ദ്രേക്കാണവും കാംബോജവും
- Details
- Created: Friday, 07 April 2017 11:55
- Last Updated: Friday, 07 April 2017 12:01
- Hits: 782
ലേഖകന്‍ - ശ്രീനാഥ് ഒജി
ദശം = പത്ത്. ദശാന്തം = 10 ഡിഗ്രി. (ദശാംശം എന്നതിനും സമാനാര്‍ത്ഥമാകാം). ഡക്കാണ്‍, ഡെക്കാന്റെ എന്നെല്ലാമാണ് രാശിയുടെ 10 ഡിഗ്രി വരുന്ന ഭാഗത്തിന് ഗ്രീക്കുഭാഷയിലും ഇംഗ്ലീഷിലും പേര്. ദശാന്തം, ത്രിഭാഗം എന്ന വാക്കുകളേക്കാള്‍ ദ്രേഷ്ക്കാണം, ദ്രേക്കാണം എന്നീ വാക്കുകളിലാണ് ഭാരതീയ ജ്യോതിഷത്തില്‍ രാശിയുടെ മൂന്നിലൊന്നായ, 10 ഡിഗ്രിവരുന്ന ഭാഗം അറിയപ്പെട്ടത്. അസീറിയയില്‍ നിന്നാണ് തങ്ങള്‍ക്ക് ജ്യോതിഷവിജ്ഞാനം ലഭിച്ചതെന്ന് ഗ്രീക്കുകാര്‍ പറയുന്നു. മൊസപ്പൊട്ടോമിയയില്‍നിന്നും (ഇറാക്ക്), അസീറിയയില്‍നിന്നും (ഇറാന്‍) ബിസി 500-നേക്കാള്‍ പഴയകാലത്തെ രാശിദ്രേക്കാണാദി പരാമര്‍ശങ്ങളോ ഗണിതങ്ങളോ ജാതകങ്ങളോ കിട്ടാനില്ല. ഭാരതത്തിലെ ജ്യോതിഷത്തിന് ബിസി 1400-ലെ വേദാംഗജ്യോതിഷം, അഥര്‍വ്വവേദപരിശിഷ്ടം, അഥര്‍വ്വവേദാംഗജ്യോതിഷം എന്നിവയോളം പഴക്കമുണ്ട്. ചരിത്രപരമായ ചോദ്യം ഇതൊന്നുമല്ല. ഗ്രീസില്‍ നിന്നല്ല ഭാരതത്തിലേയ്ക്ക് ദശാന്തം എന്ന സംസ്കൃത തത്ഭവമാകാനിടയുള്ള ദ്രേഷ്ക്കാണം എന്ന വാക്കു വന്നതെങ്കില്‍, ദ്രേഷ്ക്കാണം എന്ന വാക്ക് സംസ്കൃതം അല്ലായെങ്കില്‍ ഏതു ഭാഷയില്‍ നിന്ന്, ഏതു സംസ്കാരത്തില്‍ നിന്ന്, ഏതു നാട്ടില്‍ നിന്നാണ് ഭാരതത്തിലേക്കും ഗ്രീസിലേക്കും മെസപ്പൊട്ടോമിയയിലേക്കും ജ്യോതിഷം വന്നത്? ഏറ്റവും നീളം കൂടിയ പകലും ഏറ്റവും നീളം കുറഞ്ഞ പകലും തമ്മിലുള്ള അംശബന്ധമായി 3:2 എന്നത് ബിസി 1400-ലെ ഭാരതീയഗ്രന്ഥമായ ഋഗ് വേദാംഗജ്യോതിഷവും, ബിസി 1000-ലെ മെസപ്പൊട്ടേമിയന്‍ ഗ്രന്ഥമായ മൂലാപ്പിനും പറയുന്നുണ്ടെങ്കില്‍, ഇത് സത്യമായി വരിക, അപ്പര്‍ കാശ്മീരും, അഫ്ഘാനിസ്ഥാനും, തജാക്കിസ്ഥാന്റെ കീഴ്ഭാഗവും, ടെഹ്റാന്‍ ഉള്‍പ്പെടുന്ന അപ്പര്‍ ഇറാനും, അപ്പര്‍ ഇറാക്കും വരുന്ന പ്രദേശത്തിനാണെങ്കില്‍ ഈ മേഖലയിലെ ഏതു സംസ്കാരമാണ് സംസ്കൃതസാമ്യമുള്ള ഒരു ഇന്‍ഡോ യൂറോപ്യന്‍ ഭാഷ ഉപയോഗിക്കുകയും, ജ്യോതിഷം ഉപയോഗിക്കുകയും ചെയ്തിരുന്നത്‍? ചരിത്രം ഇക്കാര്യത്തില്‍ വേണ്ടത്ര വെളിച്ചം വീശുന്നില്ല.BMAC കള്‍ച്ഛറാണോ, കാംബോജ സംസ്കാരമാണോ, ഹിറ്റെറ്റ് സംസ്കാരമാണോ അതോ ഇനിയും അറിയപ്പെടാത്ത മറ്റേതെങ്കിലും സംസ്കാരങ്ങളാണോ ഈ വിജ്ഞാനത്തിന്റെ ഉപജ്ഞാതാക്കള്‍? എന്താണ് നിങ്ങള്‍ക്കേവര്‍ക്കും ഇതേക്കുറിച്ച് പറയാനുള്ളത്?
The ancient indian text Rig Vedanga Jyotisha and ancient Sumerian text (ancient Iraq) Mul.Apin both says that the difference between longest and shortest day is 2:3. This is a fact true only for the Latitude 35 deg. Since Rig Vedanga Jyotisha (BC 1400) and Mul.Apin (BC 1000?) are two very ancient astrology texts, it points to the fact that astrology probably originated around 35 deg latitude.
തുടര്‍ചര്‍ച്ച
ഉണ്ണിക്കൃഷ്ണപിഷാരോടി:
ഇന്നു നാം പഠിക്കുന്ന ഭാരതചരിത്രം ചില പ്രത്യേകതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി, ഭാരതത്തെയോ സംസ്കൃതം പോലുമോ അറിയാത്ത ചിലര്‍ വളച്ചൊടിച്ച് വികൃതമാക്കിയുണ്ടാക്കിയതാണ്. അതു തിരിച്ചറിഞ്ഞു യഥാര്‍ത്ഥ ചരിത്രം പുറത്ത് കൊണ്ടുവന്നാല്‍ നമ്മുടേതല്ലെന്നു കരുതുന്ന പല ഭൂഭാഗങ്ങളും ഭാരതത്തിന്റെ ഭാഗമായിരുന്നുവെന്നു കാണാം. വേദസംസ്കാരമായിരുന്നു ഇവിടങ്ങളിലെല്ലാമെന്നു കാണാം. "യദിഹാസ്തിതദന്യത്ര യന്നേഹാസ്തി ന കുത്രചില്‍" എന്നതിന്റെ അര്‍ത്ഥവ്യാപ്തിയും മനസ്സിലാകും. ജ്യോതിഷവും അങ്ങിനെതന്നെ. മറ്റെവിടെയോനിന്നു വന്നു എന്നല്ല മറ്റെല്ലായിടത്തേക്കും വ്യാപിച്ചു എന്നതാണ് സത്യം.
ശ്രീനാഥ് ഒജി:
മറ്റെല്ലായിടത്തേക്കും വ്യാപിച്ചതാണെങ്കില്‍, വ്യാപിച്ചശേഷം അത് തിരിച്ചെത്തിയപ്പോള്‍ നമുക്ക് മൂലസംസ്കാരം നഷ്ടപ്പെട്ടിരുന്നു, തീര്‍ച്ച! ദശാന്തം ദ്രേഷ്ക്കാണമായി നാം സ്വീകരിച്ചെങ്കില്‍ അത് (സംസ്കൃതഭാഷക്ക് ച്യുതി സംഭിക്കാതെ നിലനിന്ന കാലഘട്ടത്തില്‍പോലും) മൂലസംസ്കാരത്തിലെ ദശാന്തം എന്ന വാക്ക് നാം മറന്നതുകൊണ്ടാണല്ലോ. അതിനാല്‍ ദ്രേഷ്ക്കാണാദിവാക്കുകള്‍ ഉപയോഗിക്കുന്ന സ്കന്ദഹോരയും അതിന്റെ കാലഘട്ടവും അല്ല, മറിച്ച് ദ്രേക്കാണത്തെ സൂചിപ്പിക്കാന്‍ ദശാന്തം (10 ഡിഗ്രി) എന്ന വാക്കും ത്രിഭാഗം (രാശിയുടെ മൂന്നിലൊന്ന്) എന്ന വാക്കും ഉപയോഗിച്ചിരുന്ന പ്രാചീനസംസ്കാരവും ജനതതിയുമാണ് ജ്യോതിഷത്തിന്റെ ഉത്പത്തിക്കു കാരണം. അവര്‍ നിലനിന്നിരുന്നതും ജ്യോതിഷം ശരിക്കും പുഷ്ക്കലവുമായിരുന്ന കാലഘട്ടം സ്കന്ദഹോരയ്ക്കു പോലും ഓര്‍മ്മയും നിശ്ചയവുമില്ലാത്ത അതിപ്രാചീന കാലഘട്ടത്തിലായിരിക്കണം. ആ ജനതതിയുടെ ആവാസസ്ഥാനം ഇന്നത്തെ ഭാരതമാവാം, അഥവാ ഭാരതബാഹ്യമാവാം. ആ ജനതതിയുടെ സംസ്കാരം വൈദികമാവാം (നിഗമം) അഥവാ താന്ത്രികമാവാം (ആഗമം). ജ്യോതിഷം ആഗമശാസ്ത്രമാണെന്ന് പറയപ്പെടുകയാല്‍ ആ സംസ്കാരം ബിംബാരാധകരായ താന്ത്രികസംസ്കൃതിയുടേതാവാനാണ് കൂടുതല്‍ സാധ്യത. BMAC Cultural Complex-ല്‍ നിലനിന്നിരുന്ന കാംബോജാദി ചില രാജ്യങ്ങളും സംസ്കാരങ്ങളും മാത്രമാണ് ഈ സാധ്യതകള്‍ക്ക് യോജിച്ചതായി എനിക്ക് തോന്നിയിട്ടുള്ളത്. (https://en.wikipedia.org/wiki/Kambojas)
മറ്റൊരു പ്രയോജനപ്രദമായ ലിങ്ക്: http://vediccafe.blogspot.in/2013/07/tajikistan-mahabharata-connection.html
You are not authorised to post comments.