളവര്‍ സാധാരണ പഠിക്കുന്ന ഒരു വേദശാഖ ആയിരിക്കില്ല പഠിച്ചത് എന്നു കരുതേണ്ടിവരും! പലതുകൊണ്ടും ആ ശാഖ നാലാം വേദമായ അഥര്‍വ്വവേദം ആവാന്‍ സാധ്യതയുണ്ട് തോന്നുന്നു. (ഇക്കാര്യം അന്വേഷിക്കപ്പെടേണ്ടതാണ്.) ശ്രുതി ചക്ഷുസ്സ് എന്നതുകൊണ്ട് രണ്ടു ചെവി, രണ്ടു കണ്ണ് എന്നിങ്ങനെ 4 എന്ന സംഖ്യയെ സൂചിപ്പിച്ചിരിക്കുന്നു. പ്രത്യേകിച്ചും ജ്യോതിഷം അഥര്‍വ്വവേദീയമാണ് എന്നു പറയപ്പെടാറുണ്ടല്ലോ. പക്ഷെ അഥർവ്വവേദം പിൻതുടരുന്നവർ പൊതുവെ ഇല്ല എന്നതിനാൽ ഈ വാദഗതിയോട് പലര്‍ക്കം വിയോജിപ്പുണ്ടാകാനിടയുണ്ട്. എങ്കിലും അന്വേഷിക്കേണ്ട വിഷയങ്ങളാണിവയെല്ലാം.
ശ്രുതിചക്ഷുഷഃ - വേദചക്ഷുസ്സ്. വേദത്തിന്റെ കണ്ണ്. ജ്യോതിഃശാസ്ത്രമാണ് വേദത്തിന്റെ കണ്ണ് - അതും Astronomy-യും Astrology-യും അടങ്ങിയ ജ്യോതിഃശാസ്ത്രം. യദ്ദേത്ത ശ്രുതിചക്ഷുഷഃ - മംഗലശ്ശേരിയിലെ മഹാത്മാവിനാല്‍ പഠിപ്പിക്കപ്പെട്ട ഗോളഗണിതവും (Astronomical mathematics) ഫലജ്യോേതിഷവും അറിയുന്ന ജ്യോതിഷി നിശ്ചയമായും എല്ലാമറിയുന്ന (സകലകലാവല്ലഭനായ) ദൈവജ്ഞനായിത്തീരും എന്നര്‍ത്ഥം. ഇങ്ങനെയെങ്കില്‍ പെരിഞ്ചെല്ലൂരിനു സമീപത്തെവിടെയെങ്കിലും ഒരു വാനനിരീക്ഷണശാല ഉണ്ടായിരുന്നിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഫലജ്യോതിഷം മാത്രമല്ല ഗോളഗണിതവും പഠിപ്പിച്ചിരുന്ന സ്ഥലമായിരുന്നല്ലോ അത്. ഇതിനാലാവാം പില്‍ക്കാലത്ത് പ്രശ്നമാര്‍ഗകര്‍ത്താവ് ഒരു ഗണിതഗ്രന്ഥവും രചിച്ചത്. പക്ഷെ നമ്മുടെ ഭാഗ്യദോഷം, ആ ഗണിതഗ്രന്ഥം ഇന്നു കിട്ടാനില്ല.
യദ്ദത്തഃ ശ്രുതി ചക്ഷുഷഃ - ശ്രുതി - കാത്. ചക്ഷുസ്സ് - കണ്ണ്. ആരാല്‍ നല്‍കപ്പെട്ട കാതും കണ്ണുമുള്ളവനാണോ അവന്‍. ഇവിടെ വേദാംഗങ്ങളെയാണ് കാത്, കണ്ണ് എന്നിങ്ങനെ സൂചിപ്പിക്കുന്നത് എന്നു കരുതാം. നിരുക്തം ശ്രോത്രമുച്യതേ. നിരുക്തവിജ്ഞാനമാണ് കാത്. ജ്യോതിഷമാണ് കണ്ണ്. ഈ മാഹാത്മാവില്‍നിന്ന് നിരുക്തശാസ്ത്രവും ജ്യോതിഷവും പഠിച്ച ദൈവജ്ഞന്‍ സകലകലാവല്ലഭനായിത്തീരും അഥവാ ത്രികാലജ്ഞാനിയായിത്തീരും എന്നര്‍ത്ഥം. നിരുക്തത്തിലൂടെ വേണം സംസ്കൃതപദ്യങ്ങളെയും ജ്യോതിഷത്തിലെ പദങ്ങളെയും മനസ്സിലാക്കാനെന്നു സൂചന. ജ്യോതിഷി നിരുക്തവും കൂടി അറിഞ്ഞിരിക്കണം പഠിച്ചിരിക്കണം എന്നര്‍ത്ഥം. അപ്രകാരമെങ്കിലേ തര്‍ക്കങ്ങളുണ്ടാവുമ്പോഴും മറ്റും വാദിച്ചു നില്‍ക്കാനും കഴിയൂ.
ഇങ്ങനെ മംഗലശ്ശേരിയില്‍ വേദം, ഗോളഗണിതം, ജ്യോതിഷം, നിരുക്തം തുടങ്ങി പലേ വിഷയങ്ങള്‍ പഠിപ്പിച്ചിരുന്നുവെന്നും, പല ദേശങ്ങളില്‍ നിന്നും വിദ്യാഭ്യാസാര്‍ത്ഥം പഠിതാക്കള്‍ വന്ന് താമസിച്ച് പഠിച്ചിരുന്ന ഒരു ജ്ഞാനിയായ അധ്യാപന്‍ നടത്തിയിരുന്ന പ്രശസ്തമായ ഗുരുകുലവിദ്യാലയമായിരുന്നിരിക്കാം മംഗലശ്ശേരി എന്നും തെളിയുന്നു.
പ്രശ്നമാര്‍ഗാചാര്യന്‍ ആദ്യം ഇടയ്ക്കാട് വിഷ്ണുവിനെ വണങ്ങി. എന്തുകൊണ്ട്? അതു തന്റെ കുലദേവതയായതുകൊണ്ട്. (അങ്ങനെയങ്കില്‍ അദ്ദേഹത്തിന്റെ വീട് ഇടയ്ക്കാട് തന്നെയായിരുന്നു എന്നു കരുതാം.)
പിന്നെ മംഗലശ്ശേരി ഇല്ലത്തെ ദേവതയെ സൂചിപ്പിച്ച ശേഷം, മംഗലശ്ശേരിയിലെ ഗുരുനാഥനെ വണങ്ങി. എന്തുകൊണ്ട്? അദ്ദേഹം താമസിച്ച് ഗുരുകുലസമ്പ്രദായത്തില്‍ ജ്യോതിഷം പഠിച്ചത് പെരിഞ്ചെല്ലൂര് മംഗലശ്ശേരി ഇല്ലത്തില്‍ നിന്ന് ആയതുകൊണ്ട്. ഇനി പെരുഞ്ചെല്ലൂരപ്പനെ വണങ്ങും. എന്തുകൊണ്ട്? പ്രശ്നമാര്‍ഗം രചിക്കുന്ന കാലഘട്ടത്തില്‍ പ്രശ്നമാര്‍ഗകര്‍ത്താവ് താമസിച്ചിരുന്നത് പെരുഞ്ചെല്ലൂര് ആയതുകൊണ്ടും, പെരുഞ്ചെല്ലൂരപ്പനാണ് (രാജരാജേശ്വരനാണ്) പെരുഞ്ചെല്ലൂരിലെ (തളിപ്പറമ്പിലെ) ദേശദേവത എന്നതുകൊണ്ടും. കുലദേവതയെയും ഗുരുവിനെയും ദേശദേവതയെയും വണങ്ങി വേണം ഗ്രന്ഥം ആരംഭിക്കാന്‍ എന്ന സാമാന്യനിര്‍ദ്ദേശം പാലിക്കുകയാണ് പ്രശ്നമാര്‍ഗകര്‍ത്താവ് എന്നു കരുതാം. ഇതില്‍ നിന്നും ഇടയ്ക്കാട് തന്റെ വീടിനടുത്തുള്ള ഊര്‍പ്പഴശ്ശിക്കാവ് മുതലായവ അദ്ദേഹം പറയാതിരുന്നത് എന്തുകൊണ്ട് എന്നും വ്യക്തമാവുന്നുണ്ട്.
പെരിഞ്ചല്ലൂര്‍ ഗുരുഗൃഹത്തിലോ, അഥവാ പെരിഞ്ചല്ലൂര്‍ ഗ്രാമത്തിലോ അഥവാ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രസമീപത്തോ ആയി താമസിക്കുന്ന കാലഘട്ടത്തിലാണ് ശിഷ്യനുവേണ്ടി പ്രശ്നമാര്‍ഗകര്‍ത്താവ് ഈ ഗ്രന്ഥം എഴുതിയതായി പറയുന്നത്. അതായത് ഇടയ്ക്കാട് വെച്ചല്ല മറിച്ച് പെരിഞ്ചെല്ലൂര്‍ വെച്ചാണ് പനക്കാട് നമ്പൂതിരി കൂക്കണിയാളെ ജ്യോതിഷം പഠിപ്പിച്ചത് എന്നര്‍ത്ഥം.
ഈ പറഞ്ഞതെല്ലാം യുക്തിഭദ്രമായ കാഴ്ചപ്പാട് തന്നെ . പക്ഷെ, ഇതിനും വ്യക്തമായ - വിശ്വസനീയമായ തെളിവിന്റെ അഭാവമില്ലേ? തീര്‍ച്ചയായും ഉണ്ടാവാം. പക്ഷെ ഇതല്ലാതെ നമ്മുടെ കൈയില്‍ ഇപ്പോഴെന്താ ഉള്ളത്? കണ്ണിനു മുമ്പില്‍ ലഭ്യമായവയെ ആഴത്തില്‍ പഠിക്കുക, നിങ്ങളില്‍ നിന്ന് (രഹസ്യമാക്കി) ഒളിച്ചുവെയ്ക്കപ്പെട്ടിരുന്നതെല്ലാം നിങ്ങള്‍ക്കുവെളിവായിക്കിട്ടും, എന്നാണല്ലോ പ്രിയപ്പെട്ട ജീസസ് പോലും പറഞ്ഞിട്ടുള്ളത്. നമുക്കിപ്പോ കൈയിലുള്ളതു പഠിക്കാം, അതില്‍ നിന്നും മനസ്സിലാവുന്നത് ആവട്ടെ. ബാക്കി നമ്മെത്തേടി എത്തിക്കൊള്ളും! നമ്മടെ റിസീവര്‍ ഒന്നു ശരിയാക്കിയാല്‍ സിഗ്നലുകള്‍ നാനാഭാഗത്തുനിന്നും നമ്മെത്തേടി വന്നുകൊള്ളും... (സിഗ്നലുകളെല്ലാം ഒരു റിസീവര്‍ കിട്ടാതെ വിഷമിച്ചിരിക്കുകയാണ്.)
ഭാഷാവിവര്‍ത്തനങ്ങള്‍
സർവ്വം മനസിലാക്കുന്നോർ ദൈവജ്ഞന്മാർക്കു കാതുമാം
കണ്ണു മാം ശ്രുതി തൻ കണ്ണാം ജ്യോതിഷത്തെ കൊടുപ്പവൻ
ശ്രീമംഗലശ്ശേരി വാസൻ മഹാത്മാവിനു വന്ദനം
ചെയ്യുന്നേനവ്വിധം കാതും കണ്ണും ഞങ്ങൾക്കു കിട്ടുവാൻ ...........................................
- വിഷ്ണുനമ്പൂതിരി
വേദത്തിന്നുള്ള കണ്ണെന്നു പേരു കേട്ടോരു ജ്യോതിഷം
യാതൊരാളില്‍ നിന്നും കേട്ടു പഠിച്ചോരെല്ലാം തനിക്കുതാന്‍
എല്ലാം തികഞ്ഞ ദൈവജ്ഞരെന്നു താന്‍ പുകള്‍ കൊണ്ടിതേ
അങ്ങനെയുള്ള മംഗലശ്ശേരീ നിവസന്നെ നമിച്ചിതേ .................................................
- ചന്ദ്രകുമാര്‍ മുല്ലച്ചേരി
നമസ്തേ, തിരുമംഗലശ്ശേരിയില്‍ വസിക്കും ത്രികാലദര്‍ശിയാം മഹാത്മാവേ
തദ്വത്ത കണ്ണാല്‍ കാതാല്‍ എല്ലാമറിയുന്നു ത്വശ്ശിഷ്യരാം ദൈവജ്ഞരും ..............
- ശ്രീനാഥ് ഒജി
You are not authorised to post comments.