പ്രശ്നമാര്‍ഗം ശ്ലോകം - 15, 16, 17
- Details
- Created: Thursday, 06 April 2017 11:21
- Last Updated: Thursday, 06 April 2017 11:36
- Hits: 2322
(കേരളജ്യോതിഷം ഗ്രൂപ്പില്‍ പ്രശ്നമാര്‍ഗത്തിലെ ഈ ശ്ലോകത്തെക്കുറിച്ചു നടന്ന ചര്‍ച്ചയെ ആധാരമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി, നമസ്കാരം.)
പ്രശ്നമാര്‍ഗം – 15, 16, 17
അഥ ദൈവജ്ഞലക്ഷണമുച്യതേ
അനന്തരം ദൈവജ്ഞ ലക്ഷണം പറയുന്നു.
ഇത്തരത്തില്‍ പ്രശ്നമാര്‍ഗശ്ലോകങ്ങളില്‍ തഥാചോക്തം, ഇതി എന്നെല്ലാം പ്രശ്നമാര്‍ഗാചാര്യന്‍ കൊടുത്തിരിക്കുന്നത് വെറുതേയല്ല. അതായത് ശ്ലോകങ്ങളോടൊപ്പം നല്‍കിയിട്ടുള്ള ഗദ്യവും ശ്ലോകത്തോളം തന്നെ പ്രധാനമാണ്. അവ ഒഴിവാക്കിയാല്‍ വായനക്കാര്‍ക്ക് സംശയമുണ്ടാവാനും, പ്രശ്നമാര്‍ഗകാരന്‍ അര്‍ഹിക്കാത്ത പഴി അദ്ദേഹം കേള്‍ക്കുന്നതിനും കാരണമാവും.
ശ്ളോകം - 15.
ജ്യോതിശാസ്ത്ര വിദഗ്ദോ ഗണിതപടുർ വൃത്തവാംശ്ച സത്യവചാ:
വിനയീവേദാദ്ധ്യായീ ഗ്രഹ യജനപടുശ്ച ഭവതു ദൈവജ്ഞ:
ജ്യോതിശാസ്ത്രത്തിൽ നല്ല നൈപുണ്യം സമ്പാദിച്ചും ഗണിതത്തിനു തക്ക സാമർത്ഥ്യമുണ്ടായും സദാചാരയുക്തനായും സത്യനിഷ്ഠയോടു കൂടിയും വിനയമുള്ളവനായും വേദാദ്ധ്യയന സ്വഭാവിയായും സൂര്യാദിഗ്രഹങ്ങളെ യഥാവിധി പൂജിക്കുവാൻ സമർത്ഥനായും ഉള്ളയാൾ ജ്യോതിഷിയായി (ദൈവജ്ഞ) ഭവിക്കട്ടെ.
ശ്ളോകം -16
ദൈവവിദേവം ഭൂതോ യദ്വദതി ഫലം ശുഭാശുഭം പ്രഷ്ടു:
തത്സർവം ന ച മിത്ഥ്യാ ഭവതി പ്രാജ്ഞൈസ്തഥാചോക്തം.
പൂർവ്വ ശ്ളോകത്തിൽ പറഞ്ഞ ലക്ഷണങ്ങൾ തികഞ്ഞ ജ്യോതിഷി പൃച്ഛകനു ശുഭമായോ അശുഭമായോ ഏതു ഫലത്തെ പറയുന്നുവോ അതു മുഴുവൻ യഥാർത്ഥമായിരിക്കും. ഒന്നും പിഴക്കുന്നതല്ല. ബുദ്ധിമാൻമാരുടെ വചനവും ഇതിലേക്കു പ്രമാണമായി കാണുന്നുണ്ടു്. അതായത് ,മുൻപറഞ്ഞ ലക്ഷണങ്ങളില്ലാതെ ജ്യോതിഷിയെന്ന് അഭിമാനിച്ച് ഫലം പറയുന്നതായാൽ ആയത് ഒത്തു വരുന്നതല്ലെന്നു വന്നു കൂടുന്നു.
ശ്ളോകം - 17.
ദശഭേദം ഗ്രഹഗണിതം ജാതകമവലോക്യനിരവശേഷമപി
യ: കഥയതി ശുഭമശുഭം വാ തസ്യ ന മിഥ്യാ ഭവേദ്വാണീ
പത്തുപ്രകാരമുള്ള ഗ്രഹഗണിതത്തേയും മനസ്സിലാക്കി വരാഹമിഹിരാചാര്യർ മുതലായവരാലുണ്ടാക്കപ്പെട്ട ഹോരാശാസ്ത്രഗ്രന്ഥങ്ങളെല്ലാം പഠിച്ചും ആലോചിച്ചും ശുഭാശുഭ ഫലങ്ങളെ പറയുന്നതായാൽ അവന്റെ വാക്ക് ഒരിക്കലും പിഴയ്ക്കുന്നതല്ല. ഗ്രഹസ്ഥിതികളെ സൂക്ഷ്മമായി ഗണിച്ചറിഞ്ഞ് ശാസ്ത്രാർത്ഥത്തെ നല്ലവണ്ണം ആലോചിച്ച് ഫലം പറയുന്നതായാൽ അത് യഥാർത്ഥമായിത്തന്നെയിരിക്കും.
ത്രിസ്‌കന്ധജ്ഞോ ദര്‍ശനീയഃ ശ്രൗത സ്മാര്‍ത്ത ക്രിയാപരഃ
നിര്‍ദ്ദാംഭികഃ സത്യവാദീ ദൈവജ്ഞോ ദൈവവിത് സ്ഥിരഃ
- നാരദന്‍ (നാരദസംഹിത)
സിദ്ധാന്തം (ഗണിതം), സംഹിത, ഹോര എന്നീ മൂന്നു ജ്യോതിശാസ്ത്ര സ്‌കന്ധങ്ങളും അറിയാവുന്നയാളും ശ്രൗതവും സ്മാര്‍ത്തവുമായ പ്രവൃത്തികളില്‍ സമര്‍ത്ഥനും ആയ വ്യക്തി ദര്‍ശനീയനാണ്. മേല്‍പ്രകാര മുള്ളവനും അഹങ്കാരമില്ലാത്തവനും സത്യവാദിയുമായ വ്യക്തിയാണ് ദൈവജ്ഞന്‍ (ദൈവത്തെക്കുറിച്ച് അറിയാവുന്നവന്‍) എന്ന പദത്തിന് അര്‍ഹന്‍ എന്ന് ഉറപ്പിച്ചുകൊള്ളുക.
വേദാദ്ധ്യായീ വിനീതോ ഗ്രഹയജനപരസ്സത്യവാദീ സുവൃത്തോ
ജ്യോതിശ്ശാസ്ത്രപ്രവീണോ ഗ്രഹഗണിതപടുസ്സോ(അ)ത്ര ദൈവജ്ഞഃ ഉക്തഃ
- മാധവന്‍ (മാധവീയം)
വേദങ്ങളഭ്യസിച്ചിട്ടുള്ളവനും വിനീതനും ഗ്രഹങ്ങളെ പൂജിക്കുന്നതില്‍ താല്‍പര്യമുള്ളവനും സത്യവാദിയും സദ്‌വൃത്തനും ജ്യോതിശ്ശാസ്ത്ര ത്തിലും ഗ്രഹഗണിതത്തിലും സമര്‍ത്ഥനും ആയ വ്യക്തിയെയാണ് ദൈവ ജ്ഞന്‍ എന്നുപറയുന്നത്.
ശരീരശുദ്ധിയും മനഃശുദ്ധിയും ഉള്ളവനും അറിവുള്ളവനും ആയിരിക്കണം ദൈവജ്ഞന്‍.
ശുചിര്‍ ഭൂത്വാ ദ്വിജോ വിദ്വാന്‍ ഗ്രഹചാരാദികാലവിത്
ഗ്രഹഭക്തം ച ദൈവജ്ഞം സമാചരതഃ സ്വയം
- ബൃഹസ്പതി (ബ്രാഹസ്പത്യമുഹൂര്‍ത്തവിധാനം)
(കുളിച്ച്) ശുദ്ധനായി (വൃത്തിയോടും വെടിപ്പോടും കൂടി), ഗ്രഹങ്ങളിലും ഈശ്വരനിലും ഭക്തിയോടുകൂടി, ജ്യോതിഷം കൈകാര്യം ചെയ്യുന്ന, ഗ്രഹഗോചരാദി കാലജ്ഞാനം കൈവരിച്ച, വിദ്വാനും ബ്രാഹ്മണനും ആയ വ്യക്തിയാണ് ദൈവജ്ഞന്‍.
സാവര്‍ണീനാം മന്വന്തരേ ചതുഷ്‌കേ തു കലൗ യുഗേ
വിദ്യാത് ഭാരതക്ഷേത്രേ മൂലാഗമഃ പരിക്ഷയഃ
യസ്യയസ്യ ഗൃഹേ സന്തി ഗ്രന്ഥാ സ്വല്പാ ച കൃത്രിമാഃ
തയേവ പണ്ഡിതമ്മന്യാഃ സമ്പ്രദായവിവര്‍ജ്ജിതാഃ
യസ്യയസ്യ ഗൃഹേ സന്തി ഗ്രന്ഥാ ബഹുലാന്യ(അ)കൃത്രിമാഃ
തയേവ പണ്ഡിതം ജ്ഞേയം സമ്പ്രദായസമാര്‍ജ്ജിതാഃ
- അജ്ഞാതകര്‍ത്തൃകം
സാവര്‍ണി മന്വന്തരത്തിലെ കലിയുഗത്തില്‍ ഭാരതത്തില്‍ ജ്യോതിഷത്തിന്റെ മൂലഗ്രന്ഥങ്ങള്‍ക്ക് നാശമുണ്ടാകും. ആരുടെ വീട്ടിലാണോ ആധികാരികമല്ലാത്ത (കൃത്രിമസൃഷ്ടികളായ) അല്‍പം ചില ഗ്രന്ഥങ്ങള്‍ മാത്രം ഉള്ളത്, പാരമ്പര്യസിദ്ധമായ കേവലജ്യോതിഷജ്ഞാനം പോലും ഇല്ലാത്ത (യഥാവിധി ജ്യോതിഷം അഭ്യസിക്കാത്ത) അവര്‍, ശരിയായ അറിവില്ലാതെ, സ്വയമേവ പണ്ഡിതതരെന്നു ഭാവിക്കും. ആരുടെ വീട്ടിലാണോ ആധികാരികമായ ധാരാളം ജ്യോതിഷഗ്രന്ഥങ്ങളുള്ളത്, ആരാണോ പാരമ്പര്യാനുസാരിയായി വേണ്ടവിധം ജ്യോതിഷം അഭ്യസിച്ചത് അവരാണ് ശരിയായ ജ്യോതിഷപണ്ഡിതന്മാര്‍ എന്നു മനസ്സിലാക്കേണ്ടതാണ്.
ദേവപ്രശ്‌നാദികള്‍ക്ക് ഒരു ദൈവജ്ഞനെ മാത്രം വിളിക്കുന്നതിനേക്കാള്‍, ഒരാളെ പ്രധാനിയായും, അത്രതന്നെ സാമര്‍ത്ഥ്യമുള്ള മൂന്നോ നാലോ പേരെ താര്‍ക്കികരായിട്ടും വിളിക്കുന്നതാണ് ഉചിതം. നിമിത്തങ്ങളും ഗ്രഹഗോചരവും സൂക്ഷ്മമായ വിശകലനത്തിനു വിധേയമാവാനും, സൂചിപ്പിക്കപ്പെടുന്ന ഫലങ്ങളെല്ലാം വെളിവാകാനും ഇതാണു നല്ലത്.
ന ചൈകാകിനാ ശക്യന്തേ(അ)ഹര്‍ന്നിശമവധാരയിതും നിമിത്താനി
തസ്മാല്‍ സുഭൃതേന ദൈവജ്ഞേനാനാന്ന്യേ തദ്വിദശ്ചത്വാരോ ഭര്‍ത്തവ്യാഃ
- വരാഹമിഹിരന്‍ (ബൃഹത്സംഹിത)
ഒരാളെക്കൊണ്ടുമാത്രം എല്ലാ നിമിത്തങ്ങളും സമ്പൂര്‍ണമായി അറിയാനും പറയാനും സാധിക്കുകയില്ല. അതിനാല്‍ ഉത്തമനായ ദൈവജ്ഞന്റെ സഹായാര്‍ത്ഥം അതുപോലെ പാണ്ഡിത്യമുള്ള നാലുപേരെക്കൂടി ക്ഷണിക്കേണ്ടതാണ്.
നാലുപേര്‍ ഉണ്ടായില്ലെങ്കിലും, ദൈവജ്ഞനെക്കൂടാതെ ജ്യോതിഷം നന്നായി അറിയുന്ന മറ്റു ചിലര്‍കൂടി ദേവപ്രശ്‌നത്തിന് ഉണ്ടായിരിക്കുന്നതാണ് നന്ന്. പ്രാശ്‌നികര്‍ക്ക് ഉത്സാഹവും സന്തോഷവും ജനിപ്പിക്കുന്നതും, വൈവിധ്യമാര്‍ന്ന വിജ്ഞാനത്തിന്റെ സമായോഗവും, അറിവിന്റെ മാറ്റുരയ്ക്കലുമാണ്, വിജ്ഞന്മാരായ ഒന്നിലധികം ദൈവജ്ഞര്‍ ചേര്‍ന്നു നടത്തുന്ന പ്രശ്‌നചിന്ത.
ജ്യോതിശാസ്ത്രവിദഗ്ദോ ഗണിതപടുർ വൃത്തവാംശ്ച സത്യവചാ:
വിനയീ വേദാദ്ധ്യായീ ഗ്രഹയജനപടുശ്ച ഭവതു ദൈവജ്ഞ:
(പ്രശ്നമാര്‍ഗം)
ജ്യോതിഃശാസ്ത്രവിദഗ്ദ്ധനും, ഗണിതത്തില്‍ സമര്‍ത്ഥനും, സ്വഭാവശുദ്ധിയുള്ളവനും, സത്യവാക്കും, വിനയവാനും, വേദാദ്ധ്യായിയും, ഗ്രഹയജനപടുവും ആയിരിക്കണം ദൈവജ്ഞന്‍.
ജ്യോതിഃശാസ്ത്രവിദഗ്ദ്ധന്‍ - അസ്ട്രോണമിയും അസ്ട്രോളജിയും (വാനനിരീക്ഷണവും, സിദ്ധാന്തഗണിതവും, ഫലജ്യോതിഷവും) അറിയുന്നവന്‍. സിദ്ധാന്തം-സംഹിത-ഹോര എന്നീ മൂന്നു സ്കന്ധങ്ങളിലും സമര്‍ത്ഥന്‍. വിദഗ്ദ്ധൻ എന്നാൽ അറിവിൽ കത്തിപ്പടർന്നവൻ എന്നുമാവാം. വിദ്-ജ്ഞാനേ. ജ്ഞായതേ യജ്ഞ: എന്നതാണ് വിദഗ്ദ്ധൻ: ജ്യോതിഷം പഠിക്കുന്നത് യജ്ഞമാക്കിയവൻ ജ്യോതിശാസ്ത്ര വിദഗ്ദ്ധൻ എന്ന്. ജ്യോതിഃ - ദ്യോതതേ പ്രകാശതേ ഇതി ജ്യോതിഃ (പ്രകാശിക്കുന്നതുകൊണ്ട് ജ്യോതിസ്) ശസ്യതേ ഇതി ശാസ്ത്രം (ശാസിക്കുന്നതുകൊണ്ട് ഉപദേശിക്കുന്നതുകൊണ്ട് ശാസ്ത്രം). ജ്യോതിസ്സിനെ സംബന്ധിക്കുന്നത് ജ്യോതിഷം. പ്രകാശം കൊടുക്കന്നവനാണ് (അറിവുപകരുന്നവനാണ്) ജ്യോതിഷി, എന്നാൽ ഇന്ന് പ്രകാശത്തേക്കാളേറെ ഭയം സമ്മാനിക്കുന്നു ജ്യോതിഷികൾ.
ഗണിതപടു - ഗ്രഹണിതത്തിലും സാമാന്യഗണിതത്തിലും സമര്‍ത്ഥന്‍.
വൃത്തവാന്‍ - സ്വഭാവശുദ്ധിയുള്ളവന്‍. പരദ്രോഹിയല്ലതാത്തവനും സമൂഹനന്മകാംക്ഷിക്കുന്നവനും തന്റെ ആത്മാവിനു വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാത്തവനും എന്നര്‍ത്ഥം.
സത്യവചഃ - സത്യം പറയുന്നവനെന്നും, പറയുന്നതെല്ലാം സത്യമായിത്തീരുന്നവനെന്നും രണ്ടര്‍ത്ഥം. മന്ത്രസിദ്ധിയും (സിദ്ധമന്ത്രഃ) അതുമൂലം വന്നുഭവിച്ച വാക്സിദ്ധിയും ഉള്ളവനും, തന്നോടും പൃച്ഛകനോടും സമൂഹത്തോടും പ്രപഞ്ചത്തോടും വേണ്ടത്ര സംവേദനക്ഷമതയുള്ളവനും പറയുന്നതേ സ്വയമേവ സത്യമായിത്തീരുകയുള്ളു.
വിനയീ - വിനയമുള്ളവന്‍. വിനമ്രതയും (താഴ്മയും) നയവും ഒരേസമയം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നവനാണ് വിനയമുള്ളവന്‍.
വേദാദ്ധ്യായി - വേദം പഠിക്കുന്നവന്‍ എന്ന സാമ്പ്രദായി അര്‍ത്ഥം മാത്രമല്ല ഈ വാക്കിനുള്ളത്. വേദം അറിവാണ്, ജ്ഞാനമാണ്. വേദാദ്ധ്യായി എന്നതിന് ആത്മീയജ്ഞാനം സമാര്‍ജ്ജിക്കുന്നവന്‍ എന്നര്‍ത്ഥം. അതിന് അവനവനിലേക്ക് ഒരു കണ്ണുവേണം. ഉള്‍ക്കണ്ണുവേണം ഉറങ്ങാത്ത കണ്ണ്!
ഗ്രഹയജനപടുഃ - രാശിപൂജയും ഗ്രഹപൂജയും ചെയ്യാനറിയുന്നവനും, പൂജാവിധികളെക്കുറിച്ച് സാമാന്യജ്ഞാനം ഉള്ളവനും എന്നര്‍ത്ഥം. ജ്യോതിഷി നവഗ്രഹപൂജ ചെയ്യാന്‍ അറിയുന്നവനായിരിക്കുണം, ഗ്രഹങ്ങളെ ഉപാസിക്കുന്നവനായിരിക്കണം. ഗ്രഹങ്ങള്‍ ശരീരബാഹ്യങ്ങള്‍ മാത്രമല്ല, ശരീരാന്തസ്ഥിതമായ താളഭേദങ്ങളെക്കൂടി സൂചിപ്പിക്കുന്നവയാണെന്നും അത്തരം ഗ്രഹങ്ങളെ (താളങ്ങളെ) പ്രാണായാമാദികളിലൂടെയും ധ്യാനത്തിലൂടെയും വശത്താക്കിയന് (സ്വ-സ്വാധീനത്തിലാക്കിയന്) മാത്രമേ ഗ്രഹപ്രസാദം കൈവരൂ എന്ന് തിരിച്ചറിഞ്ഞവനായിരിക്കണം.
സഃ ദൈവജ്ഞഃ - അവനാണ് ദൈവജ്ഞന്‍ (ഭാഗ്യത്തെ അഥവാ കാലതാളത്തെ പൂര്‍വ്വാര്‍ജ്ജികകര്‍മ്മഫലത്തെ) അറിയുന്നവന്‍ എന്ന വിശേഷണത്തിന് അര്‍ഹന്‍.
വളരെ ആഴമുള്ളതും അവഗാഹത്തോടുകൂടിയുള്ളതുമായ (തിരിച്ചറിവോടുകൂടിയുള്ളതും) ആയ നിര്‍വ്വചനമാണ് ദൈവജ്ഞപദത്തിന് പ്രശ്നമാര്‍ഗാചാര്യന്‍ നല്‍കുന്നത്.
"തത്ര സംവത്സരോ fഭിജാത: പ്രിയദർശനോ വിനീത വേഷ: സത്യവാഗനസൂയക: സമ: സുസംഹതോപചിതഗാത്ര സന്ധി രവികലശ്ചാരുകര ചരണ നഖ നയനചിബുകദശന ശ്രവണ ലലാടഭ്രൂത്തമാംഗോ വപുഷ്മാൻ ഗംഭീരോദാത്ത ഘോഷ: പ്രായശ്ശരീരാകാരാനുവർത്തി നോ ഹി ഗുണാശ്ച ദോഷാശ്ച ഭവന്തി."ദൈവജ്ഞൻ ഉഭയകുല വിശുദ്ധനായിരിക്കണം. ദർശനീയമായ ശരീര ശോഭ, വിനീതമായ വേഷം, സത്യവചനം, അസൂയാരാഹിത്യം, പൂർണ്ണാവയവ സ്ഥിതി, ഇവയെല്ലാം ദൈവജ്ഞന് ഉണ്ടായിരിക്കണം. അംഗ സന്ധികളെല്ലാം നിരപ്പായും ശരീരം തടിച്ചു നീണ്ടു വൈകല്യത്തോടു കൂടാതെയും ഇരിക്കേണ്ടതാണ്. ഭംഗിയുള്ള കാൽ, കൈ, നഖം, കണ്ണ്, ചിബുകം, പല്ല്,കാത്, നെറ്റി, പുരികം, തല ഇവയെല്ലാം സാമുദ്രികോക്തലക്ഷണ യുക്തങ്ങളായിരിക്കണം. ശരീരം സ്ഥൂലവും ദൃഢവും സുന്ദരവും ശബ്ദം ഗംഭീ രോദാത്തവുമായിരിക്കണം. മിക്കവാറും ഒരുവന്റെ ഗുണങ്ങളും ദോഷങ്ങളും ശരീരാകൃതികളെ അനുസരിച്ചിരിക്കുമെന്നുള്ളതു് പ്രസിദ്ധമാണ്. അതു കൊണ്ടു് സർവ്വോത്തമനായ ദൈവജ്ഞനും ഈ ശരീരാകൃതികൾ അവശ്യം ഉണ്ടായിരിക്കണമെന്ന് സാരം.
"തത്ര ഗുണാ :ശുചി: ദക്ഷ: പ്രഗ ത് ഭോവാഗ് മീ പ്രതിഭാനവാൻ ദേശ കാലവിൽ സ്വാത്വികോ ന പരിഷത് ഭീരു : സഹാദ്ധ്യായീ ഭിരനഭിഭവനീയാ: കുശാലോf വ്യസനി ശാന്തികപൗഷ്ടികാഭിചാര സ്നാന വിദ്യാഭിജ്ഞോ വിബുധാർച്ചനവ്രതോപവാസ നിരത : സ്വതന്ത്രാശ്ചര്യോല്പാ ദിത ജ്ഞാനപ്രഭാവ: പൃഷ്ഠാഭി ധാര്യന്യത്ര ദൈവാത്യയാൽ ഗ്രഹ ഗണിത ഹോരാ സംഹിത ഗ്രന്ഥാർത്ഥവേത്താ (സംഹിത ). ദൈവജ്ഞന് ശുചിത്വം, സാമർത്ഥ്യം, പ്രാഗത്ഭ്യം,വാഗ്മിത്വം, പ്രതിഭാ ശക്തി, കാലദേശ കുലാചാര ധർമാദികളെ അറിയുവാനുള്ള കഴിവ് ,നിഷ്കളങ്കത, സമാജങ്ങളിൽ നിർഭയത്വം എന്നിവ ഗുണങ്ങളാണ്. ദൈവജ്ഞൻ സ്വാത്വികനായിരിക്കണം.സ്തംഭം, സ്വേദം, രോമാഞ്ചം, സ്വര ഭംഗം, വേപുഥു, വൈവർണ്യം, അശ്രു, നിശ്ചേഷ്ടത്വം, മുതലായ വികാരലക്ഷണങ്ങൾ ഇല്ലാത്തവനും ധീരനുമായിരിക്കണം. സഹപാഠികളാൽ തോൽപ്പിക്കപ്പെടുവാൻ കഴിയാത്തവനും, ചതുരനും, വ്യസനങ്ങൾ ഇല്ലാത്തവനുമാകണം. ശാന്തികവും പൗഷ്ടികവും, ആഭിചാരം, സ്നാനം മുതലായവയിലും ജ്ഞാനമുണ്ടായിരിക്കണം. ദേവപൂജയിലും, ചന്ദ്രായനാദി വ്രതാനുഷ്ഠാനങ്ങളിലും തൽപരനായിരിക്കണം. ഏകാദശ്യാദി ദിനങ്ങളിൽ ഉപവസിക്കുന്നവനാകണം. ഗ്രഹ ഗണിതാദികൾ ചെയ്ത് ആർക്കും സ്വതന്ത്രമായി ആശ്ചര്യത്തെ ജനിപ്പിക്കത്തക്കവിധം ജാത ക പ്രശ്നമുഹൂർത്തങ്ങളും, ലക്ഷണങ്ങളും നിശ്ശംസയം പറയത്തക്ക പഠിപ്പും പാണ്ഡിത്യവും അത്യാവശ്യം വേണ്ടതാണ്.മറ്റുള്ളവരുടെ അഭിപ്രായമറിഞ്ഞതിനു ശേഷം ഒടിവിലാണ് അതാതിനുള്ള ശാന്തികളെ വിധിക്കേണ്ടതു്. ഗണിതം, സംഹിത, ഹോ ര മുതലായ എല്ലാ ഗ്രന്ഥങ്ങളെയും വേണ്ട വിധം പഠിച്ച് അർത്ഥം അറിഞ്ഞാൽ മാത്രമേ ദൈവജ്ഞത്വം ലഭിക്കുകയുള്ളു.
"ചതുർണ്ണാം ച മാസാനാം സൗര സാവന നാക്ഷത്ര ചന്ദ്രാണാം അധിമാസകാവമ സംഭവസ്യ ച കാരണാഭിജ്ഞ: "സൗരം, സാവനം ,നക്ഷത്രം, ചന്ദ്രം എന്നീ നാലു മാസങ്ങളും ഇതുകൾ സംഭവിക്കാനുള്ള കാരണങ്ങളും ദൈവജ്ഞൻ അറിഞ്ഞിരിക്കേണ്ടതാണ്.
ദശഭേദം ഗ്രഹഗണിതം എന്നിത്യാദി ശ്ലോകം മറ്റേതോ ഗ്രന്ഥത്തില്‍ നിന്നും പ്രശ്നമാര്‍ഗകാരന്‍ ഉദ്ധരിക്കുന്നതാണ്. ഏതാണ് ഈ ഗ്രന്ഥം?
പത്തുവിധം ഗ്രഹഗണിതം എന്നതുകൊണ്ട് ഏതേതെല്ലാം ക്രിയകളാണ് സൂചിപതമായിരിക്കുന്നത്? ദശഭേദം ഗ്രഹഗണിതം എന്നതുകൊണ്ട് ഏതേതെല്ലാം ഗണിതക്രിയകളാണ് സൂചിതമായിരിക്കുന്നതെന്ന് 19-ആം ശ്ലോകത്തില്‍ ആചാര്യന്‍ തന്നെ പറയും എന്നതുകൊണ്ട് അത് ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ല.
പ്രജ്ഞൈസ്തഥാോചോക്തം (പ്രാജ്ഞന്മാര്‍ അപ്രകാരം പറയുന്നുമുണ്ട്) എന്നു പറയുന്നതിലൂടെ പ്രശ്നമാര്‍ഗകര്‍ത്താവ് വിശേഷ ബഹുമാനത്തോടെ കാണുന്ന ഏതോ പ്രാചീനാചാര്യന്റെ ശ്ലോകമാണ് ദശഭേദം എന്നത്യാദി ശ്ലോകം എന്നു മനസ്സിലാക്കാം.
ഗണിതം സൂക്ഷ്മമായി ചെയ്തും ജാതകം നന്നായി പഠിച്ചറിഞ്ഞും പറയുന്ന ഫലം തെറ്റില്ല എന്നതില്‍ നിന്നും അനുക്തസിദ്ധമായി (പറയപ്പെടാതെ തന്നെ) കിട്ടുന്ന മറ്റൊന്നു കൂടിയുണ്ട്. ഗണിതവും ഫലപ്രവചനരീതിയും പഠിക്കാതെ പറയുന്നത് തെറ്റും. അതായത് ഗണിതം തെറ്റിയാലും, ജാതകം വേണ്ടവിധം നോക്കി പ്രാചീനഗ്രന്ഥാനുസാരിയായി ഫലചിന്ത ചെയ്തും ശാസ്ത്രോക്തമായരീതിയില്‍ ഫലം പറയാന്‍ അറിയില്ലായെങ്കില്‍ അത്തരം ജ്യോതിഷികള്‍ പറയുന്ന വാക്കുകള്‍ തെറ്റിപ്പോകും, വെറും വാക്കായിപ്പോകും. തീര്‍ച്ച! അതായത് നാട്ടിലെ ജ്യോതിഷികളില്‍ ഒരുപാടുപേര്‍ പാഴാണ്, ഗണിതവും ഫലപ്രവചനരീതിയും നന്നായി അറിയാത്തവരാണ്, അതുകൊണ്ടുതന്നെ എല്ലാ ജ്യോതിഷികളും പറയുന്നത് 100% ശരിയാവും എന്ന് വിശ്വാസം വേണ്ട. ജ്യോതിഷികള്‍ പറയുന്നതെല്ലാം സാധാരണക്കാര്‍ തൊണ്ടതൊടാതെ വിഴുങ്ങരുത്, എന്നൊരു മുന്നറിയിപ്പും ഇതില്‍ അടങ്ങിയിട്ടുണ്ടെന്നു കരുതാം. ഗണിതവും ഫലപ്രവചനസമ്പ്രദായവും ജ്യോതിഷി നന്നായി അഭ്യസിക്കണം. ഇവ രണ്ടും നന്നായി അറിയാവുന്ന ത്രിസ്കന്ധജ്ഞനായ (ജ്യോതിഷത്തിന്റെ മൂന്നു സ്കന്ധങ്ങളിലും അവഗാഹമുള്ള) ജ്യോതിഷിയെയാണ് കാണേണ്ടത് (ത്രിസ്കന്ധജ്ഞോ ദര്‍ശനീയഃ), മുന്‍കാല ഫലപ്രവചനങ്ങളിലൂടെ മിക്കപ്പോഴും ശരിയായി ഫലം പറയാന്‍ കഴിവുള്ളയാളാണ് എന്നു തെളിയിച്ചിട്ടുള്ള ജ്യോതിഷിയേയാണ് കാണേണ്ടത്. ഇത്തരത്തിലുള്ള ആധികാരികത ഫലപ്രവചനത്തില്‍ കൈവരിക്കാനാണ് ജ്യോതിഷി ശ്രമിക്കേണ്ടത്. ജ്യോതിഷത്തില്‍ അന്തര്‍ഗതമായ അപൂര്‍ണത കൂടി പരിഗണിക്കുമ്പോള്‍ ഇതിന് അത്യദ്ധ്വാനവും ഉപാസനയും കൂടി വേണം.
സത്യബോധകമായി ഫലം പറയാന്‍ സാധിക്കുക എന്നതാണല്ലോ ജ്യോതിഷത്തിന്റെ (ജ്യോതിഷപഠനത്തിന്റെ) ഉദ്ദേശം തന്നെ. മറ്റൊരു ഹോരയെന്നോണം കേരളത്തില്‍ ബഹുമാനിക്കപ്പെടുന്ന കൃഷ്ണീയം എന്ന ഉത്തമഗ്രന്ഥത്തിന്റെ രചയിതാവായ കൃഷ്ണാചാര്യനും പറയുന്നു-
ജ്യോതിഷഃ ഫലമാദേശഃ ഫലാര്‍ത്ഥമാരംഭണം ഭവതി ലോകേ
തസ്മാദ്യത്നകരോഹ്യാദേശഃ ജ്യോതിഷജ്ഞേന.
(കൃഷ്ണീയം)
ജ്യോതിഷം ഫലപ്രവചനത്തിനുവേണ്ടിയുള്ള ശാസ്ത്രമാണ്, അതിനാല്‍ ജ്യോതിഷി (സത്യബോധകമായി) ഫലം പറയാന്‍ പരിശ്രമിക്കണം. ഫലമില്ലാത്ത (പ്രയോജനമില്ലാത്ത) കാര്യത്തിനായി ആരും പ്രയത്നിക്കുകയില്ല. - എന്ന്.
ജ്യോതിഷി സത്യബോധകമായി ഫലം പറയാന്‍ പരിശ്രമിക്കണം, പഠിക്കണം, പറയണം എന്നത് വാസ്തവം. അതിന് അവശ്യം വേണ്ട കാര്യങ്ങളാണ് പ്രശ്നമാര്‍ഗകാരന്‍ ഇവിടെ പറഞ്ഞത് - തെറ്റില്ലാതെ ജ്യോതിഷഗണിതം (പ്രത്യേകിച്ചും ഗ്രഹഗണിതം) ചെയ്യാനറിയണം എന്നും, അതിനുശേഷം ജാതകം വേണ്ടവിധം കൂലംകഷമായി നോക്കിയിട്ടും ചിന്തിച്ചിട്ടും വേണം ഫലം പറയാന്‍ എന്നും. ഈ ഉപദേശം സര്‍വ്വധാ അഭിനന്ദനീയവും സ്വീകാര്യവും ആണ്.
ഭാഷാവിവര്‍ത്തനങ്ങള്‍
ജ്യോതിശ്ശാസ്ത്ര വിദഗ്ദ്ധൻ ഗണിത വിദഗ്ദ്ധ സദ്വൃത്തവാനും സത്യവചസ്സ്
വിനയീവേദാദ്ധ്യായിയും ഗ്രഹപൂജാസമർദ്ധനുമാം ദൈവജ്ഞൻ
ഇങ്ങനെയാം ദൈവജ്ഞൻ പറയുംശുഭാശുഭംഫലങ്ങളൊന്നും
പ്രഷ്ടാവിനുമിഥ്യയതായ്ത്തീരില്ലെന്നും പ്രാജ്ഞർ പറയുന്നു
പത്തുവിധം ഗ്രഹഗണിതവും ജാതകോംനന്നായ്നോക്കിപറയുവതാർ
അവൻചൊല്ലുംശുഭാശുഭമോ വാക്കോ ഒന്നും പിഴച്ചു പോവില്ലാ
- വിഷ്ണുനമ്പൂതിരി
ജ്യോതിഷേ വിദഗ്ദ്ധനും ഗണിതത്തില്‍ സമര്‍ത്ഥനും
പൂജ്യനും വിനയിയും സത്യം താന്‍ കഥിപ്പവന്‍
വേദത്തെ പഠിച്ചവന്‍ ഗ്രഹങ്ങളെ പൂജിപ്പവന്‍
ദൈവത്തെ ഭജിപ്പവന്‍ തന്നെയീ ദൈവജ്ഞനും
- ചന്ദ്രകുമാര്‍ മുല്ലച്ചേരി
(ഇവിടെ ചന്ദ്രകുമാര്‍ മുല്ലച്ചേരി 16-17 ശ്ലോകങ്ങളുടെ വിവര്‍ത്തനം നല്‍കിയതായി കാണുന്നില്ല.)
ജ്യോതിശാസ്ത്രവിദഗ്ദ്ധനും ഗണിതപടുവതും സദ്വൃത്തനും സത്യവാക്കും
വിനയി-വേദാദ്ധ്യായിയും ഗ്രഹയജനവിദഗ്ദ്ധനുമാം നല്ല ദൈവജ്ഞവര്യന്‍.
ദൈവജ്ഞനീവിധമുള്ളോന്‍ പറയും പ്രഷ്ടാവിന്റെ ശുഭാശുഭം തെറ്റില്ല-
യൊന്നുമേ തീര്‍ച്ച എല്ലാം സത്യമതായിടും, പ്രാജ്ഞര്‍ ചൊല്ലുമിതേവിധം
ദശവിധഗ്രഹഗണിതവും ചെയ്ത് ജാതകം തീര്‍ത്തും നോക്കും, ജ്യോതിഷി-
പറയും ശുഭാശുഭമെല്ലാമേ സത്യമായ് ഭവിച്ചിടും, ഒട്ടുമേ പഴുതായ് വരാ...
- ശ്രീനാഥ് ഒജി
You are not authorised to post comments.