പ്രശ്നമാര്‍ഗം ശ്ലോകം - 5, 6, 7

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

തത്ര പ്രഥമം ജ്യോതി: ശാസ്ത്രസ്വരൂപം കിഞ്ചിദുച്യതേ.

പ്രശ്നമാർഗ്ഗം പഠിക്കുന്നതിനു മുൻപായി ജ്യോതിശാസ്ത്രസ്വരൂപം അല്പം അറിഞ്ഞിരിക്കണം. അതിനായി ആചാര്യൻ ശാസ്ത്രസ്വരൂപത്തെ ചുരുക്കിപ്പറയുന്നു.

ശ്ളോകം - 5

സ്കന്ധത്രയാത്മകം ജ്യോതിശാസ്ത്രമേ തൽ ഷഡംഗവൽ
ഗണിതം സംഹിതാ ഹോര ചേതി സ്കന്ധത്രയം മതം

ജ്യോതിശാസ്ത്രത്തെ മൂന്നു സ്കന്ധങ്ങളായും ആറു് അംഗങ്ങളായും വിഭജിച്ചിരിക്കുന്നു. ഗണിതം, സംഹിത, ഹോര എന്നീ മൂന്ന് സ്കന്ധങ്ങൾ. (വിഭാഗങ്ങൾ) ഇവയെ വീണ്ടും ആറ് അംഗങ്ങളായി തിരിക്കുന്നു. (ഓരോ സ്കന്ധത്തിലും പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങൾ വിവിധ അംഗങ്ങളായി എങ്ങിനെ തിരിച്ചിരിക്കുന്നുവെന്ന് ഇതുമുതൽ 5 സ്ളോകങ്ങളേക്കൊണ്ടു് പറയുന്നതായിരിക്കും.) ശ്ളോകം - 6.

ജാതക ഗോള നിമിത്ത പ്രശ്നമുഹൂർത്താഖ്യ ഗണിതനാമാനി
അഭിദധതീഹ ഷഡംഗാന്യാചാര്യാ ജ്യോതിഷേ മഹാശാസ്ത്രേ

ഈ ജ്യോതിശാസ്ത്രത്തിൽ ആറ് അംഗങ്ങളുണ്ടു്. അവയാണ് ജാതകം, ഗോളം, നിമിത്തം, പ്രശ്നം, മുഹൂർത്തം, ഗണിതം എന്നിവകൾ ജ്യോതിശാസ്ത്രാചാര്യന്മാരെല്ലാം ഈ അംഗ വിഭാഗത്തെ ഐകകണ്ഠ്യേന സമ്മതിച്ചിരിക്കുന്നു. ജനിച്ച സമയത്തെ ലഗ്നത്തെ അടിസ്ഥാനമാക്കി ഫലം പറയുന്നതു് ജാതകം, ഭൂഗോളം, ആകാശഗോളം ഗ്രഹ ഗോളം എന്നിവയുടെ സ്വരൂപനിരൂപണം ഗോളം, തൽക്കാല ലക്ഷണം കൊണ്ടു് ഫലം പറയുന്നതും രാജ്യക്ഷേമം മുതലായവ നിരുപിക്കുന്നതും നിമിത്തം, ആരൂഢവശാൽ ഫലം പറയുന്നത് പ്രശ്നം, വിവാഹാദി കർമ്മങ്ങൾക്കു ശുഭാശുഭ കാലനിരൂപണം നടത്തുന്നതു് മുഹൂർത്തം, സൂര്യാദിഗ്രഹങ്ങളെയും ഗ്രഹണം മുതലായവയെയും ഗണിച്ചറിയുന്നതു് ഗണിതം.

ശ്ളോകം - 7

ഗോളോ ഗണിതം ചേതി ദ്വിതയം ഖലു ഗണിത സംജ്ഞിതേ സ്കന്ധേ
ഹോരാ സംഹിതയോരപി നിമിത്തമന്യത്രയം ച ഹോരാഖ്യേ.

ആറ് അംഗങ്ങളിൽ ഗോളം, ഗണിതം, എന്ന രണ്ടു് അംഗങ്ങൾ ഗണിത സ്കന്ധത്തിലും നിമിത്തം ഹോരാ സ്കന്ധത്തിലും സംഹിതാ സ്കന്ധത്തിലും, ബാക്കിയുള്ള ജാതകം, പ്രശ്നം, മുഹൂർത്തം എന്നിവ ഹോരാ സ്കന്ധത്തിലും കിടക്കുന്നു.

സ്കന്ധത്രയാത്മകം ഏതത് ജ്യോതി:ശാസത്രം ഷഡംഗവത്‍ ച. ഗണിതം സംഹിതാ ഹോരാ ച ഇതി സ്കന്ധത്രയം മതം. അഥവാ  സ്കന്ധത്രയാത്മകംജ്യോതിശാസ്ത്രം ഗണിതം, സംഹിതാ, ഹോരാച ഇതി സ്കന്ധത്രയം. അഥവാ ഏതൽ (ജ്യോതിശ്ശാസ്ത്രം) ഷഡംഗവൽ ച ഇതി മതം. ഏതൽജോതിശാസ്ത്രം സ്കന്ധത്ര യാത്മകം ഷഡംഗവൽ ച ഗണിതം സംഹിതാ ഹോരാ ചേതി സ്കന്ധത്രയം മതം. എന്നിങ്ങനെ അന്വയിക്കുമ്പോള്‍ അന്വയിക്കുന്നത് പലവിധത്തിലും ആകാം. ഉദ്ദേശിക്കുന്ന അർത്ഥം നഷ്ടപെടരുത് എന്ന്‌ മാത്രം.

ആദ്യമായി ജ്യോതിഃശാസ്ത്രസ്വരൂപത്തെക്കുറിച്ച് അല്പം ചിലതു പറയാം. മൂന്നു സ്കന്ധങ്ങള്‍ ചേര്‍ന്ന ജ്യോതിശാസ്ത്രത്തിന് ആറ് അംഗങ്ങളുമുണ്ട്. ഗണിതം, സംഹിത, ഹോര എന്നിവയാണ് മൂന്നു സ്കന്ധങ്ങള്‍.

സ്കന്ധം എന്ന വാക്കിന് കവരം (Branch) എന്നര്‍ത്ഥം. ജ്യോതിശാസ്ത്രം എന്ന വന്‍ വൃക്ഷത്തിന്റെ മൂന്നു പ്രധാന കവരങ്ങളാണ് ഗണിതം, സംഹിത, ഹോര (ജാതകം) എന്നിവ. ഈ മൂന്നു പ്രധാന കവരങ്ങള്‍ക്കും കൂടി ആറ് ഉപശാഖകളുമുണ്ടത്രേ. ആ ആറ് ഉപശാഖകളാണ് (ഷഡംഗങ്ങളാണ്) ഗോളം (spherical astronomy), ഗണിതം (mathematics), നിമിത്തം (omens), ജാതകം (horoscopy), മുഹൂര്‍ത്തം (Electional astrology), പ്രശ്നം (horary astrology) എന്നിവ.

ജ്യോതിഷത്തിന്റെ ഷഡംഗങ്ങളില്‍ ഗോളവും ഗണിതവും ഗണിതസ്കന്ധത്തിലും, നിമിത്തം സംഹിതാസ്കന്ധത്തിലും, (ജാതകം, പ്രശ്നം, മുഹൂര്‍ത്തം എന്നിങ്ങനെ) മറ്റു മൂന്നും ഹോരാസ്കന്ധത്തിലും അന്തര്‍ഭവിച്ചുവരും എന്നു പറയപ്പെടുന്നു.

1) ഗണിതസ്കന്ധം -- ഗോളം (spherical astronomy), ഗണിതം (mathematics)

2) സംഹിതാസ്കന്ധം - നിമിത്തം (omens)

3) ഹോരാസ്കന്ധം -- ജാതകം (horoscopy), പ്രശ്നം (horary astrology), മുഹൂര്‍ത്തം (Electional astrology)

അതായത് ജാതകം എന്ന തായ്ത്തടിയിലെ ഗണിതം എന്ന വലിയ ശിഖരത്തിന് ഗോളം ഗണിതം എന്നിങ്ങനെ രണ്ട് ഉപശിഖരങ്ങളും, സംഹിത എന്ന വലിയ ശിഖരത്തിന് നിമിത്തം എന്ന ഉപശിഖരവും, ഹോര എന്ന വലിയ ശിഖരത്തിന് ജാതകം, പ്രശ്നം, മുഹൂര്‍ത്തം എന്നിങ്ങനെ മൂന്ന് ഉപശിഖരങ്ങളും ഉണ്ടെന്നര്‍ത്ഥം.

ഇത്തരത്തില്‍ ജ്യോതിശാസ്ത്രത്തെ പലതായി വിഭജിക്കുന്നതിനെയും മറ്റും ജ്യോതിശാസ്ത്രസ്വരൂപം എന്നാണ് പറയാറ്. പ്രശ്നമാര്‍ഗത്തില്‍ ഇതുവരെ കഴിഞ്ഞത് മംഗളാചരണമാണ്. അടുത്ത വിഷയം ഏതെന്നാണ് ആചാര്യന്‍ പറയുന്നത്. അതാണ് ജ്യോതിശാസ്ത്രസ്വരൂപം. ജ്യോതിഷം വേദാംഗമാണെന്നതും, ജ്യോതിഷത്തിന്റെ അംഗങ്ങള്‍ എന്തെല്ലാമെന്നതും, എന്താണ് അവയില്‍ ഓരോന്നിലേയും പ്രതിപാദ്യവിഷയം എന്നതുമെല്ലാമാണ് ഇവിടെ ചര്‍ച്ചാവിഷയം. ഇക്കാര്യമെല്ലാം പണ്ടുള്ള ഗ്രന്ഥങ്ങളിലും പറഞ്ഞിട്ടുള്ളതു തന്നെ.

വേദാംഗമായ ജ്യോതിഷത്തെ മൂന്നായി വിഭജിച്ചിരിക്കുന്നു - സിദ്ധാന്തം, ജാതകം, സംഹിത എന്നിങ്ങനെ.

ജ്യോതിഃ ശാസ്ത്രമനേക ഭേദവിഷയം സ്‌കന്ധത്രയാധിഷ്ഠിതം
തത് കാര്‍ത്സ്‌ന്യോപ യസ്യ നാമ മുനിഭിഃ സങ്കീര്‍ത്ത്യതേ സംഹിതാ
സ്‌കന്ധേസ്മിന്‍ ഗണിതേന യാ ഗ്രഹഗതിര്‍സ്തത്രാഭിധാനസ്ത്വസൗ
ഹോരാ(അ)ന്യോ(അ)ംഗ വിനിശ്ചയശ്ച കഥിതഃ സ്‌കന്ധസ്ത്രിതീയോ(അ)പരഃ

- വരാഹമിഹിരന്‍ (ബൃഹത്സംഹിത)

ജ്യോതിശാസ്ത്രത്തില്‍ അനേക വിഷയങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ക്കൂടി അവയെ പൊതുവെ 3 സ്‌കന്ധങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഒരു വിഷയത്തെ സമഗ്രമായി പഠിക്കുന്നതിനെ മുനിമാര്‍ സംഹിത എന്നു വിളിക്കുന്നു. മേല്‍പറഞ്ഞ മൂന്നു സ്‌കന്ധങ്ങളില്‍ ഒന്നാമത്തേതായ ഗണിതംകൊണ്ട് ഗ്രഹഗതി കണക്കുകൂട്ടി കണ്ടുപിടിക്കുന്നു എന്നതിനാല്‍ അത് ഗണിതം എന്ന പേരില്‍ അറിയപ്പെടുന്നു. ഹോര അഥവാ ജാതകശാസ്ത്രം രണ്ടാമത്തെ സ്‌കന്ധവും വേദാംഗവിന്യാസങ്ങളില്‍നിന്ന് സമാഹരിച്ച് പറയുന്നത് സംഹിത എന്ന മൂന്നാമത്തെ സ്‌കന്ധവും ആണ്.

ഗ്രന്ഥരചനാസൗകര്യത്തേയും പഠനസൗകര്യത്തേയും ഉദ്ദേശിച്ചായിരു ന്നിരിക്കണം ഇത്തരം വിഭജനങ്ങള്‍. ഉദാഹരണമായി വരാഹമിഹിരാചാര്യന്‍ പഞ്ചസിദ്ധാന്തിക' എന്ന ഒരു ഗണിതഗ്രന്ഥവും, ബൃഹജ്ജാതകം' എന്ന ഒരു ഹോരാഗ്രന്ഥവും, ബൃഹത്സംഹിത' എന്ന ഒരു സംഹിതാഗ്രന്ഥവും എഴുതിയിട്ടുണ്ട് എന്നതോര്‍ക്കുക.

സ്‌കന്ധത്രയാത്മകം ശാസ്ത്രമാദ്യം സിദ്ധാന്തസംജ്ഞിതം
ദ്വിതീയം ജാതകം സ്‌കന്ധം തൃതീയം സംഹിതാഹ്വയം

- ബൃഹസ്പതി (ബ്രാഹസ്പത്യമുഹൂര്‍ത്തവിധാനം)

മൂന്നു സ്‌കന്ധങ്ങള്‍ ചേര്‍ന്നതാണ് ജ്യോതിഷം. ഒന്നാമത്തേത് സിദ്ധാന്തസ്‌കന്ധവും, രണ്ടാമത്തേത് ജാതകവും, മൂന്നാമത്തേത് സംഹിതയും ആണെന്ന് പറയപ്പെടുന്നു.

എന്നിങ്ങനെ ഒട്ടേറെ ശ്ലോകങ്ങള്‍ ലഭ്യമാണ്. അതേ കാര്യം തന്നെയാണ് പ്രശ്നമാര്‍ഗാചാര്യനും പറയുന്നത്, പുതുമയൊന്നുമില്ല.

ഒരു വിശേഷമുള്ളത് ജാതകം എന്ന വാക്കല്ല ഹോര എന്ന വാക്കാണ് സ്കന്ധത്തിന്റെ പേരു പറയാന്‍ ഉപയോഗിച്ചത് എന്നതാണ്.

ജാതകസ്‌കന്ധത്തിന് ഹോരാസ്‌കന്ധം എന്നും പേരുണ്ട്. ജാതകം എന്നതാണ് പ്രാചീനമായ വാക്ക്. ഹോര എന്നത് പില്‍ക്കാലത്ത് പ്രചാരത്തില്‍ വന്ന പേരാണ്. ഗ്രന്ഥങ്ങള്‍ക്ക് ഗര്‍ഗ്ഗജാതകം, പരാശരജാതകം, ബൃഹജ്ജാതകം, ലഘുജാതകം എന്നിങ്ങനെ ജാതകം എന്നു പേരിടുന്ന സമ്പ്രദായമേ ഉണ്ടായിരുന്നുള്ളു. ഹോര എന്നത് ജനങ്ങള്‍ ഉപയോഗിക്കുന്ന വിളിപ്പേരു മാത്രമാണ്, ആ പേരില്‍ ഗ്രന്ഥങ്ങളില്ല. ഉദാഹരണത്തിന് സ്‌കന്ദഹോരയുടെ ശരിയായ പേര് ജ്യോതിഷ്മതി എന്നാണ്. പൂര്‍വ്വുപരാശരി, ഉത്തരപരാശരി എന്നീ രണ്ടുഗ്രന്ഥങ്ങള്‍ ചേര്‍ന്ന ഗ്രന്ഥത്തിന് ജനങ്ങള്‍ വിളിക്കുന്ന പേരാണ് ബൃഹത്പരാശഹോരാശാസ്ത്രം. എന്നു തുടങ്ങി ഹോര എന്നു പ്രസിദ്ധമായ എല്ലാ ഗ്രന്ഥങ്ങളെ സംബന്ധിച്ചിടത്തോളവും ഇത് വാസ്തവമാണ്.

ജ്യോതിഷത്തില്‍ ഹോര എന്നു പേരോടു കൂടിയ ഗ്രന്ഥങ്ങളില്ല. ബൃഹജ്ജാതകം, ലഘുജാതകം, ഗര്‍ഗജാതകം, മണിന്ഥജാതകം, സ്വല്‍പജാതകം, പരാശരജാതകം, ശുകജാതകം തുടങ്ങി ജാതകഗ്രന്ഥങ്ങളേ ഉള്ളു. ഹോര എന്നത് ആചാര്യന്മാരുടെ പേരു കൂട്ടിച്ചേര്‍ത്ത് ജാതകഗ്രന്ഥങ്ങളെ വിളിക്കാന്‍ പില്‍ക്കാലത്ത് ജനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയ വാക്കു മാത്രമാണ്. ഉദാഹരണത്തിന് ജ്യോതിഷ്മതിയെ സ്കന്ദഹോരയെന്നും, ബൃഹജ്ജാതകത്തെ വരാഹഹോരയെന്നും മറ്റും വിളിക്കാന്‍ തുടങ്ങിയത് ഉദാഹരണം.

ജ്യോതിശാസ്ത്രത്തെ മൂന്നായി വിഭജിക്കുന്ന സ്കന്ധവിഭജനം പോലെ തന്നെയാണ് ആറായി വിഭജിക്കുന്ന ഷഡംഗവിഭജനവും.

അനേകവിഷയങ്ങള്‍ നിറഞ്ഞ ജ്യോതിഷമെന്ന മഹാശാസ്ത്രത്തെ വേര്‍തിരിച്ചു പഠിക്കാനുള്ള മറ്റൊരു ശ്രമത്തില്‍ ആചാര്യന്മാര്‍ ജ്യോതിഷത്തെ ആറായി വിഭജിച്ചിട്ടുണ്ട്.

ജാതക ഗോള നിമിത്ത പ്രശ്‌ന മുഹൂര്‍ത്താഖ്യ ഗണിത നാമാനി
അഭിദതീഹ ഷഡംഗാന്യാചാര്യാ ജ്യോതിഷേ മഹാശാസ്‌ത്രേ
ഗോളോ ഗണിതം ചേതി ദ്വിതയം ഖലു ഗണിതസംജ്ഞിതേ സ്‌കന്ധേ
ഹോരാസംഹിതയോരപി നിമിത്തമന്യത്രയം ച ഹോരാഖ്യേ

- പനയ്ക്കാട്ട് നമ്പൂതിരി (പ്രശ്‌നമാര്‍ഗ്ഗം)

ജാതകം, ഗോളം, നിമിത്തം, പ്രശ്‌നം, മുഹൂര്‍ത്തം, ഗണിതം എന്നിവയാണ് ജ്യോതിഷമെന്ന മഹാശാസ്ത്രത്തിന്റെ ഷഡംഗങ്ങള്‍. സാമാന്യേന ഗോളവും (spherical astronomy) ഗണിതവും (mathematics)-ഉം സിദ്ധാന്തസ്‌കന്ധത്തിലും, നിമിത്തം സംഹിതാസ്‌കന്ധത്തിലും, ജാതകവും പ്രശ്‌നവും മുഹൂര്‍ത്തവും ജാതകസ്‌കന്ധത്തിലും അന്തര്‍ഭവിച്ചുവരുന്നതാണ് എന്നു പറയാം.

ഈ വിഭജനവും പഠനസൗകര്യത്തേയും ഗ്രന്ഥരചനാ സൗകര്യ ത്തേയും ഉദ്ദേശിച്ചുള്ളതു തന്നെ. ഈ ആറംഗങ്ങളില്‍ ഓരോന്നിനേയും കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇവയില്‍ പ്രശ്‌നം എന്ന അംഗത്തെക്കുറിച്ചുള്ളതാണ് ഈ പുസ്തകം എന്നു നേരത്തെതന്നെ പറയുകയുണ്ടായല്ലോ. പ്രശ്‌നം എന്ന പദത്തിന് ചോദ്യം' എന്നാണര്‍ത്ഥം. ജിജ്ഞാസുവായ ചോദ്യകര്‍ത്താവിന്റെ (പൃച്ഛകന്‍) ചോദ്യങ്ങള്‍ക്ക് ജ്യോതിഷത്തില്‍ അധിഷ്ഠിതവും സത്യബോധ കവുമായ മറുപടി പറയാനുള്ള ദൈവജ്ഞന്റെ ശ്രമങ്ങളെയാണ് പ്രശ്‌നം' എന്ന ഈ ജ്യോതിഷശാഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ജ്യോതിശാസ്ത്രമെന്ന തായ്ത്തടിയില്‍ നിന്നുറന്ന സംഹിത എന്ന മഹാശാഖയ്ക്ക് നിമിത്തം എന്ന ഒരു ഉപശാഖ മാത്രമേ ഉള്ളുവെങ്കില്‍ അതിനെ ഉപശാഖ എന്നു വിളിക്കുന്നതെങ്ങനെ? നിമിത്തം എന്നത് സംഹിതയുടെ ഉപശാഖയാണെന്ന് കണ്ഠത പറഞ്ഞു. എങ്കില്‍ക്കൂടി ഇതു മാത്രമല്ല സംഹിതയില്‍ അന്തര്‍ഭവിച്ചു വരുന്നത്. കാലാവസ്ഥാ നിരീക്ഷണം, പ്രകൃതിനിരീക്ഷണം, മെറ്റലര്‍ജി (ധാതുപഠനം), ഭൂകമ്പപഠനം (seismology), ധൂമകേതുക്കളെയും ഉല്‍ക്കകളെയും കുറിച്ചുള്ള പഠനം, മൃഗലക്ഷണപഠനം, മൃഗായുര്‍വേദം (മൃഗചികിത്സ), സാമുദ്രികശാസ്ത്രം, ഹസ്തസാമുദ്രികം (palmistry), കാമശാസ്ത്രം (sexology) തുടങ്ങിയവയെല്ലാം സംഹിതാസ്കന്ധത്തിന്റെ ഭാഗം തന്നെ. അല്ലാതെ നിമിത്തം (Omens) മാത്രമാണ് സംഹിതാസ്കന്ധത്തില്‍ അന്തര്‍ഭവിച്ചുവരുന്നത് എന്ന തെറ്റിദ്ധാരണ വേണ്ട.

മാത്രമല്ല. അടുത്ത ശ്ലോകങ്ങളിലേക്കു പോവുന്നതിനുമുമ്പ് ഈ മൂന്നു സ്കന്ധങ്ങളിലേയും പ്രതിപാദ്യവിഷയങ്ങള്‍ ഏവ എന്നും വിശദമാക്കേണ്ടതുണ്ട്.

1) ഗണിതം - ഇതില്‍ എന്തെല്ലാം അന്തര്‍ഭവിച്ചു വരും? (ഗോളം ഗണിതം എന്ന ഉത്തരമല്ല, സുവ്യക്തമായി എന്തെല്ലാം അന്തര്‍ഭവിച്ചുവരും എന്ന ഉത്തരമാണ് വേണ്ടത്) :D

2) സംഹിത - ഇതില്‍ എന്തെല്ലാം അന്തര്‍ഭവിച്ചു വരും?

3) ജാതകം - ഇതില്‍ എന്തെല്ലാം അന്തര്‍ഭവിച്ചുവരും? എന്തുകൊണ്ടാണ് ജാതകം എന്ന വാക്കിനേക്കാള്‍ ഹോര എന്ന വാക്ക് ഈ ശാഖയെ വിവരിക്കാന്‍ ഉത്തമമാവുന്നത്?

ഗണിതസ്കന്ധനിര്‍വചനം നല്‍കുന്ന ശ്ലോകം കണ്ടിട്ടില്ല. ഹോരാസ്കന്ധനിര്‍വചനം താഴെച്ചേര്‍ക്കുന്നു. സംഹിതയുടെ നിര്‍വ്വചനം അടുത്തൊരു ശ്ലോകത്തില്‍ പ്രശ്നമാര്‍ഗകാരന്‍ തന്നെ നല്‍കുന്നുണ്ട്.

ഹോരാ - നിര്‍വചനം

പിതാമഹ-നാരദ-വസിഷ്ഠ-കശ്യപാദി സുനിര്‍മ്മിതം
ജ്യോതിശ്ശാസ്‌ത്രൈകസ്‌കന്ധരൂപം
, ജന്മ-നാനാവിധ-
ഫലാദേശ ഫലകം
, വേദചക്ഷൂരൂപം, ദ്വിജാനാ-
മദ്ധ്യയനീയം ശാസ്ത്രം
, ഹോരാശബ്ദ വാച്യം

- ബലഭദ്രന്‍ (ഹോരാരത്‌നം)

പിതാമഹന്‍(ബ്രഹ്മാവ്), നാരദന്‍, വസിഷ്ഠന്‍, കശ്യപന്‍ തുടങ്ങിയ ഋഷിമാരാല്‍ ശ്രദ്ധയോടെ നിര്‍മ്മിക്കപ്പെട്ടതും, ത്രിസ്‌കന്ധാത്മകമായ ജ്യോതിശ്ശാസ്ത്രത്തിലെ ഒരു സ്‌കന്ധവുമായ ഹോരാശാസ്ത്രം, ജന്മഫല ങ്ങള്‍, മുഹൂര്‍ത്തഫലങ്ങള്‍ എന്നു തുടങ്ങി നാനാവിധമായ ഫലങ്ങള്‍ പറയാന്‍ സഹായിക്കുന്ന വിശാലമായ ഒരു ഉപദേശ സംഹിതയാണ്. (അതിന്റെ ആറംഗങ്ങളില്‍ ഒന്നു മാത്രമാണ് പ്രശ്‌നം). വേദചക്ഷുസ്സ് എന്നു കീര്‍ത്തിക്കപ്പെടുന്ന ഈ ജ്യോതിഷസ്‌കന്ധം ദ്വിജന്മാരാല്‍ മാത്രം (നന്മയുടെ രണ്ടാം ജന്മം സ്വീകരിച്ച വ്യക്തികളാല്‍ മാത്രം) പഠിക്കപ്പെടാന്‍ യോഗ്യവുമാണ്. ഇതത്രേ ഹോരാശബ്ദത്തിന്റെ നിര്‍വ്വചനം.

സ്കന്ധം എന്ന പദത്തിന് തടി, തോള്, ചുമല്, അധ്യായം, സംഘം, സമൂഹം, യുദ്ധം, സേനാവിഭാഗം, ഉടമ്പടി, ശരീരം, റോഡ്, മുണ്ടി (കൊക്ക് എന്ന പക്ഷി) എന്നെല്ലാം അര്‍ത്ഥമുണ്ട്. പക്ഷെ ഇവിടെ പ്രസക്തമായ മറ്റൊരു കാര്യം സ്കന്ധം എന്ന പദത്തിന് ശരീരം എന്ന അര്‍ത്ഥമുണ്ട് എന്നതാണ്. അങ്ങനെയെങ്കില്‍ ജ്യോതിശാസ്ത്രപുരുഷന്റെ ഏതേത് ശരീരഭാഗത്തെയാണ് ഓരോ സ്കന്ധവും സൂചിപ്പിക്കുന്നത്?

സ്കന്ധം എന്നതിന് തായ്ത്തടി എന്ന് അർഥം കൽപ്പിക്കുമ്പോൾ ആ തായ്ത്തടി മൂന്നായി വിഭജിക്കുകയും ചെയ്തിരിക്കുന്നു ആചാര്യഹൃദയം . അത് കാലപുരുഷനെ എപ്രകാരം ആയിരിക്കും ചിന്തിക്കാൻ ഉതകുക എന്നുള്ളതാണ് ചോദ്യം . ഗണിതം സംഹിത ഹോര ..ഇത് കാലഭേദമായാലോ ..? അതായത് ഭൂതം വർത്തമാനം ഭാവി ഇവ ആയാലോ ..? ഊര്‍ദ്ധ്വഭാഗം (തോളിനുമുകളില്‍)-മധ്യഭാഗം (നെഞ്ചും വയറും)-അധോഭാഗം (അരയ്ക്കുതാഴെ) എന്ന വിഭജനമല്ലേ കൂടുതല്‍ നല്ലത്? ഏതു സ്കന്ധമാണ് യഥാക്രമം ഊര്‍ദ്ധ്വ-മധ്യ-അധോ ഭാഗങ്ങളെ സൂചിപ്പിക്കുന്നത് എന്നാണ് ചോദ്യം. ഗണിതം കഴുത്തു വരെ, സംഹിത അരവരെ, ഹോര അരയ്ക്ക് താഴെ. അതേ ജ്യോതിശാസ്ത്രം എന്ന പുരുഷന്റെ ശിരസ്സാണ് ഗണിതസ്കന്ധം.

യഥാ ശിഖാ മയൂരാണാം നാഗാനാം മണയോ യഥാ
തദ്വദ് വേദാംഗശാസ്ത്രാണാം ഗണിതം മൂര്‍ദ്ധനി സ്ഥിതം

(വേദാംഗജ്യോതിഷം)

മയിലിന്റെ ശിഖയെന്നപോലെ, നാഗങ്ങളുടെ ശിരസ്സില്‍ മണി(രത്നം) എന്നപോലെ ജ്യോതിഷ എന്ന ഈ വേദാംഗശാസ്ത്രത്തിന്റെ ശിരസ്സിലെ രത്നമാണ് ഗണിതം.

ഗണിതസ്കന്ധത്തിന് സിദ്ധാന്തസ്കന്ധം എന്നും പേരുണ്ട്. സിദ്ധാന്തം ഗണിതസ്കന്ധഃ സ്കന്ദാവന്യൌ ഫലാത്മകൌ (സിദ്ധാന്തം എന്നപേരില്‍ അറിയപ്പെടുന്നത് ഗണിതസ്കന്ധമാണ്, മറ്റു രണ്ടു സ്കന്ധങ്ങളും - സംഹിതയും ഹോരയും - ഫലജ്യോതിഷം പ്രതിപാദിക്കുന്നവയാണ്.)

സംഹിതാസ്കന്ധമാണ് ജ്യോതിശാസ്ത്രപുരുഷന്റെ ശരീരമധ്യം.

ഹോരാസ്കന്ധത്തിന് ജാതകസ്കന്ധം എന്നും പേരുണ്ട്. ഹോരാസ്കന്ധമാണ് ജ്യോതിശസ്ത്രപുരുഷന്റെ പാദങ്ങള്‍. ജാതകസ്കന്ധമില്ലാതെ (ഹോരാസ്കന്ധമില്ലാതെ) ജ്യോതിശാസ്ത്രപുരുഷന് നില്‍ക്കാന്‍പോലും സാധിക്കുന്നതല്ല. ജാതകസ്കന്ധമാണ് ഫലജ്യോതിഷത്തിന് താത്വികാടിസ്ഥാനവും പ്രാമാണികതയും പ്രദാനം ചെയ്യുന്നത്.

അംഗം എന്ന പദത്തിന് അവയവം, ശരീരം, മനസ്സ്, ഭാഗം എന്നെല്ലാം അര്‍ത്ഥമുണ്ട്. ഇവിടെ പ്രസക്തമായ ചോദ്യം ഷഡംഗങ്ങള്‍ ജ്യോതിശാസ്ത്രപുരുഷന്റെ (ജ്യോതിശാസ്ത്രം എന്ന വിഷയത്തെ പുരുഷസ്വരൂപമായി സങ്കല്‍പിച്ചിരിക്കുന്നു) ഏതേത് അംഗങ്ങളെയാണ് (അവയവങ്ങളെയാണ്) ഓരോ ജ്യോതിശാസ്ത്രാംഗവും സൂചിപ്പിക്കുന്നത് ? എന്നതാണ്.

വേദത്തെ പുരുഷസ്വരൂപമായി കല്പിച്ചു ആ പുരുഷന്റെ ചക്ഷുസ്സുകളാണ് ജ്യോതിഷം എന്ന്‌ പറഞ്ഞിരിക്കുന്നു. വേദചക്ഷുസ്സായ ജ്യോതിഷത്തിന്റെ സ്വരൂപമല്ലേ സ്കന്ധാത്രയാത്മകം എന്നും ഷഡംഗവത്‍ എന്നും പറഞ്ഞത്. ജ്യോതി:ശാസ്ത്രപുരുഷസങ്കല്പം ഉണ്ടോ?

നാം പ്രതീക്ഷിക്കാത്ത പലതിനും അംഗകല്‍പനയുണ്ട്. ഷഡ്വര്‍ഗത്തിന് ജ്യോതിഷപുരുഷന്റെ ശരീരാവയവയമായി സങ്കല്‍പിച്ചിട്ടുണ്ടെന്ന് എത്രപേര്‍ക്കറിയാം?

ഷഡ്വര്‍ഗത്തില്‍ സ്വരൂപത്തെ ധരിക്കേണമിതിങ്ങനെ
ഷഡ്വര്‍ഗത്തിനു വേദാംഗത്വത്തെക്കാട്ടുന്നുതേദിനി
വേദസ്യ ഹോരാ വക്ത്രം സ്യാത് ദ്രേക്കാണം പാദമായത്
നവാംശം പാണിയുഗ്മം ചക്ഷുസ്ത്രിംശാംശകന്തഥാ
നസാപുടം ദ്വാദശാംശം ശ്രവണം ക്ഷേത്രമായത്
ഹോരയെന്നതു ലഗ്നത്തെ ചൊല്ലാമെന്നും ധരിക്കണം
ലഗ്നത്തിന്‍ പാതിയും ഹോരയെന്നുചൊല്ലും ധരിക്കത്
ലഗ്നത്തിനുണ്ടു ദേഹത്വമതുകൊണ്ടിതു സൂചിതം

(മാധവീയം പ്രശ്നസാരം)

ജാതകം (പാദം)-ഗോളം(വായ്-വക്ത്രം)-നിമിത്തം (കൈകള്‍-പാണീ)-പ്രശ്നം(കണ്ണുകള്‍ - ചക്ഷുസ്സ്)-മുഹൂര്‍ത്തം (മൂക്ക് - ഘ്രാണം)-ഗണിതം (കാതുകള്‍ - ശ്രോത്രം) ---- എന്നിങ്ങനെയാണ് യഥാക്രമം വേദാംഗങ്ങളെയും ജ്യോതിഷത്തിന്റെ ഷഡംഗങ്ങളെയും താരതമ്യപ്പെടുത്തിയാല്‍ ലഭിക്കുക. പക്ഷെ ഇങ്ങനെ സുവ്യക്തമായി പറയുന്ന പ്രമാണം ഞാന്‍ കണ്ടിട്ടില്ല.

അഥ ദശാ ധ്യായി

അന്യഥാ കേചിൽ രാശി: സ്ഥൂല ശരീരം, ദ്രേക്കാണ: ശരീരസ്യ ഊർധ്വ മധ്യ അധോഭാഗ ഭേദേന ത്രിഥാ ഭിന്നാ നവാംശക: ക്ഷേത്രജ്ഞ: ദ്വാദശാം ശാഃ വായു മനോ ബുദ്ധയ: 1 ത്രിം ശാംശ കാശ്ച ക്ഷുരാ ദിന്ദ്രിയ പഞ്ചകം ഇതിഭിർ നേത്രതെഷഡ് ഭിര പി ഫല ഭേദോ ഭവതി - എന്നത് ഇവിടെ യോജിപ്പക്കണ്ടതില്ലല്ലോ.

നമുക്ക് തിരിയാനല്ലേ (മനസ്സിലാകാന്‍) അതിനെ അങ്ങനെ തിരിക്കുന്നതാണ് എന്ന.....ബാലാവസ്ഥയിലുള്ള ശിഷ്യന്മാര്‍ക്ക് തിരിച്ചറിവിനത്രേ....നമുക്ക് അറിയാം ഈശ്വരന്‍ അരൂപിയാണെന്ന്...എന്നാലും സരൂപാരാധനയല്ലേ നാം ചെയ്യുന്നത്.അങ്ങനെ ധരിച്ചാല്‍ മതി...

ഏത് വിഷയവും പൂര്‍ണ്ണമാകുന്നത് അവയവങ്ങളെല്ലാം ചേരുമ്പോഴാണ്..അതായത് ഷഡംഗങ്ങളും ചേര്‍ന്നാല്‍ മാത്രമാണ് പ്രത്യക്ഷമായി അത് പൂര്‍ണ്ണമാകൂ....ജാതകം മാത്രം നോക്കി ഫലം ശരിയായില്ല എന്നത് കൊണ്ട് മാത്രം ശാസ്ത്രത്തിന് പിഴവ് പറയാന്‍ പറ്റില്ല.....പ്രശ്നത്തിലും ഇത് തന്നെ....ആയതിനാല്‍ ഒരു കാര്യം വ്യക്തം ജാതകം,ഗോളം,നിമിത്തം,പ്രശ്നം,മുഹൂര്‍ത്തം,ഗണിതം...ഇതെല്ലാം പരിഗണിച്ചു മാത്രമാണ് ഫലനിരൂപണം ചെയ്യേണ്ടത്...ഇത് വ്യക്തമാക്കാന്‍ കൂടിയത്രേ അംഗവിവരണം....

ഗോളം ച്ചാല്‍ ഭൂഗോളം,ആകാശഗോളം,ഗ്രഹഗോളം മുതലായതിന്‍റെ സ്വരൂപനിരൂപണമാണ്... സ്വരുപം മാത്രമാണോ ഗോളം എന്ന ശബ്ദം കൊണ്ട് വിവക്ഷിക്കുന്നത് ..? പുന്നശ്ശേരി നമ്പി അത്രമാത്രം പറഞ്ഞു നിര്‍ത്തിയിരിക്കുന്നു.... എന്നാൽ മുത്തുസ്വാമി സർ പറഞ്ഞിരിക്കുന്നു ഗോളം എന്നാൽ ഗോളങ്ങളുടെ സ്വരൂപം ഗതി ഗുണങ്ങൾ എന്നിവ ആണെന്ന്. ഗോളഗണിതവും (Spherical astronomical mathematics) നിരീക്ഷണവും (വാനനിരീക്ഷണം, sky watching) ഇതില്‍ പെടാം... ഗണിതസ്കന്ധത്തില്‍ ഗോളവും (Spherical Astronomy) ഗണിതവും (Mathematics) അന്തര്‍ഭവിച്ചു വരും. ഗോളം എന്നത് ഗ്രഹസ്വരൂപമെന്നിരിക്കെ അതിന്‍റെ വിശദമായ സ്വരൂപം എന്നതാണ് മനസ്സിലാക്കേണ്ടത്... എന്നാല്‍ ഓരോ ഗ്രഹത്തിന്‍റെയും ക്രാന്തി,ഗതി,പരസ്പരഅകലം ഇങ്ങനെ വിശദമായ ഒരു നിര തന്നെ സ്വരൂപത്തില്‍ പെടുമല്ലോ

ഗോളം എന്നതുകൊണ്ട് Spherical Geometry, Astronomy, Cosmology എല്ലാം ഗ്രഹിക്കേണ്ടതാണ്. ഗോളാകൃതിയുള്ള എന്തു പദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള പഠനവും, വാനനിരീക്ഷണവും, പ്രപഞ്ചോല്‍പത്തിപഠനവും എല്ലാമെല്ലാം ഇതില്‍ അന്തര്‍ഭവിച്ചുവരും. എല്ലാ ആകാശഗോളങ്ങളുടെയും ആകൃതി (ഭൂമിയുള്‍പ്പെടെയുള്ള ഗ്രഹങ്ങളുടെയും, സൂര്യന്റെയും നക്ഷത്രങ്ങളുടെയും, ഉപഗ്രഹങ്ങളുടെയും ആകൃതി) ഗോളമാണെന്ന് (Spherical) പ്രാചീനര്‍ക്ക് സുവ്യക്തമായി അറിയാമായിരുന്നു. ഭൂമി ഉരുണ്ടതാണോ പരന്നതാണോ എന്ന ചോദ്യത്തിനുപോലും പ്രസക്തിയുണ്ടായിരുന്നില്ല. കാരണം ആകാശത്തിലെ വസ്തുക്കളെ പഠിക്കുന്ന വിജ്ഞാനശാഖയ്ക്ക് ഗോളം എന്നു പേരുകൊടുക്കുക വഴി ആകാശത്തിലെ എല്ലാ വസ്തുക്കളും ഗോളരൂപത്തിലുള്ളതാണ് എന്ന് സുവ്യക്തമായി പ്രഖ്യാപിക്കുകയാണ് അവര്‍! ആ വിജ്ഞാനവും തിരിച്ചറിവും അഭിനന്ദനീയം തന്നെ.

ഗണിതം എന്നതില്‍ ശുദ്ധഗണിതയവും, കാലഗണിതവും, ജ്യോതിഷഗണിതവും അന്തര്‍ഭവിച്ചുവരും. ശുദ്ധഗണിതം എന്നതുകൊണ്ട് Arthritics (കൂട്ടല്‍, കുറയ്ക്കല്‍, ഗുണിക്കല്‍, ഹരിക്കല്‍, വര്‍ഗ്ഗം വര്‍ഗ്ഗമൂലം ക്യൂബ് ക്യൂബ്റൂട്ട് തുടങ്ങിയവ കാണല്‍ എന്നിത്യാദി), Polynomials (ബീജഗണിതവാചകങ്ങള്‍), Trigonometry (ത്രികോണമിതി), Calculus (കാല്‍ക്കുലസ്) തുടങ്ങിയവയെല്ലാം മനസ്സിലാക്കണം. കാലഗണിതം എന്നതുകൊണ്ട് കലണ്ടര്‍ ഗണിതവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ എല്ലാ കാലഗണിതവും പരിഗണിക്കാം. തിഥി, നക്ഷത്രം, വാരം, മാസം, വര്‍ഷം, നാഴിക, വിനാഴിക, യാമം, കാലഹോര എന്നു തുടങ്ങി എല്ലാ കാലവിഭജനങ്ങളും അതുമായി ബന്ധപ്പെട്ട ഗണിതവും ഇതുമായി ബന്ധപ്പെട്ടതുതന്നെ. ജ്യോതിഷഗണിതം എന്നതില്‍ ദശാഗണിതം, ഗ്രഹബലനിര്‍ണയം, അഷ്ടവര്‍ഗഗണിതം തുടങ്ങി ജ്യോതിഷോപയോഗിയായ എല്ലാവിധ ഗണിതങ്ങളും അന്തര്‍ഭവിച്ചുവരും. ഇവയെല്ലാം ഗണിതത്തില്‍ അന്തര്‍ഭവിച്ചവതന്നെ.

ഗോളം അവിടെ കിടക്കട്ടെ... ജാതക ഗോള നിമിത്ത..... ....മഹാ ശാസ്ത്രേ എന്നല്ലേ..... എന്തായിരിക്കും ആചാര്യൻ ആദ്യം ജാതകത്തെ കുറിച്ച് പറയാൻ കാരണം.....? അംഗങ്ങളില്‍ ശിരസ്സ് തന്നെ പ്രധാനം എന്ന് കല്പിക്കയാകാം.....കം ജായതേ ഇതി ജാതകം എന്നതിന് പ്രാധാന്യം ആരോപിക്കുന്നതാകാ....പഞ്ചേന്ദ്രിയങ്ങളെല്ലാം ഉള്‍പ്പെടുന്ന ഭാഗമല്ലോ ശിരസ്സ്....പൊക്കിള്‍ക്കൊടി മുറിക്കുന്ന സമയം പ്രഥമശ്വാസം എന്ന കല്‍പന ഇപ്പോള്‍ പരിഗണിക്കുന്നു....യഥാ ജാതകതഃ പ്രശ്നഃ എന്നതും കൊണ്ടും ജാതകം പോലെ തന്നെ പ്രശ്നം എന്നതിലും പ്രധാനം ജാതകത്തിന് തന്നെ. ജാതരുണ്ടെങ്കിലെ ജാതകപ്രസക്തിയുള്ളു ,,,ജാത കം,,ജാതകം എന്ന്‌.

ജ്യോതിഷത്തിന് വിപുലമായ കൈവഴികളുണ്ട്. ഒരു മനുഷ്യന്റെ ജീവന് ,കര - ചരണാധികൾക്ക് എത്രമാത്രം പ്രാധാന്യമുണ്ടോ , അത് പോലെ പ്രധാന അംഗങ്ങളായാണ് ജ്യോതിഷത്തിൽ ജാതകം , ഗോളം ,നിമിത്തം , പ്രശ്നം , മുഹൂർത്തം , ഗണിതം ഇവയെല്ലാം. ഇതിലൊക്കെ ഒരു ജ്യോതിഷി തന്റെതായ രീതിയിൽ പ്രാഗത്ഭൃം തെളിയിക്കേണ്ടിയിരിക്കുന്നു. ലഗ്നത്തെ അടിസ്ഥാനമാക്കി ഒരു ശിശുവിന്റെ പിറവി മുതൽ , രാജ്യസുരക്ഷവരെ നീളുന്ന അതിബൃഹത്തായ _ പ്രശ്ന നിരൂപണങ്ങൾക്കായി ഒരു ഉത്തമ ജ്യോതിഷിയിൽ പ്രതീക്ഷയർപ്പിക്കുന്ന സമൂഹത്തെ എപ്പോഴും മനസ്സിൽ കാണുക .അപ്പോഴാണ് ജ്യോതിഷവും ജ്യോതിഷിയും വിജയിക്കുന്നത്. ഈ ഗ്രന്ഥത്തിൽ ഇവിടെ ആദ്യമായി കൊടുക്കയാലും, മഹാശാസ്ത്രം എന്നു പ്രയോഗിക്കയിലും, ഈ 6 അംഗങ്ങളുടെയും ജ്യോതിഷമെന്ന ഈശാസ്ത്രത്തിന്റെയും പ്രാധാന്യം കാണിച്ചിരിക്കുന്നു.

ജ്യോതിശാസ്ത്രം വളരെ ബൃഹത്താണ് 'അത് എത്ര എഴുതിയാലും തീരുന്നതല്ല.നാരദരുടെ മതപ്രകാരം ബ്രഹ്മാവു്, വസിഷ്ഠൻ, അ ത്രി, മനു പുലസ്ത്യൻ, ലോമശൻ, മരീചി, അംഗിരസ്സ്, വേദവ്യാസൻ, നാരദൻ ,ശൗന കൽ ,ഭൃഗു, ച്യവനൽ, യവനൻ, ഗർഗ്ഗൻ, കശ്യപൻ, പരാശരൻ ഇങ്ങനെ പതിനേഴ് പേർ ജ്യോതിശാസ്ത്രത്തിന്റെ പൂർവ പ്രവർത്തകരാണ്. ചിലർ ഇക്കൂട്ടത്തിൽ സൂര്യനേക്കുടി കൂട്ടി 18 ആക്കി. പുലസ്ത്യ നെ മാററി പൗലിശനെ ചേർക്കകയും അതല്ല 19 ഉണ്ടെന്നു ചിലരും. ഇനി സ്ക ന്ദൻ, കൗശികൻ എന്നിവരെ കൂടി ചേർ്ത്തു് 21 എന്നും.എന്നാൽ ആചാര്യന്മാർ 18 എന്ന് പരാശരവചനം. ഇങ്ങനെ സ്കന്ദത്രയാത്മകമായ ജ്യോതിശാസ്ത്രത്തിൽ ധാരാളം പ്രാചീന ഗ്രന്ഥങ്ങൾ ആചാര്യ മാർ രചിച്ചിട്ടുണ്ടു്. "പഞ്ചസ് കന്ധമിദം ശാസ്ത്രം ഹോരാ ഗണിത സംഹിതാ: കേരളീശകുനം ചേതി പ്രവദന്തി മനീഷിണ " എന്ന് പ്രഭാകരസൂരി വചനമുണ്ടു്. എന്നാൽ പ്രസിദ്ധ ങ്ങളായതു് മൂന്നു സ്കന്ധങ്ങളാണ്.ഇതിൽ ശകുനസ്കന്ധ ഭാഗങ്ങൾ പലതും സംഹിതയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഈ ആചാര്യന്മാർ മിക്കവാറും പേർ ഗ ണിതസിദ്ധാന്തങ്ങൾ ഉണ്ടാക്കിയവരാണ്. പിന്നീടു് ആര്യഭടനും ദുർഗ്ഗ സിംഹൻ വരാഹമിഹിരൻ ,ബ്രഹ്മഗുപ്തൻ എന്നിവരും ഗ്രന്ഥങ്ങളെ നിർമ്മിച്ചു. ബ്രഹ്മഗുപ്തൻ ബ്രഹ്മസിദ്ധാന്തവും ഭാസ്കരാചാര്യർ സിദ്ധാന്തശിരോമണി, കരണകൂതൂഹലം തുടങ്ങി ഒട്ടനവധി ഗ്രന്ഥങ്ങളുണ്ടു് ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ് ബൃഹത് സംഹിത .

ഒരു കാര്യം കൂടിയെങ്കിലും പറയുന്നത് ഉചിതമായിരിക്കും എന്നു തോന്നുന്നു.

ജാതകം എന്ന വാക്കിന് ജാതകം (Horoscope) എന്നു മാത്രമാണ് അര്‍ത്ഥം. പക്ഷെ ഹോര എന്ന വാക്ക് കുറച്ചുകൂടി വിപുലമാണ്. അതിന് രാശി, കാലമാനം, മണിക്കൂര്‍, ശരീരം എന്നെല്ലാം അര്‍ത്ഥമുണ്ട്. അതിനാല്‍ ജാതകം പ്രശ്നം മുഹൂര്‍ത്തം എന്നിവയെല്ലാം അതില്‍ അന്തര്‍ഭവിച്ചുവരും എന്നത് യുക്തം തന്നെ. അല്ലെങ്കില്‍ തന്നെ ജാതകം-പ്രശ്നം-മുഹൂര്‍ത്തം എന്നിവ മൂന്നും ചേര്‍ന്നുവരുന്ന ബൃഹത് ശാഖയെ പറയാനും ജാതകം എന്ന വാക്കുതന്നെ ഉപയോഗിക്കുന്നതില്‍ ഒരു സുഖമില്ലായ്മ ഉണ്ടല്ലോ. അതുകൊണ്ടും ഇവ മൂന്നും ചേര്‍ന്നതിനെ ഹോര എന്നു വിളിക്കുന്നത് തന്നെയാണ് യുക്തം. ജനനസമയത്തെ സമയഭേദവും ഗ്രഹനിലയുമാണ് ജാതകത്തിന്റെ ചര്‍ച്ചാവിഷയം, ഒരു ചോദ്യം ചോദിക്കപ്പെടുന്ന സമയത്തെ സമയഭേദവും ഗ്രഹനിലയുമാണ് പ്രശ്നത്തിന്റെ ചര്‍ച്ചാവിഷയം, ഒരു കര്‍മം (പ്രവൃത്തി) നടക്കുന്ന സമയത്തെ അഥവാ ഒരു കര്‍മം നടത്താനായി തെരഞ്ഞെടുന്ന സമയത്തെ സമയഭേദവും ഗ്രഹനിലയുമാണ് മുഹൂര്‍ത്തത്തിന്റെ ചര്‍ച്ചാവിഷയം. സമയഭേദവും ഗ്രഹനിലയുമാണ് ചര്‍ച്ചാവിഷയം എന്ന അര്‍ത്ഥത്തില്‍ ഇവ മൂന്നും സമാനമാണ്. ഇവ മൂന്നിലും തല്‍ക്കാല നിമിത്തങ്ങള്‍ കൂടി പരിഗണിക്കുന്നതും പൊതുസമ്മിതിയുള്ളതാണ്.

ഇനി ആവര്‍ത്തിക്കാന്‍ സാധ്യതയില്ലാത്ത കാര്യമാകയാല്‍ ഗോളം, ഗണിതം, നിമിത്തം, ജാതകം, പ്രശ്നം, മുഹൂര്‍ത്തം എന്നിവയുടെ നിര്‍വ്വചനവും, അവയില്‍ എന്തെല്ലാം അന്തര്‍ഭവിച്ചുവരും എന്നും പറയുക.

അതുപോലെ ഗോളവിത്, ഗണിതവിത്, നൈമിത്തികന്‍, ജോത്സ്യന്‍, പ്രാശ്നികന്‍, മൌഹൂര്‍ത്തികന്‍ എന്നിവയുടെ നിര്‍വചനം നല്‍കുക. ഇത്രയും കഴിഞ്ഞാല്‍ ഈ വിഷയം വിടാം.

ഗോളവിത്, ഗണിതജ്ഞന്‍ - ഈ വാക്കുകളുടെ നിര്‍വചനം അന്വേഷിക്കേണ്ടത് പഞ്ചസിദ്ധാന്തിക, ലീലാവതി തുടങ്ങിയ ഗ്രന്ഥങ്ങളിലാണ്. (ഇവയുടെ നിര്‍വചനം എനിക്കറിയില്ല)

ജോത്സ്യന്‍ (ജാതകം നോക്കുന്ന ആള്‍ എന്ന അര്‍ത്ഥത്തില്‍) - ദൈവജ്ഞന്‍ എന്നതിന്റെ നിര്‍വ്വചനം നേരത്തേ നല്‍കിയിട്ടുണ്ട്.

ത്രിസ്‌കന്ധജ്ഞോ ദര്‍ശനീയഃ പ്രശാന്തഃ
ശ്രൗതസ്മാര്‍ത്തോപാസനേ നിഷ്ഠചിത്തഃ
നിര്‍ദംഭോ യഃ സത്യവാദീ പ്രസന്നോ
ദൈവജ്ഞോ വൈ സ സ്മൃതോ നേതരശ്ച

(ശംഭുഹോരാപ്രകാശം)

ജ്യോതിഷത്തിന്റെ ഗണിതം-ഹോര-സംഹിത എന്നീ മൂന്നു വിഭാഗങ്ങളെക്കുറിച്ചും അറിവുള്ളവനും, വൈദികകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവനും, അഹങ്കാരമില്ലാത്തവനും, സത്യത്തിന്റെ പക്ഷത്തില്‍ നില്‍ക്കുന്നവനും, പ്രസന്നനും, ആയ വ്യക്തി ആരാണോ, അത്തരം വ്യക്തിയേയാണ് ദൈവജ്ഞന്‍ എന്നു വിളിക്കേണ്ടത്. മറ്റുള്ളവര്‍ (വയറ്റുപിഴപ്പിനായിമാത്രം ജ്യോതിഷം കൊണ്ടുനടക്കുന്ന ആത്മാര്‍ത്ഥതയില്ലാത്ത വ്യക്തികള്‍) ദൈവജ്ഞര്‍ എന്ന പദത്തിന് അര്‍ഹതയില്ലാത്തവരാണ്.

അതുപോലെ തന്നെ-

അനേകഹോരാതന്ത്രജ്ഞഃ പഞ്ചസിദ്ധാന്തകോവിദഃ
ഊഹാപോഹപടുഃ സിദ്ധമന്ത്രോ ജാതാതി ജാതകം

- വരാഹമിഹിരന്‍

എന്നും പറയപ്പെട്ടിട്ടുണ്ടല്ലോ. ഇതും ജാതകം നോക്കാന്‍ അര്‍ഹതയുള്ള ജ്യോതിഷിയുടെ ലക്ഷണമാണ്.

പ്രശ്നം നോക്കുന്നുയാള്‍ പ്രാശ്നികന്‍, മുഹൂര്‍ത്തം നോക്കുന്നയാള്‍ മൌഹൂര്‍ത്തികന്‍, നിമിത്തം നോക്കുന്നയാള്‍ നൈമിത്തികന്‍, ഗണിതം അറിയുന്നയാള്‍ ഗണിതവിത്, ആകാശഗോളങ്ങളുടെ (ഗ്രഹങ്ങളുടെ) ചലനം നിരീക്ഷിക്കുന്നയാള്‍ ഗോളവിത് എന്നിങ്ങനെ വിവിധനാമങ്ങള്‍ നിലവിലുണ്ടെങ്കില്‍ക്കൂടി ജാതകം നോക്കുന്നയാളെ എന്തുവിളിക്കണമെന്ന് നിശ്ചയം പോര. ദൈവജ്ഞന്‍, ജ്യോതിഷി, ജോത്സ്യന്‍ എന്നിവയെല്ലാം കുറച്ചുകൂടി വ്യാപ്തിയുള്ള പദങ്ങളാണ്, ജാതകം നോക്കുന്നയാള്‍ എന്ന സംക്ഷിപ്താര്‍ത്ഥം കിട്ടുന്നവയല്ല. ഇതുപോലെ ഇവിടെ പറയപ്പെട്ടിട്ടില്ലെങ്കില്‍ക്കൂടി ഗോചരവും വര്‍ഷഫലവും നോക്കുക എന്നത് ഒരു പ്രത്യേക ശാഖ തന്നെയാണ്. വര്‍ഷഫലം ചിന്തിക്കാനറിയുന്നയാളാണ് സാംവത്സരികന്‍ (സംവത്സരഫലം പറയുന്നവന്‍)

പ്രാശ്നികന്‍ - ഇതിനു പറഞ്ഞിട്ടുള്ള ഒരു നിര്‍വചനം താഴെച്ചേര്‍ക്കുന്നു.

ദ്വിവിധ ഗണിത വിദ്യാ തത്വ നൈപുണ്യ യുക്തോ
ബഹുവിധ വിഷയാണാം ചാതുരീണാം ധുരീണഃ
ഗുരുചരണ സരോജ ധ്യാന യോഗാനുരക്തോ
ഭവതി യദി തദാ(അ)സൗ പ്രശ്‌നവിദ്യാ പ്രവീണഃ

(പ്രശ്‌നഭൂഷണം)

അങ്കഗണിതത്തിലും ബീജഗണിതത്തിലും സമര്‍ത്ഥനും പല വിഷയങ്ങ ളിലും സാമര്‍ത്ഥ്യവും സകല വിഷയങ്ങളെക്കുറിച്ചും സാമാന്യജ്ഞാനവും ഉള്ളവനും ഗുരുചരണ ധ്യാനത്തില്‍ മനഃസന്തോഷം കണ്ടെത്തുന്ന നിര്‍മ്മല ഹൃദയനുമായ ഒരു വ്യക്തിയാണ് പ്രശ്‌നവിദ്യയില്‍ സാമര്‍ത്ഥ്യം നേടാന്‍ യോഗ്യന്‍.

നൈമിത്തികന്‍ - നിമിത്തം പ്രതിപാദിക്കുന്ന ബൃഹത്സംഹിത, വസന്തരാജശകുനം തുടങ്ങിയ ഗ്രന്ഥങ്ങളിലാണ് ഈ വാക്കിന്റെ നിര്‍ചനം അന്വേഷിക്കേണ്ടത്. (ഇതേക്കുറിച്ചുള്ള ശ്ലോകം എനിക്കറിയില്ല)

മൌഹൂര്‍ത്തികന്‍ - മാധവീയാദി മുഹൂര്‍ത്തഗ്രന്ഥങ്ങളിലാണ് ഈ വാക്കിന്റെ നിര്‍വചനം അന്വേഷിക്കേണ്ടത്.

ദേവാര്‍ച്ചനാദിനിരതോ ജപസിദ്ധമന്ത്രഃ
സപ്താംഗയുക്ത ഗുണദോഷ ബലാബലാജ്ഞഃ
മൗഹൂര്‍ത്തികോ വദതി യത്തു ഫലം മുഹൂര്‍ത്തേ
സത്യം തദുക്തമൃഷിണേവ ഭവേന്ന മിഥ്യാ

(മാധവീയം)

ദേവാര്‍ച്ചനാദി സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നവനും നിരന്തരജപംകൊണ്ട് മന്ത്രസിദ്ധി ലഭിച്ചവനും നക്ഷത്രാദി സപ്താംഗങ്ങളുടെ ബലാബല നിരൂപ ണത്തില്‍ വൈദഗ്ദ്ധ്യമുള്ളവനും ആയ വ്യക്തിയാണ് മൗഹൂര്‍ത്തികന്‍. ഇപ്രകാരമുള്ള സിദ്ധമന്ത്രനും വിജ്ഞനുമായ മൗഹൂര്‍ത്തികന്‍ മുഹൂര്‍ത്ത വുമായി ബന്ധപ്പെട്ട് യാതൊരു ഫലത്തെ പറയുന്നുവോ അത് ഋഷിയുടെ വാക്കുപോലെ സത്യമായിത്തീരുന്നു. ഒരിക്കലും ഋഷിതുല്യനായ അത്തരം മൗഹൂര്‍ത്തികന്റെ വാക്ക് മിഥ്യയായിത്തീരുന്നതല്ല.

അതുപോലെ മൂഹൂര്‍ത്തഗുണദോഷങ്ങളറിയാതെ മുഹൂര്‍ത്തം കുറിക്കുന്ന മൗഹൂര്‍ത്തികന് നരകമാണ് ഫലാനുഭവം.

നിമിത്തശാസ്ത്രം (ശകുനശാസ്ത്രം) കൊണ്ടുള്ള പ്രയോജനം

പൂര്‍വജന്മകൃതകര്‍മണഃ ഫലം പാകമേതി നിയമേന ദേഹിനഃ
തത്പ്രകാശയതി ദൈവനോദിതഃ പ്രസ്ഥിതസ്യ ശകുനഃ സ്ഥിതസ്യ ച.
തേന ദുഃഖദമതിപ്രയോജനം സത്വരം പരിഹരേദുപാഗതം
ബുദ്ധിമാന്‍ ശകുനകോവിദോ ജനഃ സന്നിപത്യ സുഖദം സമാശ്രയേത്.
നന്വവശ്യമുപഭുജ്യതേ നൃഭിഃ പ്രാക്തനസ്യ നിജകര്‍മണഃ ഫലം
കിം തതഃ ശകുനസംവിദാ ജനോ യന്ന ദൈവമതിവര്‍തിതും ക്ഷമഃ
നൈതദേവമിഹ യേന ദേഹിനാം പൂര്‍വകര്‍മവിഹിതം കുതോപി വാ
ദേശകാലവശതോ വിപച്യതേ ഭുജ്യതേ വ്യവഹിതം കഥം നു തത്.

(വസന്തരാജശകുനം)

നിമിത്തശാസ്ത്രത്തെക്കുറിച്ച് കുറച്ചുകൂടി -

ശുഭാശുഭം ജ്ഞാനവിനിര്‍ണയായ ഹേതുര്‍ നൃണാം യഃ ശകുനഃ സ ഉക്തഃ
ഗതിസ്വരാലോകനഭാവചേഷ്ടാഃ സങ്കീര്‍തയാമോ ദ്വിപദാദികാനാം.
സാപായമേതന്നിരപായമേതത്പ്രയോജനം ഭാവി മമേതി ബുദ്ധ്യാ
അസംശയം ശാകുനശാസ്ത്രവിജ്ഞോ ജഹാതി ചോപക്രമതേ മനുഷ്യഃ.
ലോകോമുനാ ശാകുനസംജ്ഞകേന ജ്ഞാനേന വിജ്ഞാതസമസ്തകാര്യഃ
നാപായകൂപേ പതതി പ്രസര്‍പന്‍ ശാസ്ത്രം ഹി ദിവ്യാ ദൃഗതീന്ദ്രിയേഷു.
ചൂഡാമണിജ്യോതിഷശാസ്ത്രഹോരാസ്വരോദയാദ്യൈര്‍വിവിധൈര്‍ജനസ്യ
ജഡീകൃതസൌഷധമേതദിഷ്ടം സ്ഫുരച്ചമത്കാരരസാതിരേകം.
ഗതിസ്വരാലോകനഭാവചേഷ്ടാനിരൂപണാത്പ്രാണഭൃതാം ക്ഷണേന
പ്രയോജനേ ഭാവിനി തത്ത്വബോധോ നൈമിത്തികസ്യാര്‍ഹതി യോഗിനോ വാ
അവേക്ഷിതേ(അ)സ്മിന്ന ഖലൂപദേഷ്ടാ ന ചാത്ര കാര്യം ഗണിതേന കിഞ്ചിത്
ഉത്പദ്യതേ(അ)മുഷ്യ ഹി പാഠമാത്രാത് ജ്ഞാനം മനോഹാരി ഫലാനുസാരി.
നക്ഷത്രവാരേസ്തിഥിഭിഃ സുലഗ്നൈഃ കാര്യം ന കിഞ്ചിത് ശകുനേ വിരുദ്ധേ
ദോഷേ(അ)പി തേഷാം ശകുനേ(അ)നുകൂലേ സദൈവ സിദ്ധ്യന്തി സമീഹിതാനി.

(വസന്തരാജശകുനം)

ഒരു കാര്യം കൂടി ഏവരും പറയേണ്ടതാണ്. ജ്യോതിഷത്തിന്റെ ഓരോ അംഗത്തിലും ഉള്‍പ്പെട്ടുവരുന്ന പ്രമുഖ ഗ്രന്ഥങ്ങള്‍ ഏതെല്ലാമെന്ന്. ഈ വിഷയവും ചര്‍ച്ച ചെയ്യാന്‍ ഇതുതന്നെയാണ് അവസരം.

1) ഗോളം - സൂര്യസിദ്ധാന്തം, പഞ്ചസിദ്ധാന്തിക (സൂര്യ-പിതാമഹ-വസിഷ്ഠ-രോമക-പൌലിശ), സിദ്ധാന്തപഞ്ചകം (സൂര്യ-ബ്രഹ്മ-വൃദ്ധവാസിഷ്ഠ-സോമ-രോമക), ആര്യഭടീയം, പഞ്ചബോധം, ശുദ്ധദൃഗ്ഗണിതം, ഗണിതനിര്‍ണയം എന്നിത്യാദി ഗ്രന്ഥങ്ങളെല്ലാം ഓര്‍മ്മിക്കാം.

2) ഗണിതം - ലീലാവതി, വേദാംഗജ്യോതിഷം (കലണ്ടര്‍ ഗണിതം), Table of ascendants, Table of houses തുടങ്ങിയവ

3) ജാതകം - ബൃഹജ്ജാതകം, സാരാവലി, പരാശരഹോര, ജാതകപാരിജാതം, ഫലദീപിക തുടങ്ങിയവ.

4) പ്രശ്നം - പ്രശ്നമാര്‍ഗം, പ്രശ്നാനുഷ്ഠാനപദ്ധതി തുടങ്ങിയവ

5) മുഹൂര്‍ത്തം മാധവീയം, മുഹൂര്‍ത്തപദവി, മുഹൂര്‍ത്തചിന്താമണി, ബൃഹത് ദൈവജ്ഞരഞ്ജനം, കാലദീപം, ജ്യോതിഷദീപമാല തുടങ്ങിയവ

6) നിമിത്തം - ബൃഹത്സംഹിത, നിമിത്തശാസ്ത്രം, വസന്തരാജശകുനം തുടങ്ങിയവ

ഇവ കൂടാതെ മേല്‍ക്കാണിച്ച വിഷയങ്ങളെക്കുറിച്ച് അവഗണിക്കാനാവാത്തതും പ്രസക്തവുമായ മറ്റേതെല്ലാം ഗ്രന്ഥങ്ങളുടെ പേര് നിങ്ങള്‍ക്കറിയാമോ അവയും നല്‍കാവുന്നതാണ്.

പ്രശ്ന ശാഖയിൽ പ്രശ്നമാർഗ്ഗം തന്നെ പ്രധാന ഗ്രന്ഥം. മറ്റു ചില ഗ്രന്ഥങ്ങൾ ദൈവജ്ഞവല്ലഭാ, ഷട്പഞ്ചാശിക, പ്രശ്നജ്ഞാനം, പ്രശ്നഭൂഷണം, പ്രശ്നപ്രകാശം, പ്രശ്നസിന്ധു, പ്രശ്നചണ്ഡേശ്വരം, കേരളപ്രശ്നസംഗ്രഹം, പ്രശ്നതന്ത്രം, പ്രശ്നജ്ഞാനപ്രദീപം, ഭൂവനദീപകം, സംകേതനിധി, പ്രശ്നശിരോമണി, കേരളീയപ്രശ്നരത്നം, പ്രശ്നവൈഷ്ണവം, തുടങ്ങി ഒട്ടനവധി പ്രശ്നാനുഷ്ടാന ഗ്രന്ഥങ്ങൾ ഉള്ളതായി പറയുന്നു.കൂടാതെ അനേകം താളിയോലകളും. പിന്നെ നമുക്ക പരിചിതമായ പ്രശ്നാനുഷ്ടാനപദ്ധതി പ്രശ്നകൗതുകം" പ്രശ്നപ്രദിപം ,പ്രശ്നരീതി തുടങ്ങിയവയും.

സംഹിതകളിൽ മിഹിരാചാര്യരുടെ ബൃഹത് സംഹിത തന്നെ പ്രധാനം.കൂടാതെ സൂര്യ സിദ്ധാന്തം, ബ്രഹ്മസിദ്ധാന്തം, സിദ്ധാന്തശിരോമണി, ഭാസ്ക രീയം, പരാശര സംഹിതാ, ഗർഗ്ഗ സംഹിത, നാരദ സംഹിത ഇവയെല്ലാം സംഹിതയിൽ പെടുമെന്നു തോന്നുന്നു. അഥർവവേദ .പരിശിഷ്ടം മുതൽ മുഹൂർത്ത വിഷയങ്ങളുണ്ടു്, സ്കന്ദ ഹോ ര, പരാശര യവന ജാതകം, സാരാവലി തുടങ്ങി അനേകം ജാതക ഗ്രന്ഥങ്ങൾ.

നാരദസംഹിത എന്ന പേരിലുള്ള ഗ്രന്ഥം ഏറെക്കുറെ മുഹൂര്‍ത്തഗ്രന്ഥമാണ്. ലോമശസംഹിതക്ക് പേരിലേയുള്ളു സംഹിതാബന്ധം - യഥാര്‍ത്ഥത്തില്‍ അതൊരു ജാതകഗ്രന്ഥമാണ്. ഗര്‍ഗ്ഗസംഹിത എന്ന പേരില്‍ ഒരു ഭാഗവതം പോലുള്ളു പുരാണകഥപറയുന്ന ഒരു പുസ്തകവും ഒരു ജ്യോതിഷഗ്രന്ഥവുമുണ്ട്. സമാനമാണ് കശ്യപസംഹതിതയുടെയും കഥ - ആ പേരില്‍ ഒരു ആയുര്‍വേദഗ്രന്ഥവും ജ്യോതിഷസംഹിതാഗ്രന്ഥവുമുണ്ട്. വിശ്വാമിത്രസംഹിത എന്ന പേരില്‍ ഒരു തന്ത്രഗ്രന്ഥവും ഒരു ജ്യോതിഷസംഹിതാഗ്രന്ഥവും ഉണ്ട്. ചുരുക്കത്തില്‍ പേരില്‍ സംഹിത എന്നു കണ്ടതുകൊണ്ടുമാത്രം ഒരു ഗ്രന്ഥവും ജ്യോതിഷത്തിലെ സംഹിതാവിഷയം പ്രതിപാദിക്കുന്ന ഗ്രന്ഥമാണെന്ന് ഉറപ്പിക്കാനാവില്ലെന്നര്‍ത്ഥം!

അരൂപിയായ കാലത്തിന് രൂപം കൊടുത്താണല്ലോ മനുഷ്യന്‍ ജ്യോതിശ്ശാസ്ത്രത്തിന്‍റെ ഫലനിരൂപണത്തെ നിശ്ചയിച്ചിരിക്കുന്നത്...വൃക്ഷത്തിന്‍റെ ശാഖകളെ പറഞ്ഞത് അതിന്‍റെ പടര്‍ന്നു പന്തലിച്ച വിവിധ തലങ്ങളെ പറയാനാണ്....അതിന്‍റെ മൂലം മറഞ്ഞിരിക്കുന്നു എന്നു കൂടി ചിന്തിക്കണം...വേരുകള്‍ ആഴത്തിലൂന്നി ശാഖകള്‍ പിരിഞ്ഞ വൃക്ഷത്തിന് ശാഖകളും ഉപശാഖകളും അനേകം....അതില്‍ ഇലകള്‍ അസംഖ്യം....എന്താണ് ഇലകള്‍ പത്രികകള്‍....പുതിയ പത്രികകള്‍ ഉണ്ടാകുന്നു....പഴയത് കൊഴിഞ്ഞു പോകുന്നു...എന്‍റെ ഭാവനമാത്രമാണിത്....ആര്‍ക്കും നിഷേധിക്കാം.....കീറിയ പത്രികകള്‍,വാടിയ പത്രികകള്‍ ഇങ്ങനെ സൂക്ഷ്മമായി കാണാനുള്ള ലിഖിത ജന്മപത്രികകള്‍....എല്ലാം ഒരു വൃക്ഷത്തില്‍ നിന്നും ഉണ്ടായത്.......ഇത് ശാസ്ത്രത്തിന്‍റെ വ്യാഖ്യാനമായി ധരിച്ചാല്‍....അംഗങ്ങള്‍ അതിന്‍റെ കര്‍മ്മാംഗങ്ങള്‍ അഥവാ പ്രയോഗങ്ങളെ വ്യാഖ്യാനിക്കാനത്രേ...അംഗങ്ങളാകുമ്പോള്‍ ഉപാംഗങ്ങളും ആന്തരീകാവയവങ്ങളും ഉണ്ടാകും...അംഗങ്ങള്‍ വര്‍ണ്ണിച്ചാല്‍ ലക്ഷണങ്ങള്‍ അര്‍ത്ഥവത്താകും........അവയവങ്ങളാണ് നാം കാണേണ്ടത്..അതില്‍ ജാതകം ശിരസ്സുതന്നെ......ജാത + കം...

കം...എനതിന് അനേകം അര്‍ത്ഥങ്ങളുണ്ടാകാം...എന്നാല്‍ തല തന്നെ അംഗങ്ങളില്‍ പ്രഥമന്‍....ഗോളങ്ങള്‍ നേത്രങ്ങളും നിമിത്തങ്ങള്‍ ഹസ്തങ്ങളും മുഹൂര്‍ത്തമാകട്ടെ നാവും പ്രശ്നം കാതും ഗണിതം ഗതി ചരണങ്ങളുമായി ഈ വിഡ്ഢി കരുതുന്നു..

ആഗ്യഭാഷകളത്രേ നിമിത്തങ്ങള്‍.....ഗ്രഹഗതിഭാഷ തിരിച്ചറിയാന്‍ പ്രയാസം നേരിടുമ്പോള്‍ ഗ്രഹങ്ങള്‍ സാക്ഷി പറയാന്‍ നേരിട്ട് നിമിത്തമായി അവതരിക്കുന്നു.....യച്ഛൂതം യദ്ദൃഷ്ടം...ദൈവജ്ഞന്‍ കാണുന്നതെന്തോ കേള്‍ക്കുന്നതെന്തോ അതിനെ ഫലനിരൂപണത്തില്‍ ബന്ധിപ്പിക്കണം....കണ്ണ് പ്രവര്‍ത്തിച്ചില്ല എങ്കില്‍ കാതു പ്രവര്‍ത്തിക്കണം...നാവ് പറയാന്‍ മാത്രം.....ആ നാവ് വാക്ദേവതാസ്വരൂപമാണ്....ആ നാവില്‍ ഉണരുന്ന ഓരോ പദവും ദേവിയുടെ 14 രൂപങ്ങളായി മാറി ശബ്ദമായി ജനിക്കുന്നു...

ശ്രീജന്മ പ ത്രീ ശുഭ ദീപ കേന വ്യക്തം ഭവേൽ ഭാവി ഫലം സ മഗ്രം ക്ഷ പാപ്രദീപേന യഥാ ഗൃഹസ്ഥം ഘടാ ദിജാതം പ്രകs ത്വമേതീ. .... രാത്രി സമയം വിളക്കിന്റെ സഹായം കൊണ്ട് വീട്ടിലുള്ള ഘടാ ദിസ കല വസ്തുക്കളും വ്യക്തമായി കാണുന്നതു പോലെ ജാതകമാകുന്ന വിശുദ്ധ ദീപത്തിന്റെ സഹായം കൊണ്ട് സമ്പൂർണ്ണമായ ഭാവി ഫലം വ്യക്തമായിട്ട് കാണുവാൻ കഴിയും എന്ന് മാനസാഗരീ ആചാര്യൻ പറയുന്നു.ഇതിൽ നിന്നു തന്നെ ജാതകത്തിന്റെ പ്രശസ്തി എത്രമാത്രമെന്ന് വ്യക്തമാണല്ലോ. അതു കൂടാതെ ആചാര്യൻസ്തുതിക്കുന്നു . സ്വസ്തി ശ്രീ..... ഗുണ ഗണ വസതിർലി ഖ്യതേ ജന്മ പത്രീ.. അതായത് മംഗളം ഐശ്വര്യം സൂഖം ഇവയെ നൽകുന്നതും ധനം കുലം യശ്ശസ്സ് പൂർവ്വജന്മത്തിലെ നന്മതിന്മകളുൾക്കൊള്ളുന്ന കർമ്മങ്ങളെ വ്യഞ്ജിപ്പിക്കുന്നതും എന്നു വേണ്ടാ സകല വിഘ്നങ്ങളെയും നശിപ്പിക്കുന്നതും ഗുണ ഗണങ്ങൾക്ക് ഇരിപ്പിടവുമായ ജാത കത്തിന്റെ പ്രശസ്തി പറഞ്ഞറിയിക്കുന്നതിലും അപ്പുറം തന്നെ. അതായിരിക്കാം ആചാര്യൻ ജാതകത്തെ ആദ്യം തന്നെ പറയാൻ കാരണമെന്ന് തൊന്നുന്നു. ജാതകത്തി ൽ ഗോളം നിമിത്തം പ്രശ്നം മുഹൂർത്തം ഗണിതം തുടങ്ങി എല്ലാം അടങ്ങിയിക്കുന്നു.

ഗണിതത്തിന് രണ്ടു ഭേദങ്ങൾ- ഗോളം, ഗണിതം.ഗോളമെന്നാൽ ഗ്രഹങ്ങളുടെ ഗതി, സ്വഭാവം മററു വിശേഷങ്ങൾ എന്നിവയെ പ്രതിപാദിക്കുന്നു. ഗണിതത്തിൽ ഗോളവും ഗണിതവും സംഹിതയിൽ നിമിത്തം, ഹോ രയിൽ നിമിത്തo, ജാതകം ,പ്രശ്നം, മുഹൂർത്തം എന്നിവ ചേർന്നും വരുന്നു. ഗോള സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ ജ്യോതിഷത്തിലെ ഫലപ്രവചനത്തിന് ആവശ്യമായ രീതിയിൽ ഗ്രഹങ്ങളുടെ ഗതി വിഗതികളുടെ കണക്കുകൂട്ടുന്നതു് ഗണിതം.ഇവയിൽ കലിദിനം , സംവത്സരം, അയനം, മാസം , പക്ഷം, തിഥി വാരം, യോഗം, കരണം, ഗ്രഹസ്ഥിരി ,രാശി സ്ഥിതി. നക്ഷത്ര സ്ഥിതിഗ്രഹങ്ങൾ, ഗ്രഹ യുദ്ധം, ഗ്രഹ സമാഗമം, മൗഢ്യം ദൃഷ്ടി ഇവയെല്ലാം ഗണിതത്തിൽ പെടും.സംഹിതയിൽ സമൂഹത്തിനെയും ഭരണാധികാരികളെയും, രാഷ്ടത്തെയ്യം, ഗജ തുര ഗാദികളെയും വാപി കൂപാദികളെയും ധാതു ദ്രവ്യങ്ങളെയും രത്നങ്ങളെയും, വർഷാദി(മഴ)യെയും ഗ്രഹം സ്വാധീനിക്കുന്നതു പറയുന്നു. അപ്പോൾ ജനനസമയത്തെ ആധാരമാക്കി ഫലം പറയുന്നത് ജാതകം. ഭൂമി, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ മുതലായവയുടെ സ്വരൂപ നിരുപണം ഗോളം. താൽക്കാലികങ്ങളായ ശകുനി ദിയെക്കൊണ്ടു് ഫലം പറയുന്നതും രാജ്യക്ഷേമകാര്യങ്ങളുടെ നിരുപണം നടത്തുന്നതും നിമിത്തം. താൽക്കാലികാ രൂഢ രാശിയുണ്ടാക്കി ഫല നിരൂപണം ചെയ്യുന്നത് പ്രശ്നം. വിവാഹാദി കർമ്മങ്ങളുടെ കാല നിർണയം നടത്തുന്നതു് മുഹൂർത്തം. സൂര്യാ ദിഗ്രഹങ്ങളുടെ സ്ഥിതിഗതിവിഗതികൾ ഗണിച്ചറിയുന്നതു് ഗണിതം.

വരരുചിയും ജ്യോതിഷത്തിന്റെ കേരളീയ പാരമ്പര്യവും

വരരുചിക്ക് ജ്യോതിഷ അറിവ് ഉണ്ടായിരുന്നോ? ഇതിന് വ്യക്തതയുണ്ടോ ? നാറാണത്ത് ഭ്രാന്തൻ ബുധനെയും ശനിയേയും അപ്രസക്തമാക്കി ഒരു ജ്യോതിഷഗ്രന്ഥം രചിച്ചുവെന്നും, ബുധനും ശനിയും പിഴച്ചത് കൊണ്ട് ഭ്രാന്തനായി എന്നുമാണ് ഐതിഹ്യം . ഐതിഹൃമായത് കൊണ്ട് ഇതിലെ യുക്തി നമുക്കറിയില്ല.

വരരുചികൃതവാക്യം എന്ന ഗ്രന്ഥം ലഭ്യമാണ്. ഇത് വരരുചി രചിച്ചതാണ് എന്നു കരുതപ്പെടുന്നു. കേരളത്തില്‍ പ്രചുരപ്രചാരം സിദ്ധിച്ച പരല്പേരിന്റെ (കടപയാദി സംഖ്യാസമ്പ്രദായത്തിന്റെ) ഉപജ്ഞാതാവ് വരരുചിയാണത്രേ. ഇദ്ദേഹത്തിന്റെ സന്താനങ്ങളാണ് പന്തിരുകുലം എന്നാണല്ലോ കഥ. പന്തിരുകുലത്തിലെ പ്രസിദ്ധനായ നാറാണത്തുഭ്രാന്തന്റെ ശരിയായ പേര് ഹരിദത്തന്‍ എന്നാണെന്ന് ചിലര്‍ പറയുന്നു. ഹരിദത്തനാണ് കേരളപ്രസിദ്ധമായ പരഹിതഗണിതത്തിന്റെ ഉപജ്ഞാതാവ്. കേരളത്തിലെ ഗണിതത്തിന്റെയും ഗോളഗണിതത്തിന്റെയും ബൃഹത്ശൃംഗങ്ങള്‍ തന്നെയാണ് ഇവര്‍ ഇരുവരും.

വരരുചിയും വരാഹമിഹിരാചാര്യരും ഒരേ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നതെന്ന് ഐതിഹ്യമുണ്ട്. വരരുചി തൃത്താലക്കടുത്തായിരുന്നു എന്ന്‌ പറയപ്പെടുന്നു. ഭാരതപ്പുഴയുടെ തീരത്തുള്ള മണലിൽ മേലോട്ട് നോക്കി ശയിച്ചുകൊണ്ടാണ് അദ്ദേഹം നക്ഷത്രങ്ങളുടെ ഗതിവിഗതികളെ കുറിച്ചു പഠിച്ചതെന്ന് പറയപ്പെടുന്നു. ആധികാരികത ഉണ്ടോ എന്ന്‌ പറയാൻ വയ്യ.

കേരളീയ ജ്യോതിഷപാരമ്പര്യത്തില്‍ പിതൃസ്ഥാനമാണ് വരരുചിക്കെങ്കിലും വിക്രമാദിത്യസദസ്സിലെ നവരത്നങ്ങള്‍ ഒരേ കാലത്താണ് ജീവിച്ചിരുന്നത്, പറയിപെറ്റ പന്തിരുകുലത്തിലെ ഏവരും ഏരേ കാലത്താണ് ജീവിച്ചിരുന്നത്, വരരുചി നാലാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത് തുടങ്ങിയ വാദഗതികള്‍ക്കൊന്നും ചരിത്രത്തിന്റെ അംഗീകാരമില്ല. ഈ വാദഗതികളെല്ലാം തെറ്റാവാനാണ് സാധ്യത എന്നാണ് ചരിത്രപഠനം സൂചിപ്പിക്കുന്നത്. വരരുചി നാലാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നതെങ്കില്‍ ആറാം നൂറ്റാണ്ടില്‍ ജീവിച്ച വരാഹമിഹിരന് സമകാലികനാവുന്നതെങ്ങനെ. ഏഴാം നൂറ്റാണ്ടിന്റെ അവസാനം ജീവിച്ച പരഹിതകര്‍ത്താവായ ഹരിദത്തന്‍ വരരുചിയുടെ പുത്രനായ നാറാണത്ത് ഭ്രാന്തനാവുന്നതെങ്ങനെ? ഐതിഹ്യങ്ങളില്‍ അതിഭാവുകത്വം കൊടുത്ത് ഇഴചേര്‍ത്ത കഥകളെയും ചരിത്രത്തെയും വേര്‍തിരിച്ച് കാണുന്നതുതന്നെയാണ് യുക്തം എന്നു തോന്നുന്നു.

ഭാഷാ വിവര്‍ത്തനങ്ങള്‍

സ്കന്ധം മൂന്നും അംഗമാറും ആത്മാവാംജ്യോതിശാസ്ത്രമീ
ഗണിതം സംഹിതാ ഹോരാ എന്നായ് സ്കന്ധങ്ങൾ മൂന്നു പോൽ!

ജാതക ഗോളനിമിത്തപ്രശ്ന,മുഹൂർത്തങ്ങളും - ഗണിതമെന്നും
ആറംഗമെന്നു പറവൂ -ജ്യോതിഷമാംമഹദ്ശാസ്ത്രത്തിലാചാര്യർ

ഗോളം ഗണിതം എന്നീ - രണ്ടാകുന്നൂ - ഗണിതസ്കന്ധത്തിൽ
ഹോരാ
, സംഹിതകളിലായ് നിമിത്തമെന്നതും ശേഷം ഹോരയിലും

-          വിഷ്ണു നമ്പൂതിരി

താളാത്മകമായ ആര്യാവൃത്തമാണിത്. മാത്രാവൃത്തമായ ഇതിൽ അക്ഷരങ്ങൾക്ക് നിഷ്കർഷയില്ല. ആദ്യ വരി 3 മാത്ര, 2 രണ്ടാം വരി 5 മാത്ര, മൂന്നാം വരി 3, 4 ആം വരി 5 ഇങ്ങനെ. ആര്യാ - ( ശേഷ്ഠ ) എന്നർത്ഥമുള്ള പേരുള്ള ഈ വൃത്തം.

ആറംഗമുള്ള ശാസ്ത്രത്തില്‍ മഹാശാഖകള്‍ മൂന്നഹോ
ഗണിതം സംഹിതാ ഹോരായിങ്ങനെ മൂന്നുസകന്ധവും
ജാതകം പ്രശ്നവും പിന്നെ മുഹൂര്‍ത്തം ഗോളവും പോല്‍
ഗണിതം നിമിത്തവും ചേര്‍ത്ത് ദേഹകല്‍പനയിങ്ങനെ
ഗോളവും ഗണിതോം ചേര്‍ന്ന് ഗണിതശാഖയില്‍ വരും
നിമിത്തമൊന്ന് വ്യാപിച്ച് ഹോരാസംഹിതകളില്‍ വരും
ബാക്കിയുള്ളോരു അംഗങ്ങള്‍ സര്‍വ്വതും ഹോരയില്‍ വരും

-          ചന്ദ്രകുമാര്‍ മുല്ലച്ചേരി-           

സ്കന്ധം മൂന്നുണ്ടു ജ്യോതിഷത്തിന്നംഗമാറെണ്ണവും വരും
ഗണിതം സംഹിതാ ഹോരാ മൂന്നു സ്കന്ധങ്ങളാണിവ

ജാതകം ഗോളം നിമിത്തം പ്രശ്നം മുഹൂര്‍ത്തം ഗണിതം
എന്നിവയത്രേ ജ്യോതിഷത്തിന്നംഗങ്ങള്‍ ഷഡംഗങ്ങള്‍
ഷഡംഗനിര്‍മ്മിതം ശാസ്ത്രം ചൊല്ലുന്നിതാചാര്യന്മാര്‍
ഷഡ്ചക്രസാമ്യവും ചൊല്ലാം ജ്യോതിഷം മഹാശാസ്ത്രം

ഗോളഗണിതാംഗങ്ങള്‍ ഗണിതസ്കന്ധത്തിലും
നിമിത്തമെന്നതാമംഗം സംഹിതാസ്കന്ധത്തിലും
ജാതക-പ്രശ്ന-മുഹൂര്‍ത്താംഗങ്ങള്‍ ഹോരാ-
സ്കന്ധത്തിലും വരുമിച്ചൊന്നതാം മഹാശാസ്ത്രേ.

-          ശ്രീനാഥ് ഒജി

You are not authorised to post comments.

Comments powered by CComment