പ്രശ്നമാര്‍ഗം ശ്ലോകം - 4
- Details
- Created: Wednesday, 05 April 2017 06:33
- Last Updated: Thursday, 06 April 2017 06:13
- Hits: 1214
(കേരളജ്യോതിഷം ഗ്രൂപ്പില്‍ പ്രശ്നമാര്‍ഗത്തിലെ ഒന്നാം ശ്ലോകത്തെക്കുറിച്ചു നടന്ന ചര്‍ച്ചയെ ആധാരമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി, നമസ്കാരം.)
ചെല്ലൂരീശ്വരമാനമ്യ ശൈലജാവല്ലഭം മയാ
ശിഷ്യായ ദേശികാവാപ്തം പ്രശ്നവർത്മോപദിശ്യതേ
[ചെല്ലൂര് അധിവസിക്കുന്ന പാര്‍വ്വതീപതിയെ നമിച്ച് എനിക്ക് ഗുരു ഉപദേശിച്ചുതന്നെ പ്രശ്നമാര്‍ഗം ശിഷ്യനെ ഉപദേശിക്കുന്നു.]
ചെല്ലൂര് - പെരുഞ്ചെല്ലൂര്‍ (തളിപ്പറമ്പ്). ചെല്ലൂരീശ്വരമാന നമ്യ ശൈലജാവല്ലഭം - ചെല്ലൂരിന്റെ ദേശദേവതയായ രാജരാജേശ്വരക്ഷേത്രത്തില്‍ അധിവസിക്കുന്ന പാര്‍വ്വതീപതിയെ (ശിവനെ) നമിച്ചിട്ട് (വണങ്ങിയിട്ട്). മയാ ശിഷ്യായ - എന്റെ ശിഷ്യനുവേണ്ടി. ദേശികാവാപ്തം – ഗുരുവില്‍ നിന്നും ലഭിച്ച. പ്രശ്നവര്‍ത്മോപദിശ്യതേ - പ്രശ്നമാര്‍ഗം എന്നു പേരോടുകൂടിയ ഈ ഗ്രന്ഥം ഉപദേശിക്കുന്നു. ദേശികാവാപ്തം എന്ന പദം വിശിഷ്യ ചിന്തനീയമാണ്.
പെരുഞ്ചെല്ലൂർവാഴും ശിവ പെരുമാൾ ഗ്രന്ഥകർത്താവിന്റെ ഗ്രാമദേവതയാണ്. ഇദ്ദേഹം പെരുഞ്ചെല്ലൂർ ഗ്രാമക്കാരനായിരുന്നു എന്ന് ഇവിടെ വീണ്ടും ഉറപ്പിക്കുന്നു. പ്രശ്നത്തിനുള്ള വഴികളെ പ്രതിപാദിക്കുന്നതു കൊണ്ടു് ഈ ഗ്രന്ഥത്തിന് പ്രശ്നമാർഗ്ഗമെന്ന് പേരിട്ടു.ഇതുവരെ അഭീഷ്ട പ്രാർത്ഥനാപൂർവകം നമസ്ക്രിയ ചെയ്തിരിക്കുന്നു. ഇനി മുതലാണ് ഗ്രന്ഥാവതരണം.
ദേശദേവതയെ വണങ്ങുന്നു, ആര്‍ക്കുവേണ്ടിയാണ് പുസ്തകം എഴുതുന്നത് എന്നു പറയുക, പുസ്തകത്തിന്റെ പേര് എന്താണെന്നു പറയുക - എന്നിങ്ങനെ മൂന്നു കാര്യങ്ങളാണ് പ്രത്യക്ഷത്തില്‍ ഈ ശ്ലോകം കൊണ്ട് ചെയ്തതായി കാണുന്നത്. അതിനപ്പുറം എന്തെങ്കിലും ഉണ്ടോ എന്നത് ചിന്തനീയമാണ്.
ഏത് കാര്യത്തിനായാലും മുന്നിട്ടിറങ്ങുമ്പോൾ ദൈവാനുകൂല്യം അത്യാവശ്യമാണ് . ഒരു ഉത്തമ ജ്യോതിഷി ഉത്തമ ഭക്തൻകൂടിയാവണം എന്ന് കൂടി പൂർവ്വ ഗുരുവര്യൻ ഓർമപ്പെടുത്തുന്നുണ്ട്. ജ്യോതിഷി കുലദേവതകളെ ആരാധിച്ച് വിനയാന്വിതനാവേണം എന്ന് ഇതിൽനിന്ന് മനസ്സിലാക്കാം.
ദേശികാവാപ്തം
ദേശികന്‍ എന്ന പദത്തിന് ഗുരു എന്നാണ് അര്‍ത്ഥം. മാര്‍ഗദര്‍ശി, ഗുരു, ആധ്യാത്മികാചാര്യന്‍, അദ്ധ്യാപകന്‍, സഞ്ചാരി എന്നീ അര്‍ത്ഥങ്ങളും ദേശികന്‍ എന്ന പദത്തിനുണ്ട്. ആപ്തം = ലഭിച്ചത് എന്നർത്ഥം തന്നെ. അവാപ്തം = അവാപിക്കപ്പെട്ടത്. അവാവിക്കുക = ലഭിക്കുക. ദേശികാവാപ്തം = ഗുരുവിൽ നിന്ന് ലഭിക്കപ്പെട്ടത്. ആദിത്യദാസതനയസ്തദവാപ്തബോധ കാപിഷ്ഠല സവിതൃ ലബ്ധ വരപ്രസാദ ആവന്തികോ മുനിമതാന്യവലോക്യസമ്യക് ഹോരാംവരാഹമിഹിരോ രുചിരം ചകാര എന്ന കാര്യം ഓർമ്മിപ്പിക്കാനാണ് അതു പോലെ ശ്രദ്ധിച്ച് എല്ലാ മതവും നോക്കിയാണ് എന്ന ധ്വനിക്കാണ് ദേശികാവാപ്തം എന്ന പദം അവിടെ ചേർത്തത്.
കൈക്കുളങ്ങര രാമവാര്യരുടെ ബൃഹജ്ജാതകം ഹൃദ്യപഥാ വ്യാഖ്യാനം സംസ്കൃതം പഠിക്കാന്‍ ജ്യോതിഷികളെ എത്രത്തോളം സഹായിക്കുന്നുണ്ട് എന്നതിനുകൂടി ഉദാഹരണമാണ് മേല്‍ക്കാണിച്ച കുറിപ്പ്. ഉദാഹരണത്തിന് അവാപ്തം എന്നൊരു വാക്കു കേള്‍ക്കുമ്പോള്‍ തന്നെ ആദിത്യദാസതനയാപ്തബോധം എന്ന ബൃഹജ്ജാതകശ്ലോകം ജ്യോതിഷി ഓര്‍ക്കുന്നു. അവിടെയും അവാപ്തം എന്ന വാക്കുണ്ടല്ലോ എന്നു ചിന്തിക്കുന്നു. ആ വാക്കിന് വിശദമായ അര്‍ത്ഥവും വ്യാഖ്യാനവും കൈക്കുളങ്ങര നല്‍കിയിട്ടുണ്ടെന്ന് ശ്രദ്ധിക്കുന്നു. ആ വാക്ക് ഇനിയൊരിക്കലും മറക്കാത്തവിധം മനസ്സില്‍ പതിയുന്നു. ഇങ്ങനെ ഒട്ടൊന്നുമല്ല സംസ്കൃതാഭ്യസനത്തില്‍ (അത് വാക്കര്‍ത്ഥമായാലും ശരി, വ്യാകരണമായാലും ശരി) കൈക്കുളങ്ങരയുടെ ജ്യോതിഷികളെ സഹായിച്ചിട്ടുള്ളത്. സംസ്കൃതപഠനത്തിനുശേഷം ജ്യോതിഷം പഠിക്കുക എന്നതല്ല, ജ്യോതിഷം പഠിക്കുമ്പോള്‍ സംസ്കൃതം പഠിച്ചുപോവുക എന്നതാണ് മിക്കവാറും ജ്യോതിഷികളുടെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളത്. ഇത്തരത്തില്‍ ചിന്തിച്ചാല്‍ സംസ്കൃതപാഠനത്തില്‍ ഹൃദ്യപഥയുടെ പങ്ക് പഠനാര്‍ഹവും ശ്രദ്ധേയവുമാണ്.
അപ്പോ പ്രശ്നമാര്‍ഗം രചിച്ചത് പനക്കാട്ട് നമ്പൂതിരിയല്ലേ, മംഗലശ്ശേരി നമ്പൂതിരിയാണോ എന്നൊരു സംശയം ന്യായമാണ്. കാരണം ഗുരുവില്‍ നിന്നും ലഭിച്ച പ്രശ്നമാര്‍ഗം എന്നാണല്ലോ പറഞ്ഞിരിക്കുന്നത്. അല്ല അപ്പോഴും പ്രശ്നമാര്‍ഗാചാര്യന്‍ തന്നെയാണ് ഗ്രന്ഥകര്‍ത്താവ്. എങ്ങനെയാണ് ഏതുക്രമത്തിലാണ് പ്രശ്നഫലം പറയേണ്ടത് എന്ന് ഗ്രന്ഥകര്‍ത്താവിനെ ഉപദേശിച്ചത് മംഗലശ്ശേരിയിലെ ഗുരുവും, അതിനാവശ്യമായ ശ്ലോകങ്ങള്‍ വേണ്ടവിധം ക്രോഡീകരിച്ച് ഗ്രന്ഥരൂപത്തിലാക്കിയതും ആവശ്യമായ സ്ഥലങ്ങളില്‍ ശ്ലോകങ്ങള്‍ സ്വയമേവ എഴുതിച്ചേര്‍ത്ത് പൂരിപ്പിച്ചതും ഗ്രന്ഥകര്‍ത്താവുമാണ് എന്നു കരുതാം. ഈ വിജ്ഞാനവും രീതീവിധാനവും തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കാനുള്ള ഉത്തരവാദിത്തമാണ് ശിഷ്യന് ലഭിച്ചത് - എന്നു കരുതാം. അപ്രകാരമെങ്കില്‍ ഇങ്ങനെയെല്ലാം പറയുന്നുണ്ടെങ്കില്‍ക്കൂടി പ്രശ്നമാര്‍ഗകര്‍ത്താവുതന്നെയാണ് ഗ്രന്ഥകര്‍ത്താവ് എന്നു കരുതാം.
പെരിഞ്ചെല്ലൂര്‍
ചരിത്രപ്രസിദ്ധമായ സ്ഥലമാണ് പെരിഞ്ചെല്ലൂര്‍. രാജരാജേശ്വരനും മുച്ചിലോട്ടുഭഗവതിയും തൃച്ചംബരത്തപ്പനും ഉള്ള സ്ഥലം. ചാക്യാര്‍കൂത്തിന്റെ ജന്മനാട്. പ്രാചീനമായ 32 നമ്പൂതിരി ഗ്രാമങ്ങളില്‍ ഏറ്റവും പ്രസിദ്ധവും പഴക്കം ചെന്നതും.
പെരുംചെല്ലൂര്‍, പെരുംതൃക്കോവില്‍, തളിപ്പറമ്പ്‌ക്ഷേത്രം, എന്നീ പേരുകളില്‍ ചരിത്രത്താളുകളില്‍ ഇടം നേടിയിട്ടുള്ള മഹാക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. കേരള മാഹാത്മ്യം, കേരളക്ഷേത്ര മാഹാത്മ്യം, മൂഷികവംശകാവ്യം തൂടങ്ങിയ സംസ്‌കൃത കൃതികളിലും ചെല്ലുരീശ വിലാസം, ലക്ഷമീ പുരേശസ്‌തോത്രം, ചെല്ലൂര് പിരാന്‍സ്തുതി മുതലായ കൃതികളിലും ചെല്ലൂര്‍ നവോദയം ചമ്പുവിലും, തളിപ്പറമ്പ് ഗ്രാമത്തേയും പെരുംതൃക്കോവിലപ്പനേയും പരാമര്‍ശമുണ്ട്. നിരവധി ചരിത്രകഥകളാലും ശാസനങ്ങളാലും പ്രസിദ്ധിയാര്‍ജ്ജിച്ച മഹാക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. പൌരാണികകാലം മുതല്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്ന തളിപ്പറമ്പ്, ഏഴിമല ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മൂഷകരാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രവും ഗ്രാമവും. പ്രാചീനകേരളത്തിലെ ബ്രാഹ്മണ കുടിയേറ്റത്തെ തുടര്‍ന്ന് നിലവില്‍വന്ന അറുപത്തിനാല് ഗ്രാമങ്ങളിലെ 32 ഗ്രാമങ്ങളില്‍ പ്രശസ്തിയുടെ ഉന്നതി കൈവരിക്കാന്‍ കഴിഞ്ഞ ഗ്രാമമായിരുന്നു പെരിഞ്ചെല്ലൂര്‍ എന്ന് അറിയപ്പെട്ടിരുന്ന തളിപ്പറമ്പ്. ഇവിടുത്തെ ക്ഷേത്രേശന്റെ നാമമായിരുന്നു ഗ്രാമത്തിനും. 32 ഗ്രാമങ്ങളില്‍ വടക്കേയറ്റത്തെ ഗ്രാമമായിരുന്ന പെരിഞ്ചല്ലൂര്‍ എന്ന തളിപ്പറമ്പ് എന്ന് ചരിത്രകാരന്മാര്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരുകാലത്ത് വടക്കന്‍ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായിരുന്നുവത്രേ ഈ ഗ്രാമം.
ശിവന്റെ പല പേരുകളില്‍ ഒന്നായ രാജരാജേശ്വരന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു. ദക്ഷിണ ഭാരതത്തിലെ ശിവക്ഷേത്രങ്ങളില്‍ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളില്‍ ഉണ്ടാവുന്ന ദേവപ്രശ്‌നപരിഹാരങ്ങള്‍ക്കായി ഇവിടെ വന്ന് ദേവദര്‍ശനം നടത്തുകയും കാണിക്ക അര്‍പ്പിച്ച് ‘ദേവപ്രശ്‌നം’ വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനു പുറത്തുള്ള ഉയര്‍ന്ന പീഠത്തിലാണ് ഇങ്ങനെ ദേവപ്രശ്‌നം വയ്ക്കുക പതിവ്. ഏറ്റവും പുരാതനമായ ശക്തിപീഠങ്ങളിലൊന്നായി തളിപ്പറമ്പ് കരുതപ്പെടുന്നു. സതിയുടെ സ്വയം ദഹനത്തിനും ശിവന്റെ താണ്ഡവ നൃത്തത്തിനും ശേഷം സതിയുടെ തല വീണത് ഇവിടെയാണ് എന്നു കരുതപ്പെടുന്നു.
കേരളത്തിലെ കലകള്‍ക്ക് മുഴുവനും അംഗീകാരം കൊടുത്തിട്ടുള്ള ക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. ജ്യോതിഷം, വൈദ്യം, തര്‍ക്കം, വ്യാകരണം, കല മുതലായവയില്‍ പ്രഗത്ഭരായിട്ടുള്ളവരെ സ്ഥാനമാനങ്ങളും, പാരിതോഷികങ്ങളും നല്കി ബഹുമാനിക്കുന്ന പതിവുണ്ടായിരുന്നു. വീരശൃംഖല, കങ്കണം, യോഗ്യത സൂചകങ്ങളായ ബഹുമാന പേരുകള്‍ എന്നിവയാണ് നല്കിയിരുന്നത്. പണ്ഡിതരേയും, കലാകാരന്മാരേയും ആദരിക്കാറുണ്ടായുന്നത് ക്ഷേത്രസമുച്ചയത്തിനോട് ചേര്‍ന്നുള്ള കൊട്ടുമ്പുറം എന്ന മണിഗോപുരത്തില്‍ വെച്ചായിരുന്നു. ഇവിടെ രാജരാജേശ്വരക്ഷേത്രത്തില്‍ വെച്ച് നല്‍കപ്പെടുന്ന ഈ സ്ഥാനമാനങ്ങള്‍ ഏറ്റവും ഉല്‍കൃഷ്ടമായി കണക്കാക്കിയിരുന്നു. മാണി മാധവ ചാക്യാര്‍, ഉദ്ദണ്ഡശാസ്ത്രികള്‍ തുടങ്ങിയ കലാകാരന്മാരേയും, പണ്ഡിതരേയും ആദരിച്ചിരുന്നതായി തെളിവുകള്‍ സാക്ഷ്യം പറയുന്നു.
പുരുഷന്മാര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ എപ്പോഴും പ്രവേശനമുണ്ടെങ്കിലും സ്ത്രീകള്‍ക്ക് എല്ലാസമയങ്ങളിലും ക്ഷേത്രത്തിനുള്ളില്‍ പ്രവേശനമില്ല. ബ്രാഹ്മണസ്ത്രീകള്‍ക്ക് ക്ഷേത്രത്തിനകത്തു പ്രവേശനമില്ല. മറ്റു സ്ത്രീകള്‍ തിരുവത്താഴ പൂജയ്ക്കുശേഷം അകത്തു കയറി തൊഴുന്നു. ചുറ്റമ്പലത്തിനകത്ത് നെയ്യ് വിളക്ക് മാത്രമേ കത്തിക്കാറുള്ളൂ. അതുപോലെതന്നെ തദ്ദേശീയരായ സ്ത്രീകള്‍ ഗര്‍ഭവതികളായിരിക്കുമ്പോള്‍ മൂന്നു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഒരു പതിവുണ്ടായിരുന്നു. രാജരാജേശ്വര ക്ഷേത്രവും, തൃച്ചമ്പരത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രവും, തളിപ്പറമ്പില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞിരങ്ങാട്ടെ വൈദ്യനാഥ ക്ഷേത്രവുമാണ് ഈ മൂന്നു ക്ഷേത്രങ്ങള്‍. ശിവന്‍ കുഞ്ഞിന് പ്രതാപവും, തൃച്ചമ്പ്രത്തെ ശ്രീകൃഷ്ണന്‍ കുഞ്ഞിന് നല്ല സ്വഭാവവും, കാഞ്ഞിരങ്ങാട്ടേ ദേവത ദീര്‍ഘായുസ്സും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.
ചിരപുരാതനവും പൗരാണികവുമായ ക്ഷേത്രമാണ് പൂക്കോത്ത് കൊട്ടാരം ക്ഷേത്രം. സാക്ഷാല്‍ പെരുംതൃക്കോവിലപ്പനായ ശ്രീ രാജരാജേശ്വര പെരുമാളുടെ സാന്നിധ്യം എപ്പോഴും ഇവിടെ ഉള്ളതിനാലാണ് കൊട്ടാരം എന്ന നാമകരണം ഉണ്ടായതെന്നു പറയപ്പെടുന്നു. രാജരാജേശ്വര ക്ഷേത്രത്തില്‍ ആനയെ നടയ്ക്കിരുത്തിയാല്‍ നാമകരണം ചെയ്ത് പേര് ഉറപ്പിക്കുന്നത് പൂക്കോത്ത് കൊട്ടാരത്തില്‍ വച്ചാണ്.
ഇവിടത്തെ പ്രധാന പ്രതിഷ്ഠ രാജരാജേശ്വര സങ്കല്പത്തില്‍ പരമശിവനാണ്. എങ്കിലും ശൈവവൈഷ്ണവസങ്കല്പങ്ങള്‍ കൂടിച്ചേര്‍ന്ന ആരാധനാമൂര്‍ത്തിയാണ് എന്ന് മറ്റൊരു അഭിപ്രായമുണ്ട്. തൃച്ചംബരം ക്ഷേത്രത്തില്‍ നിന്ന് ശ്രീകൃഷ്ണനന്റെ എഴുന്നള്ളത്ത് രാജരാജേശ്വരക്ഷേത്രത്തില്‍ വരുന്ന അവസരത്തില്‍ ഇവിടെത്തെ മൂര്‍ത്തി ശങ്കരനാരായണനായി സങ്കല്‍പ്പ്ിച്ച് ആരാധിച്ചുവരുന്നു. അതുപോലെതന്നെ ശിവനെന്ന സങ്കല്പം മുഖ്യമാണെങ്കിലും കൂവളപ്പൂവ് ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക് എടുക്കുന്നതിനു വിലക്കുണ്ട്. പ്രധാന മൂര്‍ത്തിക്കു പുറമേ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യന്‍, മഹാകാളന്‍, നന്ദികേശന്‍, പാര്‍വതി, യക്ഷി, വൃഷദന്‍, പുറത്ത് ഭൂതനാഥന്‍, ചിറവക്കില്‍ ശ്രീകൃഷ്ണന്‍ എന്നീ പ്രതിഷ്ഠകളും ഇവിടെയുണ്ട്.
ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവന് നേദിക്കുവാനായി ചെറിയ മണ്‍പാത്രങ്ങളില്‍ നെയ്യ് ക്ഷേത്രത്തിലെ സോപാനനടയില്‍ വയ്ക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ഇതിനെ നെയ്യമൃത് എന്നുപറയുന്നു.
തുടങ്ങി പലതും പെരിഞ്ചെല്ലൂരെ രാജരാജേശ്വരക്ഷേത്രത്തെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്നു.
പെരിഞ്ചെല്ലൂര്‍ കോലോത്തുനാട്ടില്‍ ഉള്‍ച്ചേര്‍ന്നുവരും. പെരിഞ്ചെല്ലൂരും ഇടയ്ക്കാടും കോലോത്തുനാട്ടിലായിരുന്നു. മൂഷികവംശത്തിന്റെ കോലോത്തുനാട്ടില്‍ (കോലത്തിരി നാട്ടില്‍) പെരിഞ്ചല്ലൂരും ഉള്‍പ്പെട്ടിരുന്നു. കോലത്തുനാട്ടിലെ കളരിയങ്കത്തെപ്പറ്റി എഡി 1625-ല്‍ എഴുതപ്പെട്ട പ്രശ്‌നമാര്‍ഗ്ഗത്തിന്റെ ഇരുപത്തിനാലാമദ്ധ്യായത്തില്‍ “കോലക്ഷ്മാപതി രാഷ്ട്രേസ്തി സംപ്രഹാരോങ്ക സംജ്ഞിതഃ” എന്ന ശ്ലോകത്തില്‍ പ്രസ്താവിക്കുന്നുണ്ട്. കോലത്തുനാട്ടിലെ ശ്രദ്ധേയമായ ഒരു ചരിത്രസംഭവം നടന്ന കാലഘട്ടമാണ് ഇത്.
//In 1617 A.D Kolathiri Rāja, Udayavarman, wished to further promote himself to full recognition by performing Hiranya-garbhā, which the Nambũdiris refused. As he attempted to force the Nambũdiri Brahmins of Taliparamba (Perumchellũr) to perform this ritual for him, the Nambũdiri Brahmins refused him by stating:
‘Kolathiri had no right to ask them to perform a sacrifice since in the jurisdiction of Perumtrikkovilappan (the deity of the Rajarajeswara temple of Perumchellũr, Taliparamba) the order of any king would not be valid’ (The epithet of the deity rajarajeswara or king of the kings blatantly indicates the royal status assumed by the deity).[32]
Consequently, Udayavarman brought 237 Brahmin families (Sāgara Dwijas) from Gokarnam and settled them in five Desams. (Cheruthāzham, Kunniriyam, Arathil, Kulappuram and Vararuchimangalam of Perinchelloor Grāmam) . The latter adopted Nambũdiri customs and performed Hiranya-garbhā and conferred Kshatriyahood on the former. Later, on the request of Rājā of Travancore, 185 of these Sāgara dwijans families were sent to Thiruvalla. (Thiruvalladesi Embraanthiris).// (Wikipedia)
മുച്ചിലോട്ട് ഭഗവതി
പെരുഞ്ചെല്ലൂരുമായി (തളിപ്പറമ്പുമായി) തീവ്രബന്ധമുള്ള ദേവതയാണ് മുച്ചിലോട്ട് ഭഗവതിയും. പക്ഷെ ഈ ദേവതയെ പ്രശ്നമാര്‍ഗത്തിലോ പ്രശ്നരീതിയിലോ പരാമര്‍ശിച്ചു കാണുന്നില്ല. പെരിഞ്ചല്ലൂര്‍ മഹിമ പറയുമ്പോള്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തെക്കുറിച്ചുകൂടി പറയാതിരിക്കുന്നത് ഉചിതമാവില്ല എന്നതുകൊണ്ട് അതേക്കുറിച്ചു പറയാം.
പെരിഞ്ചെല്ലൂർ (ഇപ്പോഴത്തെ തളിപ്പറമ്പ്) ഗ്രാമത്തിലെ ഒരു ബ്രാഹ്മണകന്യക എഴുത്തു പള്ളിക്കൂടത്തിൽ വച്ച് നടന്ന വാദപ്രതിവാദത്തിൽ പ്രഗല്ഭരെ തോൽപ്പിച്ചു. രസങ്ങളിൽ വെച്ച് കാമരസവും, വേദനകളിൽ പ്രസവവേദനയുമാണ് അനുഭവങ്ങളിൽ മികച്ചതെന്നു സമർത്ഥിച്ചു. ഒരു കന്യകയുടെ ഇത്തരം അറിവിൽ സംശയിച്ചവർ അവൾക്കെതിരെ അപവാദപ്രചരണം നടത്തി ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കി. അപമാനിതയായ ആ കന്യക വടക്കോട്ട് നടന്ന്കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, ദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരുകി പ്രാർത്ഥിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വയം അഗ്നികുണ്ഡമൊ രുക്കി ആത്മത്യാഗം ചെയ്യാൻ തീരുമാനിച്ചു. എണ്ണയുമായി ആ വഴി പോയ മുച്ചിലോടനോട് (വാണിയ സമുദായത്തിൽ പെട്ടയാൾ) തീയിലേക്ക് എണ്ണ ഒഴിക്കുവാൻ ആവശ്യപ്പെട്ടു. ആവളുടെ വാക്കുകൾ കേട്ട് അമ്പരന്ന മുച്ചിലോടൻ എണ്ണ മുഴുവൻ തീയിലേക്കൊഴിച്ചു. അങ്ങനെ അഗ്നിപ്രവേശം ചെയ്ത് ആ സതീരത്നം തന്റെ ആത്മപരിശുദ്ധി തെളിയിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടിൽ വന്ന മുച്ചിലോടൻ കണ്ടത് പാത്രം നിറയെ എണ്ണ നിറഞ്ഞതായാണ്. ആത്മാഹുതി ചെയ്ത കന്യക കരിവെള്ളൂരപ്പന്റെയും, ദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താൽ ഭഗവതിയായി മാറിയെന്നും മുച്ചിലോടന് മനസ്സിലാവുകയും തന്റെ കുലപരദേവയായി കണ്ട് ആരാധിക്കുവാൻ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് ബ്രഹ്മണകന്യക മുച്ചിലോട്ടു ഭഗവതിയായി മാറിയത്. വിവിധ സ്ഥലങ്ങളിൽ മുച്ചിലോട്ടു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാവുകയും, തന്റെ ശക്തി തെളിയിക്കുകയും ചെയ്യുകയുണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു.
എന്നെല്ലാം പലേടത്തും പറഞ്ഞുകാണുന്നു.
പ്രശ്നമാര്‍ഗം ഒരു ചരിത്രരേഖ
ആ കാലത്ത് ഇത്രയും വിപുലമായി ദേശ - കാലാന്തരങ്ങളായി നിലനില്ക്കുന്ന - എക്കാലത്തെയും മികച്ച ഗ്രന്ഥമായിരിക്കണമെന്ന ആ തയ്യാറെടുപ്പാണ് ആശ്ചര്യകരം . ഒരു സവിശേഷ ഉദ്യമത്തിൽ ചിലത് വിട്ട് പോകുന്നത് സ്വാഭാവികം. എബ്രഹാം ലിങ്കന്റെ വിശേഷ അഭിപ്രായം .... വളരെ അധികം ചിന്തിക്കുക അല്പം മാത്രം സംസാരിക്കുക , അതിലും കുറച്ച് എഴുതുക. എഴുതുന്നത് ചരിത്ര രേഖയാവും എന്നതാണ്. ജ്യോതിഷത്തിന് ലഭിക്കാവുന്ന വലിയ ചരിത്രരേഖ ' പ്രശ്നമാർഗം'
ഭാഷാവിവര്‍ത്തനങ്ങള്‍
ചെല്ലൂരീശ്വരനായിടും ഗിരിജാ വല്ലഭന്നു ഞാൻ
നന്നായ് നമസ്കരിച്ചിട്ടു ദേശികങ്കേന്നറിഞ്ഞതാം
പ്രശ്നത്തിൻവഴിശിഷ്യന്നു് ഉപദേശിച്ചിടുന്നിതാ
നമസ്ക്രിയയതും ചെയ്തു ചെയ് വാനുള്ളതുരച്ചതാം .........................................................
- വിഷ്ണുനമ്പൂതിരി
പെരുംചെല്ലൂരുവാഴുന്നോരുമാനാഥനെ വന്ദിച്ചു
എന്‍റെ ശിഷ്യന്നറിവാനായ് പ്രശ്നമാര്‍ഗ്ഗമുരപ്പു ഞാന്‍ .................................................
- ചന്ദ്രകുമാര്‍ മുല്ലച്ചേരി
പെരിഞ്ചെല്ലൂരിനീശനാം പാര്‍വ്വതീപതിയെ വണങ്ങി തദാ
ഗുരുപ്രോക്തം പ്രശ്നമാര്‍ഗത്തെ ശിഷ്യനായങ്ങുരപ്പു ഞാന്‍ ............................................
- ശ്രീനാഥ് ഒജി
You are not authorised to post comments.