(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ ഇതേക്കുറിച്ച് നടന്ന ഒരു ചര്‍ച്ച ക്രോഡീകരിച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ - സുവിന്‍ലാല്‍ സോനു, ശ്രീനാഥ് ഒജി, പ്രസാദ് ഭട്ടതിരിപ്പാട്, ഹരികുമാര്‍ നായര്‍, രതീഷ് എസ്, വിനോദ് വര്‍മ്മ തുടങ്ങിയവര്‍)
ഓങ്കാരം ബിന്ദുസംയുക്തം.....! ഏതാ ബിന്ദു? ആരാ ബിന്ദു?
കാഴ്ചപ്പാട് ഒന്ന്
ഓംങ്കാരം ബിന്ദു സംയുക്താം നിത്യം ഗായന്തി യോഗിനാ കാമദം മോക്ഷദം ചൈവ ഓംങ്കാരായ നമോ നമ: എന്ന് പാഠഭേദമുണ്ട്. ബിന്ദുസംയുക്തമായ ഓങ്കാരം പാടുന്നതെങ്ങനെ?! അക്ഷരങ്ങൾ പോലും ബിന്ദു സംയുക്തമാണല്ലോ? അത് പറയുവാൻ സാധിക്കുന്നില്ലെ? ഓങ്കാരം ബിന്ദുസംയുക്തം നിത്യം ധ്യായന്തി യോഗിന: എന്നാണ് ശരിയായ പാഠം. എന്താണ് ബിന്ദു, ആരാണ് ബിന്ദു? ദേവനാഗരിയില്‍ ഓങ്കാരം എന്ന അക്ഷരം എഴുതുമ്പോള്‍ ഒരു കുത്ത് അഥവാ ബിന്ദു ആ അക്ഷരത്തിനു മുകളില്‍ ഇടാറുണ്ട്. ആ ബിന്ദുവല്ല ഈ ചോദ്യത്തിലെ ബിന്ദു... അവളുടെ വീടും നാടും വേറെയാണെന്നു തോന്നുന്നു. :D
കാഴ്ചപ്പാട് രണ്ട്
ശിവഷഡക്ഷരസ്തോത്രം
ഓങ്കാരം ബിന്ദുസംയുക്തം നിത്യം ധ്യായന്തി യോഗിന:
കാമദം മോക്ഷദം ചൈവ ഓങ്കാരായ നമോ നമ:.
നമന്തി ഋഷയോ ദേവാ നമന്ത്യപ്സരസാം ഗണാ:
നരാ നമന്തി ദേവേശം നകാരായ നമോ നമ:.
മഹാദേവം മഹാത്മാനം മഹാധ്യാനം പരായണം
മഹാപാപഹരം ദേവം മകാരായ നമോ നമ:.
ശിവം ശാന്തം ജഗന്നാഥം ലോകനുഗ്രഹകാരകം
ശിവമേകപദം നിത്യം ശികാരായ നമോ നമ:.
വാഹനം വൃഷഭോ യസ്യ വാസുകി: കണ്ഠഭൂഷണം
വാമേ ശക്തിധരം ദേവം വകാരായ നമോ നമ:.
യത്ര യത്ര സ്ഥിതോ ദേവ: സർവവ്യാപീ മഹേശ്വര:
യോ ഗുരു: സർവദേവാനാം യകാരായ നമോ നമ:.
ഷഡക്ഷരമിദം സ്തോത്രം യ: പഠേച്ഛിവസംനിധൗ
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ.
ഓങ്കാരത്തിന് നമോ നമഃ, നകാരായ നമോ നമഃ, മകാരായ നമോ നമഃ, ശികാരായ നമോ നമഃ, വാകാരായ നമോ നമഃ, യകാരായ നമോ നമഃ. ചുരുക്കത്തില്‍ ഓം നമഃ ശിവായ. എല്ലാറ്റിനും കൂടി നമോ നമഃ
നമഃ ശിവായ വിട്ടാല്‍ ഓങ്കാരമാണ് സ്പെഷല്‍ -
ഓങ്കാരം ബിന്ദുസംയുക്തം നിത്യം ധ്യായന്തി യോഗിന:
കാമദം മോക്ഷദം ചൈവ....................................
ലവനാളുകൊള്ളാലോ.... ബിന്ദുസംയുക്തനായ, യോഗികള്‍ നിത്യം ധ്യാനിക്കുന്ന, കാമദവും മോക്ഷദവുമായ (ഈ രണ്ടു പരിപാടിയും കൂടി ഒരുമിച്ചു പോവുമോ ആവോ!) ഓങ്കാരം! അവനാണ് പ്രമുഖന്‍!
കാഴ്ചപ്പാട് മൂന്ന്
മനസ്സിലാക്കാനും മനസ്സിലാക്കിക്കാനും വിഷമം. ആധുനിക ശാസ്ത്രത്തിനെ അവലം ബിച്ച് പറയുകയാണ് അല്പമെങ്കിലും മനസ്സിലാക്കാൻ എളുപ്പ വഴി. ബിന്ദു സ്ഥല, കാലങ്ങൾക്ക് അതീതം. ശൂന്യമാനം.(Zero Dimension) സ്ഥലകാലങ്ങൾക്കുള്ളിൽ പ്രവർത്തിക്കുന്നതും ഏതെങ്കിലും ഒരുDimension എങ്കിലും ഉള്ളതുമായവയെ മാത്രം അറിയാൻ സഹായിക്കുന്ന ഇന്ദ്രിയങ്ങൾകൊണ്ട് ബിന്ദുവിനെ അറിയുക സാധ്യമല്ലല്ലോ. പിന്നെ അറിയ പ്പെടുന്ന പലതിന്റെയും നിരൂപണത്തിൽ നിന്നും അങ്ങനെയൊരു നിഗമനത്തിലെത്താൻ സാധിക്കുമെന്നേ പറയാൻ കഴിയൂ . സൃഷ്ടിക്കുകാരണം സ്പന്ദനമാണെന്നു് പറയുന്നു. അതായത് ചലനം. സീറോ ഡൈമെൻഷൻ ഉള്ള ബിന്ദുവിന് ചലനമുണ്ടായാൽ അവിടെ ഒരു dimension ഉണ്ടാവുന്നു. സ്ഥലവും കാലവു മുണ്ടാ കുന്നു. ഇപ്പോൾ അത് Single Dimension ഉള്ള ഒന്നാണെന്ന് പറയാം.ഇതിന്റെ ചലനം തീർച്ചയായും അടുത്തDimension ഉണ്ടാക്കി കൊണ്ടായിരിക്കും. ഇങ്ങനെയുള്ള ചലനം അനന്തമായDimensions സൃഷ്ടിച്ചു കെണ്ടിരിക്കും.ചലനം ,സ്ഥലം അലെങ്കിൽ ആകാശത്തെയും ,ചലനത്തിന്റെ അനുഭവം കാലത്തെയും ഉണ്ടാക്കുന്നു. 3 dimension ൽ ജീവിക്കുന്ന നമുക്ക് 4th dimension കാലമാണ്. ഇത് സൃഷ്ടിയുടെ ക്രമം. ഇതിന്റെ വിപരീതമായ ചലനത്തിലൂടെ ചുരുങ്ങി ച്ചുരുങ്ങി അവസാനം ബിന്ദുവിൽത്തന്നെയെത്തുന്നത് സംഹാരം.
എങ്ങനെ വിശദീകരിക്കും എന്നറിയില്ല. എന്നാലും ശ്രമിക്കാം. നമ്മുടെ പ്രപഞ്ചത്തിന് നീളം, വീതി.ഘനം എന്നീ 3 മാനങ്ങൾ ഉണ്ട്. ഇതിൽ ഘനം എന്നതിനെ ചുരുക്കിച്ചുരുക്കി കൊണ്ടു വരിക. അത് അവസാനം ശൂന്യമായാൽ പിന്നെ 2 മാനങ്ങൾ മാത്രം അവശേഷിക്കുന്നു. നീളവും വീതിയും. ഇതിൽ വീതി കുറച്ചു കൊണ്ടു വന്ന് ശൂന്യമാക്കിയാൽ പിന്നെ ഏകമാനമായ നീളം മാത്രം അവശേഷിക്കും. ഒരു രേഖ പോലെ. ഈ രേഖയുടെ മൊത്തത്തിലുള്ള ചലനമാണ് (അത് 90 ഡിഗ്രിയിൽ ആയിരിക്കും.) ദ്വിമാനമായ തലത്തിനെ ഉണ്ടാക്കുന്നത്. ഈതലത്തിന്റെ മൊത്തത്തിലുള്ള ചലനമാണ് ത്രിമാനത്തിനെ ഉണ്ടാക്കുന്നത്. നീളം മാത്രമായ രേഖയെ കുറച്ചു കൊണ്ടു വന്ന് , ശൂന്യമായാൽ പിന്നെ അവശേഷിക്കുന്നതാണ് ബിന്ദു. അത് ശൂന്യമാനം. ഉത്ഭവ സ്ഥാനമാണ് ബിന്ദു. Starting point അത് തികച്ചും ശൂന്യവുമല്ല. ശൂന്യമാനം എന്നേ പറഞ്ഞുള്ളൂ. ശൂന്യതയിൽ നിന്ന് ഒന്നും തുടങ്ങാൻ പറ്റില്ല. ഏതിൽ നിന്ന് ഇതെല്ലാം ഉഭവിക്കുന്നു വോ, ഏതിൽ ഇതെല്ലാം ചെന്നു് ലയിക്കുന്നുവോ, അതാണ് ബിന്ദു എന്നു മാത്രമേ പറയാനാവൂ.
കാഴ്ചപ്പാട് നാല്
മോനേ ഊകാരം ബിന്ദുസംയുക്തമാണ് ഇക്കാലത്ത് കൂടുതൽ നന്നായി മനസ്സിലാകുക!
ऊंकारं എന്നെഴുതിയാല്‍ ഊങ്കാരം എന്നു വായിക്കണോ അതോ ഓങ്കാരം എന്നു വായിക്കണോ? ओंकारं എന്നല്ലേ എഴുതേണ്ടത്? സി-എ-ടി (C-A-T) എന്നെഴുതി ക്യാറ്റ് എന്ന് വായിച്ചിട്ട് പൂച്ച എന്ന് അര്‍ത്ഥം പറയുന്നതുപോലെ, ഊങ്കാരം എന്നെഴുതിയിട്ട് ഓങ്കാരം എന്നു വായിക്കുന്ന സമ്പ്രദായം സംസ്കൃതത്തില്‍ എങ്ങനെയാണ് വന്നുചേര്‍ന്നത്?
കാഴ്ചപ്പാട് അഞ്ച്
ഓം എന്നത് ॐ ഇങ്ങിനെയാണ് എഴുതി കണ്ടിട്ടുള്ളത്. ओम् അല്ല ॐ ... ॐ ആണ് പ്രണവം ...അതുകൊണ്ടാവാം ബിന്ദുസംയുക്തം എന്ന് പറഞ്ഞത്...അതിനായി നമസ്കാരം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്...ആധികാരികമായ അറിവിന്റെ പിന്‍ബലത്തോടെയല്ല എന്ന് കൂടി പറയട്ടെ... ഞാന്‍ എന്നും ജപിക്കാറുള്ളത് ॐ എന്നത് മനസ്സിനും ആധാരമായി മനസ്സിനാലും അറിയാന്‍ കഴിയാത്ത അചലമായ ഒന്നായി ശിവനെയും ബിന്ദു അചലത്തിലെ ആദിചലനമായി അതിനാധാരമായ ചൈതന്യമായി ശിവയെയും സങ്കല്പിച്ചാണ്... ശരിയോ തെറ്റോ എന്നൊന്നും അറിയില്ല എങ്കിലും പങ്കു വയ്ക്കുന്നു എന്ന് മാത്രം
കാഴ്ചപ്പാട് ആറ്
ബിന്ദു = ശുക്ളം.. ബിന്ദു = ശുക്ലം, അണ്ഡം. ബിന്ദു പ്രപഞ്ചോല്‍പത്തി സൂചകമാണ്. ആത്മീയതയില്‍ പ്രപഞ്ചം സംസാരമാണ്. മനസ്സിനുള്ളിലെ ചിന്തകളാണ്. ചിന്തിക്കുമ്പോഴാണ് ചിന്തയോടൊപ്പമാണ് സംസാരം (ലോകം, സംഭാഷണം, കോലാഹരം, അസ്വസ്ഥത) ഉണ്ടാകുന്നത്. സംസാരമടങ്ങിയ, ലോകമില്ലാത്ത, മനസ്സടങ്ങി, ചിന്തകളില്ലാത്ത, കോലാഹലമില്ലാത്ത, നിശ്ശബ്ദമായ, ലയമാര്‍ന്ന, സ്വസ്ഥമായ അവസ്ഥയാണ് ബിന്ദു. അതാണ് എല്ലാറ്റിന്റെയും ഉത്പത്തിസ്ഥാനം. അതുകൊണ്ടത്രേ അതിനെ സൃഷ്ടിസ്ഥാനമെന്നും ശുക്ലാണ്ഡങ്ങളെന്നും മറ്റും വിളിക്കാനാവുന്നത്. മനസ്സെന്ന മഹാവിസ്ഫോടനത്തിനു മുമ്പുള്ള അവസ്ഥയാണ് തുരീയമെന്ന ബിന്ദു. (y) :) <3 ബിന്ദുവാണ് അ-ഉ-മ ആയി സൃഷ്ടി-സ്ഥിതി-സംഹാരങ്ങളായി, ലോകമായി, മനസ്സായി, സംസാരമായി വികസിക്കുന്നത്, വിജൃംഭിക്കുന്നത്.
കാഴ്ചപ്പാട് ഏഴ്
ബിന്ദു ഓങ്കാരത്തിന്റെ ഭാഗമാണെല്ലോ? അപ്പോൾ ബിന്ദുസംയുക്തം എന്നു പറയേണ്ടതിന്റെ ആവശ്യമുണ്ടോ?
കുത്ത് (ബിന്ദു) ऊं എന്ന അക്ഷരത്തിന്‍റെ ഭാഗം തന്നെ. തുരീയം ഓങ്കാരത്തിന്‍റെ ഭാഗം തന്നെയാണോ....? ആണെന്നും അല്ലെന്നും പറഞ്ഞുകൂടേ...? സാധാരണയായി പ്രണവോച്ചാരണം ചെയ്യുന്നവര്‍ ബിന്ദുസംയുക്തമായി അത് ജപിക്കാന്‍ കെല്‍പുള്ളവരല്ല. ഓങ്കാരോപാസനയിലൂടെ ധ്യാനാവസ്ഥ പ്രാപിക്കാത്തവര്‍ക്ക് ഓങ്കാരം ബിന്ദുസംയുക്തമായി ജപിക്കാനാവുമോ? അങ്ങനെയെങ്കില്‍ ഓങ്കാരം ബിന്ദുസംയുക്തം നിത്യം ധ്യായന്തി യോഗിനഃ എന്ന് എടുത്തു പറഞ്ഞുതുതന്നെയല്ലേ യുക്തിയുക്തം?
നാലാം മാത്രാ അനുച്ചാര്യാ ഓങ്കാരത്തിന്റെ ഭാഗമാണ്. തുര്യാതീതമാകാം ഇവിടെ പറയുന്ന ബിന്ദു. പഞ്ചാവസ്ഥയെപ്പറ്റി ഒരു ശ്ലോകം ഇന്നെഴതിയിട്ടുണ്ട്.
ജാഗ്രത്സുക്ഷുപ്തികൃത ദക്ഷിണവാമഭാഗാം
സ്വപ്നസ്വഭാവപരിക്ലുപ്തജഘന്യഭാഗാം
തുര്യാതിതുര്യഘടിതാനന ഹൃത്പ്രദേശാം
പ്രാണേശ്വരീം പരശിവസ്യ പരാമൃശാമഃ
(ക) ശാക്തപാരമ്പര്യം എത്ര ജീർണ്ണിച്ചുവെന്ന് തിട്ടപ്പെടുത്തുക അസാദ്ധ്യമാണ്. കാരണം എത്ര അഴുകിയാലും ഭഗവതിയുടെ പാദങ്ങൾക്കുള്ള താരാപീഠങ്ങൾ നിലനിൽക്കും വിധമാണ് ദേവനഗരിയായ നാഗരുടെ ഭാഷക്ക് രൂപകല്പന ഉണ്ടായിരിക്കുന്നത്. പരാ എന്ന വാക്ക് മാത്രം ശ്രദ്ധിച്ചാൽ മതി. വ്യവഹാരഭാഷയിൽ തന്നെ എത്രമാത്രം ഈ ദിവ്യശബ്ധം വ്യാപകമാണ്.
(ഖ) പൂർവ്വസൂരികളുടെ പല കൃതികളും വായിച്ചു തീർക്കാനാകില്ല. പലപ്പോഴും മനസ്സിൽ തോന്നിയിട്ടുണ്ട് കൈയ്യിലുള്ള പുസ്തകങ്ങൾ പഠിച്ചു തീർക്കുവാൻ എത്ര ജന്മം വേണ്ടിവരും? എങ്കിലും പഴയകാല കൃതികൾ ഉണ്ടെന്നറിയുന്നതും അവയിലെ മംഗളശ്ലോകങ്ങളെങ്കിലും വായിച്ചു പോകുവാൻ കഴിയുന്നതും ആനന്ദം നൽകുന്നു.
(ഗ) വിദ്യാ-അവിദ്യാ ഇങ്ങനെ ഉഭയചമത്കാരമദ്ധ്യയായി വിളങ്ങുന്നവളാണ് പരശിവന്റെ പ്രാണേശ്വരി – നിഖിലവാഗ്മയനിദാന-സ്വ-രസ-വാഹിനിയായ വിമർശശക്തി കൊണ്ട് ബാഹ്യമായും ആന്തരികമായും സിദ്ധാന്തങ്ങളിലൂടെ വിഭ്രമവും അറിവും (നിഖിലസംശയനിരാകുലം പരമാർത്ഥസ്വരൂപം) സൃഷ്ടിച്ച് അനുഗ്രഹദായകയായി മഹാമന്ത്രാർത്ഥരൂപിണിയായ മഹാദേവന്റെ മഹാശക്തിയായി വർത്തിക്കുന്നു.
(ഘ) സുഷുപ്തി-ജാഗ്രത് വാമദക്ഷിണഭാഗങ്ങൾ, നിദ്രാ-ക്രിയാശക്തിരൂപത്തിൽ വിളങ്ങുന്നു. നിവൃത്തിയുടെ അഭാവത്തിൽ സുഷുപ്തിയിലാണ്ടവർക്ക് സംസാരം സ്വപ്നസമമായ നിഷ്ക്രിയാവസ്ഥയാണ്. വികല്പോദയം കൊണ്ട് സുഷുപ്തിജാഗ്രദവസ്ഥകളുടെ മദ്ധ്യവർത്തിയായി യോനിസ്വരൂപം ഭഗവതി കൈക്കൊള്ളുന്നു.
(ങ) സുഷുപ്തി സംസാരത്തിന്റെ ഗർഭകാലവും സ്വപ്നം പ്രസവദശയും ജാഗ്രദവസ്ഥ പ്രവൃത്തിദശയുമാണ്. ജീവാവസ്ഥാത്രയ- ത്രികോണം , അതിൽ പ്രകടമാകുന്ന ചിന്മയാനുസന്ധാനവൃത്തി തുര്യാവസ്ഥയുമാകുന്നു. തുര്യാതീതമെന്നത് സംസാരകളങ്കാസ്പൃഷ്ട-ശുദ്ധാന്തർമുഖ-വിശ്രാന്തിയെന്ന് വ്യക്തമാക്കപ്പെടുന്നു. തുര്യാവസ്ഥയിലെ ജീവിത്രികോണം ശിവത്രികോണവും ശിവ-ജീവത്രികോണങ്ങളാൽ ഷട്കോണവും സംജാതമാകുന്നു.
(ച) തുര്യാവസ്ഥയെ ചർവ്വണദശകൊണ്ട് മുഖത്തിന്, വായക്ക് പ്രതിനിധിത്വം നൽകിയിരിക്കുന്നു. ശിവജീവത്രികോണദ്വയശ്ലേഷ-ഷട്കാണമദ്ധ്യസ്ഥയായ നാഭിപദമാണ് ഹൃദയം. അവിടെ തുര്യാതീതവിശ്രാന്തി ചതുഷ്കോണ-ഷട്കോണാത്മികയായി പ്രാണകലാത്മകികയായ പരശിവപ്രേയസി പഞ്ചാവസ്ഥോത്തരയായി കുടികൊള്ളുന്നു.
ധ്യാനത്തിലെങ്ങനെ ബിന്ദു ചേർക്കുന്നു എന്നതാണ് പ്രശ്നം. ശിവശക്തി സംയോഗം ബിന്ദുസ്വരൂപം.
കാഴ്ചപ്പാട് എട്ട്
ഓങ്കാരത്തിന് നാല് പാദം. അ-ഉ-മ-തുരീയം (നിശബ്ദത) അ-ഉ-മ എന്നിവ സൃഷ്ടി-സ്ഥിതി-സംഹാര സൂചകമാമാണെങ്കില്‍ തുരീയമാണ് ആത്യന്തികമായ അവസ്ഥയെ, സത്യത്തെ, ശിവനെ, ലയത്തെ സൂചിപ്പിക്കുന്നത്. എല്ലാകാലത്തും നിലനില്‍ക്കുന്നതും എല്ലാറ്റിന്റെയും ഉറവിടവുമായ ഈ സത്യത്തെ സൂചിപ്പിക്കുന്നതാണ് തുരീയം. മനസ്സിന്റെ അവസ്ഥ എന്ന തരത്തില്‍ എടുത്താല്‍ മനസ്സടങ്ങിയ (ചിന്തകളില്ലാത്ത) അവസ്ഥയാണ്, നിശ്ശബ്ദതയാണ്, ശൂന്യതയാണ്, ധ്യാനാവസ്ഥയാണ് തുരീയം. ഈ തുരീയാവസ്ഥയേയാണ് ബിന്ദു സൂചിപ്പിക്കുന്നത്. ഓങ്കാര ജപം ഉപാസനാമാര്‍ഗമാണ്. അത് ബിന്ദുസംയുക്തമാവാതെ (തുരീയാവസ്ഥയിലെത്താതെ, ധ്യാനാവസ്ഥയിലെത്താതെ) ധ്യാനമാവില്ല. അതിനാലാണ് യോഗികള്‍ ഓങ്കാരം ബിന്ദുസംയുക്തമായി നിത്യം ധ്യാനിക്കുന്നത്. (ഓങ്കാരം ബിന്ദുസംയുക്തം നിത്യം ധ്യായന്തി യോഗിന:)
ഇതല്ലാതെ ऊं എന്ന കുത്തിട്ട അക്ഷരത്തെയോ ഒന്നും ആവണമെന്നില്ല ഇവിടെ പ്രതിപാദിക്കുന്നത്. കുത്തിട്ടില്ലെങ്കില്‍ അത് ഓങ്കാരമാവില്ല എന്നതുകൊണ്ടുതന്നെ കുത്തിട്ടതും കുത്തിടാത്തതുമായ ഓം എന്ന അക്ഷരത്തെക്കുറിച്ചൊന്നുമല്ല ഇവിടെ പറയുന്നത് എന്നു വ്യക്തമാണല്ലോ.
ഓങ്കാരം ബിന്ദുസംയുക്തം നിത്യം ധ്യായന്തി യോഗിനഃ. ഓങ്കാരം ബിന്ദുസംയുക്തമായി ധ്യാനിക്കാന്‍ കഴിയുന്നവനേ യോഗിയാവൂ. അല്ലാത്തവര്‍ യോഗിയല്ലതന്നെ. എപ്പോഴെങ്കിലും യാദൃച്ഛികമായി ധ്യാനാവസ്ഥ കിട്ടുന്നവനും കിട്ടിയിട്ടുള്ളവനും യോഗിയാവില്ല. ഓങ്കാരം ബിന്ദുസംയുക്തം നിത്യം ധ്യായന്തി യോഗിനഃ. എല്ലാദിവസവും (ഒരു പടികൂടി കടന്നാല്‍ എല്ലാ സമയത്തും) ധ്യാനാവസ്ഥ ലഭിക്കുന്നവനാണ്, അത് നിരന്തരം നിലനിര്‍ത്താന്‍ കഴിയുന്നവനാണ് യോഗി. അതിനാലത്രേ ഓങ്കാരം ബിന്ദുസംയുക്തം നിത്യം ധ്യായന്തി യോഗിനഃ.എന്നു പറയപ്പെട്ടത്.
അതേ ഈ ഉപാസനാമാര്‍ഗം കാമദവും മോക്ഷദവുമാണ്. മാനസികമായ കഴിവുകള്‍ വികസിപ്പിക്കാന്‍ സാധിക്കും എന്നതിനാല്‍ ലോകജീവിതത്തിലെ സൌഖ്യം ആഗ്രഹിക്കുന്നവര്‍ക്ക് അതും, നിരന്തര ധ്യാനാവസ്ഥ പ്രദാനം ചെയ്യാന്‍ കഴിയും എന്നതിനാല്‍ മോക്ഷദവും ആണ്. തീര്‍ച്ചയായും ഓങ്കാര ഉപാസനാമാര്‍ഗം വന്ദനീയമാണ്. അതിനാലത്രേ പറയപ്പെട്ടത്, കാമദം മോക്ഷദം ചൈവ ഓങ്കാരായ നമോ നമ: എന്ന്.
- ഇങ്ങനെയായിക്കൂടേ? :)