ആദ്ധ്യാത്മികചക്രവാളത്തിലെ കെട്ടുകഥകള്‍
- Details
- Created: Wednesday, 19 April 2017 02:24
- Last Updated: Wednesday, 19 April 2017 02:26
- Hits: 811
ലേഖകന്‍ - ഹരികുമാര്‍ നായര്‍
പാരമ്പര്യമെന്ന പേരിൽ പ്രചരിപ്പിച്ചു വരുന്ന സിദ്ധകഥകൾ പലതിന്റെയും പൊള്ളത്തരം വ്യക്തമാക്കുന്നത് പലർക്കും അരോചകമായി തോന്നാം. ചിന്തയുടെ ജാഢ്യമാണ് അവിദ്യയുടെ, മൂധേവിയുടെ മുഖലക്ഷണം. ഒരു ദൃഷ്ടാന്തം നമുക്ക് പരിഗണിക്കാം. നമ്മുടെ നാട്ടിലെ പല ആദ്ധ്യാത്മിക പ്രഭുക്കളും സത്യസായിബാബായുടെ അത്ഭുതസിദ്ധികളുടെ ആരാധകരാണ്. ശൂന്യതയിൽ നിന്നും എന്തൊക്കെയോ അദ്ദേഹം സൃഷ്ടിച്ചിരുന്നതായാണ് പലരുടെയും വാദം. ഭസ്മവും വാച്ചുകളും സ്ഫടികശിവലിംഗങ്ങളും ... കഥകളൊന്നും തിരയാൻ സമയമില്ല. പക്ഷെ ഇങ്ങനെയുള്ള സിദ്ധന്മാരാരും തന്നെ ആധുനിക ഉപകരണങ്ങൾ ഫാക്ടറികളിൽ നിർമ്മിക്കുന്നതിന് മുമ്പ് അവ സൃഷ്ടിച്ചതായി കേട്ടുകേൾവി പോലുമില്ല. ആദ്യത്തെ വാച്ചോ അങ്ങനെയുള്ള ഏതെങ്കിലും ഉപകരണങ്ങളോ ആദ്യമായി സൃഷ്ടിച്ച സിദ്ധന്മാരെപ്പറ്റി ആർക്കെങ്കിലും കേട്ടറിവുണ്ടോ?
ഭൂമി കറങ്ങുന്നതായി ആദ്യം കണ്ടുപിടിച്ചതും ടി കണ്ടുപിടിത്തത്തെ ശാസ്ത്രമാക്കിയതും സിദ്ധന്മാരല്ല. ആര്യഭടന് ശേഷം വന്ന ദൃഗ്ഗണിതപരമേശ്വരൻ പോലും ഭൂമി കറങ്ങുന്നതായി വിശ്വസിക്കാൻ വിസമ്മതിച്ചു. ഇങ്ങനെയൊരു ദുരവസ്ഥക്ക് കാരണമെന്ത്? 500-800 വർഷങ്ങളിൽ കുട്ടിദൈവങ്ങൾ ആരും ജനിച്ചില്ലേ? കുട്ടി ദൈവങ്ങൾ ആരും തന്നെ എന്തുകൊണ്ട് അക്കാലത്ത് മാന്ത്രികവിദ്യകൾ - വാച്ചും ഭസ്മവും ലിംഗവുമൊക്കെ ശൂന്യതയിൽ നിന്നും എടുക്കുന്നതു പോലെ – ഒന്നും കാട്ടിയില്ല?
ഉത്തരം കിട്ടാത്ത പ്രശ്നമാണ്. സാക്ഷാൽ സുദർശനചക്രധാരിയായ ഭഗവാൻ ശ്രീകൃഷ്ണൻ പോലും ശൂന്യതയിൽ നിന്ന് ഒരു ഘടികാരം എടുത്ത് അർജ്ജുനന് നൽകിയതായി മഹാഭാരതത്തിൽ പറയപ്പെടുന്നില്ല.
ബാക്കി ചിന്തകൾ കെട്ടുകഥകളുടെ ഭാണ്ഡം പേറുന്നവർക്കായി വിടുന്നു. ശൂന്യതയിൽ നിന്നും ബുദ്ധിപരമായ ചിന്തകൾ ഉത്ഭവിക്കുമ്പോളാണ് ശ്രീദേവിയുടെ അനുഗ്രഹം...
Date - 18-04-17 20.52
You are not authorised to post comments.