പ്രശ്നമാര്‍ഗം ശ്ലോകം - 13

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

(കേരളജ്യോതിഷം ഗ്രൂപ്പില്‍ പ്രശ്നമാര്‍ഗത്തിലെ ഈ ശ്ലോകത്തെക്കുറിച്ചു നടന്ന ചര്‍ച്ചയെ ആധാരമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി, നമസ്കാരം.)

ശ്ളോകം - 13.

അധ്യേതവ്യം ബ്രാഹ്മണൈരേവ തസ്മാൽ ജ്യോതിശാസ്ത്രം പുണ്യമേതദ്രഹസ്യം
ഏതദ്ബുദ്ധ്വാ സമ്യഗാപ് നോതി യസ്മാദർഥം ധർമ്മം മോക്ഷമ(ഗ്യം യശശ്ച.

ഇതി

ഈ ജ്യോതിശാസ്ത്രം വേദത്തിന്റെ പ്രധാനാംഗമാണന്നതു ഹേതുവായിട്ടു് ഇതിനെ അധ്യയനം ചെയ്യുവാനുള്ള അധികാരം ബ്രാഹ്മണർക്കു മാത്രമാകുന്നു. ഈ ശാസ്ത്രത്തെ വേണ്ടതുപോലെ പഠിച്ചുപയോഗപ്പെടുത്തിയാൽ പാപങ്ങൾ ക്ഷയിക്കും. ധർമ്മം സിദ്ധിക്കും.ധനം ലഭിക്കും. ഉൽകൃഷ്ട കീർത്തിയും മറ്റു സുഖ അനുഭവങ്ങളും ഉണ്ടാകും. പരമപുരുഷാർത്ഥമായ മോക്ഷവും സാധിക്കാം.

ബ്രഹ്മചാരീ എന്നാല്‍ ബ്രഹ്മത്തെ ചരിക്കുന്നവന്‍ എന്ന് അര്‍ത്ഥം..ബ്രഹ്മം എന്നാല്‍ പ്രജ്ഞാനം...അഥവാ വേദം...എന്തുകൊണ്ടെന്നാല്‍ വേദം വെറും അറിവല്ല...പരമാര്‍ത്ഥജ്ഞാനമാണ്.എന്തുകൊണ്ട് എന്നാല്‍ അതറിഞ്ഞാല്‍ സംശയമുണ്ടാകില്ല എന്നതാണ്...അതായത് പിന്നെ ഒന്നും അറിയേണ്ടതില്ല...അത് അറിയാനായി അതിനെ മാത്രം ചിന്തിച്ച് വ്രതത്തെ വരിച്ചവന്‍..ആ വ്രതത്തെ ആചരിക്ക ശീലമായിട്ടുള്ളവന്‍ എന്ന് ശബ്ദാര്‍ത്ഥം.അവയെ തീര്‍ച്ചയായും സമ്പാദിക്കുന്നവന്‍ എന്നര്‍ത്ഥം.(ആവശ്യകേ ണിനിഃ)

അതില്‍ മുഴുകിയവന്‍...അതല്ലാതെ വേറെ ചിന്തയില്ലാത്തവന്‍,. അവന് ദേശകാലങ്ങള്‍ പോലും വിഷയമല്ലാത്തവന്‍.... നമുക്ക് അനുഭവമല്ലേ ഇത്..ശാസ്ത്രചര്‍ച്ച ചെയ്യുമ്പോള്‍ സമയം പോയതൊന്നും അറിയാറില്ല... പിന്നെ ബാക്കി ലൗകീകങ്ങള്‍ ആരോര്‍ക്കും. വെറും വിദ്യാര്‍ത്ഥി ബ്രഹ്മചാരിയല്ല.....ഗവേഷണവിദ്യാര്‍ത്ഥിയാകാം.... ഇപ്പോഴത്തെ വിദ്യാര്‍ത്ഥികള്‍ തീരെ ബ്രഹ്മചാരികളല്ല...സ്വാര്‍ത്ഥതമാത്രം ചിന്തിച്ച് പുസ്തകം വിഴുങ്ങുന്നവര്‍...ഏത് അവയവത്തിന് രോഗം വന്ന് ചികില്‍സിക്കുമ്പോഴാണ് ഏറ്റവും പണമീടാക്കാന്‍ പറ്റുന്നത് അതിനെ പഠിക്കാം എന്ന് തീരുമാനമെടുത്ത മാതാപിതാക്കളുടെ മക്കള്‍....അവരെ ബ്രഹ്മചാരി എന്നല്ല ഭ്രമചാരികള്‍ എന്നല്ലേ വിളിക്കേണ്ടത്.

ബ്രാഹ്മണന്‍ ഒരിക്കലും വിദ്യ ദുരുപയോഗം ചെയ്യില്ല....മറ്റുള്ളവര്‍ക്ക് ബുദ്ധിമ്മുട്ട് വരണമെന്ന് ആഗ്രഹിക്കില്ല...ആരോടും പക്ഷം പിടിക്കില്ല...ആരോടും എതിര്‍ക്കില്ല..ഒന്നും ആഗ്രഹിക്കയുമില്ല.ഒരു മാസം പ്രശ്നവും പറയില്ല..അര്‍ത്ഥം സ്പഷ്ടം....അല്ലാത്തത് അടുത്ത ശ്ലോകം കൊണ്ട് പറയും...മ്ലേച്ഛാ ഹി....

യസ് മാൽ അഗ്ര്യം ധർമ്മം അർത്ഥം യശ: മോക്ഷം ച അപ്നോതി തസ്മാൽഏതൽ രഹസ്യം ജ്യോതിശ് ശാസ്ത്രം പുണ്യം ഏവ ( ഭവതി) ! തസ്മാൽ ഏതൽ ബ്രാഹ്മണൈ: ബുദ്ധ്യാസ മ്യഗ്അദ്ധ്യേതവ്യം !

തീര്‍ച്ചയായും ബ്രാഹ്മണ വര്‍ണത്തിലുളളവര്‍ തന്നെവേണം ഈ ശാസ്ത്രം പഠിക്കണ്ടത്. ജ്യോതിശാസ്ത്രം പുണ്യവും രഹസ്യവുമാണ്. ഇതു പഠിച്ചാല്‍ പലതുണ്ടു മെച്ചം - പണം കിട്ടും, (ബ്രാഹ്മണന് പഠന പാഠനാദി) സ്വധര്‍മ്മം പാലിച്ച് ജീവിക്കാനാവും. ഇതൊരു മോക്ഷശാസ്ത്രമാണ്, അതുകൊണ്ടുതന്നെ മോക്ഷം കിട്ടും. കൂടാതെ അതിശയകരമായ പ്രശസ്തിയും കിട്ടും! ഇങ്ങനെ പരവിധമാണ് ഏവര്‍ക്കും, ബ്രാഹ്മണന് പ്രത്യേകിച്ചും, ജ്യോതിഷം പഠിച്ചതുകൊണ്ടുള്ള മെച്ചങ്ങള്‍...

അദ്ധ്യേതവ്യം ബ്രാഹ്മണൈരേവ തസ്മാല്‍ ജ്യോതിഃശാസ്ത്രം പുണ്യമേതദ് രഹസ്യം
ഏതദ് ബുദ്ധ്വാ സമ്യഗാപ്‌നോതി യസ്മാദര്‍ത്ഥം ധര്‍മ്മം മോക്ഷമഗ്ര്യം യശശ്ച

- വൃദ്ധവസിഷ്ഠന്‍ (വൃദ്ധവാസിഷ്ഠസിദ്ധാന്തം)

ജ്യോതിശാസ്ത്രം വേദാംഗമാകയാലും, ജ്യോതിശാസ്ത്രം അഭ്യസിച്ചാല്‍ സര്‍വ്വരുടെയും ശുഭാശുഭം പറയാന്‍ സാധിക്കും എന്നതിനാലും, ജ്യോതിശാസ്ത്രജ്ഞാനം മോക്ഷപ്രദമാണ് എന്നതിനാലും ഈ ശാസ്ത്രം അഭ്യസിക്കാനുള്ള അവകാശം തീര്‍ച്ചയായും ബ്രാഹ്മണര്‍ക്കുള്ളതാണ്. അത്യന്തം രഹസ്യമായ ജ്യോതിശാസ്ത്രം പുണ്യഫലപ്രദമാണ്. ഈ ശാസ്ത്രത്തെ വഴിപോലെ അഭ്യസിച്ചാല്‍ അര്‍ത്ഥം(ധനം), ധര്‍മ്മം, മോക്ഷം എന്നിവയും അതുല്യമായ യശസ്സും ലഭിക്കുന്നതാണ്. ജ്യോതിഷം മോക്ഷമാര്‍ഗമാണ് എന്നു പറയുന്ന ഒരു ശ്ലോകം കൂടി നല്‍കാം.

ജ്യോതിശ്ചക്രേ തു ലോകസ്യ സര്‍വ്വസ്യോക്തം ശുഭാശുഭം
ജ്യോതിര്‍ജ്ഞാനം തു യോ വേദ സ യാതി പരമാംഗതിം

- ഗര്‍ഗന്‍ (ഗര്‍ഗഹോര)

ജ്യോതിശ്ചക്രം എന്ന ജ്യോതിഷസങ്കല്‍പം ഉപയോഗിച്ച് ലോകത്തിലെ സര്‍വ്വ ജനങ്ങളുടെയും ശുഭാശുഭഫലങ്ങള്‍ പറയാവുന്നതാണ്. ആര്‍ക്കാണോ ജ്യോതിഷത്തെക്കുറിച്ചുള്ള ശരിയായ ജ്ഞാനം ലഭ്യമാവുന്നത് അയാള്‍ക്ക് പരമമായ പ്രയോജനം അഥവാ ഈശ്വരപ്രാപ്തി ഉണ്ടാകുന്നതാണ്.

ആയുശ്ച ലോകയാത്രാ ച ദ്വേ ശാസ്‌ത്രേ(അ)സ്മിന്‍ പ്രയോജനം (ആയുസ്സു അറിയാന്‍ സാധിക്കും എന്നതും, ലോകജീവിതത്തില്‍ ഉപകാരപ്രദമാണ് എന്നതും ആണ് ഈ ശാസ്ത്രത്തിന്റെ രണ്ടു പ്രയോജനങ്ങള്‍) എന്ന് പരാശരഹോരയില്‍ പറയപ്പെട്ടിരിക്കുന്നു. അതായത് ജ്യോതിഷം ഭൗതികശാസ്ത്രവും അതുപോലെ തന്നെ മോക്ഷമാര്‍ഗവുമാണ്.

ജ്യോതിഷം രഹസ്യശാസ്ത്രമാണ്, എല്ലാ രീതീവിധാനങ്ങളും പരസ്യമാക്കേണ്ടതില്ല, വേണ്ടപ്പെട്ടവരും അര്‍ഹതയുള്ളവരും ബുദ്ധിമാന്മാരുമായ ശിഷ്യര്‍ക്കു മാത്രമേ വെളിവാക്കേണ്ടതുള്ളു.

എങ്ങനെയുള്ള ശിഷ്യര്‍ക്കാണ് ജ്യോതിഷം ഉപദേശിച്ചുകൊടുക്കേണ്ടത് എന്നു പറയാം.

ന ദേയം യസ്യകസ്യാപി രഹസ്യം ജ്ഞാനമുത്തമം
അര്‍ത്ഥലുബ്ധായ മൂര്‍ഖായ സാഹങ്കാരായ പാപിനേ
ഗുരുഭക്തി വിഹീനായ പുത്രായാപി വദേന്നഹി
ഏതദ് ദേയം സുശിഷ്യായ മുനേ വത്സരവാസിനേ     

(ബ്രഹ്മസിദ്ധാന്തം)

രഹസ്യവും ഉത്തമവുമായ ഈ ജ്ഞാനത്തെ ശിഷ്യന്റെ യോഗ്യതകള്‍ പരിഗണിക്കാതെ, മുന്‍പിന്‍ നോക്കാതെ, ആര്‍ക്കെങ്കിലും' ഉപദേശിച്ചു കളയരുത്'. ധനാര്‍ത്തിയുള്ളവനും, മൂര്‍ഖനും, അഹങ്കാരിക്കും, പാപിക്കും, ഗുരുഭക്തിയില്ലാത്തവനും അവര്‍ തന്റെ പുത്രരായിരുന്നാല്‍ ക്കൂടി, ഈ ജ്ഞാനം ഉപദേശിച്ചുകൊടുക്കരുത്. മുനിയോടൊപ്പം വസിച്ച് ഗുരുകുലരീതിയില്‍ വിദ്യ പഠിക്കാന്‍ തയ്യാറാവുന്ന വ്യക്തികളില്‍ ഏറ്റവും ഉത്തമരായ ശിഷ്യര്‍ക്കു മാത്രമേ ഈ ജ്ഞാനം പകര്‍ന്നുകൊടുക്കാവൂ.

ശാന്തായ ഗുരുഭക്തായ ഋജവേര്‍ച്ചിത സ്വാമിനേ
ആസ്തികായ പ്രദാതവ്യം തതഃ ശ്രേയോഹ്യവാപ്‌സ്യതി
ന ദേയം പരശിഷ്യായ നാസ്തികായ ശഠായ ച
ദത്തേ പ്രതിദിനം ദുഃഖം ജായതേ നാത്ര സംശയഃ

- പരാശരന്‍ (പരാശരഹോര)

സമാധാനശീലനും ഗുരുഭക്തനും നിര്‍മ്മലമായ മനസ്സുള്ളവനും ഈശ്വരവിശ്വാസിയും ആയ ശിഷ്യനുവേണം ജ്യോതിശാസ്ത്രം ഉപദേശിക്കേണ്ടത്. അങ്ങനെയുള്ള സല്‍പാത്രദാനം ശ്രേയസ്‌കരമായിത്തീ രുന്നതാണ്. തന്റെ ശിഷ്യന്മാര്‍ക്കല്ലാതെ അന്യരുടെ ശിഷ്യന്മാര്‍ക്ക് ജ്യോതിഷജ്ഞാനം ഉപദേശിക്കരുത്. വിശേഷിച്ച് ഈശ്വരവിശ്വാസമില്ലാ ത്തവര്‍ക്കും ദുര്‍ബുദ്ധിയുള്ളവര്‍ക്കും നിശ്ചയമായും ഉപദേശിക്കരുത്. അങ്ങിനെയുള്ളവര്‍ക്ക് ഉപദേശിച്ചുകൊടുത്താല്‍ എപ്പോഴും ദുഃഖത്തിനിട വരുമെന്നുള്ളതിനു സംശയമില്ല.

ദിവ്യം ജ്ഞാനമതീന്ദ്രിയം യദൃഷിഭിര്‍ ബ്രാഹ്മം വസിഷ്ഠാദിഭിഃ
പാരമ്പര്യവശാദ് രഹസ്യം അവനീം നീതം പ്രകാശം യതഃ
നൈതദ് ദ്വേഷി-ദുരുക്ത-ദുര്‍ജ്ജന-ദുരാചാരാ-(അ)ചിരാവാസിനാം
സ്യാദായുഃ സുകൃതക്ഷയോ മുനികൃതാം സീമാമിമാ മുഞ്ചതാം

- ഭാസ്‌കരാചാര്യന്‍

ദിവ്യവും അതീന്ദ്രിയവുമാണ് ഈ ജ്ഞാനം. ബ്രഹ്മാവ്, വസിഷ്ഠന്‍ എന്നിത്യാദി ഋഷിമാരില്‍ നിന്നാരംഭിച്ച് പാരമ്പര്യക്രമത്തില്‍ ഭൂമിയില്‍ പ്രസിദ്ധിയും പ്രചുരപ്രചാരവും സിദ്ധിച്ചതാണ് ഈ ശാസ്ത്രം. ഇതിനെ പരദ്വേഷിക്കും, ചീത്തവാക്കുപറയുന്നവനും, ദുര്‍ജ്ജനത്തിനും, ദുരാചാരിക്കും, ഗുരുവിനോടൊപ്പം ദീര്‍ഘകാലം നില്‍ക്കാത്തവനും ഒരിക്കലും പറഞ്ഞുകൊടുക്കരുത്. അങ്ങനെ ചെയ്താല്‍ മുനിമാരാല്‍ നിര്‍ണയിക്കപ്പെട്ട അതിര്‍ത്തിയും നിര്‍ദ്ദേശവും ലംഘിച്ചു എന്ന കാരണത്താല്‍ (തീര്‍ച്ചയായും) ആയുഃക്ഷയം, സുകൃതക്ഷയം തുടങ്ങിയ ദുരിതങ്ങള്‍ ഉണ്ടാവും.

തദേന ജ്യോതിഷം ശാസ്ത്രം മയാ ജ്ഞാനധിയാ തവ
പ്രകാശ്യതേ ന പ്രകാശ്യം ഹോരാജ്ഞാനം യഥാ തഥാ
അസൂയകായാ(അ)നൃജവേ ജ്യോതിര്‍വ്വിദ്ദ്വേഷിണേ തതഃ
അചിരാവാസിനേ ദുഷ്ടചേതസേ ദുര്‍ജ്ജനായ ച       

- സൂര്യന്‍ (സൂര്യജാതകം)

സൂര്യഭഗവാന്‍ തന്റെ തേരാളിയായ അരുണനോട് പറയുന്നു - ഞാന്‍ ജ്ഞാനബുദ്ധികൊണ്ട് നിനക്കുവേണ്ടി ജ്യോതിഷശാസ്ത്രത്തെക്കുറിച്ച് പറയുന്നു. എന്നാല്‍ ഈ ഹോരാജ്ഞാനം (കാലജ്ഞാനം) ഏതൊരു തര ത്തിലുള്ള ആള്‍ക്കാര്‍ക്കാണ് നല്‍കാന്‍ പാടില്ലാത്തത് എന്നു ഞാന്‍ നിന്നോടു പറയാം. അസൂയക്കാര്‍, വളഞ്ഞ വഴികള്‍ സ്വീകരിക്കുന്ന വ്യക്തി (കുടിലബുദ്ധി), ജ്യോതിഷികളെ ദ്രോഹിക്കുന്നവന്‍, ഗുരുസമീപം ദീര്‍ഘകാലം താമസിക്കാന്‍ തയ്യാറില്ലാത്തവന്‍, ദുഷ്ടബുദ്ധികള്‍, മറ്റു ദുര്‍ജ്ജനങ്ങള്‍ എന്നിവര്‍ക്ക് ഹോരാജ്ഞാനം നല്‍കാന്‍ പാടില്ല. അവരോട് ജ്യോതിഷ ഫലപ്രവചനം പോലും നടത്താന്‍ പാടില്ല.

ധൂര്‍ത്ത-ദുര്‍ജന-വിദ്വേഷി-കൃതഘ്‌നാനാം കദാചന
ന പ്രകാശ്യമിദം ശാസ്ത്രം രഹസ്യം കേവലം യതഃ

-ഗര്‍ഗന്‍ (ഗര്‍ഗഹോര)

ധൂര്‍ത്തനും ദുര്‍ജനവും വിദ്വേഷിയും കൃതഘ്‌നനും ആയ ആളുകള്‍ക്ക് ഒരിക്കലും ജ്യോതിഃശാസ്ത്രം പഠിപ്പിച്ചുകൊടുക്കരുത്. ഇത് വളരെ രഹസ്യവും സത്യബോധകവുമായ വിജ്ഞാനമാണ്.

സ്‌നേഹാല്ലോഭാച്ച മോഹാച്ച യോ വിപ്രോ അജ്ഞാനതോപി വാ
ശൂദ്രാണാമുപദേശഞ്ച ദദ്യാത് സ നരകം വ്രജേത്
ജ്യോതിഃശാസ്ത്രം തു ശൂദ്രേണ യദുക്തം യസ്യ സര്‍വ്വദാ
ന ഗ്രാഹ്യം വചനം തസ്യ ശുനോച്ഛിഷ്ടം ഹവിര്‍ യഥാ 

- ഗര്‍ഗന്‍ (ഗര്‍ഗഹോര)

യാതൊരു പണ്ഡിതനാണോ സ്‌നേഹം, ലോഭം, മോഹം എന്നിവയി ലേ തെങ്കിലും കാരണമോ തന്റെ അറിവില്ലായ്മകൊണ്ടുപോലുമോ, ഈ ജ്യോതിഷത്തെക്കുറിച്ചുള്ള ഉപദേശം നീചരായ ജനങ്ങള്‍ക്കു നല്‍കുന്നത് അയാള്‍ തീര്‍ച്ചയായും നരകഫലം അനുഭവിക്കുന്നതാണ്. നീചന്മാരായ ജനങ്ങള്‍ യാതൊരു വ്യക്തിക്കാണോ ജ്യോതിശാസ്ത്രം ഉപദേശിച്ചു കൊടുത്തിട്ടുള്ളത്, അപ്രകാരം ഫലപ്രവചനരീതി അഭ്യസിച്ച വ്യക്തിയുടെ വാക്ക് - പട്ടി നക്കിയ ഹവിസ്സ് എപ്രകാരമാണോ നാം സ്വീകരിക്കാതിരിക്കു ന്നത് അതുപോലെ - ഒരിക്കലും സ്വീകരിക്കരുത്.

നീചന്മാരായ ജന ങ്ങള്‍ക്കു മാത്രമേ നീചജനങ്ങള്‍ തങ്ങളുടെ അറിവ് ഉപദേശിച്ചുകൊടുക്കു കയുള്ളു എന്നതിനാലാണ് ഇവിടെ അപ്രകാരമുള്ള വ്യക്തികളുടെ വാക്ക് സ്വീകരിക്കരുത് എന്നു വിലക്കിയിരിക്കുന്നത്. ദുര്‍ജ്ജനങ്ങളില്‍ നിന്ന് ഉപദേശം സിദ്ധിച്ച വ്യക്തിയും നീചനാണെങ്കില്‍ അയാള്‍ പൃച്ഛകനെ ഭയ പ്പെടുത്താനും ദ്രോഹിക്കാനും ശ്രമിക്കുമല്ലോ. അത് സംഭവിക്കാന്‍ പാടില്ല. ഇങ്ങനെ ഒരു അപകടസാദ്ധ്യത ഇല്ലായിരുന്നുവെങ്കില്‍ 'നീചാദപ്യുത്തമം വിദ്യാ അമേദ്ധ്യാദപി കാഞ്ചനം'(നീചന്മാരില്‍ നിന്നുപോലും ഉത്തമമായി വിദ്യയും വിസര്‍ജ്ജ്യവസ്തുവില്‍ വീണുകിടക്കുന്നതാണെങ്കില്‍ക്കൂടി സ്വര്‍ണ്ണവും സ്വീകരിക്കാവുന്നതാണ്) എന്നതാണ് ആര്‍ഷനിയമം. മേല്‍ ചര്‍ച്ച ചെയ്യപ്പെട്ട പദ്യത്തില്‍ വിപ്ര' ശബ്ദം കൊണ്ട് പണ്ഡിതനും നല്ലവ നുമായി വ്യക്തിയേയും ശൂദ്ര' ശബ്ദം കൊണ്ട് നീചജനങ്ങളെയുമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് വ്യക്തമായി ധരിച്ചുകൊള്ളുക.

ആറു കർമ്മങ്ങളെ അനുഷ്ടിക്കുന്നവനാണ് ബ്രാഹ്മണൻ.

ആദ്ധ്യാപനമദ്ധ്യയനം യജനം യാജനം തഥാ
ദാനം പ്രതിഗ്രഹശ്ചൈവ ഷട്കർമ്മാണ്യഗ്രജന്മന:

അദ്ധ്യയനം എന്നാൽ വേദാദ്ധ്യയനം തന്നെ .അപ്പോൾ ഇങ്ങനെയെല്ലാം ചെയ്യുന്ന വ്യക്തി ബ്രാഹ്മണനാകുന്നു. അവനാണ് ജ്യോതിശാസ്ത്രം പഠിക്കുവാനും പഠിപ്പിക്കുവാനും യോഗ്യൻ.

നല്ല നിര്‍വ്വചനം. (y) എങ്കിലും വേദം എന്നതിന് അറിവ് പ്രത്യേകിച്ചും ജ്ഞാനം (വിജ്ഞനമല്ല) എന്ന് അര്‍ത്ഥമാകയാല്‍ ജ്ഞാനം പകര്‍ന്നുനല്‍കുന്നവരെല്ലാം ബ്രാഹ്മണര്‍ തന്നെ. അല്ലാത് ഋഗ്വേദാദി ചതുര്‍വേദാദ്ധ്യാപകര്‍ ആവണമെന്ന് നിര്‍ബന്ധമില്ല. യജനം യാജനം (യജ്ഞം ചെയ്യലും ചെയ്യിക്കലും) എന്നതിന് പുണ്യവര്‍ദ്ധകവും പരോപകാരപ്രദവുമായ കര്‍മ്മങ്ങള്‍ ചെയ്യലും ചെയ്യിക്കലും എന്ന അര്‍ത്ഥം സ്വീകരിച്ചാല്‍ മതി. ദാനം പ്രതിഗ്രഹം ച (ദാനം കൊടുക്കലും വാങ്ങലും) എന്നതിന് അര്‍ഹരായവരെ സഹായിക്കലും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ദാനം സ്വീകരിക്കലും (എന്നിട്ട് അത് പരോപകാരപ്രദമായി മറ്റുള്ളവര്‍ക്കുവേണ്ടി വിനിയോഗിക്കലും) എന്ന അര്‍ത്ഥം സ്വീകരിച്ചാല്‍ മതി. Receive donations (because you are trust worthy and will not use it for personal benefits), and use it wisely to help the needy for the betterment of society - such individuals should be called brahmins. (y)

ഇപ്രകാരമാണ് സത്യസന്ധരായ ആത്മീയാചാര്യന്മാരും, സമൂഹസേവകരും, അധ്യാപകരും, അന്നദാനാദികളും അനാഥാലങ്ങളും ആതുരാലയങ്ങളും ലാഭേച്ഛയില്ലാതെ നടത്തുന്നവരും, പാലിയേറ്റീവുകാരും എല്ലാമെല്ലാം ബ്രാഹ്മണരാവുന്നത്. അവരാണ് ശരിയായ ബ്രാഹ്മണര്‍! സമാനപഥത്തില്‍ ചരിക്കുന്ന അഥവാ ഇത്തരം സത്കര്‍മ്മങ്ങള്‍ക്കും സമൂഹസേവനത്തിനും പ്രേരണയാവുന്ന ജ്യോതിഷിയും ബ്രാഹ്മണനാണ്.

സ്വാർത്ഥലാഭമോ പ്രതിഫലമോ കൂടാതെ ചെയ്യുന്ന ഏതു കർമവും യജ്ഞമാണ്. അത് ചെയ്യുന്നവരും കർമംകൊണ്ടു ബ്രാഹ്മണർ. പ്രകൃതി നമുക്ക് മാതൃകയാണ്. സൂര്യൻ തന്റെ കിരണങ്ങളാൽ സമുദ്രജലത്തെ ആവിയായി മേലോട്ടുയർത്തുന്നത് ഒരു പ്രതിഫലവും ഇഛിചല്ല. മേഘങ്ങൾ നീരാവിക്ക്‌ തങ്ങി നിൽക്കാൻ ഇടം നല്കുന്നു. തണുത്ത കാറ്റു വന്ന് അതിനെ ചലിപ്പിക്കുന്നു.. പിന്നെ മഴയായി ഭൂമിയിൽ വീണു ഭൂമിയെ ഫലഭൂയിഷ്ഠമാക്കുന്നു. ഇതൊരു യജനം തന്നെ. ആരുടേയും നിർദേശം കൂടാതെ നല്ല പ്രവർത്തികൾ ചെയ്യുന്നതും യജനം തന്നെ...

അര്‍ത്ഥമെന്നത് പണമല്ല അത് പൂര്‍ണ്ണാര്‍ത്ഥോപലബ്ദ്ധിയാണ്....അയാള്‍ പരിപൂര്‍ണ്ണനാകുന്നു...

മഹാവാക്യഗൂഢം.........സ്കന്ദന്‍........വിദുരര്‍ കണ്ട ഉദ്ധവരെ പോലെ.....ഇപ്പോള്‍ പറഞ്ഞ അര്‍ത്ഥമാണ് അര്‍ത്ഥം...

ശ്രദ്ധേയമായ മറ്റൊരു ഉദ്ധരണി കണ്ടത് താഴെച്ചേര്‍ക്കുന്നു. എന്താണ് ബ്രാഹ്മണ്യം ആരാണ് ബ്രാഹ്മണന്‍? ബ്രാഹ്മണനാണ് ജ്യോതിശാസ്ത്രം പഠിക്കാന്‍ യോഗ്യന്‍ എന്നു പറഞ്ഞുവല്ലോ. ആരാണ് ബ്രാഹ്മണന്‍?

ബ്രഹ്മണന് സുഖംവരട്ടെ, ബ്രഹ്മണന് ദാനം നൽക്കുക, ബ്രഹ്മണനെ ഊട്ടുക എന്നിങ്ങനെയുള്ള വാക്യങ്ങൾ പലപ്പോഴും തെറ്റിദ്ധാരണക്ക് ഇടനൽക്കുന്നതിലണ് ബ്രഹ്മണൻ എന്നപദത്തിന്റെ അർത്ഥമെന്തന്നറിയുവാൻ ധർമ്മശാസ്ത്രങ്ങളെ ഉദ്ധരിക്കേണ്ടിവരുന്നത്. ഈ ചോദ്യത്തിനുത്തരം നൽകാൻ ഒരൊറ്റ ഉപനിഷത്ത് മതിയാകും. കൃഷ്ണയജുർവേദീയവിഭഗത്തിൽപ്പെട്ട വജ്രസൂചികോപനിഷത്ത് വ്യക്തവും ശക്തവുമായ ഉത്തരം നൽക്കുന്നു.

ജീവനോ ദേഹമോ ജാതിയോ ജ്ഞാനമോ കർമമോ ധാർമികതത്വമോ ഇവയിൽ ഏതാണ് ബ്രാഹ്മണൻ???

ബ്രാഹ്മണൻ ജീവനാണെന്നു പറഞ്ഞാൽ അതിനു സാധുത ലഭിക്കില്ല. അനേകം ശരീരങ്ങളിൽ നേരത്തെ ഉണ്ടായതും വരുന്ന കാലത്ത് ഉണ്ടാകാൻ പോകുന്നതുമായ ജീവനെല്ലാം ഒരുപോലെയാണ്. കർമ്മമനുസരിച്ചാണ് അത് അനേകം ശരീരങ്ങളിൽ പിറക്കുന്നത് എല്ലാ ശരീരത്തിലെ ജീവനും ഏകഭാവമാണ്. അക്കാരണത്താൽ ഒരിക്കലും ബ്രഹ്മണൻ ജീവനാകുന്നില്ല.

ബ്രഹ്മണൻ ദേഹമാണോ എന്ന് അന്വേഷിച്ചാൽ അതിനും സാധുതയില്ല. എല്ലാ മനുഷ്യരുടെയും ശരീരം പഞ്ചഭൂതനിർമ്മിതമാണ്. അവരിൽ വാർധക്യവും മരണവും ധർമവും അധർമവും എല്ലം ഒരുപോലെയാണ് വന്നുഭവിക്കുന്നത്. ബ്രാഹ്മണൻ വെളുത്ത നിറത്തിലും ക്ഷത്രിയൻ ചുവന്ന നിറത്തിലും വൈശ്യൻ മഞ്ഞനിറമുള്ളവനും ക്ഷൂദ്രൻ കറുത്തനിറമുള്ളമായിരിക്കണമെന്ന് നിയമമേയില്ല. മാത്രമല്ല പിതാവിനെയും സഹോദരന്റെയും ശരീരദേഹക്രിയകൾ ചെയ്യുന്ന കാരണത്താൽ പുത്രാദികൾക്ക് ബ്രഹ്മഹത്യാദിദോഷങ്ങൾ സംഭവിക്കുന്നില്ല. അക്കാരണംകൊണ്ട് ദേഹം ബ്രാഹ്മണനാകുന്നില്ല.

ബ്രാഹ്മണൻ ജാതിയാണോ എന്ന് അന്വേഷിച്ചാൽ അതിനു സാധുത ലഭ്യമല്ല. കാരണം വിവിധജാതികളിൽ നിന്ന് അനേകം മഹർഷിമാർ പിറന്നിട്ടുണ്ട്. മാൻപേടയിൽ നിന്ന് ഋഷ്യശൃംഗനും , കുശയിൽ നിന്ന് കൗശികനും, ജംബുകനിൽ നിന്ന് ജാംബുകനും, വാല്മീകത്തിൽനിന്ന് വാൽമീകിയും, മുക്കുവസ്ത്രീയിൽ നിന്ന് വ്യാസനും, ശശപുഷ്ഠത്തിൽ നിന്ന് ഗൗതമനും, ഉർവശിയിൽ നിന്ന് വസിഷ്ഠനും, കുടത്തിൽ നിന്ന് അഗസ്ത്യനും, ജനിച്ചുവെന്നു പറയപ്പെടുന്നു. ഇവരെല്ലാം ജാതിപരിഗണനയില്ലാതെ ജ്ഞാനമുള്ളവരായിരുന്നു. അക്കരണത്താൽ ജാതിയാണ് ബ്രാഹ്മണെന്ന് പറയാൻ കഴിയുകയില്ല.

ബ്രാഹ്മണൻ ജ്ഞാനമാണോ എന്നന്വേഷിച്ചാൽ അതിനും സാധുതയില്ല കാരണം അനേകം ക്ഷത്രിയന്മാർ പരമാർത്ഥം ദർശിച്ചവരാണ്. അങ്ങനെ നോക്കുമ്പോൾ ബ്രാഹ്മണൻ ജ്ഞാനമകുന്നില്ല.

കർമം ബ്രാഹ്മണനാകുമോ എന്നന്വേഷിച്ചാൽ അതിനും സാധുതയില്ല. കാരണം എല്ലാ ജീവികളുടെയും കർമങ്ങളിൽ സാധർമ്യം കാണപ്പെടുന്നു. അങ്ങനെയെങ്കിൽ കർമത്തിൽ പ്രേരിതമായിട്ടാണ് ജീവൻ പ്രവർത്തിക്കുന്നത്. അതുമൂലം കർമം ബ്രാഹ്മണനാകുന്നില്ല.

ധാർമികത ബ്രാഹ്മണനാകുമോ എന്നന്വേഷിച്ചാൽ അതിനും സാധുതയില്ല. എന്തെന്നാൽ നിരവധി ക്ഷത്രിയദികൾ സ്വർണം ദാനം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ ധാർമികതയും ബ്രാഹ്മണനാകുന്നില്ല.

എങ്കിൽ ആരാണ് ബ്രാഹ്മണൻ ???

അദ്വിതീയമായും ജാതിഗുണക്രിയാരഹിതനും ഷഡൂർമിഷഡ്ഭാവദി സർവദോഷരഹിതമായും സത്യജ്ഞാനാനന്ദസ്വരൂപമായും സ്വയം വികൽപഹീനമായും സകലകൽപങ്ങൾക്കും ആധാരഭൂതമായും സകലഭൂതലങ്ങളിലും അന്തര്യാമിയായും ആകാശമെന്നോണം അകത്തും പുറത്തും വ്യാപിച്ചിരിക്കുന്നതായും അഖണ്ഡാനന്ദസ്വരൂപമായും അപ്രമേയമായും അനുഭവൈക്യവേദ്യമായും പ്രത്യക്ഷത്വേന ശോഭിക്കുന്നതായുള്ള ആത്മാവിനെ കൈത്തലത്തിരിക്കുന്ന നെല്ലിക്കപോലെ സാക്ഷാത്കരിച്ച് കൃതാർഥനായും കാമരാഗാദിദോഷരഹിതനായും ശമദമാദിസമ്പന്നനായും ദംഭം, അഹംങ്കാരം , ഇവ ഒഴിഞ്ഞവനായും ആരാണോ കഴിയുന്നത് അവനാണ് ബ്രാഹ്മണൻ...

ഇത്തരത്തില്‍ ആരാണ് ബ്രാഹ്മണന്‍ എന്നതിനെക്കുറിച്ച് ഒട്ടേറെ ചര്‍ച്ചകളും വ്യാഖ്യാനങ്ങളുമാവാം. ഈ ശ്ലോകത്തില്‍ ഇനി അവശേഷിക്കുന്നത് ചില വാക്കുകളുടെ നിര്‍വ്വചനം തേടലാണ്. ആരെങ്കിലും പുണ്യം, രഹസ്യം, അര്‍ത്ഥം, ധര്‍മം, കാമം, മോക്ഷം, യശസ്സ് എന്നിവയുടെ നിര്‍വചനങ്ങള്‍ കൂടി നല്‍കുമോ പ്ലീസ്?

ധര്‍മം

ഒരു വസ്തുവിന്റെ സ്വാഭാവികഗുണമാണ് അതിന്റെ ധര്‍മം, അഗ്നിയുടെ ധര്‍മം ചൂട് എന്ന പോലെ. സ്വ-ഭാവം തന്നെയാണ് ധര്‍മം. ഉള്ളറിഞ്ഞ് താന്‍ എങ്ങനെയോ അങ്ങനെ ജീവിക്കുന്നയാളാണ് ധാര്‍മികന്‍. ധര്‍മം പുറത്തുനിന്നു വരുന്നതല്ല ഉള്ളില്‍ നിന്നും വരുന്നതാണ്. ധര്‍മം എന്ന പദത്തെ പലപ്പോഴും തെറ്റായി righteousness, religion, ethics എന്നെല്ലാം വിവര്‍ത്തനം ചെയ്യാറുണ്ട്. ഇവയെല്ലാം ബാഹ്യമാകയാലും, സാഹചര്യത്തോടുള്ള തനതും സ്വാഭാവികവുമായ പ്രതികരണം അല്ലായ്കയാലും ധര്‍മമല്ല. ധര്‍മ്മം ആന്തരികവും തനതും സ്വാഭാവികവും ആണ്. വേറെയും പല നിര്‍വചനങ്ങളും കേട്ടിട്ടുണ്ട്. അവയില്‍ ചിലതു പറയാം.

ധൃഞ് ധാരണപോഷണയോഃ എന്ന ധാതുവില്‍നിന്നും നിഷ്പന്നമാവുന്ന പദം. ലോകത്തിന്‍റെ നിലനില്‍പ്പിനും മനുഷ്യജീവിതത്തിന്‍റെ ലക്ഷിയപ്രാപ്തിക്കും വേണ്ടി നാമെല്ലാം ധരിക്കേണ്ടുന്ന മൂല്യങ്ങളുടെ ആകെത്തുകയ്ക്ക് ധര്‍മ്മമെന്ന് പറയാം (ധാരണാദ് ധര്‍മ്മ). അതുപോലെ വ്യത്യസ്ത ഗുണഘടനകളോടും സ്വഭാവവിശേഷങ്ങളോടും കൂടിയ നാ‍മൊക്കെയും യാതൊന്നിലാണോ ഒന്നായി, ഒരു സമൂഹമായി നിലനിര്‍ത്തപ്പെടുന്നത് അതാകുന്നു ധര്‍മ്മം. (ധ്രിയതേ അനേന ഇതി ധര്‍മ്മ)

ധര്‍മ്മത്തിന്‍റെ അടിസ്ഥാനം വേദമാകുന്നു. വേദോഖിലോ ധര്‍മ്മമൂലം എന്നു മനുസ്മൃതി. വേദത്തിന്‍റെ അടിസ്ഥാനത്തിലുള്ള ധര്‍മ്മമാകുന്നു വൈദികധര്‍മ്മം. ഒരിക്കലും നശിക്കാത്തതിനാല്‍ ഇതിനെ സനാതനധര്‍മ്മം എന്നു പറയുന്നു.

ധാരണാത് ധര്‍മ്മമിത്യാഹുഃ ധര്‍മ്മോ ധാരയതി പ്രജാ(പ്രപഞ്ചത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പിന് ആധാരമായതേതോ അതാണ് ധര്‍മ്മം-മഹാഭാരതം)

ധര്‍മ്മമെന്ന പദത്തിന് വ്യക്തമായ നിര്‍വചനമുണ്ട്. ധാരണാത് ധര്‍മ്മമിത്യാഹുഃ ധര്‍മ്മോ ധാരയതി പ്രജാ(പ്രപഞ്ചത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പിന് ആധാരമായതേതോ അതാണ് ധര്‍മ്മം-മഹാഭാരതം) സര്‍വ ചരാചരങ്ങളുടേയും അഭ്യുദയത്തിനും ശ്രേയസിനും ഹേതുവായതേതാണോ അതാണ് ധര്‍മ്മമെന്ന് ആചാര്യസ്വാമികളും പറയുന്നു. യുക്തി ഭദ്രമായ ഇത്തരം നിര്‍വചനങ്ങളിലൂടെ കേവലം വിശ്വാസത്തിലുപരി സര്‍വ ചരാചരങ്ങളുടേയും ആത്യന്തികനന്മയ്ക്കുള്ള കര്‍മ്മ പദ്ധതികളായ ധര്‍മ്മം നിലകൊള്ളുന്നു.

ഏതൊരു രംഗത്തിലാണോ ഏറ്റവും പ്രഗത്ഭമായി സമൂഹത്തിന് സേവനം ചെയ്യുവാന്‍ നമുക്ക് കഴിയുന്നത് ആ രംഗമായിരിക്കണം നമ്മുടെ കര്‍മ്മമണ്ഡലം ജനിച്ച് വളര്‍ന്ന സാഹചര്യങ്ങളും ജന്മവാസനകളും ജീവ ശാസ്ത്രപരമായ പ്രത്യേകതകളും ഓരോരുത്തരിലും വ്യത്യസ്ഥമായതുകൊണ്ട് എല്ലാവരുടേയും ധര്‍മ്മം ഒന്നല്ല. അതുകൊണ്ടാണ് സ്വധര്‍മ്മേ നിധനം ശ്രേയ എന്നും പരധര്‍മ്മേ ഭയാവഹ എന്നും ഭഗവദ് ഗീതയില്‍ പറയുന്നത്.

പരധര്‍മ്മത്തേക്കാളും ഗുണ രഹിതമാണെങ്കിലും സ്വധര്‍മ്മം ശ്രേഷ്ഠമാകുന്നു. 

സ്വധര്‍മ്മം ചെയ്ത് മരിച്ച്‌പോയാലും അത് നല്ലതിനേ ആവൂ. പരധര്‍മ്മം അത്രയ്ക്ക് ഭയങ്കരമാണ്.

സര്‍വേപി സുഖിനസന്തു സര്‍വേ സന്തു നിരാമയാ
സര്‍വേ ഭദ്രാണി പശ്യന്തു മാകശ്ചിത് ദുഃഖമാപ്‌നുയാത് 

എല്ലാവര്‍ക്കും സുഖം ഭവിക്കട്ടേ. എല്ലാവര്‍ക്കും ആരോഗ്യമുണ്ടാവട്ടേ എല്ലാവരും നല്ലത് കാണട്ടേ. ആര്‍ക്കും ദുഃഖം വരാതിരിക്കട്ടേ.

ഇതായിരിക്കണം നമ്മുടെകര്‍മ്മങ്ങളുടെ ലക്ഷ്യം. സമൂഹത്തിന് വേണ്ടി നാം ചെയ്യേണ്ടത് ചെയ്യുമ്പോള്‍ സമൂഹം നമ്മേ രക്ഷിക്കുന്നു. ധര്‍മ്മേ രക്ഷതി രക്ഷിതാ അതുകൊണ്ട് ഭാരതീയ സംസ്‌കാരത്തിനും ധാര്‍മ്മികബോധത്തിനും അനുസൃതമായ നിയമങ്ങളാണ് നമ്മുടെ നാട്ടില്‍ നാം നടപ്പാക്കേണ്ടത്.

യേ നാസ്യേ പിതരോയാതോ; യേന യാതപിതാമഹാഃ
തേനയായാത് സതാം മാര്‍ഗം തേന ഗഛന്‍നരിഷ്യതേ

ഏതുമാര്‍ഗത്തിലൂടെയാണോ പിതാക്കളും പിതാമഹന്മാരും പോയത് ശ്രേഷ്ഠമായ ആ മാര്‍ഗത്തിലൂടെ തന്നെ പോയാലും അപ്പോള്‍ നാശം ഉണ്ടാകുന്നില്ല- മനു.

അര്‍ത്ഥം

അര്‍ത്ഥം = ധനം, സമ്പത്ത്.

മോക്ഷം

മോക്ഷം = മോചനം. ഇഹലോഹവാസത്തില്‍ നിന്നും പുനര്‍ജന്മത്തില്‍ നിന്നുമുള്ള മോചനം. ബ്രഹ്മപ്രാപ്തി. പുനഃജന്മമില്ലാത്ത മൃത്യു.

യശസ്സ്

യശസ്സ് = കീര്‍ത്തി, പ്രശസ്തി, മഹിമ, ശോഭ, ഐശ്വര്യം, അഴക്

മരണത്തിനുശേഷവും നിലനില്‍ക്കുന്ന സല്‍പ്പേരാണ് യശസ്സ്. സല്‍കീര്‍ത്തി. ദുഷ്കീര്‍ത്തിയെ സാമാന്യേന യശസ്സ് എന്ന് വിളിക്കാറില്ല.

പുണ്യം

പുണ്യം = പുന് പാവനേ. ശുദ്ധീകരിക്കുന്നതാണ്, പരിശുദ്ധമാക്കുന്നതാണ് പുണ്യം. സുകൃതം, ശുഭകര്‍മം, മുൻജന്മത്തിലെ സത്കർമത്തിന്റെ ഫലം എന്നെല്ലാം പറയാം. പുണ്യം എന്നത് ജലത്തിന്റെയും പര്യായമാണ്.

Counter: മരണത്തിനു ശേഷം ഉള്ള യശസ്സു കൊണ്ടെന്താണു കാര്യം? ഇതൊക്കെ മനുഷ്യരെ കബളിപ്പിക്കാനുള്ള സാഹിത്യം അല്ലേ? പുനർജന്മത്തിന് മോചനം കിട്ടിയ അനുഭവസ്ഥനൊന്നും ആയിരുന്നില്ലല്ലോ പ്രശ്നമാർഗകാരൻ. അപ്പോൾ അദ്ദേഹം എവിടെയോ വായിച്ചതു പകർത്തിയതാണ്. മോക്ഷം കിട്ടാൻ പല വഴികൾ ഞാൻ പറഞ്ഞു തരാം. കണ്ണുമടച്ചു കിണറ്റില് ചാടിയാല് മതി. മോക്ഷം കിട്ടും കിണറിന് നല്ല ആഴവും വെള്ളവും ഉണ്ടെങ്കില്. പരീക്ഷിച്ചു നോക്കി വിവരം അറിയിക്കുക. ബ്രാഹ്മണർക്കാണ് ഈ സമ്പ്രദായത്തില് മുൻഗണന. പട്ടാളക്കാരെ കബളിപ്പിക്കുന്ന ശൈലിയല്ലേ മോക്ഷം. കീർത്തിചക്രയുമൊക്കെ. മരിക്കുന്നവരു മരിച്ചു. കുടുംബം വഴിയാധാരം. പണ്ടു മുതല് ഇതു തന്നെ സ്ഥിതി. മരിച്ചു പോയ ഒരു പട്ടാളക്കാരൻ തിരിച്ചു വന്നാല് അദ്ദേഹത്തെ കല്ലെറിഞ്ഞു കൊല്ലുന്ന സമൂഹമാണ്.

മറുപടി: യശസ്സ് ജീവിച്ചിരിക്കുമ്പോഴായാലും മരണശേഷമായാലും നല്ലതുതന്നെ. യശഃശരീരന്‍ എന്നതിന് യശസ്സാകുന്ന ശരീരമുള്ളവന്‍ എന്നര്‍ത്ഥം. വാന്‍ഗോഗ് തുടങ്ങി പല മഹാത്മാക്കള്‍ക്കും മരണശേഷമാമ് കീര്‍ത്തി ലഭിച്ചത്, ചാള്‍സ് ശോഭരാജിനെപ്പോലുള്ളവര്‍ക്ക് ജീവിച്ചിരിക്കുമ്പോഴും. ഏതാവും തല്ലത്? അതോ ജീവിച്ചിരിക്കുമ്പോഴും മരണശേഷവും ഒരുപോലെ സല്‍ക്കീര്‍ത്തി ഉണ്ടായിരിക്കുന്നതോ? പുണ്യകര്‍മ്മകൃതാ കീര്‍ത്തിഃ പരാക്രമകൃതം യശഃ [കീര്‍ത്തിയെന്നാല്‍ പുണ്യകര്‍മ്മങ്ങള്‍ കൊണ്ടുള്ള പ്രസിദ്ധി. യശസ്സെന്നാല്‍ പരാക്രമം കൊണ്ടു ലഭ്യമായ പ്രസിദ്ധി]

ഭാഷാവിവര്‍ത്തനങ്ങള്‍

ജ്യോതിശ്ശാസ്ത്രം പുണ്യമാ മീരഹസ്യം വിപ്രർപാഠംചെയ്കതന്നേഇതിന്നേ-
ബുദ്ധ്യാനന്നായ്ചെയ്കിലോ മോക്ഷമെത്തും ധർമ്മാർത്ഥങ്ങൾലഭ്യമാകുംയശസ്സും
യാതൊന്നാലേ ശ്രേഷ്ഠധർമ്മാർത്ഥകീർത്തീ, മോക്ഷം താനുംകിട്ടിടും ഗൂഢമാമീ
ജ്യോതിശ്ശാസ്ത്രം പുണ്യമാണെന്നതിന്നാൽ ബുദ്ധ്യാ നന്നായ് ബ്രാഹ്മണർ അഭ്യസിക്ക! [ അഭ്യസിക്കൂ ]

-          വിഷ്ണുനമ്പൂതിരി

രഹസ്യമാകിന ജ്യോതിഷം ബ്രാഹ്മണന്‍ താന്‍ പഠിക്കണം
പുണ്യമാമതു ഏതൊരാളും വേണ്ടപോലെ പഠിച്ചീടില്‍
അര്‍ത്ഥവും ധര്‍മ്മവും മോക്ഷോം അറ്റമില്ലാത്ത കീര്‍ത്തിയും
നേടീടും പാപമെല്ലാമെ ഒഴിഞ്ഞു ശുദ്ധനായ് വരും

-          ചന്ദ്രകുമാര്‍ മുല്ലച്ചേരി

പഠിക്കുവതു ബ്രാഹ്മണര്‍ തന്നെ വേണം
പുണ്യം രഹസ്യം ഈ ജ്യോതിശാസ്ത്രം
ജ്യോതിശാസ്ത്രോക്തബുദ്ധ്യാ ലഭിക്കും ധനവും
ധര്‍മ്മവും മോക്ഷം വേണ്ടുവോളം പ്രശസ്തിയും.

-          ശ്രീനാഥ് ഒജി

 

-           

You are not authorised to post comments.

Comments powered by CComment