ശിവവാക്യരുടെ പാടലുകള്‍

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

ലേഖകന്‍ - ശ്രീനാഥ് ഒജി

പത്താം നൂറ്റാണ്ടിനുമുമ്പ് തമിഴുനാട്ടില്‍ ജീവിച്ചിരുന്ന ഒരു കവിയും ശിവഭക്തനുമാണ് ശിവവാക്യര്‍. നാഡിപരീക്ഷ, ശിവവാക്യം 1000 എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. അദ്ദേഹത്തിന്റെ ചില പാടലുകളാണ് താഴെച്ചേര്‍ക്കുന്നത്.

കോയിലാവതേതടാ കുളങ്കളാവതേതടാ
കോയിലും കുളങ്കളും കുമ്പിടും കുലാവരെ
കോയിലും മനത്തുളേ കുളങ്കളും മനത്തുളേ
ആവതും അഴിവതും ഇല്ല ഇല്ല ഇല്ലയേ......

കോവിലിലും പുണ്യതീര്‍ത്ഥങ്ങളിലും കുമ്പിടുന്നവരേ, കോവിലും കുളങ്ങളും ഏതാണ്? കോവിലും കുളങ്ങളും മനസ്സിനുള്ളിലാണ്. ഈ പ്രപഞ്ചം ഉണ്ടായിയെന്നും നശിക്കുമെന്നും മറ്റും കരുതുന്നത് ഇല്ലാത്തതാണ്, മായയാണ് (സൃഷ്ടി ശാശ്വതമാണ്.)

ഓതുകിൻട്ര വേദം എച്ചിൽ ഉള്ള മന്തിരങ്കൾ എച്ചിൽ
പോതകൻങ്കളാന എച്ചിൽ ഭൂതലം ഏഴുമെച്ചിൽ
മാതിരുൻത വിന്ദുവെച്ചിൽ മതിയും എച്ചിൽ ഒളിയും എച്ചിൽ
ഏതിലെച്ചിൽ ഇല്ലതിലൈ ഇല്ലൈ ഇല്ലൈ ഇല്ലയേ..

ശരീരത്തില്‍ നിന്നും പുറത്തു പോകുന്നത് (വിസര്‍ജ്യങ്ങള്‍) എല്ലാം എച്ചിലാണെങ്കിൽ (അശുദ്ധിയാണെങ്കില്‍), ഓതുന്ന (വായില്‍ നിന്നും പുറത്തുപോകുന്ന) വേദം എച്ചിലാണ്, ഉച്ചരിക്കുന്ന (വായില്‍ നിന്നും പുറത്തുപോകുന്ന) മന്ത്രങ്ങൾ എച്ചിലാകും, ഭൂതലത്തില്‍ ഉള്ളതെല്ലാം എച്ചിലാണ്, ഭൂതലം ഏഴും എച്ചിലാണ്. ശുക്ലത്താൽ പുറത്തുവന്ന നമ്മൾ എല്ലാം എച്ചിലാണ്, ബുദ്ധിയും ഒളിയും (പ്രകാശം, ഉള്ളിൽ തെളിയുന്ന ജ്യോതി, ആത്മാവ് എല്ലാം) എച്ചിലാണ്, അങ്ങനെയെങ്കിൽ എച്ചിലില്ലാത്തത് ഏതാണ്? (ഈ പ്രപഞ്ചത്തില്‍ എച്ചിലല്ലാത്തതായി, അശുദ്ധമല്ലാത്തതായി ഒന്നുമില്ല. അതിനാല്‍ അശുദ്ധിയെന്ന സങ്കല്‍പമേ തെറ്റാണ്.)

നട്ടകല്ലു ദൈവമെൻ‍ട്ര് മൂന്നു പുഷ്പം ചാർത്തുകിൽ
സുറ്റി വന്ത് മുനുമുനുത്തു സൊല്ലും മന്ത്രമേതടാ
നട്ടകല്ല് പേശുമോ നാഥനുള്ളിരിക്കയിൽ
ചുട്ടചട്ടി ചട്ടുവം കറിചുവയ് അറിയുമാ...

കല്ല് നാട്ടി വെച്ച് ദൈവമെന്ന് പറഞ്ഞ് മൂന്നു പുഷ്പം ചാർത്തി, ചുറ്റിവന്നു മുനുമുനുങ്ങനെ ചൊല്ലുന്ന മന്ത്രം ഏതെടാ? നാട്ടിവെച്ച കല്ല് എന്നെങ്കിലും സംസാരിക്കുമോ? നിന്നോട് സംസാരിക്കേണ്ട നാഥൻ നിന്റെ ഉള്ളിലല്ലേ ഇരിക്കുന്നത്? കറിവയ്ക്കാൻ ഉപയോഗിച്ച പാത്രത്തിനു കറിയുടെ രുചി അറിയാൻ കഴിയുമോ? (അതിനാല്‍ ദൈവത്തെ ഉള്ളില്‍ അന്വേഷിക്കുക, പുറത്തല്ല വേണ്ടത്!)

You are not authorised to post comments.

Comments powered by CComment