പ്ലാവ് വാസ്തുപദത്തില്‍ ഏതെല്ലാം ഭാഗത്താവാം?
- Details
- Created: Thursday, 27 April 2017 04:16
- Last Updated: Monday, 01 May 2017 01:17
- Hits: 1491
ലേഖകന്‍ : ശ്രീനാഥ് ഒജി
പ്ലാവ് വാസ്തുപദത്തില്‍ ഏതെല്ലാം ഭാഗത്താവാം?
വാസ്തവത്തില്‍ വീടും വീടിനു ചുറ്റുമുള്ള മുറ്റവും ഉള്‍ച്ചേര്‍ന്ന വാസ്തുപദത്തില്‍ ഒരു വൃക്ഷവും നന്നല്ല. എങ്ങാനും മറിഞ്ഞുവീണാല്‍ അവ വീടിന് കേടുണ്ടാക്കും എന്നതുതന്നെ കാരണം. അതുകൊണ്ടുതന്നെയാവാം ഏതു വൃക്ഷം ആയിരുന്നാലും ഗൃഹത്തിൽ നിന്നും വൃക്ഷത്തിൻറെ പൊക്കത്തിനു ഇരട്ടി ദൂരത്തല്ല നില്‍ക്കുന്നത് എങ്കിൽ മുറിച്ചു കളയണം എന്ന് മനുഷ്യാലയ ചന്ദ്രിക അഭിപ്രായപ്പെടുന്നു.
പ്ലാവ് അന്തഃസാര വൃക്ഷമാണ്. ഉള്ളില്‍ കാതലുള്ളത് എന്നര്‍ത്ഥം. പ്ലാവ് വീടിന്റെ കിഴക്കു ഭാഗത്ത് ഉണ്ടായിരിക്കുന്നത് ഉത്തമമാണ്, മറ്റു ദിക്കുകളില്‍ മധ്യമം.
പ്രാചീനര്‍ക്ക് അനുഭവവും ഗ്രന്ഥജ്ഞാനവും സാമൂഹികബോധവും പ്രകൃതിസ്നേഹവും ഉള്‍ച്ചേര്‍ന്ന അറിവ് വേണ്ടുവോളം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ വാസ്തു നിര്‍ദ്ദേശങ്ങളിലും സാമാന്യേന ആ വിജ്ഞാനം ദൃശ്യമാണ്. ലോകത്തെങ്ങും ഇല്ലാത്ത തരത്തില്‍ വേണ്ടുവോളം ഫലവൃക്ഷങ്ങള്‍ വീട്ടിനുചുറ്റുമുള്ള പറമ്പില്‍ നട്ടുപിടിപ്പിക്കുന്ന സംസ്കാരം കേരളത്തില്‍ വളര്‍ത്തിയെടുത്ത മഹാത്മാക്കളായിരുന്നുവല്ലോ അവര്‍. പ്ലാവും മാവും തെങ്ങും പനയും എല്ലാം നമ്മുടെ തനതു വൃക്ഷങ്ങളാണ് - കേരളീയതയുടെ അവിഭാജ്യഘടകങ്ങള്‍.
ചക്കയെന്ന പച്ചക്കറിയായും പഴമായും ഒരുപോലെ പ്രയോജനമുള്ള ലോകത്തിലെ ഏറ്റവും വലിയ ഫലംകൊണ്ടും, വാതിലും ജനലും കട്ടിലും കസേരയും എന്നുവേണ്ട എന്തും എന്തിന് ഭദ്രകാള്യാദി ദേവീദേവതകളുടെ ദാരുബിംബങ്ങളുണ്ടാക്കുന്നതിനുപോലും ഉണ്ടാക്കുന്നതിന് പ്രയോജനപ്പെടുന്ന, ഒരുപാട് പ്രയോജനമുള്ള പ്ലാവ് കേരളീയരുടെ പ്രിയവൃക്ഷമാണ്. അത് വീടിന്റെ ഒരു ഭാഗത്തും ഗര്‍ഹണീയമോ അസ്വീകാര്യമോ അല്ല, ആവേണ്ടതുമില്ല. അതിനാലാവാം സാമാന്യേന വാസ്തുപദത്തില്‍ വൃക്ഷങ്ങളെ നിഷേധിച്ച വാസ്തുവിദ്യപോലും പറയുന്നു - പ്ലാവ് വീടിന്റെ ഏതു ദിക്കിലായാലും ദോഷമില്ല, മധ്യമം, കിഴക്കാണെങ്കില്‍ വിശേഷിച്ചും ഉത്തമം എന്ന്!

ഉത്രാടത്തിന്റെ നക്ഷത്രവൃക്ഷമാണ് പ്ലാവ്. ഉത്രാടത്തിന് കാളയാണ് മൃഗം, സൂര്യനാണ് അധിപന്‍. അന്തസ്സാര (ഉള്ളില്‍ മാത്രം കാതലുള്ള) വൃക്ഷമായ പ്ലാവിന്റേയും കാരകത്വം സൂര്യനു തന്നെ. വീട്ടില്‍ കിഴക്കുഭാഗത്ത് ഒരു പ്ലാവ് നില്‍ക്കുന്നതു കണ്ടാല്‍ വീട്ടിലുള്ള ഉത്രാടം നക്ഷത്രജാതര്‍ക്ക് അഭിവൃദ്ധിയുണ്ടെന്നും, അവരെക്കൊണ്ട് വീടിനും അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടെന്നും പ്രവചിക്കാവുന്നതാണ്. ഊര്‍ജ്ജസ്വലരും തേജസ്വികളുമാണ് ഉത്രാടക്കാര്‍. വിശ്വദേവകളാണ് ഉത്രാടം നക്ഷത്രദേവത. അകുലനക്ഷത്രമാണ് – അതിനാല്‍ കുലസമ്പത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ച് സാധാരണക്കാരായി ജീവിക്കും. കിഴക്കുഭാഗത്തെ പ്ലാവും അപ്രകാരം തന്നെയാവാം. കിഴക്കല്ല വീടിന്റെ മറ്റേതെങ്കിലും ദിക്കിലാണ് പ്ലാവ് കാണപ്പെടുന്നതെങ്കില്‍ വീട്ടില്‍ ഉത്രാടം നക്ഷത്രജാതരുണ്ടെങ്കില്‍ അവരുടെ അവസ്ഥ അത്രയൊന്നും മെച്ചമല്ല എന്നു പറയാവുന്നതാണ്.
കിഴക്കു വശത്തെ പ്ലാവ് മുറിച്ചിരിക്കുന്നതായി കണ്ടാല്‍ വീട്ടിലുണ്ടായിരുന്ന ഉത്രാടം നക്ഷത്രക്കാര്‍ക്ക് കുലഭ്രഷ്ടോ അപമൃത്യാദികളോ മറ്റോ വന്നുവോ എന്നു ചോദിക്കാമോ ആവോ....യുക്തിപൂര്‍വം പറഞ്ഞുകൊള്ളുക.
You are not authorised to post comments.