മന്ത്രവും ദേവതയും – ആജീവനാന്തം ചൂണ്ടയിടുന്ന വിദ്വാന്മാർ
- Details
- Created: Thursday, 27 April 2017 03:29
- Last Updated: Thursday, 27 April 2017 03:30
- Hits: 953
ലേഖകന്‍ : ഹരികുമാര്‍ നായര്‍
തന്ത്രാഗമങ്ങളിൽ ആളുകൾക്ക് വലിയ താല്പര്യം. എന്താണ് ഈ താല്പര്യത്തിന് കാരണം?
ഓരോ വ്യക്തിയും തന്നിൽ പ്രകടമാകുന്ന അഭിരുചികളുടെ പിന്നിൽ നിൽക്കുന്ന അഭിവാഞ്ചയുടെ നിഴൽ തിരിച്ചറിയേണ്ടതുണ്ട്.
തന്ത്രാഗമങ്ങൾ സംബന്ധിച്ച് കള്ളപ്പരിഷകൾ പറഞ്ഞു പരത്തിയിട്ടുള്ള കഥകളാണ് പലർക്കും പ്രചോദനം. എന്തോ ഒരു ലാഭത്തിന് വക ഈ പഴയ സംസ്കൃതത്തിലുണ്ട് എന്ന ധാരണ. ഹെമിംഗവെയുടെ കിഴവനും കടലും എന്ന സിനിമയിലെ നായകനെപ്പോലെ വെറുതെ ചൂണ്ടയിട്ട് സമയം കളഞ്ഞ കിഴവന്മാരാണ് പല മഹാഗുരുക്കന്മാരും. വേഷവിധനവും മറ്റും സഹജീവികളെ പറ്റിക്കുന്നതിന് ഉള്ളതാണ്.
ഒരൊറ്റ ദേവതമാരും ഈ കള്ളന്മാരുടെ ചൂണ്ടയിൽ കുരുങ്ങുകയില്ല. ആജീവനാന്തം പക്ഷെ മോഹത്തോടെ നദികളുടെയോ കടലിന്റെയോ കരയിൽ അതേ പ്രവർത്തി തന്നെ ചെയ്തു കൊണ്ടിരിക്കും. സ്വന്തം അറിവിന് അധികാരം നൽകി ധർമ്മം പിന്തുടരാതെ മോഹങ്ങളുടെ പുറകെ പോയവന്റെയൊക്കെ പ്രാരബ്ധമാണ് നാം ഇങ്ങനെ ചൂണ്ടയിട്ടു കൊണ്ടിരിക്കുന്ന കിഴവന്മാരിൽ കാണുന്നത്.
മന്ത്രം മീൻ കൊത്താത്ത ചൂണ്ടപോലെ ആയിട്ടും ഉപാസനയെന്ന പേരിൽ ഗോഷ്ടി കാണിക്കുന്നവന്റെ ദൈന്യതയെപ്പറ്റി എല്ലാ ഉപാസകരും ബോധവാന്മാരായിരിക്കണം.
തന്ത്രാഗമങ്ങൾ വൻകടലുകളാണ്. ദുര അവസാനിക്കാത്തവന് ഈ ആഴമറ്റാത്ത അലയാഴിയിൽ ഒന്നും തന്നെ നേടാനാവില്ല. യുദ്ധഭൂമികളാണ് തന്ത്രാഗമങ്ങളുടെ ജന്മഭൂമി. കാശ്മീരി പണ്ഡിറ്റുകൾ മന്ത്രവുമായി പോരാടിയിരുന്നുവെങ്കിൽ അടുത്ത തലമുറയിൽ എങ്കിലും ദേവിയുടെ മഹാമന്ത്രങ്ങളുടെ വാഗ്മയത്തിന് കാശ്മീരം വീണ്ടും ജന്മഭൂമി ആകുമായിരുന്നു.
ഭാർഗ്ഗവരാമനാണ് തന്ത്രാഗമങ്ങളുടെ തലതൊട്ടപ്പൻ എന്ന വസ്തുത പലപ്പോഴും ചൂണ്ടയിട്ടു കൊണ്ടിരിക്കുന്ന കിഴവന്മാർ മറച്ചുവെക്കുന്നു.
മീൻ കൊത്താത്ത ചൂണ്ടയുമായി ജീവിതം കഴിക്കുന്ന തന്ത്രിമാരുടെ അന്ത്യാഭിലാഷമാണ് ബുദ്ധിയില്ലാത്ത ശിഷ്യന്മാർ. ബുദ്ധിയുള്ളവർ പ്രശ്നമാണ് – കാരണം മീൻ കൊത്തിയിട്ടില്ല ചൂണ്ടയിൽ എന്ന സത്യം അവർ മനസ്സിലാക്കും. ദീക്ഷയുടെ പേരിലും മറ്റും പിന്നെ ആരും പണം മുടക്കുകയില്ല. അല്പം ആത്മപരിശോധന നടത്തിയാൽ പലർക്കും തങ്ങളെ നയിക്കുന്ന അഭിവാഞ്ചകളും അതിന്റെ സ്വാഭാവിക പരിണതിയും ബോദ്ധ്യപ്പെടാം. ആത്മപരിശോധന എപ്പോഴും ആത്മാർത്ഥയോടെ പ്രാർത്ഥനയോടെ ആകണം. അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ് താനും.
മീൻ കൊത്താത്ത ചൂണ്ടയുടെ പാരമ്പര്യമാണ് ഇന്ന് നിലനിൽക്കുന്നത്.
You are not authorised to post comments.