താരാഭഗവതി - 64 യോഗിനിമാരും നക്ഷത്രങ്ങളും

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

ലേഖകന്‍: ഹരികുമാര്‍ നായര്‍

(ഹരികുമാര്‍ നായര്‍ കേരളജ്യോതിഷം FB ഗ്രൂപ്പില്‍ പോസ്റ്റിയ ഒരു ലേഖനവും തുടര്‍ചര്‍ച്ചയും.)

പഴയകാലത്ത് പീഠങ്ങൾക്ക് മേൽക്കൂര നീലാകാശമായിരുന്നു. ഒരു ദേവിക്ക് പകരം 64 ദേവിമാരെ ആരാധിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നതായി (ഒരു പക്ഷെ ഇപ്പോഴും നിഗൂഢമായി നിലനിൽക്കുന്നതായി) ചരിത്രാവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നു. 64 എന്ന സംഖ്യ അല്പം വിചിത്രമാണ്. കാരണം 9 ന്റെയോ 12 ന്റെയോ ഗുണിതമല്ല. 2-4-16-32-64 എന്ന കണക്കിലാണ് 8-8കളുടെ 64 തന്ത്രശാസ്ത്രത്തിൽ ഗണ്യമാകുന്നത്. സംഖ്യകളും അക്ഷരങ്ങളുമൊക്കെ മഹാവിദ്യാസ്വരൂപങ്ങളാണ്. 64 ന്റെ മഹാവിദ്യാരൂപം എങ്ങനെ ബോദ്ധ്യപ്പെടാം? എന്നതിന് പാരമ്പര്യവിജ്ഞാനം ഒരു പക്ഷെ ഇന്ന് ഉത്തരം നൽകുന്നില്ല. നക്ഷത്രഗണിതവുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിരുന്നത് മുമ്പ് വായിച്ചതായി ഓർക്കുന്നു. അശ്വതി മുതൽ ഉള്ള 27 നക്ഷത്രങ്ങളുടെ രണ്ട് വട്ടം 54 ഉം അശ്വതി മുതൽ ആയില്യം വരെ 9 മൂന്നാം വട്ടത്തിലും 63 നക്ഷത്രപീഠങ്ങളാണ് യോഗിനിമാർക്ക് കല്പിച്ചിരുന്നത്. മകം 64 ആയി വരുമ്പോൾ നമുക്ക് ചോറ്റാനിക്കരയിലും മറ്റും മകത്തിന് ലഭിക്കുന്ന പ്രാധാന്യത്തെപ്പറ്റി അല്പം ഊഹാപോഹത്തിന് സാദ്ധ്യത തെളിയുന്നു. യോഗിനിമാരെ പൊതുവെ ജനം ഭയപ്പെട്ടിരുന്നതായും ഹിരാപൂരിലെയും മറ്റും പീഠങ്ങളെപ്പറ്റി പൊതുജനത്തിന് അറിവ് ഉണ്ടായിരുന്നില്ലെന്നും ഗവേഷകർ രേഖപ്പെടുത്തി കാണുന്നു. വഴിപിഴച്ച ഊഹാപോഹത്തിനും വ്യാഖ്യാനങ്ങൾക്കും ഒരുമ്പെടാതിരിക്കുകയാകും നല്ലതെന്ന് കരുതുന്നു.

വെളിച്ചപ്പാടിന് പക്ഷെ മൌനം അവലംബിക്കുക വിഷമമാണ്. മണ്ഡലകാലം അവസാനിക്കുന്ന ധനു മാസം 11 ന് യോഗിനിമാരെ അശ്വതി മുതൽ - അതായത് യോഗിനിമണ്ഡലം പരിഗണിച്ചാൽ - 64 ദിവസം കഴിയുമ്പോൾ കുഭം മദ്ധ്യം കടക്കുമ്പോൾ ആയില്യവും (63) തുടർന്ന് ചതുർദ്ദശിയിലെ മകവും വരാം. ഈ വാക്കുകളുടെ പൊരുൾ തിഥിഗണിതത്തിലും വ്യക്തമാണ്. കാരണം ധനു 11 ന് സൌരമണ്ഡലം തുടങ്ങുമ്പോൾ അശ്വതിയിലെ ചന്ദ്രൻ ശുക്ലദശമി എന്ന പത്താം തിഥിയിലാണ്. 20 തിഥി ടി മാർഗ്ഗശീർഷത്തിലും പൌഷത്തിൽ 30 ഉം മാഘത്തിലെ 14 ഉം കൂടി ചോറ്റാനിക്കരയിലെ മകം 64 നക്ഷത്രയോഗിനിമാരെ നൽകുന്നു.

ഈ നക്ഷത്രയോഗിനിമാരൊക്കെ താരാവിഭൂതിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? അതുപൊലെ തന്നെ ജ്യോതിഃശാസ്ത്രം, ശരിയായ ജ്യോതിഃശാസ്ത്രാവബോധം ഇല്ലാതെ ഒരാൾക്കും തന്ത്രവിദ്യ വശപ്പെടുകയുമില്ല.

ലളിതാസഹസ്രനാമം പോലെയുള്ള ദേവിയുടെ മന്ത്രമാതൃകകളുടെ അധിഷ്ഠാനം ഈ 64 യോഗിനിമാരിലാണ്. പഞ്ചാഗവും മറ്റും വിധി പോലെ ഉപയോഗപ്പെടുത്തി 64 നക്ഷത്രയോഗിനിമാരെ ഉപാസിച്ചു കൊണ്ടു വേണം ലളിതാസഹസ്രനാമവും മറ്റും പൂർണ്ണഫലസിദ്ധിക്കായി ഉപയോഗിക്കേണ്ടത്.

ലളിതാസഹസ്രനാമത്തെ അവമതിച്ച് ഘോരാപരാധമായി വ്യാഖ്യാനം രചിച്ച തൃഷ്ണാകുമാരൻ എഴുതിയ കുറിപ്പ് ഇന്നലെ ജ്യോതിഷം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് വായിക്കുകയുണ്ടായി. അവിദ്യയുടെ ഭ്രാന്ത് എളുപ്പം ശമിക്കുന്നതല്ലെന്ന് വിളിച്ചറിയിക്കുന്നതാണ് അത്തരം പ്രവർത്തനങ്ങൾ.

ജനുവരി 7 ധനു സൂര്യൻ 22 കഴിയുമ്പോൾ അശ്വതിയിലാണ് യോഗിനിമണ്ഡലം ആരംഭിക്കുന്നത്.

മാർച്ച് 10 കുംഭം സൂര്യൻ 26 ന് (ഈ ഡിഗ്രി ജ്യോതിഷികൾ ശ്രദ്ധിക്കണം) വെള്ളിയാഴ്ച ശുക്ലത്രയോദശിയിലാണ് മകം ആരംഭിക്കുന്നത്. ധനു 8, മകരം 30, കുഭം 25 ന് 63 ദിവസം കഴിയുന്നു. 64 മകം. ഇന്ന് ഫെബ്രുവരി 1, ശുക്ലപഞ്ചമി ഉത്തൃട്ടാതി രവി മകരം 18 ന് 26 ആമത് യോഗിനിയുടെ ദിവസമാണ്.

64 യോഗിനിമാർ ഡാകിനിമാർ കൂടിയാണ്. പ്രജ്ഞയുടെ സംരക്ഷകരാണ്. ഡാക്കയിലെ ഡാകേശ്വരിയെയും ഈ അവസരത്തിൽ ഓർക്കാം.

ചതുഃഷഷ്ടിയോഗിനിമാരെ ഓർത്തു കൊണ്ട് ഈ പഞ്ചമി ദിവസം ഈ കുറിപ്പ് അവസാനിക്കുകയാണ്.

ചോറ്റാനിക്കരയമ്മയാണ് മലയാളത്തിന് ഡാകേശ്വരിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അമ്മയെപ്പറ്റി ഈ വാക്കുകളെഴുതുവാൻ ആദ്യം തെളിവായി നൽകിയത് 1960 ലെ യോഗിനീമണ്ഡലമാണ്. ശബരിമലയിലെ മണ്ഡലകാലം തീർന്ന് പുതിയ മണ്ഡലം ആരംഭിച്ചത് അശ്വതിയിലാണെന്ന് കാണാം. കുഭം 15 സൂര്യൻ കഴിയുമ്പോൾ ശുക്ലത്രയോദശിയിൽ ചൊവ്വാഴ്ച ആയില്യം, 64 മകം എന്ന് ഗണിതം സിദ്ധമാകുന്നു.

ശാക്തന്റെ ജീവിതത്തിന്റെ ഓരോ ദിനവും ഓരോ വർഷവും യോഗിനിമാർക്ക് അധിഷ്ഠാനമാണ്. നക്ഷത്രവും തിഥികളും കുട്ടിക്കളിയല്ലെന്നെങ്കിലും മനസ്സിലാക്കുക.

Date - 01-02-17 08.00 (ഇന്ന് മാഘശുക്ലപഞ്ചമി)

തുടര്‍ചര്‍ച്ച

ശ്രീലക്ഷ്മി ജ്യോതിഷാലയം പൂഴാതി:

ഹരികുമാര്‍ജീ...ശ്രീപരമശിവന്‍ 64 തന്ത്രങ്ങള്‍ നിര്‍മ്മിച്ച് സ്വസ്ഥചിത്തനായി ഇരുന്നപ്പോള്‍ ദേവി നിര്‍ബ്ബന്ധിച്ച് ഒരു തന്ത്രം കൂടി നിര്‍മ്മിക്കാനാവശ്യപ്പെട്ടെന്നും അതാണ് ശ്രീചക്രയന്ത്രമെന്നും വായിച്ചിട്ടുണ്ട്....ജീ മുകളില്‍ പറഞ്ഞ 64 ദേവിമാരെ ആരാധിച്ചതായി പറയുന്നതും ഇതും തമ്മില്‍ ബന്ധമുണ്ടോ? അറിയാനുള്ള ആഗ്രഹം കൊണ്ടാണ്....

ഹരികുമാര്‍ നായര്‍:

ചതുഷഷ്ട്യാതന്ത്രൈഃ സകലമതിസന്ധായ ഭുവനം... അത് സൌന്ദര്യലഹരിയിലെ ഒരു പ്രസ്താവമാണ്. അവിടെ പറയുന്ന 64 തന്ത്രങ്ങളും 64 യോഗിനിമാരുമായി ബന്ധമെന്തെങ്കിലും ഉള്ളതായി എനിക്കറിയില്ല. തന്ത്രവിദ്യയുടെ ജ്യോതിഃശാസ്ത്രതലം, ശ്രീചക്രവും രാശിചക്രവുമായുള്ള പരസ്പര ബന്ധം ഇതൊന്നും സമഗ്രമായ പഠനത്തിന് വിധേയമാക്കിയിട്ടില്ല. ഗുരുമുഖങ്ങളൊക്കെ കഥാകഥനങ്ങളുടെ പഴയ പല്ലവി പാടിക്കൊണ്ടിരിക്കുകയാണ്. ഗണിത-ജ്യാമിതീയ ഉപാധികളിൽ ചൈതന്യം നിവേശിക്കുന്നതിന് അവശ്യമായ ഗണിതഘടകങ്ങളെപ്പറ്റി കാര്യമായ ചിന്തയൊന്നും പാരമ്പര്യത്തിലില്ല. ടി അനാസ്ഥക്ക് ഭഗവതിയുടെ ലീലയുൾപ്പെടെ പല കാരണങ്ങൾ ഉണ്ടാകാം.

വിഷുക്കണി ഒരുക്കേണ്ടതെങ്ങനെ?

1 1 1 1 1 1 1 1 1 1 Rating 4.00 (1 Vote)

 (ഇതേക്കുറിച്ച് കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയെ അവലംബിച്ചാണ് ഈ ലേഖനം.)

സല്‍ഗുണന്‍ പാങ്ങാട്ടൂര്‍:

 ഈ വിഷുക്കണി ഒരുക്കേണ്ട വിധം എങ്ങനെയാണ്, എന്തൊക്കെ സാധനങ്ങളാണ് ഒരുക്കേണ്ടത്? ഭാഷാ ശ്ലോകങ്ങൾ എന്തെങ്കിലുമുണ്ടോ.... ജ്യോതിഷ പരമായിട്ടും ഏതെങ്കിലും ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല... എല്ലാവരുടെയും അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു...

 അനില്‍ കാടൂരാന്‍:

 വാട്സ്ആപ്പില്‍ അയച്ചുകിട്ടിയൊരു മെസേജ് താഴെച്ചേര്‍ക്കുന്നു:

കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം.

*ഓരോ വസ്‌തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്.*കണി യൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു.

ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളിയും തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളിൽ ഉണ്ട്.

സ്വർണവർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ് ക്കേണ്ടത്.

*ചക്ക ഗണപതിയുടെ ഇഷ്‌ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്.* ഇത്രയുമായാൽ വാൽ ക്കണ്ണാടിവയ്‌ക്കാം. *ഭഗവതിയുടെ സ്‌ഥാനമാണു വാൽക്കണ്ണാടിക്ക്.* കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എ ന്നും സങ്കൽപമുണ്ട്.

*കൃഷ്‌ണ വിഗ്രഹം ഇതിനടുത്തുവയ്‌ക്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.*

തൊട്ടടുത്തു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുണ്ട്. നാണയത്തുട്ടുകൾ വെറ്റിലയ്‌ക്കും പാക്കിനു മൊപ്പം വേണം വയ്‌ക്കാൻ.

*ലക്ഷ്‌മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു*

പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്.

ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്‌ക്കണം. *ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണികാണേണ്ടത്.

സല്‍ഗുണന്‍ പെരിങ്ങാട്ടൂര്‍:

ചേലുള്ള ചക്കയൊന്നതിൻ ചാരേ വെള്ളരിയും, ദർപ്പണം വസനം പിന്നെ
പൊൻനാണയം പഞ്ചങ്ങളുമഞ്ചു തിരിയിട്ട നിലവിളക്കും നല്ലോ-
രോട്ടുരുളിയിൽ ഉണ്ണിയപ്പമോടൊപ്പം കണിക്കൊന്നപ്പൂക്കളും
പലകമേൽ നിരത്തിയ വരാടികയും കണ്ടു കണികണ്ടുണരും......

-          സല്‍ഗുണന്‍ പാങ്ങാട്ടൂര്‍

 .ബാക്കി എനിക്കറിയlല്ല... നിങ്ങ ആരെങ്കിലും പൂരിപ്പിക്കിൻ.....

 ചന്ദ്രകുമാര്‍ മുല്ലച്ചേരി:

തിരിയഞ്ചുമിട്ടൊരു വിളക്ക് കൊളുത്തിടേണം
കീഴെയൊരോട്ടുരുളിയിലപ്പമതു നിറച്ചൂ വേണം
നെല്ലും അരിയും നിറച്ചുള്ളൊരു നാഴിവെച്ചും
സ്വര്‍ണ്ണം പണം ദര്‍പ്പണം പട്ടുചേല

ഇണചേര്‍ന്നൊരു മാങ്ങവെച്ചു-
മിണചേര്‍ത്തൊരുനാളികേരം

ചക്ക,പഴം,വെള്ളരി,മറ്റു ധാന്യം
നല്ലൊരുമണ്‍കലമതു നിറച്ചു വെച്ചും

നല്ലൊരു വട്ട,കണിക്കൊന്നയും മോദമോടെ
ചേലൊത്തൊരുകൃഷ്ണവിഗ്രഹമൊക്കെവേണം
എന്നിട്ടുണര്‍ന്നു വിഷുവന്നൊരു സന്മുഹൂര്‍ത്തെ
ചിത്തം തെളിഞ്ഞു മുദാ കണി കണ്ടിടേണം

-          ചന്ദ്രകുമാര്‍ മുല്ലച്ചേരി

മംഗലം കളരിക്കല്‍ വിജയരാഘവന്‍:

ശുദ്ധം തണ്ടുല വെള്ളരിക്ക ഫലവും കണ്ണാടിയും സ്വർണ്ണവും
ദീപം കോടിയും നാണ്ണ്യധാന്ന്യസഹിതം പൂ കൊന്ന ലംങ്കാരവും
താംബൂലീദള കിണ്ടി ഓട്ടുരുളിയും കൃഷ്ണാദി ഗോള ശില
ഭദ്രം ദീപമതും വിളങ്ങു സദസാ പൂർവ്വാഹ്ന ദൃശ്യേ കണി.

-          മംഗലം കളരിക്കല്‍ വിജയരാഘവന്‍

സൂപ്പര്‍, നന്നായിട്ടുണ്ട്, മനോഹരം എന്നിത്യാദി ആശംസകള്‍ കേട്ട് കവികള്‍ മൂവരും പുളകിതഗാത്രരായി.

ശ്രീനാഥ് ഒജി:

വൈലോപ്പിള്ളി തന്റെ വിഷുക്കണിയോര്‍മ്മ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.

വെള്ളിപോല്‍ വിളങ്ങുന്നോരോട്ടുരുളിയും കണി-

വെള്ളരിക്കയും തേങ്ങാമുറികള്‍ തിരികളും

കൊന്നയും പൊന്നും ചാര്‍ത്തിച്ചിരിക്കും മഹാലക്ഷ്‌മി

തന്നുടെ കണ്ണാടിയും ഞൊറിഞ്ഞ കരമുണ്ടും,

അരി കുങ്കുമച്ചെപ്പും, ഐശ്വര്യ മഹാറാണി-

ക്കരങ്ങു ചമയ്‌ക്കുവാനമ്മയ്‌ക്കു വശം പണ്ടേ.

-          വൈലോപ്പിള്ളി

എന്നിങ്ങനെയാണ് മഹാകവി വൈലോപ്പിള്ളി തന്റെ ബാല്യകാലത്തെ വിഷുക്കണിയോര്‍മ്മകള്‍ വരച്ചിടുന്നത്.

വിജയാമേനോന്‍:

നമ്മുടെ കൊച്ചുകേരളത്തിൽ ഓരോ കാലത്തും ഓരോ വിഭവങ്ങൾ കൃഷി വിളവുണ്ടാകും. ചിങ്ങമായാൽ കൊയ്ത്തു കഴിഞ്ഞ നെല്ല് നിറഞ്ഞ വീടു്, നേന്ത്രക്കായും ചേനയും വിളവെടുക്കുന്ന കാലം. അതുപോലെ മത്തങ്ങ മുതലായ നടുതലയും. മേടം മാങ്ങ, ചക്ക, പച്ചക്കറികൾ ( മുരിങ്ങയ്ക്ക പടവലങ്ങാ വെളരിക്ക) ധാരാളം ഉണ്ടാകുന്ന കാലം. മേടം സൂര്യൻ തലക്കു മുകളിൽ വരുന്നു . അപ്പോൾ വർഷാദ്യമായി കണക്കാക്കുന്നു. വർഷം മുഴുവൻ ധ ന ധാന്യാദികൾ സുഭിക്ഷമായി ലഭിക്കണേ എന്ന പ്രാർത്ഥനയോടെ ഇതെല്ലാം കൂട്ടി വച്ച് രാത്രി കിടന്നുറങ്ങും,രാവിലെ ആദ്യകാഴ്ച ശുഭ ദായകമാകുവാൻ വേണ്ടി. കണി കണ്ടുണരുമ്പോൾ, കുടുബത്തിലും പുറമേയും കൃഷിയിലും മറ്റും സഹായിച്ച കുടുംബാംഗങ്ങൾക്കും സഹായികൾക്കും കാർണ വരുടെ വക ഓരോ പൊൻനാണയവും. വീട്ടിലുള്ളവർക്കും മക്കൾക്കും മാത്രമല്ല, വിഷുക്കണി വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്കും ഉണ്ടു്. തൊഴുത്തിലും ആട്ടിൻ കൂട്ടിലും നായ കൂട്ടിലും വരെ കണികാണിക്കും.പാൽകാരൻ, പത്രക്കാരൻ, മുടി മുറിക്കുന്നവൻ, തുണി അലക്കുന്നവൻ എന്നു വേണ്ട എല്ലാവർക്കും വിഷുക്കൈനീട്ടം കൊടുക്കുമായിരുന്നു.

 

വിജയേച്ചിക്കുള്ള ആശംസ

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

(കേരളജ്യോതിഷം ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയെ അവലംബിച്ചാണ് ഈ ലേഖനം)

വിജയേച്ചിക്കുള്ള ആശംസ

വിജയാമേനോന്‍ സ്വന്തം പ്രൌഫൈല്‍ പിക്ചറായി ഒരു പുതിയ ഫോട്ടോ Upload ചെയ്തു. ഉടന്‍ വന്നു അതിനെ വര്‍ണിച്ച് ശ്ലോകങ്ങളുടെ ഒരു പെരുമഴക്കാലം! വിജയേച്ചിയുടെ ഫോട്ടോ താഴെച്ചേര്‍ക്കുന്നു.

വിജയേച്ചിയെ (Vijaya Menon) വര്‍ണിച്ച് വിഷ്ണു നമ്പൂതിരി (Vishnu Namboodiri) എഴുതിയ ശ്ലോകം.

പ്രൗഢത്വം വെളിവാക്കു മാമുഖമതിൽ സ്നേഹാർദ്രമന്ദസ്മിതം
ചേരും കണ്ണട ചേർന്ന കണ്ണിലലിയുന്നാ മാതൃവാത്സല്യമേ!
ജ്യോതിശ്ശാസ്ത്ര പയോധി നീന്തിയതിലെ ക്ഷീരം സ്വശിഷ്യോത്തമർ-
ക്കേകും വാണി മരാളമായ വിജയച്ചേച്ചീ നവാശംസകൾ!

-          വിഷ്ണുനമ്പൂതിരി

വൃത്തം: ശാർദ്ദൂലവിക്രീഡിതം

NB, പയസ്സ് = പാല്, വെള്ളം.  പയോധി = കടൽ, പാൽക്കടൽ

ജ്യോതിശാസ്ത്രമാകുന്ന പാലും വെള്ളവും ചേർന്ന കടലിൽ നിന്ന് തന്റെ ശിഷ്യരിൽ നല്ലവർക്ക് പ്രത്യേകം പാലു തന്നെ കൊടുക്കുന്ന മരാളം = ഹംസം അരയന്നം ആണ് കഥാനായിക എന്നാവാം.  കവി ഉദ്ദേശിച്ചത് - അരയന്നം പാൽ വെള്ളത്തിൽ നിന്ന് പാൽ മാത്രം എടുക്കാൻ കഴിവുണ്ടത്രേ!

മേല്‍ക്കാണിച്ച വര്‍ണനയ്ക്ക് നന്നായിരിക്കുന്നു, അതിമനോഹരം, വളരെ നന്നായിട്ടുണ്ട്, ഗംഭീരം എന്നിങ്ങനെ ഒട്ടേറെ അഭിനന്ദനങ്ങള്‍ കിട്ടി. ശ്രദ്ധേയമായ ചില നിരീക്ഷണങ്ങളും ഉണ്ടായി.

വിനോദ് കെസി: സഗണം തികയ്ക്കാനായിരിക്കുമോ വാണീ മരാളം എന്നെഴുതാതെ വാണി മരാളം എന്നാക്കിയത്... എന്തായാലും കവിത ഭേഷായിരിക്കുന്നൂ..

വിഷ്ണുനമ്പൂതിരി: സംസ്കൃതമല്ലാത്തതു കൊണ്ട് അങ്ങനെ ഒരു കടുംകൈ ചെയ്യേണ്ടി വന്നു "ക്കേകുന്നോരു മരാളമായ " എന്നാ ഉദ്ദേശിച്ചത് വാഗ്വിലാസഹംസ മായാൽ സ്വല്പം കൂടി നന്നാകുമെന്നു തോന്നി.

ചന്ദ്രകുമാര്‍ മുല്ലച്ചേരി:

മുത്തും ഒത്തൊരു രത്നഹാരവുമണിയിച്ചൊന്നായി പൊന്നാടയും
ചാര്‍ത്തി ചേര്‍ത്തൊരു വര്‍ണ്ണശോഭ നിറയും ചിത്രം പകര്‍ത്തൂ സഖേ
എന്നിട്ടീയൊരു ഗ്രൂപ്പിലായി മികവില്‍ പോസ്റ്റിടിൽ ഞാൻ നല്ലൊരാ
-
ലൈക്കും നൽകിയതിൽ നിറഞ്ഞ ഹൃദയപ്പൂച്ചെണ്ടുമൊന്നേകിടാം
.

-          ചന്ദ്രകുമാര്‍ മുല്ലച്ചേരി

ശ്രീനാഥ് ഒജി:

അല്ലല്ലൊന്നഥ രണ്ടുമൂന്നുനിരയായ് ചൊല്ലാര്‍ന്നൊരീ കവിപ്രൌഢരെ-
കൊണ്ടീവണ്ണമിവിടെ കവിതോല്ലാസമോ
നറും സദ്യയോ
അല്ലല്ലീ ഗ്രൂപ്പിലീവണ്ണമിവിടെ കവിതോല്ലാസം തിമിര്‍ത്തീടുകില്‍
ഉണ്ടാവും ജനസംശയം ഗ്രൂപ്പെന്തിതെന്നതിനുബദല്‍ നിങ്ങള്‍ തീര്‍ത്തങ്ങുരച്ചീടുക..

ഇതു ജ്യോതിഷചര്‍ച്ചയ്ക്കുള്ള ഗ്രൂപ്പാണോ അതോ സാഹ്യസംവാദത്തിനുള്ള ഗ്രൂപ്പാണോ എന്നാണ് കവിയുടെ സംശയം.

ഇരിക്കട്ടെ എന്റെ വകയും ഒരു വര്‍ണ്ണന.

മുത്തും മാലകള്‍ ചേര്‍ന്നു വിലസും നല്‍ തിടമ്പൊന്നെടുത്ത ഗജ-
വീരന്റെ പ്രൌഢ പ്രഭയ്ക്കൊത്തെഴും നോട്ടം ചിരി ഗാംഭീര്യവും
ആഢ്യത്വം ചേര്‍ന്നുവിലസും മാതൃത്വവും സ്നേഹവും
നോക്കില്‍ നില്‍പ്പിലുമുണ്ടു മമ സുഹൃത് വിജയേച്ചിതന്‍ ചിത്രണം.

-          ശ്രീനാഥ് ഒജി

ചന്ദ്രകുമാര്‍ മുല്ലച്ചേരി:

(ചന്ദ്രകുമാര്‍ മുല്ലച്ചേരി ശ്രീനാഥിനോട്) നമ്മള്‍ എഴുതിയ രണ്ടിലും അവസാന വരികള്‍ ഒരു....ഇതായില്ല....അതിപ്പൊ അങ്ങനെ മതിയാകും..... എനിക്ക് തോന്നുന്നു പണ്ട് ബാലപ്രബോധിനി, സിദ്ധരൂപം, ശ്രീരാമോദന്തം, അമരം, രഘുവംശം, മേഘസന്ദേശം, കുമാരസംഭവം, മാഘം ഇതെല്ലാം പഠിച്ചാണ് ഏതൊരു വ്യക്തിയും വിദ്യപൂര്‍ത്തിയാക്കുന്നത്. ശേഷം അദ്ധ്യാപനമോ, വൈദ്യമോ, ജ്യോതിഷമോ ഏതും പഠിക്കും. അതുകൊണ്ട് വിദ്യ അഭ്യസിച്ചവരെല്ലാം കവികള്‍ തന്നെ ആയിരുന്നു. ഇന്നിപ്പോള്‍ തറയില്‍ തുടങ്ങി ചെയറില്‍ എത്തിയതിനാല്‍ രണ്ടും കൂടിയ അവസ്ഥയാ!

ശ്രീനാഥ് ഒജി:

വിഷ്ണുനമ്പൂതിരി വൃത്തവും അലങ്കാരവും എല്ലാമെടുത്ത് അമ്മാനമാടുന്ന പണ്ഡിതവരേണ്യ കവിയാണ്. താങ്കളും ഞാനുമാവട്ടെ വെറും താളബോധം മാത്രം കൈമുതലായുള്ള, എന്നാല്‍ കവിതാവാസന ബാധിച്ച പാവങ്ങളും. ഉള്ളതെടുത്തല്ലേ പെരുമാറാനാവൂ, അതിനാല്‍ കുണ്ഡിതം വേണ്ട, അസൂയ വേണേലാവാം.

സല്‍ഗുണന്‍ പാങ്ങാട്ടൂര്‍:

ഒരു അക്ഷര ശ്ലോക സഭ തന്നെ... അതി മനോഹരം....

വിഷ്ണുനമ്പൂതിരി:

ഞാൻ ഹസ്തക്ഷേപം ചെയ്യുകയല്ല. ഇങ്ങനെയിങ്ങനെ കൂവി തെളിയട്ടെ എന്നുകരുതി ഒരു സഹോദരൻ പ്രോത്സാഹിക്കുന്നതായി കരുതണേ!

വീണുംവീണ്ടുമെണീറ്റു മോടി നടകൊണ്ടൊട്ടൊട്ടു വീണും കര--
ഞ്ഞോടിക്കൊണ്ടു ചിരിച്ചു കൊഞ്ചുമൊരു പിഞ്ചോമൽ
കവി പൈതലായ്
തോന്നീട്ടാണിവനൊട്ടു കൈ മുറുകുമാറിത്ഥം പിടിക്കുന്നതെ-
ന്നോർത്തിട്ടെന്നൊടുതോന്നൊലാ
പരിഭവംവീണ്ടും ശ്രമിക്കേണമേ!

ചന്ദ്രകുമാര്‍ മുല്ലച്ചേരി:

നന്നായിന്നിതുമിപ്രകാരമകമേ തോന്നീതുമെന്‍ ഭാഗ്യമേ
ചൊന്നാലിന്നിതിലൊട്ടുമേ പരിഭവം തോന്നീലയെന്നുള്ളിലും
എന്നാലിത്തിരി കാര്യമായ പദവിന്യാസങ്ങളെന്നാലിനി
ചേരുമ്പോലതു ചേര്‍ത്തീടേണമകമേ മേലില്‍ ചമച്ചീടുകില്‍

വിഷ്ണുനമ്പൂതിരി:

എന്നാലിത്തിരി കാര്യമായ പദവിന്യാസങ്ങളെന്നാലിനി-
ച്ചേരുമ്പോലതു ചേർത്തിടേണമകമേ മേൽ ചമച്ചീടുകിൽ

വിജയാമേനോന്‍:

എനിക്കു വയ്യാ.!

മനോജ് വി:

നമ്മുടെ ഗ്രൂപ്പ് ഒരൊന്നന്നര ഗ്രൂപ്പ് തന്നെ. എത്രയാ കവികൾ ....

വിജയാമേനോന്‍:

ശരിയാണു മനോജ് ജീ.അനിലിന്റെ സാഹിത്യവും ഇവരുടെ കവിതകളും കൂടിച്ചേരുമ്പോൾ നമ്മുടെ ഗ്രൂപ്പ് സർഗ്ഗാത്മകമാകുന്നു

യദു മേക്കാട്:

നന്നാകുന്നു മുറയ്ക്കു നല്ല ഫലിതം ചേർത്തുള്ള തത്വങ്ങളും
മിന്നീടുന്നിതു മുക്തകങ്ങളണിയുന്നീ ഗ്രൂപ്പു നിർദ്ദോഷമായ്
വന്നീടേണമനർഗ്ഗളം പലരിലും സന്തോഷമേറ്റീടുവാ
-
നെന്നാലായതുകോറിടുന്നു സദയം ഉൾക്കൊള്ളുമെന്നാശയാൽ

റീനാ പികെ:

നിങ്ങളൊക്കെ ജ്യോതിഷം വിട്ടോ?!

ശ്രീനാഥ് ഒജി:

പ്രതിഭ കാട്ടാനൊരു സദസ്സുവേണമതു-
കവിതയാകിലെന്തഥ കവടിയാകിലെന്തു്
?
കവന-കഥന-മനന വിരുതുകളൂര്‍ജ്ജമാക്കി
, സര്‍ഗ്ഗശക്തിയിലൂര്‍ജ്ജമായി,
തുഷ്ടിചേര്‍ന്നുവിളങ്ങിടാം, നാം തുഷ്ടരായി വിളങ്ങിടാം!

വിനോദ് കെസി:

കവടി നോക്കാനൊത്തു ചേർന്നവർ കവിത ചൊല്ലുന്ന കാലമല്ലയോ
കവനവിദ്വാന്മാരേറെയുണ്ടെന്നു കവിയശഃപ്രാർത്ഥിയാമിവനു ബോദ്ധ്യമായ്

ഇതേത്തുടര്‍ന്ന് ശ്രീനാഥ് ഒജിയും വിഷ്ണുനമ്പൂതിരിജിയും ഒന്നിടവിട്ട് ചില ഈരടികള്‍ രചിച്ചു. അവ ഒന്നായി താഴെച്ചേര്‍ക്കുന്നു.

കേരളജ്യോതിഷഗ്രൂപ്പില്‍ വന്നാല്‍ കല്ലും കനകദ്യുതിയാകും..............
പകിടകറക്കും കുമ്പിടിപോലും ദൈവജ്ഞദ്യുതിയാര്‍ജ്ജിക്കും......... (1)

ചിന്താശേഷിയുയർന്നിട്ടവനൊരു ചിന്താമണിയുടെയുടയവനാം
ചിന്തിക്കാത്തൊരു മേഘലയിലുമ ചിന്തകൾ തൻ പെരുമഴ തീർക്കാം..(2)

വാണീദേവി കനിഞ്ഞിട്ടവനുടെ വാണികൾ വീണാനിനദവുമാം
വാണികൾ സത്യമതാകാൻകാവ്യം വാണിക്കർച്ചന മലരാക്കാം.............(3)

വാണീദേവിസരസ്വതിയിവിടെ കളിയാടീടട്ടാവോളം...........
ചിന്താമലരാലര്‍ച്ചന ചെയ്യാന്‍ നിറദീപം പോലടിയങ്ങള്‍.............. (4)

മനോഹരം, ആഹഹ എന്നിത്യാദി ആസ്വാദനോക്തികള്‍ കേട്ട് കവികള്‍ അന്നേയ്ക്ക് കവിത ഉപസംഹരിച്ചു.

ചാര്‍വ്വാകന്‍

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

(കേരളജ്യോതിഷം ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയെ അവലംബിച്ചാണ് ഈ ലേഖനം. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ - ശ്രീനാഥ് ഒജി, രതീഷ് എടശ്ശേരി, പ്രസാദ് മാത്യു ചാള്‍ഡിയ തുടങ്ങിയവര്‍)

ലേഖകന്‍ - ശ്രീനാഥ് ഒജി

മനോഹരമായ ചൊല്ലിന് ഉടമയാണ് ചാര്‍വ്വാകന്‍. (ചാരു വാക് യസ്യ സ ചാര്‍വ്വാകഃ). ചാര്‍വ്വാകന്‍ ബൃഹസ്പതി തന്നെയാണെന്നും, ബൃഹസ്പതിയുടെ ശിഷ്യനാണെന്നും രണ്ടഭിപ്രായം. ദേവഗുരുവാണ് ബൃഹസ്പതി. ദേവന്മാരുടേതാണ് (ഭാരതീയരുടേതാണ്) വേദങ്ങള്‍. അസുരന്മാരുടേതും (അസീറിയക്കാരുടേയും, ഇറാന്‍കാരുടേയും) കൂടിയാണ് വേദങ്ങളെങ്കിലും അസുരഗുരു ശുക്രാചാര്യനായിരുന്നുവല്ലോ.

യാവജ്ജീവം സുഖം ജീവേത് നാസ്തി മൃത്യോരഗോചരഃ
ഭസ്മീഭൂതസ്യ ദേഹസ്യ പുനരാഗമനം കുതഃ

[ജീവിച്ചിരിക്കുന്നിടത്തോളം കാലം സുഖമായി ജീവിക്കണം. മരണത്തിന്റെ കണ്ണില്‍പ്പെടാത്തതായി ഒന്നുംതന്നെയില്ല. ഭസ്മമായിക്കഴിഞ്ഞ ശരീരം എങ്ങനെ തിരിച്ചുവരാനാണ്?! (ഈ ശരീരം ഒരിക്കലും തിരികെ കിട്ടില്ല)]

എന്നാണ് ചാര്‍വ്വാകസിദ്ധാന്തം. ഇതു തന്നെയാണോ ഭസ്മാന്തം ശരീരം (ശരീരം മരണം വരെയേയുള്ളു) എന്നു പറയുമ്പോള്‍ വേദങ്ങളും ചൂണ്ടിക്കാട്ടുന്നത്? ശരീരം മരണം വരെയേയുള്ളു, അതുകൊണ്ട് സുഖിക്കണം ശരീരത്തെ ആഘോഷിക്കണം, സംരക്ഷിക്കണം തുടങ്ങിയതൊക്കെ മനസ്സിക്കാം. ആഴണം വാഴണം സുഖം എന്നാണല്ലോ നാരായണഗുരുപോലും പറയുന്നത്. പക്ഷെ മരണാനന്തരവും നിലനില്‍ക്കുന്ന ആത്മാവ് ഉണ്ടെന്നും പുനജ്ജന്മമുണ്ടെന്നും മറ്റും വേദങ്ങള്‍ അംഗീകരിക്കുന്നതുപോലെ, ചാര്‍വ്വാകനും അംഗീകരിക്കുന്നുണ്ടോ ആവോ! ഏതായാലും ഈയൊരു ശ്ലോകം കൊണ്ട് അക്കാര്യം വ്യക്തമാവുന്നില്ല. മറ്റൊന്നുള്ളത് വൈദികദര്‍ശനം ചാര്‍വ്വാകദര്‍ശനം തന്നെയാണോ എന്നും, അതുകൊണ്ടാണോ ബൃഹസ്പതി ദേവന്മാരുടെ (മദ്യാസക്തരായ സുരന്മാരുടെ) ദേവനായതും എന്നാണ്. പാഖണ്ഡി (വേദവിരുദ്ധം സംസാരിക്കുന്നവന്‍) എന്നു നിങ്ങളെന്നെ വിളിക്കേണ്ട, ഇത് വേദാനുസാരിയാണ്!

ജനത്തിന് അതായത് ലോകര്‍ക്ക് ചാര്‍വ്വാകമതാനുസരണം ഇഷ്ടമായ കാരണത്താല്‍ ലോകത്തില്‍ പ്രചരിച്ചത് (ലോകേ ആയതം ഇതി ലോകായതം) എന്ന അര്‍ത്ഥം വരുന്ന തരത്തില്‍ ചാര്‍വ്വാകമതത്തിന് ലോകായതം എന്നും പേരു ലഭിച്ചുവത്രേ.

ചാര്‍വ്വാകനാണ് ബൃഹസ്പതി എന്നൊരു വാദഗതിയുണ്ട് എന്നു പറഞ്ഞുവല്ലോ. ബ്രാഹസ്പത്യമുഹൂര്‍ത്തപടലം പോലുള്ള ജ്യോതിഷഗ്രന്ഥങ്ങളും എഴുതിയത് ബൃഹസ്പതിയാണെന്ന് കരുതപ്പെടുന്നു. ഈ രണ്ടു ബൃഹസ്പതിയും ഒരാളാവുമോ? ആവാനിടയില്ലെന്നാണ് തോന്നുന്നത്.

ബൃഹസ്പതി പണ്ടേ ദേവഗുരുവാണെങ്കിലും വൈദികഗുരുവായിരുന്നെങ്കിലും ശരി, ഒരു പക്ഷെ ഇതില്‍നിന്നും ഭിന്നനായ മറ്റൊരു ബൃഹസ്പതിയും ഒരുപക്ഷെ ആ ബൃഹസ്പതിതന്നെയോ അദ്ദേഹത്തിന്റെ ശിഷ്യനോ ആയ ചാര്‍വ്വാകനും വേദാനുകൂലികളും ആയിരുന്നുവെന്നു തോന്നുന്നില്ല. അവരുടെ വാക്കുകള്‍ കേള്‍ക്കുക. ബൃഹസ്പതി പറയുകയാണ് -

ന സ്വര്‍ഗോ നാപവര്‍ഗോ വാ നൈവാത്മാ പാരലൌകികഃ
നൈവ വര്‍ണാശ്രമാദീനാം ക്രിയാശ്ച ഫലദായികാഃ

[സ്വര്‍ഗ്ഗവുമില്ല, നരകവുമില്ല, പരലോകത്തെത്തിച്ചേരുന്ന ഒരാത്മാവുമില്ല. വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ (ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്ര എന്നീ വര്‍ണധര്‍മ്മങ്ങളോ, ബ്രഹ്മചര്യം-ഗാര്‍ഹസ്ഥ്യം-വാനപ്രസ്ഥം-സന്യാസം എന്നീ ആശ്രമധര്‍മ്മങ്ങളോ)അനുഷ്ഠിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ല.]

അഗ്നിഹോത്രം ത്രയോവേദസ്ത്രിദണ്ഡം ഭസ്മഗുണ്ഠനം
ബുദ്ധിപൌരുഷഹീനാനാം ജീവിതാഃ ധാതൃനിര്‍മ്മിതാ

[അഗ്നിഹോത്രം, മൂന്നു വേദങ്ങള്‍, ത്രിദണ്ഡ്, ഭസ്മം പൂശുക ഇവയൊക്കെ ബുദ്ധിയും പൌരുഷവും ഇല്ലത്തവരുടെ (ബ്രാഹ്മണരുടെ) ഉപജീവനത്തിനായി ബ്രഹ്മാവ് ഉണ്ടാക്കിയവയാണ്! (ഇതൊന്നും ബ്രഹ്മസൃഷ്ടമല്ല മനുഷ്യസൃഷ്ടമാണ് എന്ന പരിഹാസ വ്യംഗ്യം.)]

ആശാനടവതിലൊന്നു പീഴച്ചാല്‍ ശിഷ്യന്നംബത്തൊന്നുപിഴക്കും! ഗുരുവും ശിഷ്യനും - ബൃഹസ്പതിയും ചാര്‍വ്വാകനും - അടിപൊളി! നിങ്ങള്‍ക്കെന്താണ് ഇതേക്കുറിച്ച് പറയാനുള്ളത്?

തുടര്‍ചര്‍ച്ച

ശ്രീനാഥ് ഒജി:

യാവത് ജീവേത് എന്നിത്യാദി ശ്ലോകത്തിന് ഒരു പാഠഭേദവും കേട്ടിട്ടുണ്ട്.

യാവത് ജീവേത് സുഖം ജീവേത്, ഋണം കൃത്വാ ഘൃതം പിബേത്
ഭസ്മീഭൂതസ്യദേഹസ്യ പുനരാഗമനം കുതഃ

[ജീവിക്കുന്നിടത്തോളം കാലം സുഖമായി ജീവിക്കണം. കടം വാങ്ങിയാണെങ്കിലും നെയ്യു കുടിക്കണം (നെയ് കൂട്ടി സുഭിക്ഷമായി ഭക്ഷണം കഴിക്കണം). ശരീരം നശിച്ചുകഴിഞ്ഞാല്‍ (വീണ്ടും ശാരീരികസൌഖ്യങ്ങള്‍ അനുഭവിക്കുന്നതിനായി) ശരീരം എവിടെ തിരിച്ചുവരാനാണ്? (ശരീരമുള്ളപ്പോള്‍ സുഖിക്കണം, മരണത്തോടെ എല്ലാം അവസാനിക്കുന്നു.)]

രതീഷ് എടശ്ശേരി:

സത്യം തിരിച്ചറിയാന്‍ മരണം തന്നെ ആശ്രയം!

പ്രസാദ് മാത്യു ചാള്‍ഡിയ:

ഇതാണ്‌ Prof. A.T Kovoor ഇദ്ദേഹം മാർത്തോമ്മ സഭയിലെ (Marthoma Church) അറിയപ്പെടുന്ന ഒരു പുരോഹിതൻറെ മകനാണ്‌ ഒടുവിൽ ഇദ്ദേഹം ലോകം അറിയുന്ന നിരീശ്വര വാദിയായിത്തീർന്നു.!! കാലാ കാലങ്ങളിൽ ചാർവ്വാകനെപ്പോലെയുള്ളവർ ഉണ്ടായിട്ടുണ്ട്‌ ഏതാണ്‌ ശരി ഏതാണ്‌ തെറ്റ്‌ എന്ന് തിരിച്ചറിയാൻ ഇത്തരം ആശയങ്ങൾ വേണ്ടി വരും എന്നു തോന്നുന്നില്ല.!! ചാർവ്വാക മതത്തിൽ വിശ്വസിക്കുന്നവർ അങ്ങോട്ടു പോകട്ടെ ഭാര്യയും മക്കളും താൻ പറയുന്നതു മാത്രമെ കേൾക്കാവൂ എന്നു മാത്രം വാശി പിടിക്കരുത്‌.!!

ശ്രീനാഥ് ഒജി:

കോവൂരിന്റെ സമ്പൂര്‍ണകൃതികള്‍ വായിച്ച ഹതഭാഗ്യനാണ് ഞാന്‍... ഓര്‍മ്മിക്കത്തക്ക ഒരു വരിപോലും നല്‍കാത്ത ജേര്‍ണലിസ്റ്റിക് ചവറാണ് ആ എഴുത്തു മുഴുവന്‍ എന്നു പറയേണ്ടിവരുന്നതില്‍ സങ്കടോണ്ട്....

കിണറ്റില്‍ വീണ മൂഢന്‍

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ ഇതേക്കുറിച്ചു നടന്ന ചര്‍ച്ചയെ അവലംബിച്ചാണ് ഈ ലേഖനം)

എവിടെ നിന്ന് ലഭിച്ചതാണെന്നറിയില്ല. നമ്മുടെ ചന്ദ്രഹരി ജി പോസ്റ്റിക്കണ്ടതാണ് ഈ ശ്ലോകം. അര്‍ത്ഥസഹിതം താഴെച്ചേര്‍ക്കുന്നു.

യസ്ത്വഗാധേ മഹാകൂപേ പതിതോ ഭൂന്നൃപോത്തമഃ
തസ്മാദാരോഹണോപായമവിചിന്ത്യ സ മൂഢധീഃ
തത്ര സ്ഥിത്വാ ചിന്തയേച്ചേൽ കൂപസ്യോത്ഭവ കാരണം
കഥം തീരഞ്ചസംപ്രാപ്തും ശക്തഃ സ ഭവതി പ്രഭോ

അല്ലയോ മഹാരാജാവേ, എപ്രകാരമാണോ അഗാധമായ കിണറ്റില്‍ വീണ മൂഢബുദ്ധി, ആ കിണറ്റില്‍ നിന്ന് എങ്ങനെയാണ് കരകയറേണ്ടത് എന്നു ചിന്തിക്കുന്നതിനു് പകരം, അവിടെ നിന്നുകൊണ്ട് എങ്ങനെ ഈ കിണര്‍ ഉണ്ടായത് എന്നും മറ്റുമാണ് ചിന്തിക്കുന്നത്! (അതുപോലെയാണ് പലപ്പോഴും ആളുകള്‍) അല്ലയോ പ്രഭോ, ആ മൂഢനെങ്ങനെയാണ് ആ കിണറില്‍ നിന്നും കരകയറാനാവുക?! (ഒരിക്കലും ആവില്ല!) (അതുപോലെതന്നെ, ഇപ്രകാരം സന്ദര്‍ഭത്തിന് യോജിക്കാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് സമയം പാഴാക്കുന്നവര്‍ക്കും ഒരിക്കലും കാര്യസാധ്യം ഉണ്ടാവില്ല)

തുടര്‍ചര്‍ച്ച

മനോജ് വി:

ഞാനിപ്പോഴും പൊട്ടക്കിണറ്റിലെ തവളയാണെന്ന് ഇക്കാലത്ത് വിചാരിക്കുന്നത് (ചിന്തിക്കുന്നത്) തെറ്റ്. ഓരോ ജീവിക്കും അവരുടെതായ കഴിവുകളുണ്ട്. കഴിവുകൾ പ്രയോജനപ്പെടുത്തുമ്പോഴാണ് നമ്മൾ നമ്മളാകുന്നത്.

അറിവുള്ളവരെ തിരിച്ചറിയാൻ എളുപ്പമാർഗ്ഗം ഞാൻ നിരീക്ഷിച്ച് കണ്ടത്, അവർ വിനയാന്വി തരായിരിയ്ക്കും എന്നതാണ്. ഒരു കമ്യൂണിസ്റ്റിന്, അല്ലെങ്കിൽ തീവ്ര രാഷ്ട്രീയ നിലപാടുള്ളവർക്ക് വിനയാന്വിതനാവാൻ കഴിയാത്തതും ഇത് കൊണ്ടാണ്.

ചന്ദ്രകുമാര്‍ മുല്ലച്ചേരി:

എനിക്ക് മാത്രമാണ് ഞാന്‍ ആയിരിക്കാന്‍ സാധിക്കുന്നത്.

ശ്രീനാഥ് ഒജി:

അറിവുള്ളവര്‍ക്ക് അവരുടെ അറിവില്ലായ്മകളെക്കുറിച്ചറിയാം!