വാസ്തുജാതകവും ഗൃഹജാതകവും ചില ചിന്തകളും

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

ലേഖകന്‍ - ശ്രീനാഥ് ഒജി

വസ്തുവിന്റെ പേരില്‍ നിന്ന് വാസ്തുജാതകം കണ്ടുപിടിക്കുന്നതിനുള്ള മാര്‍ഗ്ഗം പ്രശ്നമാര്‍ഗ്ഗം 16-ആം അധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്. ആകെ ചന്ദ്രന്റെയും വ്യാഴത്തിന്റെയും സ്ഥാനം കണക്കാക്കാനുള്ള മാര്‍ഗ്ഗമേ പറഞ്ഞിട്ടുള്ളു. സൂര്യന്റെയോ ശനിയുടെയോ സ്ഥാനം കണക്കാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പറഞ്ഞിട്ടില്ല. മറ്റു ഗ്രഹങ്ങളുടെ സ്ഥാനവും അറിയില്ല. ഇതിനെ വാസ്തുജാതകം എന്നുതന്നെ വിളിക്കാമോ എന്തോ!

വീടിന്റെ ചുറ്റളവില്‍ നിന്ന് നക്ഷത്രവും തിഥിയും (അതില്‍ നിന്നും ചന്ദ്രന്റെ സ്ഥാനവും സൂര്യന്റെ സ്ഥാനവും ലഭിക്കും) കണക്കാനുള്ള രീതി വാസ്തുഗ്രന്ഥങ്ങളില്‍ പറയപ്പെട്ടിട്ടുണ്ട്. എന്നാല്‍ വ്യാഴത്തിന്റെയോ ശനിയുടെയോ സ്ഥാനം കണക്കാക്കാനുള്ള മാര്‍ഗ്ഗം പറയപ്പെട്ടു കാണുന്നില്ല. മറ്റു ഗ്രഹങ്ങളുടെ സ്ഥാനവും അറിയില്ല. മുമ്പു പറഞ്ഞതിനെ വാസ്തുജാതകം എന്നു വിളിക്കാമെങ്കില്‍, ഇതിനെ ഗൃഹജാതകം എന്നു വിളിക്കാമോ എന്തോ!

വാസ്തുജാതകവും ഗൃഹജാതകവും ഫലപ്രവചനത്തില്‍ എങ്ങനെയാണ് പ്രയോജനപ്പെടുത്തേണ്ടത്? ഭൂമിജാതകവിഷയത്തില്‍ പ്രശ്നമാര്‍ഗം സൂചിപ്പിക്കുന്നതുപോലെ ആ ചന്ദ്രന്റെയും വ്യാഴത്തിന്റെയും സ്ഥാനവുമായി തല്‍ക്കാല ഗോചരവ്യാഴത്തിന്റെ സ്ഥാനം ബന്ധപ്പെടുത്തിയാണോ? അതോ മറ്റു സമ്പ്രദായങ്ങളും ഉണ്ടാവുമോ?

അന്വേഷിപ്പിന്‍ കണ്ടെത്തും എന്നല്ലേ. പവിത്രമായ അറിവുകള്‍ എല്ലാ ദിക്കില്‍ നിന്നും ഉറന്നൊഴുകും (ആനോ ഭദ്ര ക്രതവോയന്തു വിശ്വതഃ - ഋഗ്വേദം). എന്തായാലും ശരി, വാസ്തുശാസ്ത്രം അറിയുന്ന എന്റെ സുഹൃത്തുക്കളോട് ഞാന്‍ അന്വേഷിച്ചിരുന്നു - വാസ്തുജാതകം അഥവാ ഗ്രഹനില ഗണിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഏതെങ്കിലും ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ടോ എന്ന്. പ്രിയപ്പെട്ട ചെറുവള്ളി നാരായണന്‍ നമ്പൂതിരി പറഞ്ഞു - നോക്കിയിട്ട് പറയാം. പിന്നീട് ഇന്ന് അദ്ദേഹം സന്തോഷത്തോടെ എന്നെ വിളിച്ച് പറഞ്ഞു - ശില്പരത്നം സംസ്കൃതഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. എനിക്കും സന്തോഷമായി. :) ശ്രീകുമാര വിരചിതമായ ശില്പരിത്നത്തില്‍ പതിനഞ്ചാം അധ്യായത്തില്‍ വാസ്തുജാതകവും അതുമായി ബന്ധപ്പെട്ട സൂര്യാദിഗ്രഹങ്ങളുടെ സ്ഫുടവും ഗണിക്കാനുള്ള മാര്‍ഗ്ഗം കൊടുത്തിട്ടുണ്ട്. ശ്ലോകമേ കിട്ടിയുള്ളു. കാര്യമായൊന്നും മനസ്സിലായില്ല. അക്ഷരത്തെറ്റുകളും ഉണ്ടെന്നു തോന്നുന്ന. ശ്ലോകം താഴെച്ചേര്‍ക്കുന്നു.

ഗൃഹപരിണാഹേ(അ)ര്‍ക്കഘ്നേ ഭൂതാകാശാംബുരാശിഭിര്‍ വിഭജേത്

നരസ്യര്‍ക്കൈര്‍ഹത്വാ ഹത്വാ രാശിം രവേര്‍ വിധാര്യൈവം

(?)_ശദ്ഭിസ്ത്വഥ ഷഷ്ഠ്യാ ഹത്വാ ഭാഗാഃ കലാദികാഃ കല്‍പ്യാഃ

(?)_താശോര്‍വേദകരൈഃ (വി)നിഹത്യേന്ദ്വഷ്ടഭിഃ സ്ഫുടം കാര്യം.

ഗുണയേദേകാംബുധിഭിഃ ഖാംഗേന്ദുകരൈര്‍ ഹരേത് കുജസ്യ തഥാ

സൌമ്യാദീനാം ഗുണനം നൈവ സ്യാദ്ധാരകാഃ ക്രമാദേതേ.

ഖാകാശംബുധിഭൂതാഃ ശരശൂന്യയുഗാസ്തഥൈവ ഖാശ്വിഭവാഃ

യുഗളമഹീധരരന്ധ്രാഃ ഖഖാംഗകാഃ ശില്‍പശാസ്ത്ര നിര്‍ദ്ദിഷ്ടാഃ.

 

ഏത ഏവ കടപയാദിഭിഃ

രമ്യോ(അ)ര്‍ക്കസ്യ ഗുണഃ സ്യാന്മുനിഭഗ്നോ ഹാരകോ ജ്ഞേയഃ

വാരശ്ചന്ദ്രസ്യ ഗുണോ ഭവതി വിഭാജകോ ഭവേത് പാദഃ.

കസ്ത്വം ഗുണകാരകഃ സ്യാന്നിചപരോ ഭൂമിജേ ഹാരഃ

സോമസുതാദീനാം കോ ഗുണകാരോ ഭവതി സര്‍വ്വേഷാം.

സൌമ്യേ നാനാവാണി ഹാരോ ജീവസ്യ മാനാഭഃ

ആത്രേയോച്ചസ്യ തഥാ ഭവതി ശനൈശ്ചരസ്യ രസാളഃ

രാഹോരാനര്‍തഃ സ്യാദാനീതവ്യാ ഗ്രഹാ ഏവം

വിസ്താരായതമാനൈരിതീരിതം ശില്‍പശാസ്ത്രജ്ഞൈഃ.

(ശില്‍പരത്നം)

ഏതോ സംഖ്യകള്‍കൊണ്ട് ഗുണിക്കണമെന്നും, മറ്റേതോ സംഖ്യകള്‍കൊണ്ട് ഭാഗിക്കണമെന്നും മറ്റും. എന്താണ് ഈ സംഖ്യകളുടെ പ്രാധാന്യം?!

ഭൂമിയുടെ പേരിന്റെ ആദ്യാക്ഷരം വെച്ച് ഭൂമി ചിന്തയിൽ ലഗ്നം കണ്ടു പിടിക്കാൻ പ്രശ്നമാർഗ്ഗത്തിലെ 'അകലാ യദി നാമാ ദൌ:.. എന്ന പ്രമാണം സ്വീകരിക്കാം. പക്ഷെ ഋ-ശ-ഷ-സ-ഹ ആ പട്ടികയില്‍ ഇല്ലല്ലോ അതിനെന്തു ചെയ്യും? ന-ല-വ-ഴ-ള-ഴ-റ എന്നിവ രണ്ടുരാശികള്‍ക്കും, ന മൂന്നു രാശികള്‍ക്കും പറയപ്പെട്ടിട്ടുമുണ്ട്. അതിനെന്തു ചെയ്യും?

വാല്‍ക്കഷണം: ഈശ്വരാനുഗ്രഹമാവാം ഇതില്‍ ഒട്ടുമിക്ക സംശയങ്ങളും പിന്നീട് പരിഹരിക്കപ്പെട്ടു. നന്ദി.

You are not authorised to post comments.

Comments powered by CComment