പഞ്ചയജ്ഞം - ഒരു ചിന്ത
- Details
- Created: Monday, 08 May 2017 01:43
- Last Updated: Monday, 08 May 2017 01:45
- Hits: 1105
ലേഖകന്‍: ശ്രീനാഥ് ഒജി
ആദിത്യമംബികാം വിഷ്ണും ഗണനാഥം മഹേശ്വരം
പഞ്ചയജ്ഞപരോനിത്യം ഗൃഹസ്ഥഃ പഞ്ച പൂജയേത്
ആദിത്യന്‍ (സൂര്യന്‍), അംബിക (ദേവി),വിഷ്ണു, ഗണനാഥന്‍ (ഗണപതി), മഹേശ്വരന്‍ (ശിവന്‍) എന്നിവ അഞ്ചുപേരെയും ഗൃഗനാഥന്‍ (വീട്ടില്‍വെച്ച്) പൂജിക്കണം. ഇത് (വൈദികമായ) അഞ്ച് മഹായജ്ഞങ്ങള്‍ക്ക് തുല്യമാണ്.
സഗുണോപാസനയിലേയ്ക്കു തിരിഞ്ഞ വൈദികരാണ് ഇങ്ങനെ ഉപദേശിച്ചത് എന്ന സൂചന മേല്‍ക്കാണിച്ച ശ്ലോകത്തില്‍തന്നെയുണ്ട്. എന്തുകൊണ്ട് ഇവര്‍ അഞ്ചുപേര്‍?
ആദിത്യന്‍ (സൂര്യന്‍) - ഇത് വൈദികമായ സൂര്യോപാസനയുടെ ബാക്കിപത്രമാണ്.
അംബിക (ദേവി) - മാതൃദൈവപരമായ, ദേവിപൂജാപരമായ ഒരു പ്രാചീന പാരമ്പര്യം ഭാരതത്തില്‍ വൈദികാലംതൊട്ടേ ശക്തമായി നിലവിലുണ്ടായിരുന്നിരിക്കണം.
വിഷ്ണു - വിഷ്ണു ത്രിമൂര്‍ത്തികളിലൊരാളാണ്. സ്ഥിതിസംരക്ഷകനാണ്. ഗൃഹസ്ഥനാണ്. ബുദ്ധനെയും ജിനനെയും സ്വാംശീകരിക്കാനായി അവരെപ്പോലും വൈഷ്ണവ അവതാരങ്ങളായാണ് അവതരിപ്പിച്ചത്. രാമോപനിഷത്തിലാണ് സഗുണോപാസന നിര്‍ദ്ദേശിക്കപ്പെട്ടത്. രാമായണവും ഉപയോഗിക്കപ്പെട്ടിരിക്കാം. എന്നിങ്ങനെ വൈഷ്ണവവാദം ഹിന്ദുക്കളുടെ പ്രതികരണമാണ്. വൈദികരെല്ലാം പില്‍ക്കാലത്ത് ഏറെക്കുറെ വൈഷ്ണവരായിത്തീര്‍ന്നു എന്നു പറഞ്ഞാല്‍ തെറ്റാവില്ല. വൈദികത്തിന്റെ, ആര്യശ്രേഷ്ഠതാവാദത്തിന്റെ, ബ്രാഹ്മണിസത്തിന്റെ ജാതിവര്‍ണവാദത്തിന്റെ, ആചാരബാഹുല്യത്തിന്റെ, ദേവയാനചിന്തയുടെ തുടര്‍ച്ച തന്നെയാണ് വൈഷ്ണവിസം. അങ്ങനെ ആര്യന്‍ വിഷ്ണുവിനെ ഏറ്റെടുത്തു.
ഗണേശം (ഗണപതി) - ഗണപതി എങ്ങനെയാണ് ഈ ലിസ്റ്റിലേക്കു വന്നത്?! യാജ്ഞവല്‍ക്യസ്മൃതി തുടങ്ങിയവയില്‍ കുട്ടിച്ചാത്തന്‍ സ്റ്റൈല്‍ ക്ഷുദ്രദേവതയായി വര്‍ണിക്കപ്പെടുന്ന വിനായകനാണ്, വിഘ്നേശനാണ്, തടസ്സമുണ്ടാക്കുന്ന ദേവതയാണ് പില്‍ക്കാലത്ത് ഗണേശനായി, ഗണനായകനായി, വിഘ്നഹന്താവായി വാഴ്ത്തപ്പെടുന്നത്! ഇതെന്തേ ഇങ്ങനെ വന്നു ഭവിക്കാന്‍? ക്ഷുദ്രദേവതോപാസനയെയെല്ലാം ഗണപത്യുപാസനകൊണ്ടി റിപ്ലേസ് ചെയ്തതാവുമോ? ബ്രഹ്മാവിന്റെ ഉപാസനയല്ലേ വേണ്ടിയിരുന്നത്? ഏറ്റെടുക്കാന്‍ ഒരു ഗ്രൂപ്പില്ലാത്തതുകൊണ്ടാവാം, അഥവാ പിതൃദൈവസങ്കല്‍പം വിഷ്ണുവും ശിവനും പങ്കുവെച്ചെടുത്തതുകൊണ്ടാവാം, അഥവാ മകളായ സരസ്വതിയെ കല്യാണം കഴിച്ചെന്ന അപവാദം കേട്ടതുകൊണ്ടാവാം, ത്രിമൂര്‍ത്തികളിലൊന്നും, സൃഷ്ടികര്‍ത്താവും പിതൃദൈവവുമായ ബ്രഹ്മാവ് അവഗണിക്കപ്പെട്ടു.
മഹേശ്വരന്‍ (ശിവന്‍) - ശിവന്‍ ത്രിമൂര്‍ത്തികളിലൊരാളാണ്. സംഹാരകനാണ്. പ്രാചീന അഥര്‍വ്വ രുദ്ര ഉപാസനാമാര്‍ഗത്തിന്റെ ബാക്കിപത്രമാണ്. ആഗമ (തന്ത്ര-ബൌദ്ധ-ജൈന) പഥികനാണ്. സര്‍വസംഗപരിത്യാഗിയും ശ്മശാനവാസിയും ഭിക്ഷാടകനുമായ സന്യാസിയാണ്. (ഗൃഹസ്ഥത്വം പിന്നീട് ആരോപിക്കപ്പെട്ടതാവാം). പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ പ്രതികരണത്തിന്റെ, ജാതിവര്‍ണാദിവാദനിഷേധത്തിന്റെ, ദ്രാവിഡവാദത്തിന്റെ, ആചാരനിഷേധത്തിന്റെ, പിതൃയാനത്തിന്റെ തുടര്‍ച്ചയാണ് ശിവന്‍. അങ്ങനെ ദ്രാവിഡന്‍ ശിവനെ ഏറ്റെടുത്തു.
ഇവരുടെയെല്ലാം പൌരോഹിത്യം ഉപജീവനമാക്കാന്‍ ആഗ്രഹിച്ച വൈദികബ്രാഹ്മണന്‍ അങ്ങനെ പഞ്ചയജ്ഞപരനായി! സുരസയുടെ വായെക്കാള്‍ ഹനുമാന്‍ വളരുമ്പോള്‍ അതിലും വലുതായി സുരസ വാപിളര്‍ക്കുന്നു! (എന്റെ ഈ ഉപമയില്‍, ഹരിമര്‍ക്കടം അഥവാ ഹനുമാന്‍, ഉത്തരം പറയാന്‍ പ്രയാസമുള്ള ധാരാളം ചോദ്യങ്ങള്‍ ചോദിക്കുന്ന ടിപ്പിക്കല്‍ ഉപാസകനാണ്, സാധകനാണ്, അന്വേഷകനാണ്. സുരസയാകട്ടെ ഉപാസകര്‍ പൌരോഹിത്യസര്‍വീസ് നല്‍കി ഉപജീവനം കഴിക്കുന്നവരും. വാസ്തവത്തില്‍ ഹനുമാന് സുരസയുടെ മധ്യവര്‍ത്തിത്വത്തിന്റെ ആവശ്യമില്ലെന്നത് ഏവരും മറക്കുന്നു, അഥവാ മറക്കേണ്ടത് വൈദികപൌരോഹിത്യം എന്ന സുരസയുടെ ആവശ്യമാണ്. എന്തുകൊണ്ടെന്നാല്‍ അവരുടെ ഭക്ഷണവും ഉപജിവനവും ഇതിനെ ആശ്രയിച്ചിരിക്കുന്നു! മറ്റൊന്നുള്ളത് സുരസ ദേവനിയുക്തയായി ഹനുമാന്റെ വേഗബലങ്ങളറിഞ്ഞുവരുവതിനായി അയയ്ക്കപ്പെട്ട സാത്വികദേവതയാണ് എന്നതാണ്. സുരസ തന്റെ ജോലിയാണ് ചെയ്യുന്നത്. അതിനാല്‍ ഹനുമാനോ സുരസയോ കുറ്റക്കാരല്ല, അവര്‍ അവരുടെ സ്വാഭാവിക പ്രവര്‍ത്തനത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്!)
You are not authorised to post comments.